ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്

ഇറാനിലെ ഏറ്റവും വലിയ പാലം യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നു, നിരവധി പേര്‍ക്ക് പരിക്ക്

ടെഹ്‌റാന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ജയിച്ചു എന്ന് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന നടത്തിയ ആക്രമണത്തില്‍ ഇറാനിലെ വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകര്‍ന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പാലമാണ് ഭാഗികമായി തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലമാണ് തകര്‍ത്തത്. 136 മീറ്റര്‍ ഉയരമുള്ള ഈ പാലം മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതും പാലം തകരുന്നതും ദൃശ്യങ്ങളില്‍ കാണാം. പാലത്തില്‍ ഇസ്രയേല്‍- യുഎസ് സഖ്യം രണ്ടു തവണ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ആക്രമണത്തില്‍ ഏതാനും സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അടിയന്തര സംഘം സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ടെഹ്‌റാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ‘ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു, ഇനി ഒരിക്കലും ഉപയോഗിക്കില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പിന്നാലെ!’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അധികം വൈകുംമുമ്പു തന്നെ ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. നമ്മുടെ ശത്രുക്കള്‍ തോല്‍ക്കുകയാണ് – എന്റെ പ്രസിഡന്‍സിയുടെ കീഴില്‍ അഞ്ച് വര്‍ഷമായി അമേരിക്ക നേടിയതുപോലെ, വിജയിക്കുകയാണ്. ഇപ്പോള്‍ മുമ്പത്തേക്കാള്‍ വലിയ വിജയം നേടുന്നു’ ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വിജയം നേടിയതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നതിനാല്‍ വളരെ വേഗം ‘ജോലി പൂര്‍ത്തിയാക്കുമെന്നും’ ട്രംപ് പറഞ്ഞു.

ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം, മെയ് മാസത്തെ റേഷനും മുന്‍കൂറായി വാങ്ങാവുന്നതാണ്.

ഏപ്രില്‍ മാസത്തെ വിഹിതം ഏപ്രില്‍ 04 മുതല്‍ ഏപ്രില്‍ 30 വരെയും, മെയ് മാസത്തെ വിഹിതം മുന്‍കൂറായി ഏപ്രില്‍ 04 മുതല്‍ മെയ് 30 വരെയും വാങ്ങാവുന്നതാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചിട്ടുള്ളത്. കൂടാതെ മണ്ണെണ്ണയും, ലഭ്യതയ്ക്ക് അനുസരിച്ച് ആട്ടയും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഏപ്രില്‍-മെയ്-ജൂണ്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, PHH, NPS, NPNS കാര്‍ഡുകള്‍ക്ക് ആകെ 0.5 ലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്. ഓരോ റേഷന്‍ കാര്‍ഡിനും അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

ഹോര്‍മൂസ് കടലിടുക്ക് തുറക്കണം; യുഎന്നില്‍ ബഹ്‌റൈന്റെ പ്രമേയം; ലോകരാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടന്‍

ഹോര്‍മൂസ് കടലിടുക്ക് തുറക്കണം; യുഎന്നില്‍ ബഹ്‌റൈന്റെ പ്രമേയം; ലോകരാജ്യങ്ങളുടെ യോഗം വിളിച്ച് ബ്രിട്ടന്‍

ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ബഹ്‌റൈന്‍. ഐക്യരാഷ്ട്രസഭയിലാണ് ബഹ്‌റൈന്റെ പ്രമേയം. സുരക്ഷിതമായി കടലിടുക്ക് കടക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്. സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്. ഇതിന് അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ബഹ്‌റൈന്‍ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ജിസിസി രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബഹ്‌റൈന്റെ നീക്കം.

എന്നാല്‍ വീറ്റോ അധികാരമുള്ള ചൈന ബലപ്രയോഗത്തിലൂടെ കടലിടുക്ക് തുറക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നുണ്ട്. അതേസമയം അമേരിക്കയുടേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടേയും പിന്തുണ ബഹ്‌റൈന്‍ പ്രതീക്ഷിക്കുന്നു. റഷ്യയും ബലപ്രയോഗത്തെ എതിര്‍ക്കുന്നു. വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിന് യുഎന്നില്‍ നിന്ന് ഏകീകൃത നിലപാട് പ്രതീക്ഷിക്കുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.

ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്രിട്ടന്‍ ലോകരാജ്യങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃദ് രാജ്യങ്ങള്‍ക്ക് ഹോര്‍മൂസിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് ദുഃഖവെള്ളി: യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികൾ

ഇന്ന് ദുഃഖവെള്ളി: യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ വിശ്വാസികൾ

കൊച്ചി: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും.

ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ദുഃഖവെള്ളി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സെന്‍റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ നേതൃത്വം നൽകും.

ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് കുരിശു മരണം. കുരിശു മരണത്തിനു മുന്നോടിയായി യേശുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ പുതുക്കാൻ കുരിശിന്‍റെ വഴിയിലും വിശ്വാസികള്‍ പങ്കെടുക്കും. അതേ സമയം, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി ഗൾഫ് മേഖലകളിലെ പല പള്ളികളിലെയും ചടങ്ങുകൾ ഓൺലൈനായാകും നടത്തുക. ദുബൈയിൽ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പള്ളികളിലെ അധികാരികൾക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ ആയി ചടങ്ങുകൾ നടത്താൻ സഭകൾ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പു ദിവസം വേതനത്തോടെ അവധി

തെരഞ്ഞെടുപ്പു ദിവസം വേതനത്തോടെ അവധി

സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ, ഷോപ്സ് ആൻ്റ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വോട്ടെടുപ്പു ദിവസമായ ഏപ്രിൽ 9 ന് വേതനത്തോടു കൂടിയ അവധി അനുവദിയ്ക്കാൻ സംസ്ഥാന ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവിട്ടു.

അവധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തിൽ കുറവു വരുത്തുകയോ വെട്ടിക്കുറയ്ക്കുയോ ചെയ്യാൻ പാടില്ലന്നും ഉത്തരവിൽ പറയുന്നു. സാധാരണ ഇത്തരത്തിൽ ഒരു അവധി ദിവസം വേതനം കിട്ടാത്ത വിധം ജോലി ചെയ്യുന്നവർക്ക് അവധി അനുവദിച്ചിട്ടില്ലെങ്കിൽ അവർക്ക് വേതനം നൽകേണ്ടതാണ്. എന്നാൽ അവധി അനുവദിക്കുമ്പോൾ ആ വ്യക്തി ചെയ്യുന്ന തൊഴിലിന് തുടർച്ചയായതോ ആപത്ക്കരമോ സാരവത്തായതോ ആയ നഷ്ടത്തിന് ഇടവരും എന്നുണ്ടെങ്കിൽ അയാൾക്ക് വോട്ടുരേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

ജോലി ചെയ്യുന്ന മണ്ഡലത്തിൽ അല്ലാതെ മറ്റൊരു മണ്ഡലത്തിലെ വോട്ടറായ, സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളിലോ മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന ദിവസവേതന / കാഷ്വൽ / കോൺട്രാക്ട് വ്യവസ്ഥയിലുള്ള തൊഴിലാളികൾക്കും തെരഞ്ഞെടുപ്പു ദിവസം വേതനത്തോടു കൂടിയ അവധിയ്ക്ക് അർഹതയുണ്ട്.

ഐ ടി, വ്യവസായ, പ്ലാൻ്റേഷൻ, നിർമാണ മേഖലകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും ലേബർ കമ്മിഷണർ അറിയിച്ചു.

ചിറയിൻകീഴ് പണ്ടകശാലയിൽ ആക്രി സാധങ്ങൾ കൂട്ടിയിട്ടിരുന്ന പറമ്പിൽ തീ പിടിച്ചു

ചിറയിൻകീഴ് പണ്ടകശാലയിൽ ആക്രി സാധങ്ങൾ കൂട്ടിയിട്ടിരുന്ന പറമ്പിൽ തീ പിടിച്ചു

ചിറയിൻകീഴ് പണ്ടകശാലയിൽ ആക്രി സാധങ്ങൾ കൂട്ടിയിട്ടിരുന്ന പറമ്പിൽ തീ പിടിച്ചു. ആറ്റിങ്ങൽ, വർക്കല, കല്ലമ്പലം ഫയർ ഫോഴ്സിൽ നിന്നും ഓരോ ഫയർ യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ആറ്റിങ്ങൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ എ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആണ് രക്ഷാ പ്രവർത്തനം നടത്തിയത്.