കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ്

കൈവശമുള്ള സ്വര്‍ണത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടോ?; ഇത് ചെയ്താല്‍ മതി, പരിരക്ഷ ഉറപ്പ്

ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിക്കുകയാണ്. വൈകാതെ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. സ്വര്‍ണവില കൂടിയതോടെ മോഷണവും വര്‍ധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മോഷണം, ആകസ്മികമായ നാശനഷ്ടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, മറ്റ് അപകടസാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്ന് ആഭരണങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ആഭരണ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.

ആഭരണ ഇന്‍ഷുറന്‍സ് രണ്ടു തരത്തില്‍ ഉണ്ട്. ആദ്യത്തേത് ഹോം ഇന്‍ഷുറന്‍സിനൊപ്പം ആഡ്-ഓണ്‍ ആയി ആഭരണ ഇന്‍ഷുറന്‍സും എടുക്കാം. രണ്ടാമത്തേതായി സ്വര്‍ണത്തിന് പ്രത്യേകമായി ഇന്‍ഷുറന്‍സ് കവറേജ് എടുക്കുക എന്നതാണ്. ജ്വല്ലറി ബ്രാന്‍ഡുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിലുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്.

മോഷണം, കവര്‍ച്ച, തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ അപകടസാധ്യതകള്‍ കവര്‍ ചെയ്യുന്ന സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പോളിസികളാണ് വിപണിയില്‍ ഉള്ളത്. പല ഇന്‍ഷുറന്‍സ് കമ്പനികളും ലോകമെമ്പാടുമുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു. അതായത് വിദേശ യാത്ര ചെയ്യുമ്പോള്‍ പോലും ആഭരണങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.

പുനഃസ്ഥാപന മൂല്യം (സമാനമായ ഒന്ന് ഉപയോഗിച്ച് ഇനം മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ്), വിപണി മൂല്യം (ആഭരണത്തിന്റെ നിലവിലെ വില), അല്ലെങ്കില്‍ മാറ്റിസ്ഥാപിക്കല്‍ മൂല്യം (ഇന്ന് സമാനമായ ഒരു ഭാഗം വാങ്ങുന്നതിനുള്ള ചെലവ്) എന്നിവയെ അടിസ്ഥാനമാക്കിയാണ് സെറ്റില്‍മെന്റുകള്‍ നടത്തുക.

ഒരു ക്ലെയിമിന്റെ കാര്യത്തില്‍ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. വീട്ടിലായാലും, സേഫുകളിലായാലും, ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചാലും, യാത്രയ്ക്കിടെ ധരിച്ചാലും ആഭരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയും. പതിവ് തേയ്മാനം, പതിവ് ഉപയോഗത്തില്‍ നിന്നുള്ള കേടുപാടുകള്‍, അല്ലെങ്കില്‍ വൃത്തിയാക്കല്‍, സര്‍വീസിങ് അല്ലെങ്കില്‍ നന്നാക്കല്‍ എന്നിവയ്ക്കിടയിലുള്ള കേടുപാടുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടുന്നില്ല. പഴയ ആഭരണങ്ങള്‍ വില്‍ക്കുകയും പുതിയ ആഭരണങ്ങള്‍ വാങ്ങുകയും ചെയ്താല്‍, ഇന്‍ഷുറന്‍സ് പുതിയ ഇനങ്ങളിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടുന്നില്ല.

‘ക്ലിഫ് ഹൗസില്‍ ഇരട്ടസ്‌ഫോടനം നടത്തും’; ബോംബ് ഭീഷണി; പരിശോധന

‘ക്ലിഫ് ഹൗസില്‍ ഇരട്ടസ്‌ഫോടനം നടത്തും’; ബോംബ് ഭീഷണി; പരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. ഇരട്ട സ്‌ഫോടനം നടത്തുമെന്ന സന്ദേശം ഇമെയില്‍ ആയാണ് എത്തിയത്. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.

എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇരട്ട സ്‌ഫോടനം നടത്തുമെന്നാണ് മെയിലില്‍ പറയുന്നത്. കൂടാതെ ഹൈക്കോടതിയിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. നേരത്തെ വഞ്ചിയൂര്‍ കോടതി, പൊലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ബോംബ് വച്ച് തകര്‍ക്കുമെന്നും ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ച്ചയായി ഇത്തരം ഭീഷണി സന്ദേശം ലഭിക്കുന്നത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്.

കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കല്യാണ വിപണിയില്‍ പോക്കറ്റ് കാലിയാക്കി മുല്ലപ്പൂ; കിലോയ്ക്ക് അയ്യായിരം രൂപ കടന്നു

കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. രണ്ടാഴ്ചയ്ക്കിടെ 3,000 രൂപയ്ക്ക് മുകളിലാണ് വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില.

രണ്ടാഴ്ച മുന്‍പ് 1,000 രൂപയായിരുന്നു വില. മുഹൂര്‍ത്ത നാളുകളില്‍ വില വീണ്ടും ഉയരുന്നുണ്ട്. ഞായറാഴ്ച 5,500 രൂപയ്ക്ക് വരെയാണ് ഒരു കിലോ മുല്ലപ്പൂ വിറ്റുപോയതെന്നും സാധാരണ ദിവസങ്ങളില്‍ 3,500-4,000 രൂപ വരെ വിലയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. സാധാരണ ഡിസംബര്‍ പകുതിയോടെ കാണാറുള്ള മഞ്ഞുവീഴ്ച, നവംബര്‍ ആദ്യവാരം തന്നെയെത്തിയത് ഉല്‍പ്പാദനത്തെ ബാധിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. ചൂടുള്ള കാലാവസ്ഥയിലാണ് മുല്ലപ്പൂ തഴച്ചുവളരുന്നത്. മഞ്ഞുവീഴ്ചയില്‍ പൂവ് മൊട്ടിടുന്നത് കുറയും.

‘കോഹ്‌ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല’

‘കോഹ്‌ലി ടീമില്‍ ഉണ്ടാവുമോ? ഇനി അങ്ങനെയൊരു ചോദ്യം തന്നെയില്ല’

റാഞ്ചി: ഫിറ്റ്‌നെസും ഫോമും തുടരുന്നതിനാല്‍ കോഹ്‌ലിയുടെ ഏകദിന ഭാവിയെക്കുറിച്ച് ഇനി ചര്‍ച്ച തന്നെ ആവശ്യമില്ലെന്ന് ബാറ്റിങ് പരിശീലകന്‍ സിതാംശു കൊടക്. 2027ലെ ഏകദിന ലോകകപ്പില്‍ കോഹ്‌ലി കളിച്ചേക്കുമെന്നും ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സൂചന നല്‍കി.

‘2027 ലോകകപ്പിനെക്കുറിച്ച് നമ്മള്‍ ഇനി സംസാരിക്കേണ്ട ആവശ്യമില്ലെന്നാണ് കരുതുന്നത്. കോഹ്ലിയുടെ ഏകദിന കരിയറിലെ 52-ാമത്തെ സെഞ്ച്വറി താരത്തിന്റെ അനുഭവ ചരിചയത്തെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല, താരം ഇപ്പോള്‍ മുന്‍ഗണന നല്‍കുന്ന ഫോര്‍മാറ്റില്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തം എത്രത്തോളം നന്നായി വഹിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്’ കൊടക് പറഞ്ഞു.

‘കോഹ്ലിയുടെ സ്ഥാനമോ, ഭാവിയോ എന്തുകൊണ്ടാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല. ഇതെല്ലാം നമ്മള്‍ എന്തിന് നോക്കണമെന്നറിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ വിരാട് കോഹ്‌ലി ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് കളിച്ചത്. വിരാട് വളരെ നന്നായി ബാറ്റ് ചെയ്തു. ഇപ്പോഴും ഒരു മികച്ച കളിക്കാരനാണ്. ശാരീരികമായി വിരാടിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. പരിക്കുകളെക്കുറിച്ച് നാം സംസാരിക്കേണ്ടതില്ല. കോഹ്‌ലിയുടെ ബാറ്റിങ്ങും ഫിറ്റ്‌നസും കണക്കിലെടുത്താല്‍ താരത്തിന്റെ 2027 ലോകകപ്പ് വരെയുള്ള ഭാവിയെക്കുറിച്ച് ഒന്നും ചോദിക്കേണ്ടതില്ല,’ കൊടക് പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പ്രകനത്തെയും കൊടക് പ്രശംസിച്ചു. റാഞ്ചിയില്‍ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് പന്ത് കയ്യില്‍ ശരിയായി ഗ്രിപ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഹര്‍ഷിത് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തിയതിന് വലിയ പ്രശംസ അര്‍ഹിക്കുന്നു. ഇത്രയധികം മഞ്ഞുള്ളപ്പോള്‍ ബാറ്റര്‍മാര്‍ക്ക് റണ്‍സ് നേടാന്‍ എളുപ്പമാകുമായിരുന്നു’, കൊടക് വ്യക്തമാക്കി.

‘രാഹുലിനായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ല’; തെളിവെടുപ്പിനിടെ വിളിച്ചുപറഞ്ഞ് രാഹുല്‍ ഈശ്വര്‍

‘രാഹുലിനായി വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ല’; തെളിവെടുപ്പിനിടെ വിളിച്ചുപറഞ്ഞ് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ വിഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറെ തെളിവെടുപ്പിനായി പൗഡിക്കോണത്തെ വീട്ടിലെത്തിച്ചപ്പോഴാണ് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ലാപ്‌ടോപ്പ് അടക്കം കൂടുതല്‍ തെളിവുകള്‍ക്കായാണ് രാഹുല്‍ ഈശ്വറെ വീട്ടിലെത്തിച്ചത്. മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ പങ്കുവയ്ക്കുന്നത് നിര്‍ത്തില്ലെന്നും രാഹുല്‍ ഈശ്വര്‍ വിളിച്ചുപറഞ്ഞു. തെളിവെടുപ്പിന് ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൗഡികോണത്തെ വീട്ടിലെത്തിയപ്പോള്‍ ലാപ്‌ടോപ്പ് ഓഫീസിലാണെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. രാഹുല്‍ വീഡിയോ ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പൊലീസ് എത്തിയത്. എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്നും ഏഴ് മണിക്കുള്ള ചര്‍ച്ചയ്ക്ക് മുമ്പ് എത്താന്‍ സാധിക്കുമോ എന്നും രാഹുല്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് രാഹുല്‍ മുറിയിലെത്തി ലാപ്‌ടോപ് ഒളിപ്പിക്കുകയും ഇക്കാര്യം വീഡിയോയില്‍ പറയുകയും ചെയ്യുന്നുണ്ട്.

‘പൊലീസ് ലാപ്‌ടോപ് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ എടുത്ത് മാറ്റട്ടെ. ഞാന്‍ തിരിച്ചെത്തിയില്ലെങ്കില്‍ വീഡിയോ അപ്ലോഡ് ചെയ്യും. ചുമ്മാ പേടിപ്പിക്കാന്‍ നോക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ട്. നമുക്ക് കാണാം’, എന്നാണ് വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിനെ മണിക്കൂറുകളോളം ചോദ്യംചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. രാഹുല്‍ നേരത്തെ ചിത്രീകരിച്ച വീഡിയോ ഇതിനിടയില്‍ പുറത്തുവരികയും ലാപ്‌ടോപ് വീട്ടില്‍ത്തന്നെയാണ് ഉള്ളതെന്ന് വ്യക്തമാകുകയും ചെയ്തു. തുടര്‍ന്നാണ് ഒളിപ്പിച്ച ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് രാഹുലുമായി വീട്ടിലെത്തിയതെന്നാണ് വിവരം.

ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് രാഹുല്‍ ഈശ്വറെ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളക്കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. യുവതിയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍, സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സർവകലാശാല അസിസ്റ്റന്റ് ആകാൻ അവസരം; മികച്ച ശമ്പളം

സർവകലാശാല അസിസ്റ്റന്റ് ആകാൻ അവസരം; മികച്ച ശമ്പളം

കേരളത്തിലെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം (കാറ്റഗറി നമ്പര്‍ 454/2025) പി എസ് സി പുറത്തിറക്കി. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. സർക്കാർ സർവീസിൽ ജോലി ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്. വിശദമായി പരിശോധിക്കാം.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
1. വകുപ്പ് : കേരളത്തിലെ സര്‍വ്വകലാശാലകൾ

2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ്

3. ശമ്പളം : ₹ 39,300 – 83,000/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18-36 വയസ്സ്

7. യോഗ്യതകള്‍ : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യത.

8. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025

ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷന്‍’ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID-യും password-ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടതാണ്.