രോഹിതിനെ കെട്ടിപ്പിടിച്ചു; ഗംഭീറിനെ കണ്ടപ്പോള്‍ ‘കട്ടക്കലിപ്പില്‍’ കോഹ്‌ലി; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച

രോഹിതിനെ കെട്ടിപ്പിടിച്ചു; ഗംഭീറിനെ കണ്ടപ്പോള്‍ ‘കട്ടക്കലിപ്പില്‍’ കോഹ്‌ലി; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച

വിശാഖപട്ടണം: ദക്ഷിണാഫ്രക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും നേടി പരമ്പരയിലെ താരമായാണ് ഇന്ത്യന്‍ ഇതിഹാസതാരം വിരാട് കോഹ്‌ലി ഈ വര്‍ഷത്തെ തന്റെ ക്രിക്കറ്റ് സീസണിന് വിരാമമിടുന്നത്. ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോഹ് ലി അവസാനമത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു പിന്നീട് കളിച്ച എല്ലാ മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ കോഹ്‌ലി പുറത്താകാതെ 65 റണ്‍സ് നേടി. 271 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, അനായാസം വിജയത്തിലെത്തുകയും ചെയ്തു. എന്നാല്‍ മത്സരത്തിന് ശേഷമുണ്ടായ കോഹ് ലിയുടെ ഒരു വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. താരങ്ങളുമായി വിജയാഹ്ലാദം പങ്കിടുന്ന കോഹ് ലി, പരിശീലകന്‍ ഗൗതം ഗംഭീറിനോട് അത്ര സന്തോഷത്തോടെയല്ല പെരുമാറിയതെന്നാണ് ചിലരുടെ കണ്ടുപിടിത്തം. വിഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ചര്‍ച്ച സജീവമാകുന്നത്.

മത്സരശേഷം സഹതാരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഹസ്തദാനം നല്‍കിയ കോഹ് ലി, ഗൗതം ഗംഭീറിന് അടുത്ത് എത്തുമ്പോള്‍ മുഖത്തെ ചിരിമായുന്നതായാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റെല്ലാവരെയും ചിരിച്ചുകൊണ്ട് ഹസ്തദാനം നടത്തി കോഹ് ലി കെട്ടിപ്പിടിക്കുമ്പോള്‍ ഗംഭീറിന് ഹസ്തദാനം നല്‍കുക മാത്രമാണ് ഉണ്ടായത്. രോഹിത് ശര്‍മയെ വിരാട് കോഹ് ലി ഹഗ് ചെയ്തതിനു പിന്നാലെയാണ് ഗംഭീര്‍, കോഹ് ലിയുടെ അടുത്തെത്തുന്നത്. അതുവരെയുണ്ടായിരുന്ന ചിരി കോഹ് ലിയുടെ മുഖത്തുനിന്ന് മായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായുള്ള വിരാട് കോഹ് ലിയുടെ ബന്ധം സംബന്ധിച്ച് നേരത്തെ തന്നെ ഒട്ടേറെ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. ഇരുവരും അത്ര രസത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കോഹ് ലി അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിന മത്സരത്തിനു ശേഷം തിരികെ ഡ്രസിങ് റൂമിലേക്ക് പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന ഗംഭീറിനെ നോക്കാതെ കോഹ് ലി കയറി പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജനുവരിയില്‍, ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് വിരാട് ഇനി ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുക.

‘എന്ത് നീതി? സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ’; അതിജീവിതയെ ചേര്‍ത്തുപിടിച്ച് പാര്‍വതി

‘എന്ത് നീതി? സസൂക്ഷ്മം തയ്യാറാക്കിയ തിരക്കഥ’; അതിജീവിതയെ ചേര്‍ത്തുപിടിച്ച് പാര്‍വതി

അതിജീവിതയെ ചേര്‍ത്തുപിടിച്ച് നടി പാര്‍വതി തിരുവോത്ത്. നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കപ്പെട്ട വിധിയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. എന്നെന്നും അവള്‍ക്കൊപ്പം എന്ന് പ്രഖ്യാപിക്കുകയാണ് പാര്‍വതി തിരുവോത്ത്.

എന്ത് നീതി എന്നാണ് പാര്‍വതി ചോദിക്കുന്നത്. സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥയാണ് തുറന്ന് കാണിക്കപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു. ‘എന്ത് നീതി? സൂക്ഷ്മമായി തയ്യാറാക്കിയ തിരക്കഥ അതിക്രൂരമായി തുറക്കപ്പെടുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്’ എന്നാണ് പാര്‍വതി കുറിച്ചത്.

നടി രമ്യ നമ്പീശനും പ്രതികരണമായെത്തി. അവള്‍ക്കൊപ്പം എന്നെഴുതിയ ചിത്രമാണ് രമ്യ പങ്കുവച്ചിരിക്കുന്നത്. നേരത്തെ നടി റിമ കല്ലിങ്കലും പിന്തുണയുമായെത്തിയിരുന്നു. അവള്‍ക്കൊപ്പം എന്നെഴുതിയ ചിത്രത്തോടൊപ്പം എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോള്‍ എന്നും റിമ കുറിക്കുന്നുണ്ട്. തുടക്കം മുതലേ അതിജീവിതയ്‌ക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് റിമയും പാര്‍വതിയും രമ്യയും.

2017 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റാക്കാരെന്ന് കണ്ടെത്തിയ കോടി എട്ടാം പ്രതി ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസിന്റേതാണ് വിധി.

പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ദിലീപിനൊപ്പം ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനല്‍കുമാര്‍, പത്താം പ്രതി ശരത് ജി നായര്‍ എന്നിവരേയും കോടതി വെറുതെ വിട്ടു.

അതേസമയം തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്ന് വിധിക്ക് പിന്നാലെ ദിലീപ് പ്രതികരിച്ചു. തന്നെ പ്രതിയാക്കി കരിയര്‍ നശിപ്പിക്കുകയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യം. പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ് പറഞ്ഞു. ഈ വിധിയോടെ പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞുവെന്നും ദിലീപ് പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചന ആരംഭിക്കുന്നത്, ഈ കേസില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്തു നിന്നാണെന്നും ദീലിപ് പ്രതികരിച്ചു.

‘വിധി പരിശോധിച്ച് ഹൈക്കോടതിലേക്ക് പോകും’; ദിലീപിനെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചന നൽകി പ്രോസിക്യൂഷൻ

‘വിധി പരിശോധിച്ച് ഹൈക്കോടതിലേക്ക് പോകും’; ദിലീപിനെതിരെ അപ്പീല്‍ നല്‍കുമെന്ന സൂചന നൽകി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ വിധി പരിശോധിച്ച് അപ്പീൽ പോകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി അജകുമാർ. വിധി പഠിച്ച ശേഷം കൂടുതൽ അഭിപ്രായങ്ങൾ പറയും. സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതയ്ക്കൊപ്പമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ ബി സന്ധ്യ പ്രതികരിച്ചു. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയ്ക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. മുന്നോട്ടുള്ള നീക്കത്തിന് അതിജീവിതയ്ക്കൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. വിധിയ്ക്ക് പിന്നാലെ കോടതിയ്ക്ക് പിന്നാലെ ദിലീപ് ആരാധകർ മധുരവിതരണം നടത്തി ആഹ്ളാദം പ്രകടിപ്പിച്ചു. വിധി കേൾക്കാൻ നിരവധിപേരാണ് കോടതിയിലെത്തിയത്.

7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽ, 15-ാം പ്രതി ശരത് എന്നിവരാണ് കുറ്റവിമുക്തരായത്. പ്രതികൾക്ക് സഹായം ഒരുക്കി എന്നതായിരുന്നു ഒമ്പതാം പ്രതിക്കെതിരായ കുറ്റം. കേരളത്തെ നടുക്കിയ കേസിൽ ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷംവിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല; യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല; യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

തൃശൂര്‍: മണലൂരില്‍ യുവതി വാടക വീട്ടില്‍ മരിച്ച നിലയില്‍. മണലൂര്‍ തൃക്കുന്ന് സ്വദേശി പുത്തന്‍പുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍ (35) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇവരുടെ ഭര്‍ത്താവിനെ കാണാതായി.മണലൂര്‍ ഗവ.ഐടിഐ റോഡില്‍ വാടകവീട്ടിലെ മുറിയില്‍ ഇന്നലെ രാവിലെയാണ് നിഷയെ മരിച്ച നിലയില്‍ കണ്ടത്. അമ്മ ഉണരുന്നില്ലെന്ന് കുട്ടികള്‍ അടുത്തവീട്ടില്‍ ചെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിയുന്നത്. ഈ സമയത്ത് സലീഷ് വീട്ടിലുണ്ടായിരുന്നില്ല.

തുടര്‍ന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി സലീഷുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. സലീഷ് വരാതിരുന്നതിനെ തുടര്‍ന്ന് വൈകിട്ട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം, നിഷമോളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ വ്യക്തത ലഭിക്കു എന്നാണ് പൊലീസ് നിലപാട്.ചാലക്കുടി സ്വദേശിനിയായ നിഷയുടെ രണ്ടാം ഭര്‍ത്താവാണ് സലീഷ്.

നിഷയുടെ ആദ്യ ഭര്‍ത്താവിന്റെ കുട്ടികളാണ് ഇവര്‍ക്കൊപ്പമുള്ളത്. സലീഷുമായുള്ള ബന്ധത്തില്‍ മക്കളില്ല. നിഷയെ സലീഷ് മര്‍ദിക്കാറുണ്ടെന്നും പൊലീസില്‍ നേരത്തേ പല തവണ പരാതി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തില്‍ സെയില്‍സ് ജോലി ചെയ്തുവരുന്ന നിഷ നിഷ രണ്ടു ദിവസമായി അവധിയിലായിരുന്നെന്നാണ് വിവരം. മക്കള്‍: വൈഗ, വേദ.

ദിലീപ് കുറ്റവിമുക്തൻ; കോടതിയിലും വീട്ടിലും മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ

ദിലീപ് കുറ്റവിമുക്തൻ; കോടതിയിലും വീട്ടിലും മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപ് കുറ്റവിമുക്തൻ. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കോടതി പരിസരത്ത് മധുര വിതരണവുമായി ദിലീപ് ഫാൻസ്‌ അസോസിയേഷൻ.കോടതി പരിസരത്തും ദിലീപിന്റെ ആലുവയിലെ വസതിയിലുമാണ് ലഡ്ഡു വിതരണം നടത്തുന്നത്. 100 കിലോ കേക്കും ലഡ്ഡുവുമാണ് വിതരണം ചെയ്തത്. ദിലീപിന്റെയും കാവ്യാ മാധവന്റെയും ചിത്രങ്ങൾ ചാലിച്ച കേക്കാണ് ആലുവയിലെ വസതിയിൽ ആരാധകർ പങ്കുവച്ചത്. കോടതി വിധി വരുന്നതിന് മിനിറ്റുകളക്ക് മുന്നേ തന്നെ വീട്ടു പരിസരത്തും കോടതിയിലും ലഡ്ഡു വിതരണം ആരംഭിച്ചിരുന്നു.കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൂട്ടബലാൽസഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയിൽ പറയുന്നു.

ഗൂഢാലോചന കൂട്ട ബലാത്സംഗം എല്ലാം നിലനിൽക്കുമെന്നും കോടതി വിധിയിൽ. ‌‌കേരളത്തെ നടുക്കിയ കേസിൽ ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷംവിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.

യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ​ഗൂഢാലോചനയെന്ന് ദിലീപ്

യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ​ഗൂഢാലോചനയെന്ന് ദിലീപ്

കൊച്ചി: ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞതില്‍ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് നടന്‍ ദിലീപ്. അവര്‍ക്കൊപ്പം മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ചേര്‍ന്നു. തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ഇവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം കോടതിയില്‍ നിന്ന് പുറത്തുവന്ന ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ തനിക്കെതിരെ ആയിരുന്നു ഗൂഢാലോചന നടന്നത്. തനിക്കെതിരായ ഗൂഢാലോചന കോടതിയില്‍ പൊളിഞ്ഞെന്നും ദിലീപ് വ്യക്തമാക്കി. കേസില്‍ വെറുതെ വിട്ട ശേഷം ആരാധകര്‍ക്ക് നേരെ കൈവീശി ആത്മവിശ്വാസത്തോടെയാണ് ദിലീപ് കോടതിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നത്.

സര്‍വശക്തനായ ദൈവത്തിന് നന്ദിയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ദിലീപിന്റെ ആദ്യ പ്രതികരണം. സത്യം തെളിഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് പേര്‍ക്ക് നന്ദിയെന്നും ദിലീപ് പറഞ്ഞു. ഒന്‍പത് വര്‍ഷത്തോളം അഹോരാത്രം തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരോട് നന്ദി പറയുന്നു. അഡ്വ കെ രാമന്‍പിള്ളയുടെ അടക്കം പേരെടുത്ത് പറഞ്ഞായിരുന്നു നന്ദി പറച്ചില്‍. എന്നെ സപ്പോര്‍ട്ട് ചെയ്ത് ഒന്‍പത് വര്‍ഷക്കാലം ജീവിപ്പിച്ച ഒരുപാട് പേരുണ്ട് വിവിധ മേഖലകളില്‍. അവരോട് നന്ദി പറയുന്നു. പേരെടുത്ത് പറഞ്ഞാല്‍ തീരില്ല. അവരോടെല്ലാം ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്നും ദിലിപ് വ്യക്തമാക്കി.