കള്ളവോട്ട് ആരോപണത്തില്‍ തര്‍ക്കം, വഞ്ചിയൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം

കള്ളവോട്ട് ആരോപണത്തില്‍ തര്‍ക്കം, വഞ്ചിയൂരില്‍ സിപിഎം – ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിജെപി -സിപിഎം സംഘര്‍ഷം. വഞ്ചിയൂര്‍ ലൈബ്രറിക്ക് സമീപത്തെ ബൂത്തില്‍ സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്.

വാക്കുതര്‍ക്കത്തിനിടെ വനിതാ പ്രവര്‍ത്തകയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാണ് ബിജെപിയുടെ ആക്ഷേപം. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ട്രാന്‍സ് ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെ കള്ളവോട്ട് ചെയ്‌തെന്നാണ് ഇവരുടെ പേരുള്‍പ്പെടെ ഉയര്‍ത്തി ബിജെപി ഉന്നയിക്കുന്ന ആക്ഷേപം. ഇവരില്‍ ചിലര്‍ക്ക് കുന്നുകുഴി വാര്‍ഡില്‍ വോട്ട് ഉണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി. മര്‍ദനമേറ്റ സ്ത്രീയ്‌ക്കൊപ്പം ബിജെപി സ്ഥാനാര്‍ഥിയുള്‍പ്പെടെ നിലയുറപ്പിച്ചു. പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകരും വഞ്ചിയൂര്‍ ജംഗ്ഷനില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

അതിനിടെ, മികച്ച പ്രതികരണമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഏഴ് ജില്ലകളില്‍ ഉണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 51.95 പേര്‍ പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്താണ് (43.54%) ഏറ്റവും കുറവ് പോളിങ്. ആലപ്പുഴയിലാണ് (50.02%) ഏറ്റവും കൂടുതല്‍ പോളിങ്. കൊല്ലം (47.31%), പത്തനംതിട്ട 46.08%, കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും താഴ്ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും താഴ്ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും താഴ്ന്നു. രണ്ടു തവണയായി 720 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 240 രൂപയും ഉച്ചക്കഴിഞ്ഞ് 480 രൂപയുമാണ് താഴ്ന്നത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് രണ്ടു തവണയായി 90 രൂപയാണ് കുറഞ്ഞത്. 11,865 രൂപയാണ് പുതിയ സ്വര്‍ണവില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസം ഇന്നലെ വരെ 95,000നും 96000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില.ഒരിടവേളയ്ക്ക് ശേഷം ഇന്നാണ് സ്വര്‍ണവില ആദ്യമായി 95,000ല്‍ താഴെയെത്തിയത്.

ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്; ഉച്ചയോടെ 50 ശതമാനം കടന്നു; പ്രതീക്ഷയില്‍ മുന്നണികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്; ഉച്ചയോടെ 50 ശതമാനം കടന്നു; പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ പോളിങ് രോഖപ്പെടുത്തിയത് എറണാകുളത്ത്. 50.83ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്- 44.50 ശതമാനം. കൊല്ലം – 48.43%, പത്തനംതിട്ട – 46.99%, ആലപ്പുഴ – 50.44%, കോട്ടയം – 48.36%, ഇടുക്കി – 46.79% എന്നിങ്ങനെയാണ് നിലവില്‍ മറ്റു ജില്ലകളിലെ പോളിങ് നില.

രാവിലെ ഏഴ് മണിക്ക് തന്നെ സുരേഷ് ഗോപി എംപിയും കുടുംബവും തിരുവനന്തപുരത്തെ ശാസ്തമംഗലം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറവൂരിലും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പത്തനംതിട്ടയിലും വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസ്‌കൃത കോളജിലെ ബൂത്തില്‍ വോട്ട് ചെയ്തു.

മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ഫോര്‍ട്ട് സ്‌കൂളിലും മന്ത്രി വീണാ ജോര്‍ജും അമ്മയും സഹോദരിയും പത്തനംതിട്ട കുമ്പഴ എംഡിഎല്‍പി സ്‌കൂളിലും മന്ത്രി പി. പ്രസാദ് നൂറനാട് സിബിഎം സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. വി.എസ്.അച്യുതാനന്ദന്റെ ഭാര്യ വസുമതി, മകന്‍ വി. എ അരുണ്‍കുമാര്‍ എന്നിവര്‍ പുന്നപ്ര വടക്ക് താലോലം ബഡ്സ് സ്‌കൂളില്‍ വോട്ട് ചെയ്തു. ശുചിമുറിയില്‍ വീണ് കാലിനു പൊട്ടിയ മുന്‍ മന്ത്രി ജി. സുധാകരന്‍ വാക്കര്‍ ഉപയോഗിച്ച് പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. നടന്‍ വിജയരാഘവനും കുടുംബവും ഒളശ്ശ സിഎംഎസ് ഹൈസ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

അതേസമയം തിരുവനന്തപുരം കോര്‍പറേഷനില്‍ വിഴിഞ്ഞം വാര്‍ഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാര്‍ഥിയുടെ മരണം മൂലം മാറ്റിവച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ടാം ഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കണ്‍ നല്‍കി ആറിനു ശേഷവും വോട്ടു ചെയ്യാന്‍ അനുവദിക്കും.

കേരളത്തിലെ എസ്‌ഐആര്‍: സമയപരിധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി നല്‍കി സുപ്രീംകോടതി

കേരളത്തിലെ എസ്‌ഐആര്‍: സമയപരിധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി നല്‍കി സുപ്രീംകോടതി

കേരളത്തിലെ എസ്‌ഐആര്‍ സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടി നല്‍കി സുപ്രീംകോടതി. ഇതോടെ എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 ആകും. എസ്‌ഐആര്‍ നടപടികളുടെ സമയം കൂടുതല്‍ നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഈമാസം 18 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മുന്‍കൂറായി സമയം നീട്ടി നല്‍കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ 20 ലക്ഷം ഫോമുകള്‍ ഇനിയും തിരിച്ചു കൊടുക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എനുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന ദിവസം രണ്ടുദിവസം കൂടി നീട്ടി നല്‍കിയത്. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കാം എന്നും അന്ന് സമയം നീട്ടി നല്‍കണോ എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

അതിനിടെ, കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയില്‍ കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 22 ലക്ഷത്തിലേറെയെന്നും ഈ പട്ടിക സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ലിസ്റ്റില്‍ പെടാത്തവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷന് തൊട്ടുമുമ്പ് വരെ പേര് ചേര്‍ക്കാം എന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: ഉച്ച വരെ ഭേദപ്പെട്ട പോളിങ്; വോട്ട് ചെയ്ത് പ്രമുഖര്‍

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: ഉച്ച വരെ ഭേദപ്പെട്ട പോളിങ്; വോട്ട് ചെയ്ത് പ്രമുഖര്‍

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏഴ് ജില്ലകളിലും ഭേദപ്പെട്ട പോളിങ്. 11.45ന് പുറത്തെത്തിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം ജില്ലയിലെ പോളിങ് 29.23 ശതമാനം കടന്നു. കൊല്ലത്തെ പോളിങ് 32.57 ശതമാനമാണ്. പത്തനംതിട്ടയില്‍ 31.37 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ ആലപ്പുഴയില്‍ 33.81 ശതമാനം വോട്ടുകളും കോട്ടയത്ത് 31.88 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു. ഇടുക്കിയില്‍ പോളിങ് ശതമാനം 33.33 ശതമാനമായി. എറണാകുളം ജില്ലയില്‍ 33.83 ശതമാനം വോട്ടുകളാണ് പോള്‍ ചെയ്യപ്പെട്ടത്.

തിരുവനന്തപുരം കോര്‍പറേഷനുകളിലേക്കുള്ള 23.71 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ കൊല്ലം കോര്‍പറേഷനിലേക്കുള്ള 25.97 ശതമാനം വോട്ടുകളും കൊച്ചി കോര്‍പറേഷനിലേക്കുള്ള 26.27 ശതമാനം വോട്ടുകളും പോള്‍ ചെയ്യപ്പെട്ടു.

പ്രമുഖ പാര്‍ട്ടികളുടെ രാഷ്ട്രീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൂന്ന് മുന്നണികളും മികച്ച ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രി പി രാജീവ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂര്‍ എംപി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി പി പ്രസാദ്, മന്ത്രി വീണാ ജോര്‍ജ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയ താരങ്ങളും നടിയെ ആക്രമിച്ച സംഭവത്തിലെ വിധിയെ സംബന്ധിച്ച് ഉള്‍പ്പെടെ നടത്തിയ പ്രതികരണങ്ങളും ഇന്ന് ഏറെ ശ്രദ്ധേയമായി. നടനും എംഎല്‍എയുമായ എം മുകേഷ്, നടന്‍ ആസിഫ് അലി, നടനും സംവിധായകനുമായ ലാല്‍, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി. ഏത് തിരക്കിനിടയിലും തിരഞ്ഞെടുപ്പുകളില്‍ കൃത്യമായി വോട്ട് രേഖപ്പെടുത്താറുള്ള മമ്മൂട്ടിയ്ക്ക് പക്ഷേ ഇത്തവണ വോട്ടില്ലായിരുന്നു.

പൊലീസുകാരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്കും മരണത്തില്‍ പങ്കെന്ന് മുഖ്യമന്ത്രി

പൊലീസുകാരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്കും മരണത്തില്‍ പങ്കെന്ന് മുഖ്യമന്ത്രി

മുംബൈ: ഫല്‍ത്താനിലെ വനിതാ ഡോക്ടറുടെ ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം അവരുടേത് തന്നയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതില്‍ പരാമര്‍ശിക്കുന്ന പൊലീസുകാരനും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറും അവരെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിയമസഭയില്‍ ബിജെപി അംഗം അമീത് സതാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ നഗരത്തിലെ ഹോട്ടലില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈപ്പത്തിയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനെ വിവാഹ വാഗ്ദാനം നല്‍കി പല തവണ ബലാത്സംഗം ചെയ്‌തെന്നും സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പ്രശാന്ത് ബങ്കര്‍ മാനസികമായി പീഡിപ്പിച്ചെന്നും കുറിപ്പില്‍ ആരോപിച്ചിരുന്നു.

കുറിപ്പിലെ കയ്യക്ഷരം ഡോക്ടറുടേത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ടോ, അതില്‍ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നവര്‍ ഡോക്ടറുടെ മരണത്തില്‍ പങ്കാളികളാണോ എന്നീ ചോദ്യങ്ങളാണ് നിയമസഭയില്‍ ഉന്നയിച്ചത്. ഡോക്ടര്‍ അവരുടെ കൈയില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. അതില്‍ രണ്ട് പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിലെ കയ്യക്ഷരം അവരുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദാനി വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് തികച്ചും നിര്‍ഭാഗ്യകരമാണ്. സ്ത്രീ സുരക്ഷ പരമപ്രധാനമാണെന്നും സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പ് നല്‍കി. വനിതാ ഡോക്ടര്‍ 11 മാസത്തെ കരാറിലാണെന്നും അതിനാല്‍ കുടുംബത്തിലെ അംഗത്തിന് ആശ്രിത നിയമനമായി ജോലി നല്‍കുന്നത് പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരിച്ചയാളുടെ കുടുംബത്തിന് പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.