ശിവരാത്രി; ഞായറാഴ്ച രാത്രി 11.30 വരെ, തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

ശിവരാത്രി; ഞായറാഴ്ച രാത്രി 11.30 വരെ, തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. ശിവരാത്രി ദിവസമായ ഞായറാഴ്ച തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11.30നാണ് പുറപ്പെടുക.

ശിവരാത്രി ദിനമായ ഞായറാഴ്ച രാത്രി ഉറക്കമിളച്ച് പുലര്‍ച്ചെ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി മടങ്ങിപ്പോകുന്ന ഭക്തര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ച നാലിന് സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും.

അതിനിടെ ഞായറാഴ്ച മുതല്‍ രാത്രി 11 വരെ സര്‍വീസ് സമയം കൊച്ചി മെട്രോ ദീര്‍ഘിപ്പിച്ചു. യാത്രക്കാരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവും ഉയര്‍ന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ചാണ് തീരുമാനം. ഫെബ്രുവരി 15 ഞായറാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. ഇതനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നി ടെര്‍മിനല്‍ സ്റ്റേഷനുകളില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11ന് പുറപ്പെടും.

ശിവരാത്രി: ബലി തര്‍പ്പണ സമയം എപ്പോള്‍?, വത്രാനുഷ്ഠാനം എങ്ങനെ?, പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ഏതെല്ലാം?

ശിവരാത്രി: ബലി തര്‍പ്പണ സമയം എപ്പോള്‍?, വത്രാനുഷ്ഠാനം എങ്ങനെ?, പ്രധാനപ്പെട്ട ക്ഷേത്രങ്ങള്‍ ഏതെല്ലാം?

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ (ഫെബ്രുവരി-മാര്‍ച്ച്) ആചരിക്കുന്ന മഹാശിവരാത്രിയില്‍, ശിവക്ഷേത്രങ്ങളിലും നദീതീരങ്ങളിലും പിതൃക്കള്‍ക്കായി നടത്തുന്ന ബലിതര്‍പ്പണമാണ് ശിവരാത്രി ബലി.

കേരളത്തില്‍ പിതൃതര്‍പ്പണത്തിന് പേരുകേട്ട പ്രധാന കേന്ദ്രങ്ങള്‍ ആലുവ മണപ്പുറം, തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, തിരുനെല്ലി പാപനാശിനി തീര്‍ത്ഥം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിവയാണ്. കൂടാതെ പയ്യാംമ്പലം ബീച്ച്, പാലക്കാട് തിരുവില്വാമല, കൊല്ലം മുനീശ്വരന്‍ കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലും വലിയ തോതില്‍ തര്‍പ്പണം നടക്കുന്നു. പിതൃക്കളുടെ അനുഗ്രഹം ലഭിക്കാനും മോക്ഷത്തിനും ഈ ബലി ഉത്തമമായി കരുതപ്പെടുന്നു.

ശിവരാത്രി ബലിയും വ്രതാനുഷ്ഠാനങ്ങളും:
ബലിതര്‍പ്പണം: ശിവരാത്രി ദിനത്തില്‍, സാധാരണയായി പുലര്‍ച്ചെയാണ് പിതൃക്കള്‍ക്ക് ബലിയിടുന്നത്. ഇത് പൂര്‍വികരുടെ അനുഗ്രഹം നേടിത്തരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ബലിതര്‍പ്പണ സമയം: ഫെബ്രുവരി 15-ന്റെയും 16-ന്റെയും ഇടയിലുള്ള അമാവാസി സമയം, പ്രധാനമായും രാവിലെ സൂര്യോദയത്തിന് ശേഷം.

വ്രതാനുഷ്ഠാനം: തലേദിവസം (ത്രയോദശി) മുതല്‍ വ്രതം ആരംഭിക്കുന്നു. അരി ആഹാരം ഒഴിവാക്കി ലഘുഭക്ഷണം കഴിക്കുന്നു.

ശിവരാത്രി രാത്രി: വ്രതമെടുക്കുന്നവര്‍ രാത്രി മുഴുവന്‍ ഉറക്കമിളച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ‘ഓം നമഃ ശിവായ’ മന്ത്രം ജപിക്കുകയും ചെയ്യുന്നു.

അഭിഷേകം: കൂവളത്തില ചാര്‍ത്തിയും പാല്‍, തേന്‍, കരിക്ക് എന്നിവകൊണ്ട് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്നതും വിശേഷമാണ്.

വ്രതം അവസാനിപ്പിക്കല്‍: പിറ്റേന്ന് രാവിലെ ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ചാണ് വ്രതം അവസാനിപ്പിക്കുന്നത്.

2026-ലെ മഹാശിവരാത്രി ഫെബ്രുവരി 15 ഞായറാഴ്ചയാണ്. പിതൃപ്രീതി, പാപനാശം, മനഃശാന്തി എന്നിവയ്ക്കായി ലക്ഷക്കണക്കിന് ഭക്തര്‍ ഈ ദിവസം ശിവരാത്രി ബലിയും വ്രതവും അനുഷ്ഠിക്കുന്നു.

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ

ആറ്റിങ്ങൽ കൊല്ലമ്പുഴ ആവണിപുരം ശ്രീമഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 18 മുതൽ 26 വരെ നടക്കും

ഒന്നാം ദിവസം രാത്രി നടക്കുന്ന തൃക്കൊടിയേറ്റോടെ ഉത്സവത്തിന് തുടക്കമാകും. രണ്ടാം ദിവസം രാവിലെ എട്ടുമണിക്ക് പാൽപ്പായസം പൊങ്കാല, 9. 30ന് കാപ്പി സദ്യ,
മൂന്നാം ദിവസം രാത്രി ഏഴുമണിക്ക് വേണി ഭജൻസിന്റെ സ്വര ജപലഹരി,
നാലാം ദിവസം രാത്രി ഏഴിന് കരോക്കെ ഗാനമേള,
അഞ്ചാം ദിവസം രാവിലെ 10. 30 ന് ഉത്സവ ബലി ഉത്സവദർശനം,
ആറാം ദിവസം രാത്രി ഏഴിന് അക്ഷയ എസ് അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്,
ഏഴാം ദിവസം രാത്രി 7. 30ന് ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി,
എട്ടാം ദിവസം രാത്രി ഏഴിന് ശിവധ്വനി അവതരിപ്പിക്കുന്ന തിരുവാതിര, രാത്രി 9 30ന് പള്ളിവേട്ട എഴുന്നള്ളിപ്പ്
ഒമ്പതാം ദിവസം രാവിലെ എട്ടിന് ആറാട്ട് ബലി തുടർന്ന് തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും.

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി; ക്രമീകരണം ഇങ്ങനെ

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന്, അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങള്‍ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം.

പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത് നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ഉള്ളൂര്‍, ശ്രീകാര്യം, എം സി റോഡ്, പേരൂര്‍ക്കട എന്നീ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ വികാസ് ഭവനില്‍ നിന്ന് ഗവ.ലോ കോളേജ്, ബാര്‍ട്ടന്‍ഹില്‍ സ്‌കൂള്‍ ഗ്രൗണ്ട്, പാറ്റൂര്‍, വഞ്ചിയൂര്‍, ഉപ്പിടാംമൂട് പാലം, ഫോര്‍ട്ട് സ്‌കൂള്‍, എസ്.പി ഫോര്‍ട്ട് ആശുപത്രി, വാഴപ്പള്ളി ജംഗ്ഷന്‍, അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി ഓവര്‍ ബ്രിഡ്ജ് വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്യുന്നതും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളെ ഈസ്റ്റ് ഫോര്‍ട്ട് നോര്‍ത്ത് സ്റ്റാന്റില്‍ നിന്നും കയറ്റി സര്‍വീസ് നടത്തുന്നതുമാണ്. വികാസ് ഭവന്‍, ഫോര്‍ട്ട് സ്‌കൂള്‍, കിഴക്കേകോട്ട എന്നിവിടങ്ങളില്‍ പാര്‍ക്കിംഗിന്റെയും ലൈനപ്പിന്റെയും ക്രമീകരണത്തിനായി ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

നെയ്യാറ്റിന്‍കര, നേമം ഭാഗത്തേക്കുള്ള ബസുകള്‍ കരമന – പി.ആര്‍.എസ് ഹോസ്പിറ്റല്‍ -കിള്ളിപ്പാലം റൗണ്ട് കറങ്ങി നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് പാര്‍ക്ക് ചെയ്ത് യാത്രക്കാരെ കയറ്റി കരമന, നെയ്യാറ്റിന്‍കര ഭാഗങ്ങളിലേക്ക് സര്‍വ്വീസ് നടത്തും. കരമന, പാപ്പനംകോട് എന്നിവിടങ്ങളില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.

നെയ്യാറ്റിന്‍കര, നേമം ഭാഗങ്ങളില്‍ നിന്നും വരുന്ന 15 ഓളം ബസുകള്‍ കൈമനം, കരുമം റോഡ് വഴി കാലടി സ്‌കൂള്‍ മുതല്‍ മരുതൂര്‍ക്കടവ് പാലം വരെ നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് ലൈന്‍അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി തിരികെ ഈ റൂട്ട് വഴി മുന്‍ വര്‍ഷങ്ങളിലേതുപോലെ സര്‍വീസ് നടത്തുന്നതാണ്. മരുതൂര്‍ക്കടവില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

മലയിന്‍കീഴ് – കാട്ടാക്കട ഭാഗത്തേക്കുള്ള ബസുകള്‍ ബേക്കറി ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി മലയിന്‍കീഴ്, കാട്ടാക്കട ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതാണ്. ബേക്കറി ജംഗ്ഷനില്‍ ഇതിന്റെ ക്രമീകരണത്തിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കും.

വിഴിഞ്ഞം, തിരുവല്ലം ഭാഗത്ത് നിന്നുള്ള ബസുകള്‍ തിരുവല്ലത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി ബൈപ്പാസ് പരുത്തിക്കുഴി തിരിഞ്ഞു സര്‍വീസ് റോഡ് വഴി ആര്യന്‍കുഴി റോഡിലൂടെ കമലേശ്വരം സ്‌കൂളിനടുത്ത് നിവേദ്യത്തിനു രണ്ട് മണിക്കൂര്‍ മുന്‍പായി ലൈന്‍ അപ്പ് ചെയ്ത് യാത്രക്കാരെ കയറ്റി അമ്പലത്തറ, തിരുവല്ലം, വിഴിഞ്ഞം ഭാഗത്തേക്ക് വണ്‍വേ ആയി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. കമലേശ്വരം സ്‌കൂള്‍ കേന്ദ്രീകരിച്ച് ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്നും ദീര്‍ഘദൂര സര്‍വീസുകള്‍ കൃത്യമായി വന്നുപോകുന്നതിനുള്ള സംവിധാനം മുന്‍ വര്‍ഷത്തെ പോലെ ക്രമീകരിക്കും. ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ പാളയം ജംഗ്ഷന്‍ മുതല്‍ പനവിള ജംഗ്ഷന്‍ വരെ ലൈന്‍ അപ്പ് ചെയ്യും. പൊങ്കാല നിവേദ്യത്തിനു ശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ തിരക്കനുസരിച്ച് പനവിള നിന്നും തിരു. സെന്‍ട്രല്‍ യൂണിറ്റിലേക്ക് ബസുകള്‍ കടത്തിവിട്ട് സര്‍വീസ് ക്രമീകരിക്കുന്നതാണ്. മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലും തമ്പാനൂര്‍ ബസ് സ്റ്റാന്റിലും ഇതിനായി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതാണ്.

സ്റ്റാച്യുവില്‍ നിന്നും കിഴക്കേകോട്ടയിലേക്ക് വരുന്ന ബസുകള്‍ എസ്എംവി സ്‌കൂള്‍ വരെ ബസ് പാര്‍ക്ക് ചെയ്ത് പൊങ്കാല നിവേദ്യത്തിനു ശേഷം കിഴക്കേകോട്ടയില്‍ എത്തി യാത്രക്കാരെ കയറ്റി മുന്‍ വര്‍ഷത്തെ പോലെ സര്‍വീസ് നടത്തുന്നതാണ്. പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഏഴ് സ്ഥലങ്ങളില്‍ നിന്നും ഭക്തജനങ്ങളെ തിരികെ കൊണ്ടു പോകുന്നതിനും കെഎസ്ആര്‍ടിസി ബസ് പാര്‍ക്ക് ചെയ്യുന്നതിനും വേണ്ടി സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കര്‍ശനമായി ഒഴിവാക്കേണ്ടതാണെന്നും നിര്‍ദേശമുണ്ട്.

ഉത്സവം തുടങ്ങുന്ന ഫെബ്രുവരി 23 മുതല്‍ ഉത്സവ ദിവസങ്ങളില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെക്കെത്തുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്ര നടയില്‍ ഉത്സവം അവസാനിക്കുന്നതുവരെ പ്രത്യേക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസും പ്രവര്‍ത്തിക്കും.

പ്രണയദിനമായ ഇന്ന് സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

പ്രണയദിനമായ ഇന്ന് സപ്ലൈകോയുടെ ‘മധുര സമ്മാനം’; ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപ

തിരുവനന്തപുരം: വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഓഫറുമായി സപ്ലൈകോ . വാലന്റൈന്‍സ് ഡേ ദിവസമായ ഇന്ന് (ശനിയാഴ്ച) സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി പതിനാലിന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും.

നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. 500 രൂപയ്ക്ക് മുകളിലാണ് വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല. ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസാര വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്. അതേസമയം സപ്ലൈകോയുടെ ശബരി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വില്‍പന നടക്കുന്ന ശബരി നോണ്‍ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 329ല്‍ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം; അറിയാം വാലന്റൈന്‍സ് ഡേയ്ക്ക് പിന്നിലെ ചരിത്രം

ഹൃദയത്തില്‍ അടച്ചു പൂട്ടി സൂക്ഷിച്ചിരുന്ന പല പ്രണയങ്ങളും പുറംലോകം കാണുന്ന ദിനമാണ് ഫെബ്രുവരി 14. പുറത്തേക്ക് ചാടി പുറപ്പെടുന്നതിന് മുന്‍പ് ഡ്രസിന്റെ നിറം ഒന്നു കൂടി കണ്ണാടിയില്‍ നോക്കി ഉറപ്പിക്കും. പ്രണയത്തിന്റെ ചുവന്ന ലൈറ്റ് കത്തിക്കാന്‍ റോസാപ്പൂക്കളും ചോക്ലേറ്റും റെഡി. ഹാപ്പി വാലന്റൈന്‍സ് ഡേ… പ്രായഭേദമില്ലാതെ പ്രണയം ആഘോഷിക്കുന്ന ദിനം.

ഫെബ്രുവരി ഏഴ് തുടങ്ങുന്ന റോസ് ഡേ മുതല്‍ കിസ് ഡേ വരെ നീണ്ടു കിടക്കുന്ന ഒരാഴ്ചത്തെ ആഘോഷങ്ങള്‍ക്ക് ശേഷമാണ് വാലന്റൈന്‍സ് ഡേ. ഓരോ വര്‍ഷവും വാലന്റൈന്‍ വീക്ക് വ്യത്യസ്തമാക്കിയും കളര്‍ഫുള്‍ ആക്കിയും കാമിതാക്കള്‍ ആ ദിനങ്ങള്‍ മധുരമുള്ളതാക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വാലന്റൈന്‍സ് ഡേ ഈ കാണുന്ന പൊലിമയില്‍ ആഘോഷിക്കാന്‍ തുടങ്ങിയട്ട് ഒരുപാടൊന്നും ആയിട്ടില്ലെന്നാണ് ചരിത്രം പറയുന്നത്.

വാലന്റൈന്‍സ് ഡേ ചരിത്രം

വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ കുറിച്ച് പല കഥകളുമുണ്ട്. അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത് റോമന്‍ ആഘോഷമായ ലൂപര്‍കാലിയയുമായി ബന്ധപ്പെട്ടാണ്. വസന്തത്തിന്റെ വരവിനെ അടയാളപ്പെടുത്താന്‍ ഫെബ്രുവരിയുടെ മധ്യകാലത്താണ് ലൂപര്‍കാലിയ ആഘോഷിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും ജോടിയായി എത്തുന്ന വിശേഷ ചടങ്ങും ഈ ആഘോഷവുമായി ബന്ധപ്പെട്ടു നടന്നിരുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ആഘോഷം ക്രൈസ്തവ ആഘോഷമായി കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പോപ്പ് ഗെലാസിയസ് ഒന്നാമന്‍ ഫെബ്രുവരി 14 സെന്റ്-വാലന്റൈന്‍സ് ദിനം ആയി പ്രഖ്യാപിച്ചു. എന്നാല്‍ അതിനും ഏറെക്കാലത്തിന് ശേഷമാണ് അത് പ്രണയവുമായി ബന്ധപ്പെട്ട ദിനമായി മാറിയത്.

ആരാണ് സെന്റ് വാലന്റൈന്‍?

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി.

ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ വിധിച്ചു. തലവെട്ടാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയതെന്നും പറയുന്നു. 14-ാം നൂറ്റാണ്ട് മുതലാണ് വാലന്റൈന്‍സ് ദിനം പ്രണയ ദിനമായി ആഘോഷിച്ചു തുടങ്ങിയത്.

പ്രണയത്തിന്റെ ചിഹ്നം

റോമന്‍ പുരാണങ്ങള്‍ പ്രകാരം പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെ ദേവതയായ വീനസിന്റെ മകന്‍ ക്യുപിഡിനെ പ്രണയത്തിന്റെ മാലാഖയായി വിശ്വസിച്ചിരുന്നു. അവന്റെ അമ്പും വില്ലും ഹൃദയങ്ങളെ തുളച്ചുകയറുന്നതും പ്രണയം നിറയ്ക്കുന്നതിന്റെയും പ്രതീകമായി. കാലക്രമേണ ക്യുപിഡ് വാലന്റൈന്‍സ് ദിനത്തിന്റെ ഒരു ജനപ്രിയ ചിഹ്നമായി മാറി.

ചോസറിന്റെ കവിത

14ാം നൂറ്റാണ്ടില്‍ കവി ജെഫ്രി ചോസര്‍ എഴുതിയ ‘പാര്‍ലമെന്റ് ഓഫ് ഫോള്‍സ്’ എന്ന കവിതയിലാണ് ആദ്യമായി പ്രണയിക്കുന്നവര്‍ക്കുവേണ്ടി ഒരു ദിനം, വാലന്റൈന്‍സ് ഡേ എന്ന ആശയം ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. വസന്തകാലം തുടങ്ങിയപ്പോള്‍ തങ്ങളുടെ ഇണകളെ കണ്ടെത്താന്‍ സെയിന്റ് വാലന്റൈന്‍സ് ഡേയില്‍ ഒരു കൂട്ടം പക്ഷികള്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ച് ചോസര്‍ കവിതയില്‍ പറയുന്നുണ്ട്.