തൊഴില്‍ നിയമങ്ങള്‍ മാറി; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍; എന്താണ് പുതിയ മാറ്റം?; അറിയേണ്ടതെല്ലാം

തൊഴില്‍ നിയമങ്ങള്‍ മാറി; നാല് ലേബര്‍ കോഡുകള്‍ പ്രാബല്യത്തില്‍; എന്താണ് പുതിയ മാറ്റം?; അറിയേണ്ടതെല്ലാം

ഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നാല് തൊഴില്‍ ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വേതനം, വ്യവസായ ബന്ധം, സാമൂഹ്യ സരക്ഷ, തൊഴിലിട സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. 29 തൊഴില്‍ നിയമങ്ങള്‍ക്ക് പകരമായാണ് നാലുകോഡുകള്‍.

തൊഴില്‍ നിയമങ്ങള്‍ ആധുനികവത്കരിക്കുക, പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തൊഴിലാളികളെ തയ്യാറാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനും മിനിമം വേതനം നിയമപരമാക്കുന്നതുമടക്കം നിര്‍ണായകമാറ്റങ്ങള്‍ക്ക് ഇത് വഴിവെക്കും. അഞ്ച് വര്‍ഷം മുന്‍പ് പാര്‍ലമെന്റ് പാസാക്കിയതാണെങ്കിലും ഭരണപക്ഷ തൊഴിലാളി യൂണിയനായ ബിഎംഎസ് വരെ പല വ്യവസ്ഥകളെയും എതിര്‍ത്തതിനാല്‍ തുടര്‍നടപടികള്‍ നീട്ടിവച്ചിരിക്കുകയായിരുന്നു. പുതിയ കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്നും സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി അടക്കം പത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

‘രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും സമയബന്ധിതമായ മിനിമം വേതനം, യുവാക്കള്‍ക്ക് നിയമനം, സ്ത്രീകള്‍ക്ക് തുല്യ വേതനവും ബഹുമാനവും, ഒരു വര്‍ഷത്തെ ജോലിക്ക് ശേഷം നിശ്ചിതകാല ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി, 40 വയസ്സിന് മുകളിലുള്ള തൊഴിലാളികള്‍ക്ക് സൗജന്യ വാര്‍ഷിക ആരോഗ്യ പരിശോധന, ഓവര്‍ടൈമിന് ഇരട്ടി വേതനം, അപകടകരമായ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ശതമാനം ആരോഗ്യ സുരക്ഷ, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി തൊഴിലാളികള്‍ക്ക് സാമൂഹിക നീതി എന്നിവ ഉറപ്പാക്കുമെന്ന്,’ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

പ്രധാന മാറ്റങ്ങള്‍ വേതന കോഡ്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അടിസ്ഥാനവേതനം നിയമപരം. ഇത് സര്‍ക്കാര്‍ നിശ്ചയിക്കും. നൈപുണ്യത്തിന്റെ അടിസ്ഥാനത്തില്‍ മിനിമം വേതനത്തില്‍ വ്യത്യാസം തൊഴില്‍ സുരക്ഷാ കോഡ്’ ജോലി സമയം ആഴ്ചയില്‍ 48 മണിക്കൂര്‍. ചില വ്യവസ്ഥകള്‍ കമ്പനികള്‍ മുതലെടുക്കുമെന്നും ജോലി സമയം കൂടാന്‍ കാരണമാകുമെന്നും തൊഴിലാളി സംഘടനകള്‍ പറയുന്നു. രാവിലെ ആറിന് മുന്‍പും വൈകീട്ട് 7നുശേഷവും സ്ത്രീകള്‍ക്ക് എവിടെയും ജോലി എടുക്കാം വ്യവസായ ബന്ധ കോഡ്: ആകെ ജീവനക്കാരുടെ പത്ത് ശതമാനമോ അല്ലെങ്കില്‍ 100 ജീവനക്കാരോ ഉണ്ടെങ്കില്‍ മാത്രം ട്രേഡ് യൂണിയന്‍ അനുവദനീയം. തൊഴിലാളികളല്ലാത്തവര്‍ക്ക് ഭാരവാഹികളാകാനാകില്ല സാമൂഹിക സുരക്ഷാ കോഡ്: വേതനത്തില്‍ അടിസ്ഥാന ശമ്പളം ഡിഎ, റിട്ടെയ്‌നിങ് അലവന്‍സ് എന്നിവ ഉള്‍പ്പെടും. പത്തില്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ഇഎസ്‌ഐ നിര്‍ബന്ധമല്ല.

ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് വിദ്യാര്‍ഥികളുടെ ഡാന്‍സ്; ഏത് സ്‌കൂളാണെന്ന് അറിയിക്കണം

ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് വിദ്യാര്‍ഥികളുടെ ഡാന്‍സ്; ഏത് സ്‌കൂളാണെന്ന് അറിയിക്കണം

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ കാബിനിലെ വ്‌ലോഗ് ചിത്രീകരണത്തിനെതിരെ കര്‍ശന നടപടി വേണമെന്നു ഹൈക്കോടതി. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളുടെ ഉപയോഗം, നിയമവിരുദ്ധമായ രൂപമാറ്റം എന്നിവയ്‌ക്കെതിരെയും നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. വാഹനങ്ങളുടെ അനധികൃത രൂപമാറ്റം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ സംബന്ധിച്ചു സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്.

നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വിഡിയോകള്‍ കോടതി പരിശോധിച്ചു. ഡ്രൈവര്‍ കാബിനില്‍ വിഡിയോ ചിത്രീകരിച്ച് അലക്ഷ്യമായി പോകുന്ന ചരക്കു ലോറിയ്ക്കു പിന്നില്‍ യാത്രാ ബസും മറ്റൊരു ലോറിയും ഇടിച്ച് വലിയ അപകടമുണ്ടാകുന്നതിന്റെ വിഡിയോ ദൃശ്യമുള്‍പ്പെടെയുള്ളവ കോടതി കണ്ടു. വലിയ ശബ്ദത്തില്‍ പാട്ടുവച്ച് ലേസര്‍ ലൈറ്റുകള്‍ മിന്നുന്ന ബസില്‍ വിദ്യാര്‍ഥികള്‍ നൃത്തം ചെയ്തു വിനോദ യാത്ര പോകുന്നതും കോടതി കണ്ട ദൃശ്യങ്ങളിലുണ്ട്.

രൂപമാറ്റം വരുത്തിയ റിക്കവറി വാനില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നതും എല്‍ഇഡി പാനലുകളുടെ നിര്‍മാണ സംവിധാനവുമെല്ലാം കണ്ടു. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത കമ്മീഷണര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദ്ദേശം നല്‍കി. അനധികൃത ലൈറ്റുകള്‍ ഓരോന്നിനും 500 രൂപ വീതം പിഴയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിഡിയോയില്‍ കണ്ട വിനോദ യാത്ര ഏത് സ്‌കൂളിന്റേതാണെന്ന വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിക്കണം. കോടതി പരിശോധിച്ച വിഡിയോകള്‍ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കി. ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

ഗുരുവായൂരിൽ ദർശന സമയം കൂട്ടുന്നത് ആലോചിക്കണം; ക്യൂ സംവിധാനം പരിഷ്കരിക്കണമെന്നും ഹൈക്കോടതി

കൊച്ചി: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്നു ഹൈക്കോടതി. ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണമെന്നും കോടതി വ്യക്തമാക്കി. തന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി.

നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായർവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം. ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈ ബുക്കിങ് വഴി വരുന്നവർക്കായി മാത്രം മാറ്റിവയ്ക്കണം. സ്പോട് ബുക്കിങിനു തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ​ഗർഭിണികൾ, ശിശുക്കളുമായി എത്തുന്ന അമ്മമാർ എന്നിവർക്ക് പ്രത്യേക പരി​ഗണന നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ സാധ്യത. ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. നവംബര്‍ 22-ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്.

ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നവംബര്‍ 24 വരെ ഇടി മിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കേരള -കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സൂക്ഷ്മപരിശോധന ഇന്ന്; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24

സൂക്ഷ്മപരിശോധന ഇന്ന്; സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 24

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനി രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് സൂക്ഷ്മപരിശോധന നടത്തുക. ഈ സമയം സ്ഥാനാര്‍ഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നി വര്‍ക്കു പുറമേ സ്ഥാനാര്‍ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി നില്‍ക്കാം.

സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ഥികളുടേയും നാമനിര്‍ദേശ പത്രിക പരി ശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. നാമനിര്‍ദേശ പത്രിക പരിശോധനയ്ക്കായി നിശ്ച യിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാര്‍ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാല്‍, നാമനിര്‍ദേശപത്രിക സമര്‍ സ്ഥാനാര്‍ഥിക്ക് 21 പ്പിക്കുന്ന ദിവസം വയസ് പൂര്‍ത്തിയായിരിക്കണം.വെള്ളി പകല്‍ മുന്ന് വരെ ലഭിച്ചിട്ടുള്ള എല്ലാ നാമനിര്‍ദേശ പത്രികകളും ഓരോന്നായി സു ക്ഷ്മപരിശോധന നടത്തും. ഒരു സ്ഥാനാര്‍ഥി ഒന്നിലധികം നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടു ണ്ടെങ്കില്‍ അവയെല്ലാം ഒരുമി ച്ചെടുത്തായിരിക്കും സൂക്ഷ്മപ രിശോധന ചെയ്യുക. സ്വീകരിക്ക പ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേ ണിങ് ഓഫീസര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാനതീയതി 24 ആണ്. അന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടികയാകും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാര്‍ഥികളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുക.

വീണ്ടും തീപ്പൊരി ബാറ്റിങ്; പാക് താരത്തെ പിന്തള്ളി വൈഭവ്; റൺ വേട്ടക്കാരിൽ മുന്നിൽ

വീണ്ടും തീപ്പൊരി ബാറ്റിങ്; പാക് താരത്തെ പിന്തള്ളി വൈഭവ്; റൺ വേട്ടക്കാരിൽ മുന്നിൽ

ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ടി20 സെമി ഫൈനലിലും വെടിക്കെട്ട് ബാറ്റിങുമായി ഇന്ത്യയുടെ കൗമാര സെൻസേഷൻ വൈഭവ് സൂര്യവംശി. ബം​ഗ്ലാദേശിനെതിരായ പോരാട്ടത്തിൽ 195 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്കായി താരം മിന്നും തുടക്കമാണ് നൽകിയത്. 15 പന്തിൽ 38 റൺസടിച്ച് താരം മടങ്ങിയെങ്കിലും അതിനിടെ പറത്തിയത് 4 സിക്സും 2 ഫോറും. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടവും വൈഭവ് ഈ പ്രകടനത്തിലൂടെ സ്വന്തമാക്കി. 234 റൺസാണ് താരം ഇതുവരെ അടിച്ചെടുത്തത്.

പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന പാകിസ്ഥാൻ താരം മാസ് സദാകത്തിനെ പിന്തള്ളിയാണ് വൈഭവ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. പാക് താരത്തിനു 212 റൺസ്. ബം​ഗ്ലാദേശ് താരം ഹബിബുർ റ​ഹ്മാൻ സോഹൻ 202 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്.

സെമി പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ബം​ഗ്ലാദേശ് മികച്ച സ്കോറാണ് ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ അവർ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് അടിച്ചെടുത്തു. മറുപടി പറായിനിറങ്ങിയ ഇന്ത്യക്കായി ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ വൈഭവ് സിക്സർ തൂക്കി. ബം​ഗ്ലാ താരം റിപോൺ മൊണ്ടാലിനെ ഡീപ് മിഡ്വിക്കറ്റിലൂടെ താരം സികസർ തൂക്കി. തൊട്ടടുത്ത പന്തും താരം ഇതേ വഴി തന്നെ സിക്സർ പറത്തി.

വൈഭവിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യ പവർപ്ലേ ഓവറുകളിൽ 62 റൺസും അടിച്ചു. ഒടുവിൽ അബ്ദുൽ ​ഗാഫറിന്റെ പന്തിൽ ജിഷൻ അലത്തിനു ക്യാച്ച് നൽകിയാണ് 14കാരൻ മടങ്ങിയത്. നേരത്തെ യുഎഇയ്ക്കെതിരായ പോരാട്ടത്തിൽ താരം അതിവേ​ഗ സെഞ്ച്വറിയുമായി കളം വാണിരുന്നു. 144 റൺസാണ് താരം അടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബം​ഗ്ലാദേശ് ഓപ്പണർ ഹബിബുർ റഹ്മാൻ നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയ്ക്കു മുന്നിൽ മികച്ച സ്കോറുയർത്തിയത്. താരം 46 പന്തിൽ 65 റൺസ് നേടി. 18 പന്തിൽ 48 റൺസടിച്ച മെഹറോബും 14 പന്തിൽ 26 റൺസെടുത്ത് ജിഷൻ ആലവും ബം​ഗ്ലാദേശിനായി തിളങ്ങി.