ബാര്‍ക്ക് റേറ്റിങിലെ തിരിമറി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസ്

ബാര്‍ക്ക് റേറ്റിങിലെ തിരിമറി; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസ്

കൊച്ചി: ടെലിവിഷൻ ചാനലുകളുടെ വ്യൂവർഷിപ് നിർണയിക്കുന്ന ബാർക്ക് ഡാറ്റയിൽ തിരിമറി നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. 24 ന്യൂസ് ചാനൽ സീനിയർ വൈസ് പ്രസിഡന്‍റ് സി ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനൽ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. ഒന്നാം പ്രതിയായ പ്രേംനാഥ് രണ്ടാം പ്രതിയായ ചാനൽ ഉടമയ്ക്ക് റേറ്റിംഗ് മീറ്ററുകൾ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറിയെന്നും 24 ന്യൂസിന്‍റെ റേറ്റിംഗ് കുറച്ച് കാണിച്ച് റിപ്പോർട്ടർ ചാനലിന് റേറ്റിങ് ഉയർത്തിക്കാണിച്ചുവെന്നുമാണ് ആരോപണം.

ഇതേതുടർന്ന് പരാതിക്കാരന്‍റെ ചാനലിന്‍റെ പരസ്യ വരുമാനത്തിൽ 15 കോടി രൂപയോളം നഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. ഇതേ പരാതിയിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ബാർക്ക് ഇന്ത്യയും തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് ഓഡിറ്റ് നടത്തി സത്യം കണ്ടെത്താൻ സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തിയതായി ബാർക്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം

രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം

തിരുവനന്തപുരം ശംഖുമുഖത്ത് വെച്ച് ഡിസംബർ 3-ന് നടക്കുന്ന ഇന്ത്യൻ നാവികസേനാ ദിനാഘോഷത്തോട് ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ചടങ്ങുമായി ബന്ധപ്പെട്ട ​ഗതാഗത നിയന്ത്രണങ്ങൾ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും.

ശംഖുമുഖം, വെട്ടുകാട് ഭാഗങ്ങളിലേക്ക് പാസ് (ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാനുള്ളവർ യാത്രകൾ നേരത്തെ തന്നെ ക്രമീകരിക്കുക. ചെക്കിംഗ് പോയിന്റുകളിൽ നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റോ യാത്രാ രേഖകളോ കാണിക്കേണ്ടതാണ്.

ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്നവർക്കുള്ള റൂട്ട്: വെൺപാലവട്ടം – ചാക്ക ഫ്ലൈ ഓവർ – ഈഞ്ചക്കൽ – കല്ലുമ്മൂട് – പൊന്നറ പാലം – വലിയതുറ വഴി എയർപോർട്ടിൽ എത്തിച്ചേരുക. (തിരികെയും ഇതേ റൂട്ട് ഉപയോഗിക്കുക).
​പാസ് ഇല്ലാതെ ഓപ്പറേഷൻ ഡെമോ കാണാൻ വരുന്നവർക്കുള്ള പാർക്കിംഗ് ക്രമീകരണങ്ങൾ: പാസ് ഇല്ലാതെ വരുന്നവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം അവിടെ നിന്നുള്ള KSRTC ബസിൽ ശംഖുമുഖത്തേക്ക് പോകാവുന്നതാണ്.

എം.സി റോഡ് വഴി വരുന്നവർ: ​എം.ജി കോളേജ് ഗ്രൗണ്ട്

കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്ന്: ​കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, കാര്യവട്ടം ക്യാമ്പസ്.

​കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്ന്: ​പൂജപ്പുര ഗ്രൗണ്ട്, വാട്ടർ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം.

പാറശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്ന്: ​കിള്ളിപ്പാലം ബോയ്സ് ഹൈസ്കൂൾ, ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ട്, ഹോമിയോ കോളേജ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം.

നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്ന്: ​കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, LMS കോമ്പൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ് ക്യാമ്പസ്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്കൃത കോളേജ് ഗ്രൗണ്ട്.

വർക്കല, കഠിനംകുളം, പെരുമാതുറ ഭാഗങ്ങളിൽ നിന്ന്: ​പുത്തൻതോപ്പ് പള്ളി, സെന്റ് സേവ്യേഴ്സ് കോളേജ്.

കോവളം, പൂന്തുറ, ഈപ്പൂട്, ചാക്ക ഭാഗങ്ങളിൽ നിന്ന്: ​ലുലു മാൾ പാർക്കിംഗ്, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം ഗ്രൗണ്ട്.

​നിർദ്ദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്ത ശേഷം അവിടെ നിന്നുള്ള കെഎസ്ആർടിസി ബസ് സർവീസ് ഉപയോഗിച്ച് ശംഖുമുഖത്തേക്കും, പരിപാടിക്ക് ശേഷം തിരികെയും പോകാവുന്നതാണ്.

6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം

6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം

അഹമ്മദാബാദ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തീപ്പൊരി സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ ജയം ആഘോഷിച്ച് കര്‍ണാടക. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തമിഴ്‌നാടിനെ കര്‍ണാടക 145 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തമിഴ്‌നാടിന്റെ പോരാട്ടം 14.2 ഓവറില്‍ വെറും 100 റണ്‍സില്‍ അവസാനിച്ചു.

46 പന്തില്‍ 6 സിക്‌സും 10 ഫോറും സഹിതം ദേവ്ദത്ത് പടിക്കല്‍ 102 റണ്‍സ് അടിച്ചെടുത്തു പുറത്താകാതെ നിന്നു. ബിആര്‍ ഭരത് നാല് വീതം സിക്‌സും ഫോറും സഹിതം 23 പന്തില്‍ 53 റണ്‍സെടുത്തു ടീമിനു മികച്ച തുടക്കം നല്‍കി. ദേവ്ദത്തിനൊപ്പം രവിചന്ദ്രന്‍ സ്മരന്‍ 29 പന്തില്‍ 3 വീതം സിക്‌സും ഫോറും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്നു.

ജയം തേടിയിറങ്ങിയ തമിഴ്‌നാടിനു പൊരുതാന്‍ പോലും സാധിച്ചില്ല. 29 റണ്‍സെടുത്ത തുഷാര്‍ രഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. നരായണ്‍ ജഗദീശന്‍ 21 റണ്‍സെടുത്തു. മാറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.

കര്‍ണാടകയ്ക്കായി ശ്രേയസ് ഗോപാല്‍ 3 വിക്കറ്റെടുത്തു. പ്രവീണ്‍ ദുബെയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച നാല് വിക്കറ്റുകള്‍ ശുഭംഗ് ഹെഗ്‌ഡെയും വിജയ്കുമാര്‍ വൈശാഖും 2 വിക്കറ്റുകള്‍ വീഴ്ത്തി പങ്കിട്ടു.

ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം

ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന എംഎല്‍എയെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ഊര്‍ജ്ജിതമായ തിരച്ചില്‍ ആറാം ദിവസവും തുടരുന്നതിനിടെ, കാണാമറയത്ത് തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തിരുവനന്തപുരം സെഷന്‍സ് കോടതി നാളെ പരിഗണിക്കാനിരിക്കേ, കാറുകളും സിമ്മും മാറി മാറി ഉപയോഗിച്ച് അന്വേഷണ സംഘത്തെ വഴിതെറ്റിച്ച് മൂന്ന് സംസ്ഥാനങ്ങളിലൂടെയുള്ള ഓട്ടത്തിലാണ് രാഹുല്‍. നിലവില്‍ രാഹുല്‍ കര്‍ണാടകയില്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ഇന്നലെ തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയില്‍ രാഹുല്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം അവിടേയ്ക്ക് തിരിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം വരുന്നുണ്ടെന്ന് അറിഞ്ഞ രാഹുല്‍ അവിടെ നിന്നും മുങ്ങിയതായാണ് വിവരം. തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ഹോസൂരിലെ ബാഗലൂരില്‍ ഇന്നലെ രാവിലെ വരെ രാഹുല്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ ഇപ്പുറം തമിഴ്‌നാട്ടിലെ പ്രദേശമാണ് ബാഗലൂര്‍.

അവിടെ റിസോര്‍ട്ട് പോലെ തോന്നിപ്പിക്കുന്ന ഒരു താമസസ്ഥലത്താണ് രാഹുല്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് സംഘം വരുന്നുണ്ടെന്ന് അറിഞ്ഞ് രാവിലെ ഏകദേശം ഒന്‍പത് മണിയോട് കൂടി രാഹുല്‍ അവിടെ നിന്ന് കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് അന്വേഷണ സംഘം ബാഗലൂരില്‍ എത്തിയത്. രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. രാഹുലിന് രക്ഷപ്പെടാന്‍ നിരവധിയാളുകളുടെ സഹായം ലഭിക്കുന്നതായും പൊലീസിന് സംശയമുണ്ട്.

തുടക്കത്തില്‍ ചുവന്ന പോളോ കാറിലാണ് തമിഴ്‌നാട് അതിര്‍ത്തി വരെ രാഹുല്‍ പോയത്. പിന്നെ മറ്റൊരു കാറിലാണ് പൊള്ളാച്ചിയിലേക്കും കോയമ്പത്തൂരിലേക്കും പിന്നീട് ബാഗലൂരിലേക്കും പോയതെന്നാണ് പൊലീസ് പറയുന്നത്. രാഹുല്‍ പാലക്കാട്ടുനിന്നു മുങ്ങിയ കാര്‍ ഒരു യുവനടിയുടേതാണെന്ന് പൊലീസ് പറയുന്നു. ഇവരെ ചോദ്യം ചെയ്യും. കാര്‍ കൈമാറാനുണ്ടായ സാഹചര്യവും പരിശോധിക്കും.

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ്; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ്; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

ഡല്‍ഹി: തിരുവനന്തപുരത്ത് 180 ഏക്കര്‍ ഭൂമിയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സുപ്രീം കോടതി അനുമതി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ഭൂമി ഡിആര്‍ഡിഓയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കി.

നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 32 ഏക്കര്‍ ഭൂമി നാഷണല്‍ ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കാനായി നല്‍കാനും സുപ്രീം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്സ് സ്ഥാപിക്കാന്‍ 32 ഏക്കര്‍ ഭൂമി കൈമാറാനും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി.

ബ്രഹ്മോസ് എയ്‌റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഡിആര്‍ഡിഒ ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈല്‍ നിര്‍മ്മാണത്തിനും തന്ത്രപ്രധാനമായ ഹാര്‍ഡ്വെയര്‍ നിര്‍മ്മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആര്‍ഡിഓ ഭൂമി ഭൂമി ആവശ്യപ്പെട്ടത്. ബ്രഹ്മോസ് എയ്‌റോ സ്പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നതിനേക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് നിലവില്‍ 457 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. ഇതില്‍ 200 ഏക്കര്‍ ഭൂമി ജയിലിനായി നിലനിര്‍ത്തിയശേഷം ബാക്കിയുള്ള 257 ഏക്കര്‍ ഭൂമിയാണ് മൂന്ന് വികസന പദ്ധതികള്‍ക്കായി കൈമാറാന്‍ പോകുന്നത്. തുറന്ന ജയില്‍ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. സംസ്ഥാന സര്‍ക്കാരിനുവേവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായത്. സുപ്രീം കോടതി ഉത്തരവോടെ മൂന്ന് പദ്ധതികള്‍ക്കും ഉടന്‍ ഭൂമി കൈമാറും.

കോടതിയില്‍ പുതിയ അപേക്ഷ, രാഹുലിന്റെ ഒളിയിടം പൊലീസ് കണ്ടെത്തി?

കോടതിയില്‍ പുതിയ അപേക്ഷ, രാഹുലിന്റെ ഒളിയിടം പൊലീസ് കണ്ടെത്തി?

പാലക്കാട്: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കേ, സെഷന്‍സ് കോടതിയില്‍ പുതിയ അപേക്ഷ നല്‍കി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ അപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാന വ്യാപകമായി കേരള പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. രാഹുല്‍ നിലവില്‍ പൊള്ളാച്ചിയില്‍ ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പുതിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം പൊള്ളാച്ചിയിലേക്ക് തിരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് അവകാശപ്പെട്ട് ചില തെളിവുകള്‍ മുദ്രവച്ച കവറില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കേ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ നീക്കം നടത്തിയിരിക്കുകയാണ്.

സാധാരണയായി അതിജീവിതമാരാണ് ഇത്തരത്തില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിക്കാറ്. ഇവിടെ പ്രതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ അടച്ചിട്ട മുറിയില്‍ പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കോടതി ഈ വിഷയത്തില്‍ എന്തുനിലപാടാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നതും നിര്‍ണായകമാണ്. തന്റെ സ്വകാര്യത കൂടി മാനിച്ച് കൊണ്ട് അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അപേക്ഷയില്‍ പറയുന്നത്.