എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്

എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്

പാലക്കാട്: ബലാത്സംഗ കേസിലെ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാതിയുമായി മറ്റൊരു യുവതിയും രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതായും ജീവഭയം കാരണമാണ് ഇക്കാര്യം പൊലീസില്‍ പറയാതിരുന്നതെന്നും 23കാരിയുടെ പരാതിയില്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും യുവതി പരാതി നല്‍കി.

സാമൂഹിക മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. കുടുംബത്തിന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തിന് വെളിയിലുള്ള തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. നേരിട്ട് പരിചയപ്പെടാന്‍ എന്ന് പറഞ്ഞ് ഹോം സ്‌റ്റേയില്‍ എത്തിച്ചു. തുടര്‍ന്ന് ഹോം സ്‌റ്റേയില്‍ വച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.

പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റ സുഹൃത്തായ ഫെനി നൈനാന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്നാണ് തന്നെ ഹോം സ്‌റ്റേയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. മരുന്ന് നല്‍കിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു.

ഇതിന് ശേഷം താന്‍ ആരെയും വിവാഹം കഴിക്കില്ലെന്നും സൗഹൃദം നിലനിര്‍ത്തി പോകാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാനസികമായി തകര്‍ന്ന തന്നോട് ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് തനിക്ക് നിരവധി മുറിവുകള്‍ ഉണ്ടായി. സ്ത്രീവിരുദ്ധന്‍ ആയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനി ജനങ്ങളുമായി ഇടപെടാന്‍ അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് പരാതി അവസാനിക്കുന്നത്. തന്റെ ദുരനുഭവം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. തന്റെ പരാതിയില്‍ സംശയം ഉണ്ടെങ്കില്‍ ക്രൈംബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണെന്നും യുവതി പറയുന്നു.

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അസ്ര എൻ എസ്

റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി അസ്ര എൻ എസ്

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹിന്ദി ഉപന്യാസ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആറ്റിങ്ങൽ നവഭാരത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി അസ്ര എൻ എസ്.

കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ

കേന്ദ്ര പൊലീസ് സേനകളിൽ 25,487 ഒഴിവുകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി- ssc),കേന്ദ്ര സായുധ പൊലീസ് (സിഎപിഎഫ്-CAPF), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌എസ്‌എഫ്-SSF), അസം റൈഫിൾസിലെ റൈഫിൾമാൻ തസ്തികകളിലായി 25,487 ജനറൽ ഡ്യൂട്ടി (ജിഡി) കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ, സേനകൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നിലവിൽ വിളിച്ചിട്ടുള്ള 25,487 ഒഴിവുകളിൽ പുരുഷ ഉദ്യോഗാർത്ഥികൾക്ക് ആകെ 23,467 ഒഴിവുകളും സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് 2,020 ഒഴിവുകളും ഉണ്ട്. ഇതിൽ എസ്‌സി വിഭാഗത്തിന് 3,702 എസ്ടി വിഭാഗത്തിൽ 2,313 ഒബിസി വിഭാഗത്തിൽ 5,765 ഇഡബ്ല്യുഎസിന് 2,605, പൊതുവിഭാഗത്തിൽ11,102 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ, ബിഎസ്എഫ്, സിഐഎസ്എഫ്, സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി, അസം റൈഫിൾസ്, എസ്എസ്എഫ് തുടങ്ങിയ പ്രധാന അർദ്ധസൈനിക സേനകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കും.

യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

ശമ്പളം : ലെവൽ-3 ശമ്പള സ്കെയിലിൽ വരുന്ന ഈ തസ്തികകൾ 21,700 – 69,100 രൂപ .

പ്രായ പരിധി : 18 നും 23 നും ഇടയിൽ

എസ്‌സി, എസ്ടി ഉദ്യോഗാർത്ഥികൾക്ക് അഞ്ച് വർഷം വരെ ഇളവ് ലഭ്യമാണ്, ഒബിസി അപേക്ഷകർക്കും വിമുക്തഭടന്മാർക്കും മൂന്ന് വർഷം വരെ ഇളവ് ലഭിക്കും.

എൻ‌സി‌സി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അവരുടെ സർട്ടിഫിക്കിനെ അടിസ്ഥാനമാക്കിയുള്ള ബോണസ് മാർക്ക് ലഭിക്കും.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയെ (സിബിഇ) അടിസ്ഥാനപ്പെടുത്തിയായിരിക്കും നിയമനം. ഈ പരീക്ഷ 2026 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള തീയതികളിൽ താൽക്കാലികമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ പരീക്ഷയ്ക്ക് ശേഷം ശാരീരികക്ഷമതാ പരീക്ഷയും ഉദ്യോഗാർത്ഥികൾ വിജയിക്കേണ്ടതുണ്ട്.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE) ഇംഗ്ലീഷ്, ഹിന്ദി എന്നിവയക്ക് പുറമെ മലയാളം ഉൾപ്പടെയുള്ള 13 ഭാഷകളിലും നടത്തും.

അപേക്ഷ ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ssc.gov.in വഴി അപേക്ഷ സമർപ്പിക്കാം

അപേക്ഷകർ ഓർമ്മിച്ചിരിക്കേണ്ട പ്രധാന തീയതികൾ, കാര്യങ്ങൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും സമയവും:ഡിസംബർ 31 രാത്രി 11 മണി വരെ (31-12-2025).

അപേക്ഷാ ഫീസ് അടയ്ക്കേണ്ടുന്ന അവസാന തീയതി : 2026 ജനുവരി ഒന്ന് വരെ അപേക്ഷാ ഫീസ് അടയ്ക്കാം,

അപേക്ഷാ ഫീസ് നൂറ് രൂപയാണ്.വനിതാ ഉദ്യോഗാർത്ഥികളെയും സംവരണത്തിന് അർഹതയുള്ള പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), വിമുക്തഭടർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരുത്തലുകൾ വരുത്താനുള്ള സമയം: 2026 ജനുവരി എട്ട് മുതൽ ജനുവരി 10 വരെ അപേക്ഷാ ഫോമിൽ തിരുത്തലുകൾ വരുത്താൻ എസ് എസ് സി (SSC) അനുവദിക്കും, ബാധകമായ തിരുത്തൽ നിരക്കുകൾ അടയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

അച്യുത മേനോന്‍ കോളജ് മാത്തമാറ്റിക്‌സ് അസോസിയേഷന്‍ ടിഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

അച്യുത മേനോന്‍ കോളജ് മാത്തമാറ്റിക്‌സ് അസോസിയേഷന്‍ ടിഡി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: ശ്രീ സി അച്യുത മേനോന്‍ ഗവണ്മെന്റ് കോളജ് മാത്തമാറ്റിക്‌സ് & ഡാറ്റാ സയന്‍സ് വിഭാഗം അസോസിയേഷന്‍ ഉദ്ഘാടനവും പ്രായോഗിക ഗണിതത്തിലൂന്നിയുള്ള ഏകദിന സെമിനാറും പ്രശസ്ത നോവലിസ്റ്റ് ടിഡി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ലോകോത്തര ഗണിത സാഹിത്യ രചനകളെപ്പറ്റിയും കേരളീയ ഗണിത സരണിയെ പറ്റിയും അദ്ദേഹം സംസാരിച്ചു.

തുടര്‍ന്ന് റിയലിസ്റ്റിക് മാത്തമാറ്റിക്‌സിലെ വിവിധ വിഷയങ്ങള്‍ പോള്‍സണ്‍ റാഫേല്‍ പരിചയപ്പെടുത്തി.

വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. ഉണ്ണികൃഷ്ണന്‍ തെക്കെപ്പാട്ട്, ഡോ.സോണി ടി. എല്‍., ഡോ. സ്മിത ആര്‍, ഡോ. മനു മാധവ്, അഭിരാമി, കോളജ് യൂണിയന്‍ സെക്രട്ടറി അഭിജിത്, അസോസിയേഷന്‍ സെക്രട്ടറി വര്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.

തുലാവര്‍ഷം വീണ്ടും സജീവമായി, ശനിയാഴ്ച വരെ മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തുലാവര്‍ഷം വീണ്ടും സജീവമായി, ശനിയാഴ്ച വരെ മഴ; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത. ഒരാഴ്ചയായി ദുര്‍ബലമായ തുലാവര്‍ഷ മഴ ഇന്നലെ മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി മഴയ്ക്കും ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശബരിമലയില്‍ വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍ പ്രഖ്യാപിക്കും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് പ്രഖ്യാപനം. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in
ല്‍ ഫലം ലഭ്യമാകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.