by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
ചെന്നൈ: ടി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക പോരാട്ടം. സിംബാബ്‌വെ ആണ് എതിരാളി. ആദ്യ മത്സരത്തിൽ സൗത്ത് ആഫ്രിക്കയുമായി തോൽവി ഏറ്റു വാങ്ങിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ സെമി സാധ്യത നിലനിർത്താൻ സാധിക്കും. വെസ്റ്റ് ഇൻഡീസുമായി തോൽവി വഴങ്ങിയാണ് സിംബാബ്‌വെയും ഇന്നത്തെ മത്സരത്തിന് എത്തുന്നത്.
ടോപ് ഓർഡറിലെ ബാറ്റർമാർ നിരന്തരമായി പരാജയപ്പെടുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അത് പരിഹരിക്കാനായി ടീമിൽ അഴിച്ചു പണി നടത്തും. ഇന്നത്തെ മത്സരത്തിൽ ഓപ്പണർ റോളിലോ മൂന്നാം നമ്പറിലോ സഞ്ജു സാംസണെ പ്രതീക്ഷിക്കാം. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ടീമിൽ തിരിച്ചെത്തും. മോശം ഫോം തുടരുന്ന റിങ്കു സിങും വാഷിഗ്ടൺ സുന്ദറും ടീമിൽ ഇടം നേടാൻ സാധ്യതയില്ല.
എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണു മത്സരം. ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്നർമാർക്കും സ്ലോ ബൗളർമാർക്കും അനുകൂലമാണ്. ഇരു ടീമിലെയും സ്പിന്നർമാർക്ക് നിർണായക റോൾ ആണ് ഇന്നത്തെ മത്സരത്തിൽ ഉള്ളത്.
സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്ക് അനായാസം ബൗണ്ടറി കണ്ടെത്താൻ കഴിയും. ചെന്നൈയിൽ ഇന്ന് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയുമാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം മഞ്ഞ് വീഴാനുള്ള സാധ്യതയുള്ളതിനാൽ സ്കോർ പിന്തുടരുന്ന ടീമിന് മുൻതൂക്കം ലഭിക്കാം.


by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ജനവിരുദ്ധ നടപടികളുമായി മുന്നേറുന്ന ഇടതുപക്ഷ സർക്കാരിനെതിരേ പ്രതിഷേധമുയർത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ മാർച്ച് 4 ന് നെടുമങ്ങാട് നടക്കുന്ന സമ്മേളനത്തിൽ ഹെഡ് ലോഡ് മേഖലയിൽ നിന്നും 500 തൊഴിലാളികളെ പങ്കെടുപ്പിക്കാൻ പോത്തൻകോട് കോൺഗ്രസ്സ് ഹൗസിൽ കൂടിയ ഹെഡ് ലോഡ് & ലോഡിംഗ് വർക്കേഴ്സ് കോൺഗ്രസ്സ് (ഐ.എൻ.റ്റി.യു.സി) നെടുമങ്ങാട് മേഖലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
മേഖലാ പ്രസിഡൻ്റ് ആർ.എസ്. വിനോദ് മണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഐ.എൻ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡൻ്റ് എ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി നെടുമങ്ങാട് റീജിയണൽ കമ്മിറ്റി പ്രസിഡൻ്റ് എ.നൗഷാദ് ഖാൻ, ഹെഡ് ലോഡ് യൂണിയൻ ജില്ലാ സെക്രട്ടറി കുന്നിട അജിത്ത്, ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മിറ്റി അംഗങ്ങളായ ശശിധരൻ നായർ, മരുതൂർ വിജയൻ, എം.പി.ഷാജി, റീജിയണൽ കമ്മിറ്റി സെക്രട്ടറിമാരായ ആലിയാട് രാജേന്ദ്രൻ, എം.ബി.നാസറുദ്ദീൻ, മറ്റു ഭാരവാഹികളായ അജയൻ ചെന്തുപ്പൂര്, രാജേന്ദ്രൻ CRP, സുരേഷ്, ഷാജഹാൻ, വിശ്വംഭരൻ നായർ, ബൈജു തുടങ്ങിയവർ സംസാരിച്ചു. യോഗത്തിന് ഹെഡ് ലോഡ് യൂണിയൻ മേഖലാ സെക്രട്ടറി എ.ഹക്കിം സ്വാഗതവും എ.നുജൂമുദ്ദീൻ കൃതജ്ഞതയും പറഞ്ഞു.


by Midhun HP News | Feb 26, 2026 | Latest News, കേരളം
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസില്‍ പിടിയിലായ അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, അഹമ്മദ് യാസീന്‍, സി എച്ച് മുബാസ്, വി വി അക്ഷയ്, ബിതുല്‍ ബാലന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇന്നലെ രാത്രി കോടിയേരിയിലെ പാറാല്‍ കോണ്‍ഗ്രസ് മണ്ഡലം ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. തീയിട്ടത് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തില്‍ പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്ത കെഎസ്യു പ്രവര്‍ത്തകരെ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. എകെജി ആശുപത്രിക്ക് മുന്നില്‍ വെച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവര്‍ത്തകരെയും റിമാന്‍ഡ് ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ വാഹനത്തിന് മുന്നിലെ ഫ്‌ലാഗ് പോസ്റ്റ് നശിപ്പിച്ചതുള്‍പ്പെടെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, സെക്രട്ടറി അഷ്‌കര്‍ കണ്ണാടിപറമ്പ, ജാബിര്‍, നിസാം, നിഹാല്‍ ഇരിക്കൂര്‍ എന്നിവരാണ് റിമാന്‍ഡിലായത്.
കണ്ണൂരില്‍ വിവിധ വികസന പദ്ധതി കളുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ആരോഗ്യമന്ത്രി. കല്യാട് അന്താരാഷ് ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം ഉള്‍പ്പെടെയുള്ള ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുത്ത് വന്ദേഭാരത് എക്‌സ്പ്രസില്‍ മടങ്ങാനായി ബുധന്‍ പകല്‍ 3.15 ന് കണ്ണൂര്‍ റെയില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരിലുണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനമല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോ മിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസമായാണ് കാണാനാകുക. അനുയായികളെ കയറൂരിവിട്ട് ക്രമസ മാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്-യുഡിഎഫ് നേതൃത്വത്തിന് തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് രാഷ്ട്രീ യത്തെ മലിമസമാക്കുന്ന ശൈലിയുടെ പ്രതിഫലനമാണ് കെഎസ് യു അക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് -മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.


by Midhun HP News | Feb 26, 2026 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. അഞ്ചു ദിവസത്തിനിടെ 3000 ലധികം രൂപ വര്‍ധിച്ച ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ഉണ്ടായി. പവന് 160 രൂപയാണ് കുറഞ്ഞത്. 1,18,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 14,820 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,18,000ന് മുകളില്‍ എത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ അമിതവേഗതയിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം. വർക്കല താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇന്ന് വൈകുന്നേരം ആറുമണിയോടെ യായിരുന്നു സംഭവം.
അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവർ പുത്തൻചന്ത സ്വദേശി ബാബു കാലിനാണ് ഗുരുതരമായി പരിക്കേറ്റത്.
താലൂക്ക് ആശുപത്രിക്ക് മുന്നിലൂടെ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മറിഞ്ഞുകിടന്ന ഓട്ടോറിക്ഷ ഉടൻ തന്നെ സമീപത്തെ കടക്കാരും ആംബുലൻസ് ഡ്രൈവർമാരും ചേർന്ന് നിവർത്തിവച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
അപകടത്തിന് ശേഷം നിർത്താതെ പോയ കാർ സമീപത്തുണ്ടായിരുന്ന ഒരു ആംബുലൻസിലും ഇടിച്ചു. ആംബുലൻസിന്റെ മുൻവശം ഇടിയുടെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതിനാൽ വാഹനത്തിനായി തിരച്ചിൽ തുടരുകയാണ്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഒളിവിൽ പോയ കാറിനായി തിരച്ചിൽ ഊർജ്ജിതമാക്കി. ആംബുലൻസ് ഡ്രൈവർമാരും ഓട്ടോറിക്ഷ ഡ്രൈവറും പോലീസിൽ പരാതി നൽകി ഇതുവരെയായിട്ടും പോലീസിന് അപകടമുണ്ടാക്കിയ വാഹനം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
by Midhun HP News | Feb 25, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിയെയും രക്ഷിതാവിനെയും ഡോക്ടർ മർദ്ദിച്ചതായി ആക്ഷേപം. ബുധനാഴ്ച പകൽ ഒന്നോടെ ആറ്റിങ്ങൽ ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ നിജാമുദ്ദീൻ്റെ നാലര വയസുകാരിയായ മകൾക്ക് രാവിലെ മുതൽ കടുത്ത ചെവി വേദന അനുഭവപ്പട്ടിരുന്നു. ഉടൻ തന്നെ തൊട്ടടുത്ത കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും രണ്ടിടത്തും ഇ.എൻ.ടി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തത് കൊണ്ട് ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തി.
ഒ.പി ടിക്കറ്റ് എടുത്ത് ഇ.എൻ.ടി ഡോക്ടറുടെ പരിശോധന മുറിക്ക് മുന്നിൽ എത്തി. ഡോക്ടർക്ക് മുന്നിൽ മറ്റ് രോഗികൾ ഇല്ലാതെ ഇരുന്നതിനാൽ നജാമുദ്ദിൻ മകളെ ഡോക്ടറുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുകയായിരുന്നു. ഡോക്ടറുടെ തൊട്ടടുത്ത സ്റ്റൂളിൽ കയറി ഇരുന്ന നാലര വയസുകാരിയോട് ഡോക്ടർ കയർക്കുകയും, കുട്ടിയെ തള്ളി താഴെയിടുകയും ചെയ്തതായും ചോദ്യം ചെയ്ത പിതാവിനെ ഡോക്ടർ മർദ്ദിച്ചതായും ആണ് ആക്ഷേപം.
ആശുപത്രിയിൽ മറ്റ് രോഗികൾക്ക് കൂട്ടിരിക്കാൻ എത്തിയ വനിതകളാണ് ഈ കുടുംബത്തെ ഡോക്ടറിൽ നിന്നും രക്ഷിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് എത്തി. കുട്ടിക്ക് ചികിത്സ നൽകിയശേഷം കുട്ടിയെയും രക്ഷിതാക്കളെയും ഡോക്ടറെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി. സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തി. പരാതിയില്ലെന്ന് ഇരുവരിൽ നിന്നും എഴുതി വാങ്ങിപ്പിച്ച ശേഷം പോലീസ് വിട്ടയച്ചു. ആക്രമണ സംഭവം ആശുപത്രി സൂപ്രണ്ടും, ഇ.എൻ.ടി ഡോക്ടറും നിഷേധിച്ചു.
Recent Comments