രാഹുല്‍ ഒളിവില്‍ത്തന്നെ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

രാഹുല്‍ ഒളിവില്‍ത്തന്നെ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. അതുവരെ കടുത്ത നടപടി പാടില്ലെന്ന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. രണ്ടാം ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ മൊഴി എഐജി പൂങ്കുഴലി രേഖപ്പെടുത്തിയിരുന്നു. ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. സെഷന്‍സ് കോടതി ജഡ്ജി വി. അനസാണ് കേസ് പരിഗണിച്ചത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന് യുവതി മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.

‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ആദ്യഘട്ടത്തില്‍ കനത്തപോളിങ്, 70 ശതമാനം കടന്നു; എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

ആദ്യഘട്ടത്തില്‍ കനത്തപോളിങ്, 70 ശതമാനം കടന്നു; എറണാകുളം മുന്‍പന്തിയില്‍, പിന്നില്‍ തിരുവനന്തപുരം

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകള്‍ കനത്ത പോളിങ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പോളിങ് ശതമാനം 70 കടന്നിരിക്കുകയാണ്. പോളിങ് സമയം കഴിഞ്ഞെങ്കിലും ആറുമണിക്ക് മുന്‍പ് ക്യൂവില്‍ നിന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കി.

ഒടുവില്‍ ലഭിച്ച വിവരം അനുസരിച്ച് എറണാകുളത്താണ് ഉയര്‍ന്ന പോളിങ്. 73.16 ശതമാനം. കുറവ് തിരുവനന്തപുരത്താണ്. 65.74 ശതമാനം. അങ്ങിങ്ങ് നേരിയ സംഘര്‍ഷങ്ങള്‍ ഉണ്ടായത് ഒഴിച്ചുനിര്‍ത്തിയാല്‍ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ പേര് തെളിയാത്തതിനെ തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവച്ചു. ബിഎസ്പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ഷൈലജയുടെ പേരാണ് തെളിയാതിരുന്നത്. റീപോളിങ് വേണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. തിരുവല്ലം വാര്‍ഡില്‍ പാച്ചല്ലൂര്‍ സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 6ല്‍ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ശാന്ത (73) എന്ന വോട്ടറാണ് വരിയില്‍ നില്‍ക്കവേ കുഴഞ്ഞുവീണത്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. മലയോര മേഖലയിലടക്കം കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് കോര്‍പ്പറേഷനുകള്‍, 39 മുന്‍സിപ്പാലിറ്റികള്‍, ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 75 ബ്ലോക്ക് പഞ്ചായത്തുകള്‍, 471 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ന് ജനവിധി. 11168 വാര്‍ഡുകളിലേയ്ക്കാണ് തെരഞ്ഞെടുപ്പ്.

വോട്ട് ചെയ്യാനെത്തി; കൊച്ചിയിലും കൊല്ലത്തും വയോധികർ കുഴഞ്ഞു വീണ് മരിച്ചു

വോട്ട് ചെയ്യാനെത്തി; കൊച്ചിയിലും കൊല്ലത്തും വയോധികർ കുഴഞ്ഞു വീണ് മരിച്ചു

കൊച്ചി: വോട്ട് ചെയ്യാനെത്തിയ വയോധികൻ പോളിങ് ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു. കാലടി ശ്രീമൂലന​ഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലന​ഗരം അകവൂർ സ്കൂളിലെ ബൂത്തിലാണ് സംഭവം. ഉടൻ തന്നെ സമീപമുള്ള ആശുപത്രയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴ‍ഞ്ഞു വീണ് മരിച്ചു. നീരാവിൽ സ്വ​ദേശി ശശിധരൻ (74) ആണ് മരിച്ചത്. നീരാവിൽ എസ്എൻഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. ബൂത്തിൽ കുഴഞ്ഞുവീണ വയോധികനെ മതിലിൽ മാതാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു

വീണ്ടും കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 436 പോയിന്റ് ഇടിഞ്ഞതോടെ 85,000ല്‍ താഴെ എത്തി. 84,666 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 120 പോയിന്റ് താഴ്ന്ന നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

പ്രധാനമായി ഐടി, ഓട്ടോ, മെറ്റല്‍, ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം റിയല്‍റ്റി, ടെലികോം, ക്യാപിറ്റല്‍ ഗുഡ്‌സ്, പിഎസ് യു ബാങ്ക് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ലാഭമെടുപ്പും വരാനിരിക്കുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രബാങ്കിന്റെ പ്രഖ്യാപനം വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇടപാടുകാര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ് ലാബ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ടൈറ്റന്‍ കമ്പനി, ശ്രീറാം ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 17 പൈസയുടെ നേട്ടത്തോടെ 89.88 എന്ന നിലയിലാണ് ഇന്നത്തെ രൂപയുടെ വ്യാപാരം അവസാനിച്ചത്.

ദിലീപ് കുറ്റക്കാരനെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ വേട്ടയാടലാണ്: രമേശ് പിഷാരടി

ദിലീപ് കുറ്റക്കാരനെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ല; കുറ്റം ചെയ്തിട്ടില്ലെങ്കില്‍ വേട്ടയാടലാണ്: രമേശ് പിഷാരടി

നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വിശ്വസിക്കുന്നുവെന്ന് രമേശ് പിഷാരടി. ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ലെന്നും പിഷാരടി പറയുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.

”നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നില്‍ വരുന്ന തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്ന നീതിയുമുണ്ട്. ഈ രണ്ട് നീതികളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന വിധി കോടതിയില്‍ നിന്ന് വരണമെന്നില്ല” പിഷാരടി പറയുന്നു.

അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടതി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുള്ളൂവെന്നും അദ്ദേഹം പറയുന്നു. അതേസമയം, ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് തെളിയിക്കേണ്ടത് അദ്ദേഹമാണെന്നും പിഷാരടി പരയുന്നു. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ പ്രസക്തിയില്ലെന്നും താരം പറയുന്നു.

എനിക്ക് ഇവരൊക്കെയുമായി വ്യക്തി ബന്ധമുണ്ട്. ഞാന്‍ അതിജീവിതയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. അവര്‍ക്ക് മാനസികമായ പിന്തുണ നല്‍കാനല്ലേ നമുക്ക് പറ്റുള്ളൂവെന്നും പിഷാരടി പറയുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നാനുള്ളതൊന്നും എന്റെ കയ്യില്‍ ഇല്ല. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അപ്പോള്‍, ഇത് കേട്ടയുടനെ ഒരാള്‍ കുറ്റക്കാരനാണ് എന്നെനിക്ക് അനുമാനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

വൃശ്ചിക കുളിരില്‍ കേരളം, മൂന്നാറില്‍ 10 ഡിഗ്രിയില്‍ താഴെ

വൃശ്ചിക കുളിരില്‍ കേരളം, മൂന്നാറില്‍ 10 ഡിഗ്രിയില്‍ താഴെ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില കുറയുന്നു. മഴ മാറി നില്‍ക്കാന്‍ തുടങ്ങിയതോടെ അതി രാവിലെയുള്ള തണുപ്പാണ് തിരിച്ചുവരുന്നത്. സംസ്ഥാനത്തു പൊതുവെ കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. പകല്‍ ചൂട് 30 നും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണെന്നും കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മൂന്നാറില്‍ കനത്ത തണുപ്പ് അനുഭവപ്പെട്ടു. താപനില വീണ്ടും പത്തില്‍ താഴെ രേഖപ്പെടുത്തി. 9.4 ഡിഗ്രി സെല്‍ഷ്യസ് ആണ് മൂന്നാറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. നേരത്തെ നവംബര്‍ ഏഴിനായിരുന്നു അവസാനമായി പത്തില്‍ താഴെ രേഖപ്പെടുത്തിയത്. മൂന്നാറില്‍ പകല്‍ കൂടിയ ചൂട് 25.8 ഡിഗ്രി സെല്‍ഷ്യസ് ആണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

കുണ്ടല ഡാമിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 7.5 ഡിഗ്രി സെല്‍ഷ്യസ്. വട്ടവടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 9.7 ഡിഗ്രി സെല്‍ഷ്യസ് ആണ്. വയനാട് ജില്ലയില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് കബനിഗിരി ( 12.9) കരാപ്പുഴ ( 13.5) എന്നിവിടങ്ങളിലാണ്. കണ്ണൂര്‍- പെരിങ്ങോ (16.5), പത്തനംതിട്ട- കല്ലുങ്കല്‍ (17.6), പാലക്കാട്- പറമ്പിക്കുളം (17.9),കാസര്‍കോട്- പടന്നക്കാട് (18.4) തൃശൂര്‍- ഷോളയാര്‍ (18.6) തിരുവനന്തപുരം- പൊന്മുടി, പാലോട് (18.8, 18.9) കൊല്ലം- പുനലൂര്‍ (19.5) നിലമ്പൂര്‍ (20) എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.