മോഹന്‍ലാലിനെക്കുറിച്ചുള്ള പരാമര്‍ശം; ആയുഷ്മാന് പങ്കില്ല, കാരണം നിര്‍മാതാവെന്ന് ജൂഡ്; കമന്റിലെത്തി താരം

മോഹന്‍ലാലിനെക്കുറിച്ചുള്ള പരാമര്‍ശം; ആയുഷ്മാന് പങ്കില്ല, കാരണം നിര്‍മാതാവെന്ന് ജൂഡ്; കമന്റിലെത്തി താരം

മോഹന്‍ലാലിനേയും ആയുഷ്മാന്‍ ഖുറാനയേയും വച്ചൊരു സിനിമ താന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് അതില്‍ നിന്നും പിന്മാറിയെന്നും ജൂഡ് ആന്തണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോഹന്‍ലാലിനെ രണ്ടാംകിട നടന്‍ എന്ന് വിളിച്ചതായിരുന്നു താന്‍ പിന്മാറാനുള്ള കാരണമായി ജൂഡ് പറഞ്ഞത്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കിയെത്തിയിരിക്കുകയാണ് ജൂഡ്.

നടന്‍ ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ജൂഡിന്റെ പ്രതികരണം. താന്‍ പിന്മാറാന്‍ കാരണക്കാരനായത് ആയുഷ്മാന്‍ അല്ലെന്നാണ് ജൂഡ് പറഞ്ഞത്. ജൂഡിന്റെ പോസ്റ്റിന് മറുപടിയുമായി ആയുഷ്മാന്‍ ഖുറാനയും എത്തിയിട്ടുണ്ട്.

”ഇത്രയും നല്ല വ്യക്തിത്വമുള്ള ഒരാളെ കണ്ടുമുട്ടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഒന്ന് വ്യക്തമാക്കട്ടെ, മോഹന്‍ലാലിനെക്കുറിച്ചുള്ള എന്റെ പരാമര്‍ശത്തിന് കാരണം ഒരു നിര്‍മാതാവായിരുന്നു. അതില്‍ ആയുഷ്മാന്‍ ഖുറാനയ്ക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനം മാത്രമേയുള്ളൂ. ഉടന്‍ തന്നെ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു” ജൂഡ് പറയുന്നു.

”മോഹന്‍ലാല്‍ സാറിനൊപ്പം ചെയ്യാനിരുന്ന തിരക്കഥയില്‍ അദ്ദേഹം അതിയായ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് നടന്നില്ല. അത് നടക്കാതെ പോയതിലും അദ്ദേഹത്തിന് ഒരു പങ്കുമില്ല. എങ്കിലും ഇത്രയധികം കഴിവുള്ള നടനെ പരിചയപ്പെടാന്‍ സാധിച്ചതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു. എന്നെങ്കിലും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് പ്രത്യാശിക്കുന്നു” എന്നുമായിരുന്നു ജൂഡിന്റെ കുറിപ്പ്.

പിന്നാലെ കമന്റിലൂടെ ആയുഷ്മാന്‍ ഖുറാന പ്രതികരിക്കുകയായിരുന്നു. ” ഞാന്‍ നിങ്ങളുടെ വര്‍ക്കിന്റെ ആരാധകനാണ്. ഉടനെ തന്നെ നിങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരം ലഭിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു. മോഹന്‍ലാല്‍ സാറിനോട് എനിക്ക് അതിയായ ബഹുമാനമാണുള്ളത്. അദ്ദേഹമൊരു ഇതിഹാസമാണ്. ഒരുനാള്‍ അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ യോഗ്യതയുള്ള ആളായി ഞാന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു ആയുഷ്മാന്റെ കമന്റ്.

ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ

ഇന്ത്യൻ ക്രിക്കറ്റ് താരം രമൺദീപ് സിങ് വിവാഹിതനായി; വധു ടെലിവിഷൻ താരം ചാർലി ചൗഹാൻ

ചണ്ഡീ​ഗഢ്: ഇന്ത്യൻ ക്രിക്കറ്റ് താരം രമണ്‍ദീപ് സിങും ടെലിവിഷൻ താരം ചാർലി ചൗഹാനും വിവാഹിതരായി. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ നിർണായക ബാറ്റർമാരിൽ ഒരാൾ കൂടിയായ രമൺദീപ് സിഖ് ആചാരപ്രകാരമാണ് വിവാഹിതനായത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ദമ്പതികൾ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ക്രിക്കറ്റ് താരങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തത്. 8 വർഷത്തെ പരിചയവും പിന്നീടുള്ള പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്.

ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്, മുംബൈ ഇന്ത്യൻസ് താരങ്ങളായ നമാൻ ധിർ, അശ്വനി കുമാർ, പഞ്ചാബ് ക്രിക്കറ്റ് താരം ജസീന്ദർ സിങ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ താരത്തിന് ആശംസ അറിയിച്ചു. നടന്മാരായ നന്ദീഷ് സന്ധു, ആരതി സിങ്, ഗായിക റിച്ചാ ശർമ എന്നിവരും ദമ്പതികൾക്ക് മംഗളാശംസകൾ നേർന്നു.

ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിക്കുന്ന താരമാണ് രമൺദീപ് സിങ്. 2024ൽ ഐപിഎൽ കിരീടം നേടിയ കെകെആർ ടീമിൽ അംഗമായിരുന്നു രമൺദീപ്. 2024 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലൂടെ ഇന്ത്യക്കായി രാജ്യാന്തര ടി20യിലും താരം അരങ്ങേറി. ഇന്ത്യൻ ജേഴ്സിയിൽ രണ്ട് മത്സരങ്ങളാണ് രമൺദീപ് കളിച്ചത്.

കൈസി യേ യാരിയാൻ, ബെസ്റ്റ് ഫ്രണ്ട്സ് ഫോറെവർ, പ്യാർ തൂനെ ക്യാ കിയാ, നാച്ച് ബലിയേ 5 തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ചാർലി ചൗഹാൻ. പ്രശസ്ത റിയാലിറ്റി ഷോയായ ‘എംടിവി റോഡീസിലും’ അവർ പങ്കെടുത്തിട്ടുണ്ട്.

രമൺദീപുമായി പ്രണയത്തിലാകുന്നതിന് മുൻപ് നടനും നർത്തകനുമായ കൻവർ അമർജീത് സിങുമായി ചാർലി ദീർഘകാലം പ്രണയത്തിലായിരുന്നു. നാച്ച് ബലിയേ 5 എന്ന റിയാലിറ്റി ഷോയിൽ ഒന്നിച്ച് പങ്കെടുത്ത അമർജീതും ചാർലിയും ടെലിവിഷൻ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജോഡികളിൽ ഒന്നായിരുന്നു. എന്നാൽ പിന്നീട് ഇവർ വേർപിരിയുകയായിരുന്നു.

അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി; ദൃശ്യങ്ങൾ എംഎൽഎയുടെ ഇൻസ്റ്റഗ്രാമിൽ

അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി; ദൃശ്യങ്ങൾ എംഎൽഎയുടെ ഇൻസ്റ്റഗ്രാമിൽ

ഇടുക്കി: അതീവ സുരക്ഷാ മേഖലയായ പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ വനം വകുപ്പിന്റെയോ പോലീസിന്റെയോ അനുമതിയില്ലാതെ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി. കഴിഞ്ഞ ദിവസം കാർഷിക ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തമിഴ്‌നാട് ഉയർത്തിയപ്പോഴായിരുന്നു സംഭവം. അണക്കെട്ടിന്റെ ഷട്ടർ ഉയർത്തുന്നതിനോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രത്യേക പൂജകൾ നടത്തിയിരുന്നു. ഈ സംഘത്തോടൊപ്പം എത്തിയവരാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ആകാശദൃശ്യങ്ങൾ അനധികൃതമായി ഡ്രോൺ ഉപയോഗിച്ച് പകർത്തിയത്.

തുടർന്ന് ഈ ദൃശ്യങ്ങൾ തമിഴ്‌നാട് പെരിയകുളം എംഎൽഎയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സംരക്ഷിത വനമേഖലയായ പെരിയാർ കടുവാ സങ്കേതത്തിൽ ഡ്രോണുകൾ പറത്തുന്നതിനും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനും കർശന നിരോധനമുണ്ട്. യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് അതീവ സുരക്ഷാ മേഖലയിൽ തമിഴ്‌നാട് സംഘം ഡ്രോൺ പറത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ അധീനതയിലുള്ള കടുവാ സങ്കേതത്തിലും അണക്കെട്ട് പരിസരത്തും അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെയും സമാനമായ രീതിയിൽ തമിഴ്‌നാട് അധികൃതർ വനമേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളോ സർവേകളോ നടത്തുമ്പോൾ കേരള വനംവകുപ്പ് മൗനം പാലിക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. അതീവ പ്രധാന്യമുള്ള വനഭൂമിയിൽ നിയമലംഘനം നടത്തിയ തമിഴ്‌നാട് സംഘത്തിനെതിരെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ജനപ്രതിനിധിക്കെതിരെയും വനസംരക്ഷണ നിയമപ്രകാരം കേരള സർക്കാർ കേസെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പന്നിക്ക് വെച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പട്ടാമ്പി: പട്ടാമ്പിക്കടുത്ത് കൊപ്പം തത്തനംപുള്ളിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മുള്ളത്ത് വീട്ടിൽ രവി (30) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തത്തനംപുള്ളിയിലെ കപ്പത്തോട്ടത്തിലാണ് രവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ രാത്രി ബൈക്ക് തകരാറിലായതിനെ തുടർന്ന് റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം, വീട്ടിലേക്ക് പോകുന്നതിനായി മറ്റൊരു കൃഷിയിടത്തിലൂടെയുള്ള നടവഴി ഉപയോഗിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുത കെണിയിൽ നിന്നാണ് രവിക്ക് ഷോക്കേറ്റത്.

രാവിലെ ആറുമണിയോടെ കൃഷിയിടത്തിന്റെ ഉടമ തത്തനംപുള്ളി സ്വദേശി മനോജ് സ്ഥലത്തെത്തിയപ്പോഴാണ് രവി മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് മനോജ് കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മനോജിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കൊപ്പം പൊലീസ് അറിയിച്ചു. മറ്റേതെങ്കിലും വകുപ്പുകൾ കൂടി ചുമത്തണമോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. തുടർന്ന് മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

കാറിൽ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം പിടിയിൽ

കാറിൽ മാരകായുധങ്ങളുമായി എത്തിയ മൂന്നംഗസംഘം പിടിയിൽ

കടയ്ക്കാവൂർ തെക്കുംഭാഗം പാലോട് വീട്ടിൽ മനു (42), വെട്ടൂർ അരിവാളം റിയാസ് മൻസിലിൽ റിയാസ് (30), വക്കം അമ്മൂമ്മ വീട്ടിൽ വിഷ്‌ണു (31) എന്നിവരാണ്‌ അറസ്റ്റിലായത്‌. അയിരൂർ വില്ലിക്കടവ് ജങ്‌ഷനു സമീപം സംശയാസ്പദ സാഹചര്യത്തിൽ കാറുമായി എത്തിയ സംഘത്തിനെതിരെ അയിരൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കാറിൽ നടത്തിയ പരിശോധനയിൽ കമ്പിപ്പാര, ഗ്ലൗസ്, പഴയ തോർത്തുമുണ്ട് തുടങ്ങിയവ കണ്ടെത്തി. സംഘം മോഷണം ലക്ഷ്യമിട്ടെത്തിയതാകാമെന്നാണ്‌ പെലീസ്‌ സംശയിക്കുന്നത്‌. വെള്ളി രാത്രി 7.30ഓടെയായിരുന്നു സംഭവം. മനുവിന്റെ മാരുതി 800 കാറിലാണ് സംഘം വില്ലിക്കടവ് ഭാഗത്തെത്തിയത്‌.

ഇവിടെവച്ച് വാക്കുതർക്കമുണ്ടായതിനെ തുടർന്ന്‌, മനു കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് റിയാസിന്റെ ഇടതുകൈയിൽ പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു. തുടർന്ന് വിഷ്‌ണു കാറുമായി കടയ്ക്കാവൂരിലുള്ള വീട്ടിലേക്കുപോയി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചപ്പോഴാണ് കാറിൽനിന്ന് മാരകായുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തത്‌. റിയാസ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെയും മനു കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും നിലവിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മൂവരും മദ്യപിച്ചാണ് കാറിൽ വില്ലിക്കടവ് ഭാഗത്തെത്തിയതെന്നും കണ്ടെത്തി. ഇവർക്ക് സമീപകാലത്ത് വർക്കല, അയിരൂർ പ്രദേശങ്ങളിൽ റിപ്പോർട്ടു ചെയ്ത മോഷണക്കേസുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു

പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു

പുനലൂർ: പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട്, മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. ശാരദ ശനിയാഴ്ച അർദ്ധരാത്രി 11.15-ഓടെയും രാമസ്വാമി ഞായറാഴ്ച പുലർച്ചെ രണ്ടിനെയുമാണ് മരിച്ചത്.

ശനിയാഴ്ച പുനലൂർ പൊലീസ് പ്രദേശത്തെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എം.എൽ.എ റോഡിലെ ലോഡ്ജ് മുറിയിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

​വെള്ളിയാഴ്ച പുനലൂർ മണിയാറുള്ള മൂത്ത മകൾ സജിനിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. അസുഖബാധിതയായ മകൾ പുത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്നേദിവസം തന്നെ ഇരുവരും പുനലൂരിലെ ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കളനാശിനി കഴിക്കുകയായിരുന്നു എന്നാണ് അനുമാനം. സംഭവം നടന്ന മുറിയിൽ നിന്നും കളനാശിനിയുടെ കുപ്പി പൊലീസ് കണ്ടെടുത്തു. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പുനലൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

മക്കൾ: സജിനി, മനോജ്, അശ്വതി.
മരുമക്കൾ: ശ്രീലത, ലിപിൻ, പരേതനായ ബാബു.