ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത, പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹി

ഡല്‍ഹിയില്‍ ഭൂചലനം, 2.8 തീവ്രത, പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. ഡല്‍ഹിയില്‍ 2.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 8:44 ഓടെയാണ് ഭൂചലനമുണ്ടായതെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വടക്കന്‍ ഡല്‍ഹിയിലായിരുന്നുവെന്നും 5 കിലോമീറ്റര്‍ ആഴത്തിലാണുണ്ടാതയതെന്നും അധികൃതര്‍ അറിയിച്ചു.

ഭൂകമ്പ സാധ്യത ഏറിയ രണ്ടാമത്തെ ഉയര്‍ന്ന വിഭാഗമായ സോണ്‍ IV ലാണ് ഡല്‍ഹിയുള്ളത്. സമീപ വര്‍ഷങ്ങളില്‍, ഡല്‍ഹി-എന്‍സിആറില്‍ നിരവധി തവണ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ല്‍, ഡല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ 4.1 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങാെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ ഡാറ്റ പ്രകാരം, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ 5 തീവ്രതയില്‍ കൂടുതല്‍ ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല. ഈ മാസം 13 ന് ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയ്ക്ക് സമീപം 3.5 തീവ്രതയുള്ള നേരിയ ഭൂകമ്പം ഉണ്ടായിരുന്നു.ഭൂകമ്പത്തെ തുടര്‍ന്ന് ജനങ്ങള്‍ പഭിഭ്രാന്തിയിലായിരുന്നു. പലരും വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു.

യാത്രയ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍

യാത്രയ്ക്കിടെ പിഞ്ചുകുഞ്ഞിന് അപസ്മാരം; ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍

കൊച്ചി: യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് പോകുന്നതിന് ബസില്‍ കയറിയ ദമ്പതികളുടെ പത്ത് മാസം പ്രായമായ കുഞ്ഞിനാണ് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അതിനൊപ്പം അപസ്മാരവുമുണ്ടായത്. മാതാപിതാക്കളുടെ വിഷമം കണ്ട് സമയോചിതമായി ഇടപെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ വിപിഎസ് ലേക് ഷോറില്‍ എത്തിച്ച് ചികിത്സ ഉറപ്പാക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നേകാലോടെയായിരുന്നു സംഭവം. ദേശീയ പാതയില്‍ കുണ്ടന്നൂരിന് സമീപം ബസ് എത്തിയപ്പോഴാണ് കുഞ്ഞിന് അസുഖം കൂടിയത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കളും വെപ്രാളത്തിലായതോടെ ബസില്‍ എല്ലാവരും പരിഭ്രമത്തിലായി. സംഭവം കണ്ട് കണ്ടക്ടര്‍ സുനില്‍ സമയോചിതമായി ഇടപെട്ടു. പെട്ടെന്ന് തന്നെ ഡ്രൈവറെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂര്‍ പിന്നിട്ടിരുന്നു. ഉടനെ ഡ്രൈവര്‍ പ്രേമന്‍ ബസ് തിരിച്ച് വിപിഎസ് ലേക്ഷോറിലേക്ക് കുതിച്ചു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘം ഉടന്‍ ആവശ്യമായ പരിചരണം നല്‍കി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. നിലവില്‍ തുടര്‍ചികിത്സക്കായി കുഞ്ഞിനെ ആശുപത്രിയില്‍ പീഡിയാട്രിക് വിഭാഗത്തിന് കീഴില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ബസില്‍ വെച്ച് വലിയ തോതില്‍ കുഞ്ഞ് കരഞ്ഞെന്നും അപസ്മാരം വന്ന് ചുണ്ട് ഒരുഭാഗത്തേക്ക് വലിഞ്ഞുനില്‍ക്കുന്നത് പോലുള്ള സ്ഥിതിയുണ്ടായെന്നും അച്ഛന്‍ പറഞ്ഞു. അതുകണ്ട് തങ്ങള്‍ ഭയപ്പെട്ടുപോയി. ബസിലുണ്ടായിരുന്നവര്‍ ഉടന്‍ ഒരു താക്കോല്‍ കുഞ്ഞിന്റെ കൈയില്‍ പിടിപ്പിച്ചു. ബസുകാര്‍ ഉടനെ തന്നെ ആശുപത്രിയിലേക്ക് പുറപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാനസമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 26 വരെയുള്ള കാലയളവില്‍ 32 ദിവസമാണ് സഭ ചേരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.

29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. അഞ്ചിന് 2025 26 വര്‍ഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പ് നടക്കും. ആറ് മുതല്‍ 22 വരെ സഭ ചേരില്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.

23ന് 2025 – 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളുടെ ധനവിനിയോഗ ബില്‍ അവതരിപ്പിക്കും. 24 മുതല്‍ മാര്‍ച്ച് 19 വരെയുള്ള കാലയളവില്‍ 13 ദിവസം 2026-27 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. ജനുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. നിശ്ചയിച്ച നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 26-ന് സഭ പിരിയും. പതിനഞ്ചാം നിയമസഭയുടെ ഇതുവരെയുള്ള 15 സെഷനുകളില്‍ മൊത്തം 182 ദിവസം സഭ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 158 ബില്ലുകള്‍ പാസാക്കി. സഭ പാസാക്കിയ ബില്ലുകളില്‍ 14 എണ്ണം ഗവര്‍ണറുടെ പരിഗണനയിലാണ്.

എസ്‌ഐആര്‍: രേഖകൾ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

എസ്‌ഐആര്‍: രേഖകൾ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 30 വരെ നീട്ടി

തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി.

സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.

പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം.

നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും

ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം എസ്‌ഐടി റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കും.

ശബരിമലയിലെ സ്വര്‍ണക്കൊള്ള സ്ഥിരീക്കുന്നതാണ് ശാസ്ത്രീയ പരിശോധന ഫലം. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയില്‍ സ്വര്‍ണം കുറവ് വന്നതായാണ് വിക്രം സാരാഭായി സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) ഫോറന്‍സിക് പരിശോധന ഫലം. പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോര്‍ട്ടില്‍ ഉണ്ടാകും. തന്ത്രി, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും.

വാജി വാഹന കൈമാറ്റത്തില്‍ അജയ് തറയില്‍ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണ കാര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഇന്നുണ്ടായേക്കും. 2012ലെ ബോര്‍ഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തല്‍. എന്നാല്‍ അഡ്വക്കേറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം; രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങും

കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം; രാവിലെ മുതൽ നിളയിൽ സ്നാനം തുടങ്ങും

മലപ്പുറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 11 മണിയോടെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെയാണ് മഹാമാഘ മഹോത്സവത്തിനു തുടക്കമാകുക. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നലെ ഘോഷയാത്രയായി എത്തിച്ചു. മഹോത്സവത്തിന്റെ ഭാ​ഗമായുള്ള സ്നാനം ഇന്ന് രാവിലെ മുതൽ ആരംഭിക്കും.

വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും ഇന്ന് തിരുനാവായയിലേക്കു പുറപ്പെടും.

ഇന്നലെ മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം ബലി പൂജ നടന്നു. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് നേതൃത്വം നല്‍കിയത്. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിളാ തീരത്ത് ഈ പൂജ നടന്നത്. ഇന്നലെ രാവിലെ ആറ് മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മവും നടന്നു. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ ദിവസം തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നിരുന്നു. ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും നടത്തി. യജുര്‍വേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കി.

ഇന്ന് മുതല്‍ നവകോടി നാരായണ ജപാര്‍ച്ചന തുടങ്ങും. ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘ വൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍ സദസുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും.

ഇന്ന് മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകള്‍ നടക്കും.

സുരക്ഷാ സംവിധാനങ്ങൾ

കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേര്‍ന്ന് വന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ 9 തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങള്‍ ഇവിടെയെത്തും. 150 പേര്‍ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കും.