ഒരുമിച്ച് വോട്ട് തേടുന്നു ദമ്പതിമാർ

ഒരുമിച്ച് വോട്ട് തേടുന്നു ദമ്പതിമാർ

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലാണ് ദമ്പതികൾ സ്ഥാനാർത്ഥികളായി ഒന്നിച്ചു വോട്ട് തേടുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളായ പെരുംകുളം അൻസാർ, അദ്ദേഹത്തിൻ്റെ ഭാര്യ അസീന അൻസാർ എന്നിവരാണ് വോട്ട് തേടുവാൻ ഒന്നിച്ചിറങ്ങുന്നത്.

ബ്ലോക്ക് പഞ്ചായത്ത് കീഴാറ്റിങ്ങൽ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് പെരുംകുളം അൻസാർ, അദ്ദേഹത്തിൻ്റെ ഭാര്യ അസീന അൻസാർ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡായ മേലാറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

കടയ്ക്കാവൂർ പഞ്ചായത്തിലെ മേലാറ്റിങ്ങൽ വാർഡിൽ നിന്നുള്ള നിലവിലെ വാർഡ് മെമ്പറാണ് പെരുംകുളം അൻസാർ. ഈ വാർഡ് വനിതാ സംവരണം ആയതോടെ അൻസാറിന്റെ ഭാര്യ അസീനയെ ഇവിടെ സ്ഥാനാർഥിയായി നിശ്ചയിച്ചു. ഈ വാർഡിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യവേ പാർട്ടിയിൽ നിന്ന് പുതിയ നിർദ്ദേശം വന്നു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഈ വാർഡ് ഉൾപ്പെടുന്ന കീഴാറ്റിങ്ങൽ ഡിവിഷനിലേക്ക് മത്സരിക്കണം. സ്വന്തം നാട്ടിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കേണ്ടതിനാൽ തന്നെ ഒഴിവാക്കണമെന്ന് അൻസാർ ആവശ്യപ്പെട്ടുവെങ്കിലും ഈ ഡിവിഷനിൽ നിന്നുള്ള നേതാവ് എന്ന നിലയിൽ ബ്ലോക്ക് ഡിവിഷനിലേക്ക് അൻസാർ തന്നെ മത്സരിക്കണം എന്ന് പാർട്ടി നിർദ്ദേശിച്ചു. അങ്ങനെ പെരുംകുളം അൻസാറും സ്ഥാനാർത്ഥി ആയി.

മേലാറ്റിങ്ങൽ വാർഡിൽ ഇരുവരും ഒരുമിച്ചുതന്നെ വോട്ട് തേടാൻ ഇറങ്ങുന്നുണ്ട്. അൻസാർ ഇതര പഞ്ചായത്ത് വാർഡുകളിലേക്ക് പ്രചരണത്തിന് പോകുമ്പോൾ അൻസാറിന് വേണ്ടിയും അസീന തന്നെ വോട്ടുതേടും. മേലാറ്റിങ്ങൽ വാർഡിലെ വോട്ടർമാരെ കാണുമ്പോൾ അൻസാർ തനിക്കുവേണ്ടിയും തന്റെ ഭാര്യക്ക് വേണ്ടിയും വോട്ട് തേടും.

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുലര്‍ച്ചെ മദ്യലഹരിയിലായിരുന്നു സംഭവം. കൊച്ചി തമ്മനത്ത് താമസിക്കുന്ന മണികണ്ഠന്‍ കഴിഞ്ഞദിവസം മദ്യപിച്ചശേഷം നാട്ടുകാരോടും വാഹനയാത്രക്കാരോടും ബഹളം ഉണ്ടാക്കിയിരുന്നു.

രാത്രി പരിശോധനയ്ക്കിറങ്ങിയ പാലാരിവട്ടം പൊലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച മണികണ്ഠനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസെടുത്തശേഷം വിട്ടയച്ചു. തുടര്‍ന്ന് സ്റ്റേഷനു പുറത്തെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി മണികണ്ഠനെ ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കിയശേഷം മണികണ്ഠനെ വിട്ടയച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തയാളാണ് മണികണ്ഠന്‍. ഡിസംബര്‍ എട്ടിന് നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിക്കാനിരിക്കുകയാണ്. കേസില്‍ എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സ്ലീപ്പര്‍ കോച്ചിലും മൂടിപ്പുതച്ചുറങ്ങാം, ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വെ നല്‍കും

ചെന്നൈ: നോണ്‍ എസി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും ഇനി പുതപ്പും തലയിണകളും റെയില്‍വെ നല്‍കും. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ചെറിയ നിരക്ക് ഈടാക്കി ബെഡ് ഷീറ്റ്, തലയിണ എന്നിവ അനുവദിക്കുമെന്നാണ് ദക്ഷിണ റെയില്‍വെ അറിയിച്ചിരിക്കുന്നത്.

നിലവില്‍, എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ജനുവരി 1 മുതല്‍ ദക്ഷിണ റെയില്‍വെയ്ക്ക് കീഴിലുള്ള 10 എക്‌സ്പ്രസ് ട്രെയിനുകളില്‍ പദ്ധതി അവതരിപ്പിക്കും. ഒരു ബെഡ് ഷീറ്റ്, ഒരു തലയിണ, ഒരു തലയിണ കവര്‍ എന്നിവയ്ക്ക് 50 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു ബെഡ് ഷീറ്റിന് മാത്രം 20 രൂപയും തലയിണ അതിന്റെ കവറിനൊപ്പം 30 രൂപയുമാണ് വില.

ആദ്യഘട്ടത്തില്‍ ചെന്നൈ-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മണ്ണാര്‍ഗുഡി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-തിരുച്ചെന്തൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-പാലക്കാട് എക്‌സ്പ്രസ്, എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-സെങ്കോട്ടൈ സിലമ്പു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മംഗലാപുരം എക്‌സ്പ്രസ് എന്നിവയില്‍ ഈ സേവനം ലഭ്യമാക്കും.

പുതിയ നടപടി നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകളില്‍ മണ്‍സൂണ്‍, ശൈത്യകാലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. 2023-24 ല്‍ ന്യൂ ഇന്നൊവേറ്റീവ് നോണ്‍-ഫെയര്‍ റവന്യൂ ഐഡിയാസ് സ്‌കീമിന് കീഴില്‍ ആണ് ഇത്തരം ഒരു ആശയം അവതരിപ്പിച്ചത്. ഇതിന്റെ പൈലറ്റ് പദ്ധതിക്ക് യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. പദ്ധതിയിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ ചെന്നൈ ഡിവിഷന് ഈ സേവനം 28.27 ലക്ഷം രൂപ അധിക വരുമാനം നല്‍കുമെന്നാണ് പ്രതീക്ഷ.

സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍; ഒരു ലക്ഷം കടക്കുമോ?

സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍; ഒരു ലക്ഷം കടക്കുമോ?

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ് വര്‍ധിച്ചത്. 11900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.

ഗുരുവായൂര്‍ ഏകാദശി മറ്റന്നാള്‍; ക്യൂ നില്‍ക്കുന്നവര്‍ക്ക് പ്രഥമ പരിഗണന, ക്രമീകരണം ഇങ്ങനെ

ഗുരുവായൂര്‍ ഏകാദശി മറ്റന്നാള്‍; ക്യൂ നില്‍ക്കുന്നവര്‍ക്ക് പ്രഥമ പരിഗണന, ക്രമീകരണം ഇങ്ങനെ

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി തിങ്കളാഴ്ച. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ഏകദാശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതല്‍ ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ സമ്പൂര്‍ണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. അന്ന് ദേവസ്വം വകയാണ് ചുറ്റുവിളക്ക്. പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് ഏകാദശി ഉത്സവം ആഘോഷിക്കുകയെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശത്തിന് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് ഏകാദശി ദിവസമാണ്. ഏകാദശി നാളില്‍ ഗുരുവായുരപ്പനെ ഒരുനോക്ക് കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുക എന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. അഭൂതപൂര്‍വ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരിയില്‍ (ക്യൂ) നിന്ന് തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇത്തവണയും പ്രഥമ പരിഗണന നല്‍കാനാണ് ദേവസ്വം ഭരണസമിതി തീരുമാനം.

രാവിലെ 5 മുതല്‍ വൈകിട്ട് 5 മണിവരെ സ്‌പെഷ്യല്‍ ദര്‍ശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞ കുട്ടികള്‍ക്കുള്ള പ്രത്യേക ദര്‍ശനം എന്നിവയും ഉണ്ടാകില്ല. പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ എന്നിവരുടെ ദര്‍ശനം പുലര്‍ച്ചെ 3.30 ന് തുടങ്ങി കാലത്ത് 4.30ന് അവസാനിക്കും. ശ്രീകോവില്‍ നെയ്യ് വിളക്ക് ഓണ്‍ലൈനായും അഡ്വാന്‍സായും ശീട്ടാക്കിയവര്‍ക്ക് ഉദയാസ്തമയ പൂജയുടെ 5 പൂജകള്‍ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂര്‍ ദര്‍ശനത്തിനിടെ 15 മിനിറ്റ് ദര്‍ശനം അനുവദിക്കും. ബാക്കി 45 മിനിറ്റും പൊതുവരി നില്‍ക്കുന്ന ഭക്തര്‍ക്കാകും ദര്‍ശനം അനുവദിക്കുക.

ദശമി നാള്‍ മുതല്‍ ദ്വാദശി ദിനം രാവിലെ വരെ തുടര്‍ച്ചയായ ദര്‍ശനം

ദശമി ദിവസമായ നവംബര്‍ 30 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശന സൗകര്യം (പൂജാ സമയങ്ങള്‍ ഒഴികെ) ദ്വാദശി ദിവസമായ ഡിസംബര്‍ 2ന് രാവിലെ 8 മണി വരെ തുടരും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രനട അടച്ചതിന് ശേഷം വിവാഹം, ചോറൂണ്‍, തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ നിര്‍മ്മാല്യ ദര്‍ശനം ഉണ്ടാവില്ല.

പ്രഥമ ശുശ്രൂഷാ കേന്ദ്രം

ഗുരുവായൂര്‍ ഏകാദശി ദിവസം രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ ദേവസ്വം ആയുര്‍വ്വേദം, അലോപ്പതി വിഭാഗങ്ങളുടെ സംയുക്ല ആഭിമുഖ്യത്തില്‍ ക്ഷേത്ര സന്നിധിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കും. അടിയന്തര ഘട്ടത്തില്‍ ഭക്തര്‍ക്ക് പ്രഥമ ശുശ്രൂഷ ഈ കേന്ദ്രം വഴി ലഭിക്കും.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണം

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞത് 1976 ഡിസംബര്‍ മാസം 2-ാം തിയതിയിലെ ഗുരുവായൂര്‍ ഏകാദശ ദിവസമായിരുന്നു. ഗജരാജന്‍ കേശവനെ അനുസ്മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ഗജവീരന്‍മാര്‍ ഗജരാജന്‍

ഗുരുവായൂര്‍ കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി ശ്രീ തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തില്‍ നിന്ന് പുറപ്പെട്ട്, ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ പ്രതിമയില്‍ സ്മരണാഞ്ജലി അര്‍പ്പിക്കും. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും. ഗജ ഘോഷയാത്രയില്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തിലെ ബല്‍റാം, ചെന്താമരാക്ഷന്‍, ഇന്ദ്രസെന്‍, കൃഷ്ണ, നവനീത് കൃഷ്ണന്‍, രവികൃഷ്ണന്‍, വലിയ വിഷ്ണു, വിനായകന്‍, ദേവി, ലക്ഷ്മി കൃഷ്ണ എന്നീ ആനകള്‍ പങ്കെടുക്കും. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെ ഛായാചിത്രവും, ഇന്ദ്രസെന്‍ കേശവന്റെ ഛായാചിത്രവും, രവികൃഷ്ണന്‍ മഹാലക്ഷ്മിയുടെ ഛായാചിത്രവും വഹിക്കും. തുടര്‍ന്ന് ആനയൂട്ട് പുന്നത്തൂര്‍ കോട്ടയില്‍ നടക്കും.

ഏകാദശി എഴുന്നെള്ളിപ്പ്

ഏകാദശി ദിവസം രാവിലെ 6.30 ന് പഞ്ചവാദ്യം അകമ്പടിയോടെ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. 11 മണിയോടെ എഴുന്നെള്ളിച്ച് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി നിറപറ സ്വീകരിച്ച്, നാദസ്വരം അകമ്പടിയോടെ തിരിച്ച് പുറപ്പെട്ട് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രിവിളക്കിന് അതിവിശിഷ്ടമായ സ്വര്‍ണ്ണ ക്കോലം എഴുന്നെള്ളിക്കും.

ഏകാദശി പ്രസാദ ഊട്ട്

ഏകാദശി വിഭവങ്ങളോടു കൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതല്‍ അന്നലക്ഷമി ഹാള്‍, അതിനോട് ചേര്‍ന്നുള്ള പന്തല്‍, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി നല്‍കും. ഉച്ചയ്ക്ക് 2 മണിക്ക് പ്രസാദ ഊട്ടിനുള്ള വരി (ക്യൂ) അവസാനിപ്പിക്കും. തുടര്‍ന്ന് ബുഫേ സമ്പ്രദായത്തില്‍ പ്രസാദ ഊട്ട് നല്‍കും. പ്രസാദ ഊട്ടിന്റെ വരികള്‍ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നര്‍ റിങ്ങ് റോഡിലേക്കും. ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടര്‍ റിങ്ങ് റോഡിലേക്കും ക്രമീകരിക്കും. ഏകാദശി, ദ്വാദശി, ത്രയോദശി ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും രാത്രി പ്രസാദ ഊട്ടും ഉണ്ടാവില്ല.

വിവാഹിതയാണെന്ന് അറിയാമായിരുന്നു, ലൈം​ഗിക ബന്ധം സമ്മതപ്രകാരം; ശബ്ദരേഖ തന്റെതെന്ന് സമ്മതിച്ച് രാഹുൽ

വിവാഹിതയാണെന്ന് അറിയാമായിരുന്നു, ലൈം​ഗിക ബന്ധം സമ്മതപ്രകാരം; ശബ്ദരേഖ തന്റെതെന്ന് സമ്മതിച്ച് രാഹുൽ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പുറത്തു വന്ന ശബ്ദരേഖ തന്റേതു തന്നെയെന്ന് സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇതുസംബന്ധിച്ച് രാഹുല്‍ സമ്മതിക്കുന്നത്. തന്നെ കുടുക്കാനായി യുവതി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നാണ് രാഹുല്‍ സൂചിപ്പിക്കുന്നത്. കുഞ്ഞ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗര്‍ഭധാരണത്തിനും പിന്നീട് തന്റെ രാഷ്ട്രീയ ഭാവിക്ക് തിരിച്ചടിയാണെന്ന് പറഞ്ഞ് ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞിരുന്നത്.

രാഹുലും പരാതിക്കാരിയും തമ്മില്‍ നല്ല ബന്ധത്തില്‍ ഇരിക്കെയുള്ള സംഭാഷണങ്ങള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ തുടങ്ങിയവ യുവതി റെക്കോര്‍ഡ് ചെയ്തു പുറത്തു വിടുകയായിരുന്നു എന്നാണ് ജാമ്യാപേക്ഷയില്‍ രാഹുലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയെ അസഭ്യം വിളിക്കുന്നതും, നിന്നെ കൊല്ലാന്‍ സെക്കന്റുകള്‍ പോരേ, യുവതി കരയുമ്പോള്‍ നിന്റെ ഡ്രാമ അവസാനിപ്പിക്കൂ എന്നിങ്ങനെ രാഹുൽ പറയുന്നത് പുറത്തു വന്ന ശബ്ദരേഖയിലുണ്ട്.

വിവാഹിതയാണെന്ന് അറിഞ്ഞാണ് യുവതിയുമായി സൗഹൃദത്തിലാകുന്നതും, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്. യുവതിയുടെ വൈവാഹിക ജീവിതത്തിലെ പീഡനങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ സഹതാപം തോന്നുകയും, പിന്നീട് സൗഹൃദത്തിലാകുകയും ചെയ്തുവെന്നാണ് ജാമ്യാപേക്ഷയില്‍ വിശദീകരിക്കുന്നത്. വിവാഹിതയാണെന്ന് അറിയാതെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി ബന്ധം പുലര്‍ത്തിയതെന്ന രാഹുല്‍ അനുകൂലികളുടെ വാദമാണ് ജാമ്യാപേക്ഷയിലൂടെ പൊളിഞ്ഞത്.

അതിനിടെ പരാതിക്കാരി യുവതി പൊലീസിന് നല്‍കിയ മൊഴിയിലെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നു. വിവാഹബന്ധം ഒഴിഞ്ഞതിനു ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നത്. വിവാഹം നടന്നത് 2024 ഓഗസ്റ്റ് 22 നാണ്. നാലു ദിവസം മാത്രമാണ് ഒരുമിച്ചു ജീവിച്ചത്. ഒരു മാസം മാത്രമാണ് ആ ദാമ്പത്യം നീണ്ടു നിന്നത്. പിന്നീട് അഞ്ചു മാസത്തിനു ശേഷമാണ് രാഹുലുമായി പരിചയപ്പെടുന്നതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.