ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്റെ ആക്രമണ ശ്രമം, ലക്ഷ്യമിട്ടത് ഒറാക്കിള്‍

ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്റെ ആക്രമണ ശ്രമം, ലക്ഷ്യമിട്ടത് ഒറാക്കിള്‍

ദുബൈ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ദുബൈയിലെ ഒറാക്കിള്‍ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്‍ ആക്രമണ ശ്രമം പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു. ദുബൈ മറീന ഏരിയയിലെ ഓറാക്കിള്‍ ഓഫീസ് സമുച്ചയത്തിന് നേരെ ആയിരുന്നു ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദുബൈ നഗരത്തിലെ പ്രധാന ജനവാസ, വിനോദ സഞ്ചാര കേന്ദ്രമാണ് മറീന.

നേരത്തെ, ബഹ്‌റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.

ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഡല്‍ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, എച്ച്പി, സിസ്‌കോ, ഇന്റല്‍, ഒറാക്കിള്‍, ആപ്പിള്‍, മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ (ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം), ഐബിഎം, ജെപി മോര്‍ഗന്‍ ചേസ്, ടെസ്ല, ജനറല്‍ ഇലക്ട്രിക്, ബോയിംഗ് എന്നിവയാണ് ഐആര്‍ജിസിയുടെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റ് അമേരിക്കന്‍ കമ്പനികള്‍.

അബുദാബി ലക്ഷ്യമിട്ടും ഇറാനില്‍ നിന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളില്‍ അബുദാബിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏഴ് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്നു ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ വന്‍ തീപിടിത്തം അഗ്‌നിശമന സേന നിയന്ത്രണവിധേയമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ യുഎഇയില്‍ ആകെ പരിക്കു പറ്റിയവരുടെ എണ്ണം 203 ആയി ഉയര്‍ന്നു.

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് സിനിമ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുന്നു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതിനാല്‍ പുതിയ അഭിഭാഷകനാകും വരിക.

കേസില്‍ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നാണ് പൊലീസ് പറയുന്നത്. ജയിലില്‍ കഴിയുന്ന രഞ്ജിത്തിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത് ഇപ്പോഴുള്ളത്. അറസ്റ്റിലാകുമ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് രഞ്ജിത്തിനെ കാര്യമായി ചോദ്യം ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിനാല്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുകയും അനുബന്ധ തെളിവുകള്‍ ശേഖരിക്കുകയും വേണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.

അതിക്രമം നടന്നു എന്നുപറയുന്ന കാരവാന്‍ പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി സിനിമാ സെറ്റിലെ ആളുകളുടെ മൊഴി എടുക്കുന്നത് തുടരുകയാണ്. എന്നാല്‍ ഇതില്‍ പലരും നിലവില്‍ കേരളത്തിലില്ല, അവരോട് ഉടനടി കൊച്ചിയിലെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനില്‍നിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്നവരില്‍നിന്ന് ശേഖരിക്കുന്ന മൊഴിയായിരിക്കും നിര്‍ണായകം. ഇതായിരിക്കും ആദ്യം പൂര്‍ത്തിയാക്കുക എന്നാണ് അറിയുന്നത്. അറസ്റ്റുചെയ്ത രഞ്ജിത്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,10,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 1440 രൂപയടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 13,835 രൂപയാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില തിരിച്ചുകയറാന്‍ കാരണം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുമെന്ന് സൂചന നല്‍കി ട്രംപ് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് ഇന്നലെ എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. ഇത് സ്വര്‍ണവില കുറയാന്‍ കാരണമായി.

കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – പഞ്ചാബ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – പഞ്ചാബ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് – പഞ്ചാബ് പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 7 30 നാണ് മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ന് അരങ്ങേറുന്നുവെന്നതാണ് മത്സരത്തിലെ ഏറ്റവും വലിയ സവിശേഷത.

കരിയറിന്റെ അവസാന പടവിലുള്ള ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്നത്. പരിക്കേറ്റ ധോണി പുറത്തിരിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക്. ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവില്‍ ആരാധകര്‍ക്ക് പ്രതീക്ഷയേറെ. ലോകകപ്പിലെ പ്രകടനം തുടര്‍ന്നാല്‍ സഞ്ജു ചെന്നൈയിലും ചേട്ടനാവും.

പരസ്പരമുള്ള പോരില്‍ ഇരു ടീമുകളും 16 ജയം വീതം നേടി തുല്യത പാലിക്കുന്നുണ്ടെങ്കിലും, അവസാന ഏഴ് മത്സരങ്ങളില്‍ ആറിലും വിജയം പഞ്ചാബിനൊപ്പമായിരുന്നു.ചേപ്പോക്കിലെ ചെന്നൈയുടെ ‘കോട്ട’യില്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. 2023, 2024, 2025 സീസണുകളില്‍ ചെന്നൈയില്‍ വെച്ച് ചെന്നൈയെ തോല്‍പ്പിച്ച ഏക ടീമെന്ന റെക്കോര്‍ഡും പഞ്ചാബിനുണ്ട്.

അബുദാബിയിൽ ഇറാൻ ആക്രമണം

അബുദാബിയിൽ ഇറാൻ ആക്രമണം

അബുദാബിയിൽ ഇറാൻ ആക്രമണം. അബുദാബിക്ക് നേരെ ഉണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അജ്ബാൻ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണ്.

അവനവഞ്ചേരിയിലെ പ്രതിഭകൾക്ക് സമീക്ഷയുടെ സ്നേഹാദരവ് നൽകി

അവനവഞ്ചേരിയിലെ പ്രതിഭകൾക്ക് സമീക്ഷയുടെ സ്നേഹാദരവ് നൽകി

കാളിമുക്ക് കലാകായിക സമിതി സമീക്ഷയുടെ അഭിമുഖ്യത്തിൽ സ്നേഹാദരവ് സംഘടിപ്പിച്ചു. സാംസ്കാരിക വിദ്യാഭ്യാസ കായിക മേഖലകളിൽ മികവ് പുലർത്തിയ അവനവഞ്ചേരിയിലെ പ്രതിഭകൾക്കാണ് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സമീക്ഷയുടെ സ്നേഹാദരവ് നൽകിയത്.

പരിപാടി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. അഖിൽ കവലയൂർ ഭദ്രദീപം തെളിയിച്ചു. സമീക്ഷ പ്രസിഡന്റ് സജു അധ്യക്ഷനായി. അനൂപ് ആർ. എസ് മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ രാധാകൃഷ്ണപിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. അനൂപ് നറുക്കെടുപ്പിന്റെ ഉദ്ഘാടനവും നിർവഹിച്ചു.