by Midhun HP News | Nov 24, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയ്ക്കകം ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി നാളെയോട് കൂടി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ചുഴലിക്കാറ്റ്, ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദം എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.


by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 89 വയസായിരുന്നു. നേരത്തെ രോഗാവസ്ഥ ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ വീട്ടിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ലൈഫ് സപ്പോര്‍ട്ടിങ് സംവിധാനങ്ങളുടെ സഹായത്തിലായിരുന്നു.
ധര്‍മേന്ദ്രയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളെയാണ്. വാണിജ്യ സിനിമകളും സമാന്തര സിനിമകളും ഒരുപോലെ കൊണ്ടു പോയിരുന്ന കരിയറായിരുന്നു ധര്‍മേന്ദ്രയുടേത്. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി.
ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിലെ ധര്‍മേന്ദ്രയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങിയിരുന്നു. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.


by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ശുപാർശയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരമാണ് ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.
1962 ഫെബ്രുവരി 10 ന് ഹരിയാനയിൽ ജനിച്ച ജസ്റ്റിസ് സൂര്യകാന്ത് 1984 ൽ ഹിസാറിലാണ് തന്റെ നിയമ ജീവിതം ആരംഭിച്ചത്. തുടർന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറി. അവിടെ അദ്ദേഹം വിവിധ ഭരണഘടനാ, സിവിൽ, സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്യുകയും നിരവധി സർക്കാർ സർക്കാരിതര സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
2000-ൽ ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി അദ്ദേഹം മാറി. 2001-ൽ സീനിയർ അഭിഭാഷകനായി നിയമിതനായി. 2004-ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച അദ്ദേഹം 2019 മെയ് മാസത്തിൽ സുപ്രീം കോടതി ജഡ്ജിയായി. 2024 നവംബർ മുതൽ സുപ്രീം കോടതി നിയമ സേവന സമിതിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു.
കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ചീഫ് ജസ്റ്റിസ് കാന്ത് പറഞ്ഞു. ജില്ലാ, സബോർഡിനേറ്റ് കോടതികളുടെ പ്രവർത്തനത്തിലെ വെല്ലുവിളികൾ തിരിച്ചറിയുന്നതിനായി ഹൈക്കോടതികളുമായി കൂടിയാലോചനകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ പരിഗണിക്കുന്നതിനായി അഞ്ച്, ഏഴ്, ഒമ്പത് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചുകൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ രൂപീകരിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
കോടതികളുടെ ഭാരം ലഘൂകരിക്കുന്നതിന് മധ്യസ്ഥതയും മറ്റ് ബദൽ തർക്ക പരിഹാര സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്നും സംസ്ഥാനങ്ങൾക്കിടയിലും കേന്ദ്രവുമായും ഉള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് സമൂഹ മധ്യസ്ഥത പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ : തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ റോഡ് അപകടത്തില്‍ 6 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്ക്. രണ്ടു സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെങ്കാശിക്ക് 15 കിലോമീറ്റര്‍ അകലെ ദുരൈസാമിയാപുരം ഗ്രാമത്തില്‍ തിരുമംഗലം- ശെങ്കോട്ട ദേശീയപാതയിലായിരുന്നു അപകടം.
മധുരയില്‍ നിന്നും ശെങ്കോട്ടയിലേക്ക് പോകുന്ന ബസും, തെങ്കാശിയില്‍ നിന്നും കോവില്‍പെട്ടിയിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളും തകര്‍ന്നു. ആറുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ 39 പേരെ ശെങ്കോട്ട സര്‍ക്കാര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചില യാത്രക്കാരുടെ നില ഗുരുതരമാണെന്നാണ് സൂചന. മധുരയില്‍ നിന്നും ശെങ്കോട്ടയിലേക്ക് പോയ ബസ് അമിത വേഗതയിലായിരുന്നതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


by Midhun HP News | Nov 24, 2025 | Latest News, കേരളം
കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്ത്. ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നു. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ് ന്യൂസ് മലയാളം ചാനല്‍ പുറത്തു വിട്ടത്.
ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. ‘ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും’ പെണ്‍കുട്ടി പറയുന്നു.
‘എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല’ എന്നും രാഹുല്‍ പറയുന്നു. എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല എന്നും പെണ്‍കുട്ടി പറയുന്നു. നിന്റെ ഈ വര്‍ത്തമാനം നിര്‍ത്താന്‍, അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.
‘എനിക്കിത് ചെയ്യാന്‍ വയ്യ എന്നു പറഞ്ഞ് പെൺകുട്ടി കരയുന്നുണ്ട്. ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചപ്പോള്‍, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നു പറഞ്ഞു. മൂന്നു ദിവസമായിട്ട് പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂടു വന്നതെന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. നിങ്ങള്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.


by Midhun HP News | Nov 24, 2025 | Latest News, കേരളം
കൊല്ലം: കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത വരികയാണ്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.


Recent Comments