‘കേരള മോഡല്‍ വോട്ട്‌ചോരിക്കെതിരെ ജനാധിപത്യത്തിന്റെ ആദ്യ വിജയം’

‘കേരള മോഡല്‍ വോട്ട്‌ചോരിക്കെതിരെ ജനാധിപത്യത്തിന്റെ ആദ്യ വിജയം’

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയ തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ വോട്ടവകാശം പുനസ്ഥാപിച്ചതിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കോടതി ഇടപെട്ട് വോട്ടവകാശം പുനസ്ഥാപിച്ച സാഹചര്യത്തിലാണ് പ്രതികരണം. കേരള മോഡല്‍ വോട്ട്‌ചോരിക്കെതിരെ ജനാധിപത്യത്തിന്റെ ആദ്യ വിജയം. എന്നാണ് വി ടി ബല്‍റാമിന്റ പ്രതികരണം.

സിപിഎം പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കിയത്. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. തുടര്‍ന്ന് വൈഷ്ണയുടെ പേര് വെട്ടുന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക നടപടി നീങ്ങുകയായിരുന്നു. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയില്‍ നിന്ന് നിരീക്ഷണം ഉണ്ടായി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈഷ്ണ സുരേഷിന്റെയും, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറിന്റെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു. പരാതിക്കാരനെയും വൈഷ്ണയെയും വിശദമായി കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈഷ്ണവിയുടെ വോട്ട് പുനസ്ഥാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ഷാജഹാന്‍ ഉത്തരവിട്ടത്.

സ്വര്‍ണവില കുറഞ്ഞു; 91,500ല്‍ താഴെ

സ്വര്‍ണവില കുറഞ്ഞു; 91,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ശക്തമായി തിരിച്ചുവന്ന് 91,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. 91,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 11,430 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.

ബില്ലുകൾക്ക് സമയപരിധി: രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതി വിധി ഇന്ന്; കേരളത്തിന് നിർണായകം

ബില്ലുകൾക്ക് സമയപരിധി: രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതി വിധി ഇന്ന്; കേരളത്തിന് നിർണായകം

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രസിഡൻഷ്യൽ റഫറന്‍സില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്.

സംസ്ഥാനങ്ങളില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീംകോടതി സമയം നിശ്ചയിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോയെന്ന് രാഷ്ട്രപതി ചോദിക്കുന്നു. ഭരണഘടന സമയപരിധി നിശ്ചയ്ക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കാനാകുക. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്നും സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റഫറന്‍സില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്‍പ് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി റഫറന്‍സില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി നിര്‍ണായകമാണ്.

തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ്, നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങള്‍ ഇവയാണ്:

1. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഒരു നിയമസഭ പാസ്സാക്കിയ ബില്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

2. ഈ ഓപ്ഷനുകള്‍ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ പാലിക്കേണ്ടതുണ്ടോ?

3. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?

4. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ നടപടികളുടെ ജുഡീഷ്യല്‍ പരിശോധനയ്ക്ക് ആര്‍ട്ടിക്കിള്‍ 361 വിലക്ക് ഏര്‍പ്പെടുത്തുന്നില്ലേ ?

5. ഭരണഘടനാപരമായി സമയപരിധികള്‍ ഇല്ലെങ്കിലും, ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാര്‍ അവരുടെ അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ കോടതികള്‍ക്ക് സമയപരിധി നിശ്ചയിക്കാനും നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയുമോ?

6. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?

7. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നതിന് കോടതികള്‍ക്ക് സമയപരിധികളും നടപടിക്രമങ്ങളും നിശ്ചയിക്കാന്‍ കഴിയുമോ?

8. ഗവര്‍ണര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?

9. ഒരു നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആര്‍ട്ടിക്കിള്‍ 200, 201 പ്രകാരം ഗവര്‍ണറും പ്രസിഡന്റും എടുക്കുന്ന തീരുമാനങ്ങള്‍ നീതിന്യായ പരിശോധനയ്ക്ക് വിധേയമാണോ?

10. ആര്‍ട്ടിക്കിള്‍ 142 വഴി പ്രസിഡന്റോ ഗവര്‍ണറോ പ്രയോഗിക്കുന്ന ഭരണഘടനാപരമായ അധികാരങ്ങള്‍ ജുഡീഷ്യറിക്ക് പരിഷ്‌കരിക്കാനോ അസാധുവാക്കാനോ കഴിയുമോ?

11. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു സംസ്ഥാന നിയമം പ്രാബല്യത്തില്‍ വരുമോ?

12. സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച്, കേസില്‍ ഭരണഘടനാ വ്യാഖ്യാനം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിര്‍ണ്ണയിച്ചാല്‍, ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യേണ്ടതല്ലേ?

13. ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമേ നിലവിലുള്ള ഭരണഘടന അല്ലെങ്കില്‍ നിയമപരമായ വ്യവസ്ഥകള്‍ക്ക് അതീതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അധികാരമുണ്ടോ ?

14. ആര്‍ട്ടിക്കിള്‍ 131 പ്രകാരമുള്ള സ്യൂട്ടിലൂടെയല്ലാതെ, മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന സുപ്രീം കോടതിയെ അനുവദിക്കുന്നുണ്ടോ?

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് പത്തിരട്ടി കൂട്ടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് പത്തിരട്ടി കൂട്ടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

ഡല്‍ഹി: രാജ്യത്തെ പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് കുത്തനെ ഉയര്‍ത്തി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. വാഹനങ്ങളുടെ പഴക്കം അനുസരിച്ചാണ് ഫീസില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ഫീസ് ഈടാക്കിയിരുന്നത്, പുതിയ ഉത്തരവ് പ്രകാരം ഈ പരിധി 10 വര്‍ഷമായി കുറച്ചു. കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ (അഞ്ചാം ഭേദഗതി) പ്രകാരം ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

വാഹനങ്ങളുടെ കാലപ്പഴക്കത്തെ അടിസ്ഥാനപ്പെടുത്തി മൂന്ന് തരങ്ങളായി തിരിച്ചാണ് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ഉയര്‍ത്തിയിരിക്കുന്നത്. 10 മുതല്‍ 15 വര്‍ഷം, 15 മുതല്‍ 20 വര്‍ഷം, 20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ എന്നിങ്ങനെയാണ് മൂന്ന് കാറ്റഗറികള്‍. മോട്ടോര്‍സൈക്കിള്‍, മൂന്ന് ചക്രവാഹനങ്ങള്‍, എല്‍എംവി, മീഡിയം- ഹെവി വാഹനങ്ങള്‍ എന്നിവയ്ക്കും പുതിയ ഭേദഗതി ബാധകമാകും. വാഹനത്തിന്റെ പഴക്കമനുസരിച്ച് ഫീ ഈടാക്കാനാണ് തീരുമാനം.

പുതിയ ഫിറ്റ്‌നസ് ഫീസ് ഇങ്ങനെ

മോട്ടോര്‍സൈക്കിള്‍: 400 രൂപ

എല്‍എംവി: 600 രൂപ

ഇടത്തരം/ഭാരമേറിയ വാണിജ്യ വാഹനം: 1,000 രൂപ

വാഹനത്തിന് 10 വര്‍ഷം പഴക്കമാകുമ്പോള്‍ മുതല്‍ ഈ ഫീസ് ബാധകമാകും.

20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് വലിയ ഫീസ്

ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ (ബസ്/ട്രക്കുകള്‍): 25,000 രൂപ (മുമ്പ് ഇത് 2,500 രൂപയായിരുന്നു)

ഇടത്തരം കൊമേഴ്സ്യല്‍ വാഹനങ്ങള്‍: 20,000 രൂപ (മുമ്പ് ഇത് 1,800 രൂപയായിരുന്നു)

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍: 15,000 രൂപ

മൂന്ന് ചക്ര വാഹനങ്ങള്‍: 7,000 രൂപ

ഇരുചക്ര വാഹനങ്ങള്‍: 600 രൂപയില്‍ നിന്ന് 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു

നേരത്തെ, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും ഏകീകൃത ഫീസ് ബാധകമായിരുന്നു, എന്നാല്‍ ഇപ്പോള്‍ വാഹനത്തിന്റെ പഴക്കം അനുസരിച്ചുള്ള സ്ലാബ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

‘കേരള മോഡല്‍ വോട്ട്‌ചോരിക്കെതിരെ ജനാധിപത്യത്തിന്റെ ആദ്യ വിജയം’

വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ട് നീക്കിയ നടപടി റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ . ഇതോടെ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വൈഷ്ണ സുരേഷിന്റെ പേര് പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു.

വോട്ടര്‍ പട്ടികയില്‍ കള്ളവോട്ട് ചേര്‍ത്തു എന്ന സിപിഎമ്മിന്റെ ആരോപണത്തിലാണ് വൈഷ്ണയുടെ പേര് വെട്ടുന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക നടപടിയുണ്ടായത്. മുട്ടട വാർഡിൽ വ്യാജ മേൽവിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേർത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽ നിന്ന് കമ്മീഷൻ ഒഴിവാക്കിയത്.

ഇതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതിയില്‍ നിന്ന് നിരീക്ഷണം ഉണ്ടായി. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈഷ്ണ സുരേഷിന്റെയും, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ സിപിഎം പ്രവര്‍ത്തകന്‍ ധനേഷ് കുമാറിന്റെയും വാദങ്ങള്‍ കമ്മീഷന്‍ കേട്ടു.

പരാതിക്കാരനെയും വൈഷ്ണയെയും വിശദമായി കേട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈഷ്ണവിയുടെ വോട്ട് പുനസ്ഥാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ഷാജഹാന്‍ ഉത്തരവിട്ടത്.

ബീമാപള്ളി ഉറൂസ്: 22ന് പ്രാദേശിക അവധി

ബീമാപള്ളി ഉറൂസ്: 22ന് പ്രാദേശിക അവധി

ബീമാപള്ളി ദര്‍ഗ്ഗാ ശരീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 22ന് പ്രാദേശിക അവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 2 വരെയാണ് ബീമാപള്ളി ഉറൂസ്.