by Midhun HP News | Nov 30, 2025 | Latest News, കേരളം
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബലാംത്സംഗക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം പാലക്കാടെത്തി. തിരുവനന്തപുരത്തുള്ള പൊലീസ് സംഘമാണ് പാലക്കാട്ടെത്തിയത്. രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുള്ള ഫ്‌ലാറ്റിലെത്തി തെളിവെടുത്തു. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.
രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ലാറ്റില്‍ തന്നെയുണ്ട്. ഫ്‌ലാറ്റില്‍ വീണ്ടും പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ രാഹുലിനെതിരെ പരാതി നല്‍കിയ യുവതിയുടെ ശബ്ദ പരിശോധന നടത്തും. പുറത്തുവന്ന സംഭാഷണം പരാതിക്കാരിയുടെതാണോ എന്ന് ഉറപ്പിക്കാന്‍ യുവതിയുടെ ശബ്ദ സാമ്പിള്‍ പരിശോധിക്കും. തിരുവല്ലം ചിത്രാഞ്ജലിയിലാണ് പരിശോധന നടത്തുക.
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത് അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വാദം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ തലസ്ഥാനത്തെത്തി വക്കാലത്തില്‍ ഒപ്പിട്ടുവെന്ന റിപ്പോര്‍ട്ട് പൊലീസ് തള്ളി. എല്ലാ ജില്ലകളിലും അന്വേഷണം നടത്താന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കി.
യുവതി കൂടുതല്‍ തെളിവുകള്‍ കൈമാറി
ബലാംത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൂടുതല്‍ തെളിവുകള്‍ പൊലീസിന് കൈമാറി യുവതി. അശാസ്ത്രീയ ഭ്രൂണഹത്യയാണ് നടത്തിയത് എന്നതിന്റേയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റേയും രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.
ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത് എന്ന് രേഖകളില്‍ പറയുന്നു. ഏഴാഴ്ച വരെ കഴിക്കാവുന്ന മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച് നല്‍കിയത്. ഡോക്ടറുടെ മാര്‍ഗനിര്‍ദേശമോ സാന്നിധ്യമോ ഇല്ലാതെ കഴിച്ചാല്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന മരുന്നുകളാണിവ. ട്യൂബല്‍ പ്രഗ്നന്‍സിയാണെങ്കില്‍ ട്യൂബ് പൊട്ടി മരണം വരെ സംഭവിച്ചേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതായും യുവതി മൊഴി നല്‍കി. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്കുണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയും തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളാണ് യുവതി പൊലീസിന് കൈമാറിയത്.
ഭ്രൂണഹത്യയ്ക്ക് ശേഷം താന്‍ മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിച്ചതായും യുവതിയുടെ മൊഴിയില്‍ പറയുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും യുവതിക്കുണ്ടായി. ഇതിന്റെ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയെ പരിശോധിച്ച ഡോക്ടറില്‍ നിന്നും പൊലീസ് മൊഴിയെടുക്കും.
വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനെന്ന തരത്തിലാണ് രാഹുല്‍ സൗഹൃദം സ്ഥാപിച്ചത് എന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചുവെന്നും സൗഹൃദം പ്രണയമായപ്പോള്‍ കൂടുതല്‍ അടുപ്പമുണ്ടായെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അടുപ്പവും വിശ്വാസവും മുതലെടുത്ത് നഗ്നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്.



by Midhun HP News | Nov 29, 2025 | Latest News, ജില്ലാ വാർത്ത
വെസ്റ്റ് ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) കല്യാണിയിൽ വിവിധ വകുപ്പുകളിലായി 172 സീനിയർ റെസിഡന്റ് (നോൺ-അക്കാദമിക്) തസ്തികകളിൽ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഡിസംബർ 26,27 തീയതികളിൽ കല്യാണിയിൽ നടക്കുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15.
വകുപ്പുകളും ഒഴിവുകളുടെ എണ്ണവും
അനസ്തേഷ്യ -17
കാർഡിയോളജി – 1
സി.ടി.വി.എസ് – 5
ഡെർമറ്റോളജി – 3
എമർജൻസി മെഡിസിൻ & ട്രോമ – 19
ഇ. എൻ. ടി – 4
ജനറൽ മെഡിസിൻ – 12
ജനറൽ സർജറി – 11
ആശുപത്രി അഡ്മിനിസ്ട്രേഷൻ – 4
മെഡിക്കൽ ഗാസ്ട്രോഎന്ററോളജി -2
മെഡിക്കൽ ഓങ്കോളജി/ഹീമറ്റോളജി – 9
നെഫ്രോളജി – 2
ന്യൂറോളജി – 6
ന്യൂറോ സർജറി – 2
ന്യുക്ലിയർ മെഡിസിൻ – 5
ഒബ്സ്റ്റട്രിക്‌സ് & ഗൈനെക്കോളജി – 6
ഓർത്തോപീഡിക്സ് – 7
പീഡിയാട്രിക് സർജറി – 6
ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ – 8
സൈക്യാട്രി – 2
പൾമണറി മെഡിസിൻ – 2
റേഡിയോ ഡയഗ്നോസിസ് – 18
റ്യുമറ്റോളജി – 3
സർജിക്കൽ ഗാസ്ട്രോഎന്ററോളജി – 4
സർജിക്കൽ ഓങ്കോളജി – 6
ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ബ്ലഡ് ബാങ്ക് – 3
ബയോകെമിസ്ട്രി – 1
മൈക്രോബയോളജി – 3
ഫാർമക്കോളജി – 1
പ്രായപരിധി
അപേക്ഷകന്റെ പ്രായം 45 വയസ്സ് കവിയരുത്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഡി/എംഎസ്/ഡിഎൻബി അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തര മെഡിക്കൽ ബിരുദം.
സൂപ്പർ-സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്ക്: ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ഡിഎം/എംസിഎച്ച്/ഡിഎൻബി.
ആശുപത്രി അഡ്മിനിസ്ട്രേഷൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, എമർജൻസി മെഡിസിൻ എന്നിവയ്ക്കുള്ള പ്രത്യേക യോഗ്യതകൾ അറിയാൻ വിജ്ഞാപനം കാണുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും https://aiimskalyani.edu.in/ സന്ദർശിക്കുക.
by Midhun HP News | Nov 29, 2025 | Latest News, കേരളം
ജോലിയില്‍ നിന്നും വിരമിക്കാന്‍ ഏതാനും മാസങ്ങളോ ആഴ്ചകളോ മാത്രം ശേഷിക്കുന്നവരെ സംബന്ധിച്ച് റിട്ടയര്‍മെന്റ് ലൈഫിലും വരുമാനത്തില്‍ കുറവ് വരാതിരിക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത സാധാരണയായി ഉണ്ടാവാറുണ്ട്. ജോലിയില്‍ നിന്നും വിരമിക്കുമ്പോഴും സ്ഥിരമായ വരുമാനം എല്ലാവരുടെയും സ്വപ്നമാണ്. ഇതിന് യോജിച്ച പ്ലാനാണ് പോസ്റ്റ് ഓഫീസിന്റെ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം.
സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രം നിക്ഷേപിക്കാവുന്നതാണ്. ഈ സ്‌കീം പ്രകാരം ഒറ്റത്തവണ നിക്ഷേപിക്കുന്ന തുകക്ക് ഓരോ മൂന്നു മാസത്തിലും പലിശ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. 5 വര്‍ഷത്തെ കാലാവധിയിലാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമില്‍ നിക്ഷേപിക്കുന്നത്.
ഈ സ്‌കീമില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 രൂപയാണ്. എന്നാല്‍ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഈ സേവിങ്സ് സ്‌കീമില്‍ സിംഗിള്‍ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാം. നിലവില്‍ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ്് സ്‌കീം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 8.2 ശതമാനമാണ്. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ അപേക്ഷാ ഫോം ലഭിക്കും. നേരിട്ട് പോവാന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഈ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം അക്കൗണ്ട് കാലാവധി നീട്ടാനും സാധിക്കും. 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി നീട്ടാം. 3 വര്‍ഷം നീട്ടാം. കാലാവധി നീട്ടുന്നതിനും പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. കൂടുതല്‍ വര്‍ഷത്തേക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ ആവശ്യമെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാം. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷത്തിനു മുന്നേ ക്ലോസ് ചെയ്താല്‍ പലിശ കിട്ടില്ല. ക്ലോസ് ചെയ്യുന്നതിനു മുന്നേ ഏതെങ്കിലും തവണ പലിശ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, അത് മുതലില്‍ നിന്ന് കുറയ്ക്കും. ബാക്കി തുകയായിരിക്കും നിക്ഷേപകന് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം 2 വര്‍ഷത്തിനു മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ 1.5% കുറയ്ക്കും. ബാക്കി തുകയാണ് നിക്ഷേപകന് ലഭിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താല്‍, മൊത്തം നിക്ഷേപത്തിന്റെ ഒരു ശതമാനം കുറയ്ക്കും. കാലാവധി ഒരു തവണ നീട്ടിയിട്ടുണ്ടെങ്കില്‍ ആ നീട്ടിയ കാലാവധിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍, നിക്ഷേപത്തിന്റെ ഒരു കുറയ്ക്കും.
5 വര്‍ഷത്തെ കാലാവധിയില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഓരോ മൂന്നു മാസത്തിലും ലഭിക്കുന്ന പലിശ വരുമാനം 61,500 രൂപയാണ്. അങ്ങനെ വരുമ്പോള്‍ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. അതായത് മൊത്തം 5 വര്‍ഷം കൊണ്ട് ലഭിക്കുന്ന പലിശ വരുമാനം 12,30,000 രൂപയാണ്. അങ്ങനെയെങ്കില്‍ ലഭിക്കുന്ന മൊത്തം മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും. ഇനി 22 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ 45,100 രൂപ വീതം ലഭിക്കും. അതായത് മാസം 15,000 രൂപ ലഭിക്കുമെന്ന് അര്‍ത്ഥം.



by Midhun HP News | Nov 29, 2025 | Latest News, കേരളം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (IOCL) അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. 313 ഒഴിവുകളാണ് ഉള്ളത്. പന്ത്രണ്ടാം ക്ലാസ്, ഐടിഐ,ഡിപ്ലോമ, ബിരുദം എന്നിവ പാസായവർക്ക് അപേക്ഷ സമർപ്പിക്കാം. 18 മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഡിസംബർ 18.
തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും
ട്രേഡ് അപ്രന്റീസ് അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)
3 വർഷത്തെ ബി.എസ്‌സി (ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി)
ട്രേഡ് അപ്രന്റീസ് ഫിറ്റർ
പത്താം ക്ലാസ് ഐടിഐ (ഫിറ്റർ ട്രേഡ്) പാസായിരിക്കണം.
ട്രേഡ് അപ്രന്റീസ് ബോയിലർ
ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി ഇവയിൽ ഏതെങ്കിലും ഒന്നിൽ 3 വർഷത്തെ ബി.എസ്‌സി.
ടെക്നീഷ്യൻ അപ്രന്റിസ് – കെമിക്കൽ
കെമിക്കൽ / റിഫൈനറി & പെട്രോകെമിക്കൽ എഞ്ചിനീയറിങ് / കെമിക്കൽ ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമ
ടെക്നീഷ്യൻ അപ്രന്റിസ് – മെക്കാനിക്കൽ
മെക്കാനിക്കൽ എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ
ടെക്നീഷ്യൻ അപ്രന്റിസ് – ഇലക്ട്രിക്കൽ
ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ.
ടെക്നീഷ്യൻ അപ്രന്റിസ് – ഇൻസ്ട്രുമെന്റേഷൻ
ഇൻസ്ട്രുമെന്റേഷനിലും അനുബന്ധ ബ്രാഞ്ചുകളിലും 3 വർഷത്തെ ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ് – സെക്രട്ടേറിയൽ അസിസ്റ്റന്റ്
ബി.എ / ബി.എസ്‌സി / ബി.കോം പാസായവർക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റിസ് – അക്കൗണ്ടന്റ്
ബി.കോം പാസായവർക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റിസ് – ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)
12-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം
ട്രേഡ് അപ്രന്റീസ് – ഡാറ്റാ എൻട്രി ഓപ്പറേറ്റർ
പന്ത്രണ്ടാം ക്ലാസ് പാസാകണം ‘ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ’ എന്നതിൽ സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കാം. എഴുത്തു പരീക്ഷ ഉണ്ടായിരിക്കില്ല. പകരം ഉദ്യോഗാർത്ഥിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.iocrefrecruit.in സന്ദർശിക്കുക.



by Midhun HP News | Nov 29, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: എയർബസ് A320 വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റവുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളായ എയർബസിൽ നിന്ന് ലഭിച്ച സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് മുന്നറിയിപ്പിനെ തുടർന്ന്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അടിയന്തര നടപടി സ്വീകരിച്ചു. ഇന്ത്യയിലെ വിവിധ എയർലൈനുകളുടെ ഉടമസ്ഥതയിലുള്ള A320 ഫാമിലിയിൽപ്പെട്ട വിമാനങ്ങളെല്ലാം നിലത്തിറക്കാൻ (Ground) DGCA ഉത്തരവിട്ടു.
പ്രധാന വിവരങ്ങൾ:
പ്രശ്നം: എയർബസ് A320, A321 വിമാനങ്ങളിലെ നിർണ്ണായകമായ ഫ്ലൈറ്റ് കൺട്രോൾ സോഫ്റ്റ്‌വെയറിലാണ് പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചത്. ഈ സോഫ്റ്റ്‌വെയറിൽ എന്തെങ്കിലും തകരാറുണ്ടായാൽ വിമാനത്തിന്റെ സുരക്ഷിതമായ നിയന്ത്രണത്തെ അത് ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
DGCA നടപടി: യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നിർമ്മാതാക്കളുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുന്നതുവരെയും, ആവശ്യമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും പരിശോധനകളും പൂർത്തിയാക്കുന്നതുവരെയും A320 ഫാമിലി വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് DGCA ആവശ്യപ്പെട്ടു.
എയർലൈനുകൾക്ക് ബാധ്യത: ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ് പോലുള്ള വിമാനക്കമ്പനികൾക്ക് ഈ തീരുമാനം വലിയ തോതിൽ ബാധകമാകും, കാരണം ഇവരുടെ ഫ്ലീറ്റിൽ A320 ഫാമിലി വിമാനങ്ങളാണ് കൂടുതലായുള്ളത്.
DGCAയുടെ ഈ അടിയന്തര നടപടി രാജ്യത്തെ വിമാന സർവീസുകളെ ബാധിക്കാനും, വിമാന യാത്രകളിൽ തടസ്സങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. നിലവിൽ, എയർലൈനുകൾ യാത്രക്കാർക്കായി റീറൂട്ടിംഗ് ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്.



by Midhun HP News | Nov 29, 2025 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയായ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ (BMH) തീപിടിത്തം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ഏറ്റവും മുകളിലെ നിലയിൽനിന്നാണ് തീയും പുകയും ഉയർന്നത്.
കെട്ടിടത്തിൽനിന്നുള്ള പുക നഗരത്തിലാകെ വ്യാപിച്ചു. ഒമ്പതാം നിലയിലുള്ള എസി പ്ലാന്‍റിന്‍റെ ഭാഗത്തുനിന്നാണ് കെട്ടിടത്തിൽ തീ പടർന്നതെന്ന് പ്രാഥമിക നിഗമനം.
എന്നാൽ, തീപിടിത്തം വേഗം നിയന്ത്രണവിധേയമാക്കാൻ സാധിച്ചെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴും പൊലീസ് സേനയും സ്ഥലത്തെത്തി.
രോഗികളെല്ലാവരും സുരക്ഷിതരാണെന്നും, ആരെയും ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഔദ്യോഗിക വിവരം. രോഗികളെ കിടത്തി ചികിത്സിക്കുന്ന വാർഡുകൾ പ്രവർത്തിക്കുന്ന ഭാഗത്തല്ല തീപിടിത്തമുണ്ടായതെന്നാണ് അറിയുന്നത്. അതേസമയം, ജീവനക്കാരോ രോഗികളോ മറ്റുള്ളവരോ തീപിടിത്തമുണ്ടായ ഭാഗത്തേക്കു പോകരുതെന്ന് പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



Recent Comments