ഇന്ത്യ- റഷ്യ ഉച്ചകോടി ഇന്ന്; മോദി- പുടിന്‍ കൂടിക്കാഴ്ച, പ്രതിരോധ-വ്യാപാര കരാറുകളില്‍ ഒപ്പുവെക്കും

ഇന്ത്യ- റഷ്യ ഉച്ചകോടി ഇന്ന്; മോദി- പുടിന്‍ കൂടിക്കാഴ്ച, പ്രതിരോധ-വ്യാപാര കരാറുകളില്‍ ഒപ്പുവെക്കും

ഡല്‍ഹി: 23- മത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസില്‍ ഉച്ചയ്ക്ക് 12 നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ചര്‍ച്ച നടക്കുക. ഉച്ചകോടിയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും.

ഇന്നു രാവിലെ 11 മണിയോടെ പുടിൻ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പുടിൻ ഉച്ചകോടിക്കായി ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വര്‍ക്കിംഗ് ലഞ്ച് പുടിനായി ഒരുക്കും. അതിനുശേഷം, നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനും പുതിയ പങ്കാളിത്ത മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിനിധി ചര്‍ച്ചകള്‍ നടക്കും.

റഷ്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയുടെ ഇന്ത്യന്‍ കയറ്റുമതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഷിപ്പിംഗ്, ആരോഗ്യ സംരക്ഷണം, വളങ്ങള്‍, കണക്റ്റിവിറ്റി എന്നിവയില്‍ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും.

ആൻഡ്രി ബെലോസോവ്, ആന്റൺ സിലുവാനോവ്, വ്‌ളാഡിമിർ കൊളോകോൾട്‌സോവ്, സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുള്ളിന എന്നിവരുൾപ്പെടെ ഒമ്പത് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടുന്ന ശക്തമായ ഒരു റഷ്യൻ പ്രതിനിധി സംഘം പുടിനൊപ്പമുണ്ട്. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന് പകരം ഡെപ്യൂട്ടി മന്ത്രി ആൻഡ്രി റുഡെൻകോയാണ് വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.35 നാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പുടിനെ സ്വീകരിച്ചു.

ഇരുവരും ഒരു കാറിലാണ് പുടിന്റെ താമസസ്ഥലത്തേക്കു പോയത്. തുടർന്ന് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് വിരുന്നൊരുക്കി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജമേഖലയിലെ സഹകരണവും എണ്ണ വ്യാപാരവും പുറത്തുനിന്നുള്ള സമ്മർദത്തിന് അതീതമാണ് എന്നും വ്ലാദിമിർ പുടിൻ പറഞ്ഞു. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.

ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

ഇന്‍ഡിഗോയില്‍ ഇന്നും പ്രതിസന്ധി തുടരും; ഇന്നലെ റദ്ദാക്കിയത് 550ഓളം സര്‍വീസുകള്‍

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി പരിഹരിക്കാതെ ഇന്‍ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.

പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കേണ്ടതുണ്ട്. അതിനിടെ, പുതിയ ചട്ടങ്ങളില്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് തല്‍ക്കാല ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ അവസ്ഥ, വിമാന നിരക്കുകള്‍ കൂടാന്‍ കാരണമാകരുതെന്നും നിര്‍ദേശമുണ്ട്. സര്‍വീസുകള്‍ നിരീക്ഷിക്കാന്‍ ഡിജിസിഎയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നെല്ലാം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും വീഴ്ച വന്നെന്ന് ഇന്‍ഡിഗോ സമ്മതിച്ചു.

ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ, തിരച്ചില്‍ ഊര്‍ജ്ജിതം

ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ, തിരച്ചില്‍ ഊര്‍ജ്ജിതം

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്‍പതാം ദിവസവും ഒളിവില്‍ തുടരുന്നു. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നുണ്ട്. എം എല്‍ എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രാഹുലിന്റെ പി എ, ഡ്രൈവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പാലക്കാടു നിന്നും മുങ്ങിയപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊള്ളാച്ചി, കോയമ്പത്തൂര്‍ വഴി കര്‍ണാടക അതിര്‍ത്തിയായ ബാഗല്ലൂരില്‍ എത്തിയ രാഹുല്‍, റിസോര്‍ട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. രാഹുലിന് പൊലീസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നു ലഭിക്കുന്നതായും എസ്ഐടിക്ക് സംശയമുണ്ട്.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതില്‍ ഡിജിപി ഇന്ന് തീരുമാനമെടുത്തേക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുമെന്നാണ് സൂചന. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ഫുട്‌ബോള്‍ ലോകകപ്പ്: ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍? ; ഇന്ന് നറുക്കെടുപ്പ്

ഫുട്‌ബോള്‍ ലോകകപ്പ്: ഏതൊക്കെ ടീമുകള്‍ ഏതൊക്കെ ഗ്രൂപ്പില്‍? ; ഇന്ന് നറുക്കെടുപ്പ്

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഏതൊക്കെ ടീമുകള്‍, ഏതൊക്കെ ഗ്രൂപ്പില്‍ ഉള്‍പ്പെടുമെന്ന് ഇന്നറിയാം. ഇതിനായുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. അമേരിക്കയിലെ ജോണ്‍ എഫ് കെന്നഡി സെന്റില്‍, ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 10.30 നാണ് നറുക്കെടുപ്പ് നടക്കുക.

ഫിഫ ഡോട്ട് കോമിലൂടെയും ഫിഫ യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാം. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തുടങ്ങിയ പ്രമുഖര്‍ നറുക്കെടുപ്പ് ചടങ്ങില്‍ പങ്കെടുക്കും. 48 ടീമുകളാണ് ലോകകപ്പില്‍ കളിക്കുന്നതെങ്കിലും 64 രാജ്യങ്ങളുടെ പ്രതിനിധികള്‍ നറുക്കെടുപ്പിനുണ്ടാവും.

48 ടീമുകളെ നാല് പോട്ടുകളാക്കി തിരിച്ചാണ് നറുക്കെടുപ്പ്. ഓരോ പോട്ടിലും 12 വീതം ടീമുകളുണ്ടാവും. ഒന്നു മുതല്‍ നാലാം പോട്ട് വരെ ക്രമത്തിലായിരിക്കും നറുക്കെടുപ്പ്. എ മുതല്‍ എല്‍ വരെ 12 ഗ്രൂപ്പുകളുണ്ടാവും. നാല് പോട്ടിലെയും ഓരോ ടീം എല്ലാ ഗ്രൂപ്പുകളിലുമുണ്ടാവും. ഫിഫ റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരും വെവ്വേറെ ഗ്രൂപ്പുകളിലായിരിക്കുമെന്നാണ് വിവരം.

അടുത്ത ലോകകപ്പില്‍ 48 ടീമുകള്‍ ഉണ്ടാകുമെന്ന് ഫിഫ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 42 ടീമുകള്‍ ഇതിനോടകം യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ആറു ടീമുകള്‍ പ്ലേഓഫ് മത്സരങ്ങളിലൂടെ യോഗ്യത നേടും. യൂറോപ്പില്‍നിന്ന് നാലും ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് വഴി രണ്ടും ടീമുകളാണ് എത്താനുള്ളത്. യൂറോപ്യന്‍ പ്ലേഓഫില്‍ 16 ടീമുകളാണ് കളിക്കുന്നത്.

‘രാഹുലിന്റെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ല; കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍

‘രാഹുലിന്റെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ല; കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമെന്ന് കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. പ്രതി എംഎല്‍എയാണ്. ജനപ്രതിനിധി എന്ന സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്നതെന്നും കോടതി വ്യക്തമാക്കുന്നു.

അതേസമയം, ‘ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം’ നിലയില്‍ ലഘൂകരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തിയെ കാണാനാകില്ലെന്നും 22 പേജുള്ള ഉത്തരവില്‍ ജഡ്ജി എസ്. നസീറ വ്യക്തമാക്കുന്നു. ആത്മഹത്യാഭീഷണി മുഴക്കിയാണ് രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് സമ്മതിപ്പിച്ചതെന്നും പെണ്‍കുട്ടിയുടെ മൊഴിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് കോടതി വിലയിരുത്തി. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്നുമുള്ള രാഹുലിന്റെ വാദങ്ങള്‍ നിലനില്‍ക്കില്ല. ആദ്യത്തെ ശാരീരിക ബന്ധത്തിന് പിന്നാലെ തുടര്‍ച്ചയായി നടന്ന ശാരീരികബന്ധങ്ങളെല്ലാം ഭീഷണിപ്പെടുത്തിയാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം എന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് കോടതി ഉത്തരവിട്ടത്. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹര്‍ജിയും കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നിരുന്നു. തുടര്‍വാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ അനുമതിചോദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍വാദത്തിന് മുമ്പേ പ്രോസിക്യൂഷന്‍ രാഹുലിനെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. യുവതിയുമായുള്ള ചാറ്റിന്റെ പൂര്‍ണ്ണരൂപമടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഓണായി

ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ രാഹുലിന്റെ മൊബൈല്‍ ഫോണ്‍ ഓണായി

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ ഒളിവില്‍ പോയ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഫോണ്‍ ഓണായി. ഫോണ്‍ വിളിച്ചതിന് പിന്നാലെ കോള്‍ കട്ടാക്കുകയും ചെയ്തു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റ് തടയണമെന്ന ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് ഫോണ്‍ ഓണായത്. രാഹുല്‍ ഏതെങ്കിലും കോടതില്‍ ഹാജരായി കീഴടങ്ങിയേക്കുമെന്നാണ് വിവരം. രാഹുല്‍ ഫോണ്‍ ഓണാക്കിയത് അന്വേഷസംഘത്തെ വഴി തെറ്റിക്കാനാണോയെന്ന സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്.

അതേസമയം, എട്ടാം ദിവസവും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതോടെ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. അതേസമയം, രാഹുലിനെ ബംഗളൂരുവില്‍ എത്തിച്ച മലയാളി ഡ്രൈവര്‍ ജോസിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.

കേസില്‍ രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ഹര്‍ജിയും കോടതി തള്ളി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

രാഹുലിനെതിരെ പുതുതായി റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്ന് ഹാജരാക്കിയിരുന്നു. രാഹുല്‍ പതിവായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബലാത്സംഗവും ഗര്‍ഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനു തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതു സംബന്ധിച്ച രേഖകള്‍ ആണ് ഇന്ന് കോടതിയില്‍ നല്‍കിയത്.

യുവതിയുടെ കേസില്‍ ഉഭയസമ്മതപ്രകാരമായിരുന്നു ശാരീരികബന്ധം എന്ന രാഹുലിന്റെ വാദം ഖണ്ഡിക്കാനാണ് വിവാഹവാഗ്ദാനം നല്‍കി 23കാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ എഫ്ഐആര്‍ കൂടി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്‌ളാറ്റില്‍നിന്നു ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.