കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാലിന്‍, മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പുരസ്‌കാരം

കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാലിന്‍, മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പുരസ്‌കാരം

ചെന്നൈ: കേന്ദ്ര സര്‍ക്കാരും തമിഴ്നാടും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം സാഹിത്യ മേഖലയിലേക്കും. സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ റദ്ദാക്കിയ കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സ്വന്തമായി ദേശീയ തലത്തിലുള്ള സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘സെമ്മൊഴി സാഹിത്യ പുരസ്‌കാരം’ എന്ന പേരിലാണ് പരസ്‌കാരം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം തടഞ്ഞ സാംസ്‌കാരിക മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തമിഴ്‌നാടിന്റെ നീക്കം. മലയാളം ഉള്‍പ്പെടെ ഏഴ് പ്രധാന ഇന്ത്യന്‍ ഭാഷകളിലും തമിഴിലും മികച്ച സാഹിത്യ സൃഷ്ടികള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ പുരസ്‌കാരം നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. കലയെയും രാഷ്ട്രീയവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. സെമ്മൊഴി സാഹിത്യ പുരസ്‌കാരം എന്ന് പേരിട്ടിരിക്കുന്ന അവാര്‍ഡിന് അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.

ഡിസംബര്‍ 18-ന് ഡല്‍ഹിയില്‍ നടക്കേണ്ടിയിരുന്ന കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം അവസാന നിമിഷം സാംസ്‌കാരിക മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു. അക്കാദമി എക്‌സിക്യൂട്ടീവ് യോഗം അംഗീകരിച്ച പട്ടിക പുറത്തുവിടുന്നതിനാണ് കേന്ദ്രം തടയിട്ടത്. ആദ്യമായാണ് ഒരു സ്വയംഭരണ സ്ഥാപനമായ സാഹിത്യ അക്കാദമിയുടെ തീരുമാനത്തില്‍ സര്‍ക്കാര്‍ ഇത്തരത്തില്‍ നേരിട്ട് ഇടപെടുന്നത്. സമിതി തിരഞ്ഞെടുത്ത എഴുത്തുകാര്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കാത്ത സാഹചര്യത്തിലാണ് തമിഴ്നാടിന്റെ ഈ നിര്‍ണ്ണായക നീക്കം. മലയാളം, തമിഴ്, മറാത്തി, ഒഡിയ, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ എട്ട് ഭാഷകളിലെ മികച്ച സൃഷ്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. 5 ലക്ഷം രൂപയും പ്രത്യേക ഫലകവും അടങ്ങുന്നതാകും പുരസ്‌കാരം.

പേവിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ്‌

പേവിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ്‌

മാറനല്ലൂർ : തെരുവുനായകൾക്ക് പേവിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ്‌ ഊരൂട്ടമ്പലം പൊതുചന്തയ്ക്കുസമീപം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മായ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ മൃഗാശുപത്രിയും, പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗാശുപത്രി സർജൻ ഡോ. ജി.എസ്. അരുൺകുമാർ പങ്കെടുത്തു.
കംപാഷൻ ഫോർ അനിമൽ വെൽഫയർ അസോസിയേഷൻ ഏജൻസി വഴിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ഇന്ന് ഒറ്റയടിക്ക് 1400 രൂപ വര്‍ധിച്ചതോടെ പുതിയ ഉയരം കുറിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,06,840 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് 175 രൂപയാണ് ഉയര്‍ന്നത്. 13,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നിരപരാധിയെന്ന് സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ സാഹചര്യത്തെ ധൈര്യപൂര്‍വ്വം നേരിടണമായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ആണുങ്ങള്‍ക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്. സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറല്‍ ആക്കിയാല്‍ കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓര്‍ത്തോ എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആ വാക്കുകളിലേക്ക്:

തിരക്കുള്ള ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസ്സില്‍ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം ഉണ്ടായതും, തന്നെ ഈ യുവാവ് സ്പര്‍ശിച്ചു എന്ന രീതിയില്‍ ഒരു യുവതി ബസ്സില്‍ നിന്നും വീഡിയോ എടുത്തതും, യുവതി തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ട് അത് വൈറല്‍ ആക്കിയതും. വീഡിയോ പുറത്ത് വന്നതില്‍ പിന്നെ വളരെ സമ്മര്‍ദ്ദത്തില്‍ ആയ യുവാവ് മരണം തെരഞ്ഞെടുത്തു. ആ സംഭവത്തിന്റെ ശരിയും, തെറ്റുമെല്ലാം കോടതി ആണല്ലോ വീഡിയോ നോക്കി തീരുമാനിക്കേണ്ടത്.

ആണുങ്ങള്‍ക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്.. സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം.. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറല്‍ ആക്കിയാല്‍ കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓര്‍ത്തോ. സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ട്. ഒരു ലക്ഷം ആളുകള്‍ ഇത്തരം വീഡിയോസ് കാണുമ്പോള്‍ മിനിമം 1000 പേരെങ്കിലും നിങ്ങള്‍ ഞരമ്പന്‍ ആണെന്ന് വിശ്വസിക്കും. ഇദ്ദേഹം നിരപരാധി ആണെന്ന് വിശ്വസിക്കുന്നു എങ്കില്‍ ഈ അവസ്ഥയെ ധൈര്യപൂര്‍വം ഫെയ്‌സ് ചെയ്യണമായിരുന്നു.. നിരപരാധിത്വവും സമൂഹത്തിന്റെ മുന്നില്‍ തെളിയിക്കണം ആയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മരിച്ച യുവാവിന് പ്രണാമം. അതിനാല്‍ പുരുഷന്മാരെ ഭയം വേണ്ട, ജാഗ്രത മതി.

വാല്‍ കഷ്ണം: ദയവു ചെയ്ത് സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഒരു സ്ത്രീയും ദുരപയോഗം ചെയ്യരുത്. കാരണം യഥാര്‍ഥ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയില്‍ ഉണ്ടാവും. സംഭവം സത്യമാണെങ്കിലും പലരും വിശ്വസിക്കില്ല. ഇനി ഏതെങ്കിലും പുരുഷനില്‍ നിന്നും മോശം അനുഭവം ഉണ്ടായാല്‍ വര്ഷങ്ങളോളം അതും വെച്ചു നടക്കരുത്. സംഭവം നടന്ന ഉടനെ കേസ് കൊടുക്കുക. സംഭവത്തിന്റെ വീഡിയോ ഉണ്ടെങ്കില്‍ അത് വെച്ചു റീച്ചും, പണവും ഉണ്ടാക്കാതെ പോലീസിന്, കോടതിക്ക് അതൊക്കെ കൈമാറുക. തീര്‍ച്ചയായും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധികള്‍ ശിക്ഷിക്കപെടരുത്.

തുടരെ 11 ജയങ്ങള്‍; ഒടുവില്‍ ബാഴ്‌സലോണയ്ക്ക് കടിഞ്ഞാണ്‍; സോസിഡാഡ് വീഴ്ത്തി

തുടരെ 11 ജയങ്ങള്‍; ഒടുവില്‍ ബാഴ്‌സലോണയ്ക്ക് കടിഞ്ഞാണ്‍; സോസിഡാഡ് വീഴ്ത്തി

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ വിജയക്കുതിപ്പിന് തടയിച്ച് റയല്‍ സോസിഡാഡ്. സ്വന്തം തട്ടകത്തില്‍ അവര്‍ കാറ്റാലന്‍സിനെ 2-1നു വീഴ്ത്തി. തോല്‍വി ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായി. നിലവില്‍ രണ്ടാമതുള്ള റയല്‍ മാഡ്രിഡുമായി അവരുടെ പോയിന്റ് വ്യത്യാസം ഒന്നായി കുറഞ്ഞു.

കളിയുടെ 32ാം മിനിറ്റില്‍ മികേല്‍ ഒയാര്‍സബലിലൂടെ സോസിഡാഡ് മുന്നിലെത്തി. 70ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ ബാഴ്‌സ സമനില പിടിച്ചു. എന്നാല്‍ ഈ ആഹ്ലാദത്തിനു ഒറ്റ മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. 71ാം മിനിറ്റില്‍ കാന്‍സലോ ഗ്യുഡെസിലൂടെ സോസിഡാഡ് ലീഡ് തിരിച്ചുപിടിച്ച് മത്സരം ജയിച്ചു കയറി. 88ാം മിനിറ്റില്‍ കാര്‍ലോസ് സോളര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും ബാഴ്‌സയെ സമനിലയിലെത്താതെ പ്രതിരോധിക്കാന്‍ പത്ത് പേരായിട്ടും സോസിഡാഡിനു സാധിച്ചു.

ലാലി​ഗയിൽ തുടരെ 9 മത്സരങ്ങളായി പരാജയമറിയാതെ കുതിക്കുകയായിരുന്നു ബാഴ്‌സലോണ. സീസണില്‍ അവര്‍ നേരിടുന്ന മൂന്നാം തോല്‍വിയാണിത്. പെപ് ഗ്വാര്‍ഡിയോള യുഗത്തില്‍ ബാഴ്‌സ 16 തുടര്‍ വിജയങ്ങള്‍ വിവിധ ടൂര്‍ണമെന്റുകളില്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡിലേക്ക് കുതിക്കുകയായിന്നു ഹാന്‍സി ഫ്‌ളിക്കിന്റെ ടീമും. ഈ സീസണില്‍ എല്ലാ ടൂര്‍ണമെന്റിലുമായി അവര്‍ തുടരെ 11 മത്സരങ്ങളാണ് ജയിച്ചത്.

തന്റെ ആദ്യ സീസണിലും ഫ്‌ളിക്കിന്റെ കീഴില്‍ ബാഴ്‌സലോണ 9 തുടര്‍ ലാലിഗ വിജയങ്ങള്‍ നേടിയിരുന്നു. ഈ റെക്കോര്‍ഡ് തകര്‍ക്കാനുള്ള അവസരവും അവര്‍ക്ക് സോസിഡാഡുമായുള്ള തോല്‍വിയോടെ നഷ്ടമായി.

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; തോറ്റവരെയും ജയിച്ചവരെയും അണിനിരത്തി ‘വിജയോത്സവം മഹാപഞ്ചായത്ത്’

രാഹുല്‍ ഗാന്ധി ഇന്ന് കൊച്ചിയില്‍; തോറ്റവരെയും ജയിച്ചവരെയും അണിനിരത്തി ‘വിജയോത്സവം മഹാപഞ്ചായത്ത്’

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. ‘വിജയോത്സവം 2026 മഹാപഞ്ചായത്ത്’ എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പരിപാടി ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.പരിപാടിയില്‍ ഏകദേശം 15,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. രണ്ട് മണിക്ക് മറൈന്‍ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്‍ക്ക് കൂടി ഉത്തരവാദിത്തം നല്‍കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കും.

ഇന്ന് ഉച്ചയ്ക്ക് 12.45ന് ചാര്‍ട്ടേഡ് വിമാനത്തില്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി സമ്മാനിക്കും. തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധി തിരിച്ചുപോകും.