സ്വർണാഭരണം തട്ടാൻ മകളും കാമുകനും ചേർന്ന് അമ്മയെ കൊന്നു; തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ

സ്വർണാഭരണം തട്ടാൻ മകളും കാമുകനും ചേർന്ന് അമ്മയെ കൊന്നു; തെളിഞ്ഞത് പോസ്റ്റുമോർട്ടത്തിൽ

തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.

അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സത്യം വെളിച്ചത്തു വന്നു. 45കാരിയായ സന്ധ്യയും ഇവരുടെ കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.

മഴ ശമിച്ചിട്ടില്ല; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാ​ഗ്രത

മഴ ശമിച്ചിട്ടില്ല; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാ​ഗ്രത

തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്. നേരിയ, ഇടത്തരം, ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്.

ഇടിമിന്നൽ മുന്നറിയിപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. ഇന്ന് മാലിദ്വീപ് പ്രദേശം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മൈതാനത്ത് വീണ്ടും ‘നാരീശക്തി’! വനിതാ കബഡിയില്‍ ഇന്ത്യ ലോക ചാംപ്യന്‍മാര്‍

മൈതാനത്ത് വീണ്ടും ‘നാരീശക്തി’! വനിതാ കബഡിയില്‍ ഇന്ത്യ ലോക ചാംപ്യന്‍മാര്‍

ധാക്ക: വനിതാ ഏകദിന ലോകകപ്പ് നേട്ടത്തിനു പിന്നാലെ ഇന്ത്യയുടെ അഭിമാനം ഉയരങ്ങളില്‍ എത്തിച്ച് വനിതാ കബഡി ടീമും ലോക ചാംപ്യന്‍മാര്‍. തുടരെ രണ്ടാം വട്ടമാണ് വനിതകള്‍ കബഡി ലോക ചാംപ്യന്‍മാരാകുന്നത്. പുരുഷ വിഭാഗത്തിലും ഇന്ത്യ ലോക കിരീടം നിലനിര്‍ത്തിയിരുന്നു. പിന്നാലെയാണ് വനിതാ ടീമും നേട്ടം ആവര്‍ത്തിച്ചത്.

ഫൈനലില്‍ ചൈനീസ് തായ്‌പേയ് വനിതാ ടീമിനെ വീഴ്ത്തിയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. ഫൈനലില്‍ 35-28 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകളുടെ ജയം.

11 രാജ്യങ്ങളാണ് വനിതാ കബഡി ലോകകപ്പില്‍ മാറ്റുരച്ചത്. ടൂര്‍ണമെന്റില്‍ അപരാജിത മുന്നേറ്റമാണ് ഇന്ത്യന്‍ വനിതകള്‍ നടത്തിയത്.

തായ്‌ലന്‍ഡിനെ 65-20 സ്‌കോറിനും, ആതിഥേയരായ ബംഗ്ലാദേശിനെ 43-18, ജര്‍മനിയെ 63-22, ഉഗാണ്ടയെ 51-16നും ലീഗ് ഘട്ടത്തില്‍ ഇന്ത്യ വീഴ്ത്തി. സെമിയില്‍ ഇറാനെ 33-21 എന്ന സ്‌കോറിനും പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്.

ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ; സ്വര്‍ണവില 93,000ന് മുകളില്‍

ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ; സ്വര്‍ണവില 93,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 93,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. 93,160 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വര്‍ധിച്ചത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

എൽ എൽ എം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എൽ എൽ എം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും 2025-26 അക്കാദമിക് വർഷത്തേക്കുള്ള എൽ എൽ എം പ്രവേശനത്തിന്റെ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിശദാംശങ്ങൾ പ്രവേശനനേട്ട പരീക്ഷയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ ലഭ്യമാണ്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരുടെ അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് ആവശ്യമായ അസൽ രേഖകളുമായി ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാകാത്തവർക്ക് സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അഡ്മിഷൻ നടപടികൾ നവംബർ 25 മുതൽ ഡിസംബർ 6 വരെ വൈകിട്ട് 3 മണി വരെ നടത്താം. അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണെന്നും വിദ്യാർത്ഥികൾ സമയപരിധി പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

കേരള ബാങ്ക് പ്രസിഡന്റായി പി മോഹനനെ തെരഞ്ഞെടുത്തു

കേരള ബാങ്ക് പ്രസിഡന്റായി പി മോഹനനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള ബാങ്ക് പ്രസിഡന്റായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനനെ തെരഞ്ഞെടുത്തു. ടിവി രാജേഷ് ആണ് വൈസ് പ്രസിഡന്റ്. ഈ മാസം 21നാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ 1020 വോട്ട് വരെ എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്.

മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ ആദ്യ യോഗം ചേര്‍ന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. അഞ്ച് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

മറ്റു ഭരണസമിതി അംഗങ്ങള്‍: ബിനില്‍ കുമാര്‍ (പത്തനംതിട്ട), പി ഗാനകുമാര്‍ (ആലപ്പുഴ), ജോസ് ടോം (കോട്ടയം), വി. സലിം (എറണാകുളം), എം ബാലാജി (തൃശ്ശൂര്‍), പി. ഗഗാറിന്‍ (വയനാട്), അധിന്‍ എ. നായര്‍ (കൊല്ലം), ശ്രീജ എസ് (തിരുവനന്തപുരം), എഎം മേരി (കാസര്‍കോട്), ശ്രീജ എംഎസ് (ഇടുക്കി), സ്വാമിനാഥന്‍ ഒവി (പാലക്കാട്), ഷിബു ടിസി (അര്‍ബന്‍ ബാങ്ക് പ്രതിനിധി).