by Midhun HP News | Nov 15, 2025 | Latest News, കേരളം
കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവ്. തലശേരി അതിവേഗ പോക്സോ കോടതി ജഡ്ജി എംടി ജലജ റാണിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് ശിക്ഷ അനുവദിക്കണം. ഏറെ സന്തോഷകരമായ വിധിയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പബ്ലിക് പോസിക്യൂട്ടര്‍ ഭാസുരി മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലും മൂന്ന് തവണ പത്മരാജന്‍ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പത്തുവയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ നിന്നും പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ ഉമ്മ നല്‍കിയ പരാതിയില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17 നാണ് കേസെടുത്തത്. പൊയിലൂര്‍ വിളക്കോട്ടൂരിലെ ഒളിയിടത്തില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റുചെയ്തു.
നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യത്തിലൂന്നി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുര്‍ബലമാക്കാനായിരുന്നു ഐജി ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പ് ചുമത്തിയതാണ് കേസില്‍ നിര്‍ണായകമായത്.
പെണ്‍കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ ഉമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് നാര്‍കോട്ടിക്സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ നിയോഗിച്ചത്.
അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡിവൈഎസ്പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.


by Midhun HP News | Nov 15, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിയ ഫയൽ അദാലത്തിൽ സമയ ബന്ധിതമായി കൂടുതൽ ഫയലുകൾ തീർപ്പാക്കിയ സെക്ഷൻ ക്ലാർക്ക് ഷൈനു .എസ്. ആർ നെയാണ് സംസ്ഥാന വകുപ്പ് മേധാവി ഡോ. എം.സി. റെജിൽ ഐ.എ.എസ് അഭിനന്ദിച്ചത്.
മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഉത്തരവ് പ്രകാരം വർഷങ്ങളായി തീർപ്പാകാതെ വകുപ്പിന് ഏറെ തലവേദന സൃഷ്ടിച്ച് കിടന്നിരുന്ന 4155 ഫയലുകളാണ് കല്ലറ സ്വദേശി ഷൈനു പരിഹരിച്ചത്.
ആറ്റിങ്ങൽ നഗരസഭയിൽ നീണ്ട 7 വർഷക്കാലം ജനകീയാസൂത്രണ വിഭാഗത്തിലും ഹെൽത്ത് വിഭാഗത്തിലും ക്ലാർക്കായി സേവനമനുഷ്ടിച്ചിരുന്ന ഇദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിലാണ് മാതൃ വകുപ്പിലേക്ക് സ്ഥലംമാറ്റം ലഭിച്ചു പോയത്. ഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡോ. റെജിൽ ഐ.എ.എസ് അഭിനന്ദന പത്രവും ഷൈനുവിന് കൈമാറി.


by Midhun HP News | Nov 15, 2025 | Latest News, കായികം
ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റർ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഭാഗമായി. രവീന്ദ്ര ജഡേജയുമായുള്ള കൈമാറ്റ കരാറിലൂടെയാണ് സഞ്ജു രാജസ്ഥാനിൽനിന്ന് ചെന്നൈയിലേക്ക് എത്തുന്നത്. അതേസമയം ജഡേജ, തന്‍റെ ആദ്യ ടീമായ രാജസ്ഥാൻ റോയൽസിൽ എത്തും. ജഡേജയെ കൂടാതെ, ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനും ചെന്നൈയിൽനിന്ന് റോയൽസിലേക്ക് മാറി. ഒരു പതിറ്റാണ്ടാനന്
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ താരക്കൈമാറ്റമാണിത്. പണം നൽകാതെ പരസ്പരം കളിക്കാരെ വെച്ചുമാറുന്ന രീതിയാണ് ഈ സ്വാപ്പ് ഡീലിലൂടെ സഞ്ജുവിനെ ചെന്നൈയും ജഡേജയെ രാജസ്ഥാനും സ്വന്തമാക്കിയത്. എന്നാൽ സഞ്ജുവിന് ലഭിച്ച വിലയ്ക്ക് രാജസ്ഥാന് ജഡേജയ്ക്കൊപ്പം സാം കറണെ കൂടി ലഭിക്കുകയായിരുന്നു. ഇനി താരങ്ങൾക്ക് എത്ര രൂപയാണ് ലഭിച്ചതെന്ന് നോക്കാം…
ഇപ്പോൾ നടന്ന ഈ സ്വാപ്പ് കരാറിന്റെ ഫലമായി, ഇന്ത്യൻ പ്രീമിയർ ലീഗിൽ ജഡേജയുടെ മൂല്യം ഇടിയുകയാണ്. ഐപിഎൽ 2025 മെഗാ ലേലത്തിന് മുമ്പ് സിഎസ്‌കെ അദ്ദേഹത്തെ നിലനിർത്തിയത് 18 കോടി രൂപയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ സ്വാപ്പ് കരാറിലൂടെ, രാജസ്ഥാനിൽ എത്തുമ്പോൾ അദ്ദേഹത്തിന് ലഭിക്കേണ്ടത് 18 കോടി രൂപയാണ്. എന്നാൽ ലഭിച്ചതാകട്ടെ 14 കോടി രൂപ മാത്രമാണ്. അതേസമയം സഞ്ജു സാംസണ് നിലവിലുള്ള 18 കോടി രൂപ പ്രതിഫലം തന്നെ സിഎസ്കെയിലേക്ക് മാറുമ്പോൾ ലഭിക്കുകയും ചെയ്യും. സഞ്ജുവിന് ഐപിഎൽ കരിയറിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ് 2025-26 സീസണിൽ ചെന്നൈയിൽനിന്ന് ലഭിക്കുക.
കഴിഞ്ഞ രണ്ട് സീസണുകളിൽ നിറംമങ്ങിയ ചെന്നൈയ്ക്ക് സഞ്ജുവിന്‍റെ വരവ് കരുത്തേകും, പ്രത്യേകിച്ചും ബാറ്റിങ് നിരയ്ക്ക്. രാജസ്ഥാൻ റോയൽസിനുവേണ്ടി 11 സീസണുകളിൽനിന്ന് സഞ്ജു അടിച്ചെടുത്തത് 4,027 റൺസാണ്. സഞ്ജുവിന്‍റെ ക്യാപ്റ്റൻസിയിൽ 2022ൽ രാജസ്ഥാൻ റണ്ണേഴ്സ് അപ്പായി. കഴിഞ്ഞ സീസൺ വരെ കളത്തിലിറങ്ങിയ ധോണി, ഇത്തവണ മാറി നിൽക്കാനുള്ള സാധ്യത കൂടുതലാ്. എങ്കിൽ ആ വിടവ് നികത്തുകയെന്ന് വലിയ ഉത്തരവാദിത്തമാണ് സഞ്ജു സാംസൺ ഏറ്റെടുക്കേണ്ടിവരിക.


അതേസമയം ജഡേജ ടീമിൽനിന്ന് പോകുന്നത് ചെന്നൈയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. കാരണം ഒരു ദശാബ്ദത്തിലേറെയായി, ചെന്നൈയുടെ ഐക്കൺ താരമായി നിറഞ്ഞുനിന്നയാളാണ് രവീന്ദ്ര ജഡേജ. ചെന്നൈയ്ക്കുവേണ്ടി 143 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജ, മഞ്ഞപ്പടയുടെ മൂന്ന് ഐപിഎൽ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചയാളുമാണ്. 2023-ലെ ഫൈനലിൽ ജഡേജയുടെ അവിസ്മരണീയ ഇന്നിംഗ്സാണ് ചെന്നൈയ്ക്ക് ഐപിഎൽ കിരീടം സമ്മാനിച്ചത്. നിലവിലെ ടീമിൽ ജഡേജയുടെ വിടവ് നികത്താൻപോന്ന കളിക്കാരില്ല എന്നതും ചെന്നൈയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
മറുവശത്ത് രാജസ്ഥാൻ നിരയ്ക്ക് കൂടുതൽ കരുത്തേകാൻ ജഡേജയുടെ വരവ് കാരണമാകും. കാരണം കഴിഞ്ഞ സീസണിൽ സഞ്ജുവിന്‍റെ പരിക്കും, പരിചയസമ്പന്നരുടെ അഭാവവും രാജസ്ഥാന് കനത്ത തിരിച്ചടിയായി മാറിയിരുന്നു. സഞ്ജുവിന് പകരം ചുമതലയേറ്റ റിയാൻ പരാഗിന് ക്യാപ്റ്റൻ സ്ഥാനത്ത് മികവ് കാട്ടാൻ കഴിഞ്ഞില്ല. ഈ പ്രശ്നത്തിന് ജഡേജയുടെ വരവ് പരിഹാരമുണ്ടാക്കും. അവസാന ഓവറുകളിൽ ജഡേജയുടെ പരിചയസമ്പത്ത് സമ്മർദ്ദത്തെ അതിജീവിക്കാൻ രാജസ്ഥാനെ സഹായിക്കും. ജഡേജയ്ക്കൊപ്പം എത്തുന്ന സാം കറൻ, രാജസ്ഥാന്‍റെ ഓൾറൗണ്ട് വിഭാഗത്തെ കൂടുതൽ ശക്തമാക്കും.
by Midhun HP News | Nov 15, 2025 | Latest News, കേരളം
കൊല്ലം: നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്‌റ്റേഷനിലെ വിശ്രമ മുറിയില്‍ സ്ത്രീ പൊലീസുകാരിക്ക് നേരെ സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ നടത്തിയ അതിക്രമത്തില്‍ കേസെടുത്തു. ഡിസംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.
ഡെപ്യൂട്ടേഷനില്‍ എത്തിയിരുന്ന സിപിഒ നവാസ് വിശ്രമ മുറിയിലേക്കു പോയ വനിതാ പൊലീസുകാരിക്ക് നേരെയാണ് അതിക്രമം നടത്തിയത്. സംഭവം കമ്മീഷണര്‍ക്ക് പരാതിയായി നല്‍കിയതിനെ തുടര്‍ന്ന് ചവറ പൊലീസ് നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതും, അസഭ്യ പെരുമാറ്റവും ചുമത്തിയാണ് കേസ്.


by Midhun HP News | Nov 15, 2025 | Latest News, കേരളം
കൊച്ചിയിൽ വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ വിജിലൻസിന്റെ വലയിലായി. തേവര സെക്ഷൻ ഓഫീസിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായ പ്രദീപ് ആണ് 90,000 രൂപ കൈപ്പറ്റുന്നതിനിടെ പിടിയിലായത്.
ഒരു കെട്ടിടത്തിന് താൽക്കാലിക കണക്ഷൻ മാറ്റി സ്ഥിരം കണക്ഷൻ നൽകുന്നതിനാണ് പ്രദീപ് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാൾ, ഒടുവിൽ ഒന്നര ലക്ഷം രൂപയ്ക്ക് ധാരണയിലെത്തുകയായിരുന്നു. അതിന്റെ ആദ്യ ഗഡുവായ 90,000 രൂപ കെട്ടിട ഉടമയിൽ നിന്ന് ഒരു ബസ് സ്റ്റോപ്പിൽ വെച്ച് കൈപ്പറ്റിയ ഉടൻ തന്നെ വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
പ്രദീപ് വലിയ തോതിൽ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനാണെന്ന നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് കെണി ഒരുക്കിയത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത പണവും മറ്റു തെളിവുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.


by Midhun HP News | Nov 15, 2025 | Latest News, കേരളം
കാസര്‍കോട്: ബില്‍ കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് പ്രതികാരമായി 50 ട്രാന്‍സ്ഫോര്‍മറുകളിലെ ഫ്യൂസുകള്‍ ഊരി കാസര്‍കോട് സ്വദേശി. ഇതോടെ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്താക്കൾക്ക് 2 മണിക്കൂർ വൈദ്യുതി മുടങ്ങി.
പരാതിയുമായി കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിയെത്തിയതോടെ ജീവനക്കാരും അമ്പരന്നു. പ്രശ്‌നമെന്താണെന്നറിയാന്‍ കെഎസ്ഇബി ജീവനക്കാര്‍ ട്രാന്‍സ്‌ഫോമറുകള്‍ പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് കെഎസ്ഇബി അധികൃതരുടെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. 12ന് ആയിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13ന് നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ നിന്ന് വിളിച്ചു. അല്‍പംസമയം കഴിഞ്ഞപ്പോള്‍ വധഭീഷണിമുഴക്കി വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതര്‍ പറയുന്നു. ഇന്നലെ രാവിലെയെത്തിയ ജീവനക്കാര്‍ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണില്‍നിന്നുള്ള കണക്ഷന്‍ വിഛേദിച്ചു.
വൈകിട്ട് ഒരു കുട്ടിയുമായിയെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോള്‍ ബഹളം വച്ച് ഇറങ്ങിപ്പോയയതായും ജീവനക്കാര്‍ പറയുന്നു. ഇയാള്‍ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളില്‍ നിന്നായി ഫോണ്‍വിളിയെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാന്‍സ്ഫോമറുകളുടെയും ഫ്യൂസുകള്‍ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. ഫ്യൂസ് ഊരുന്നത് നാട്ടുകാര്‍ കാണുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നതായും വിവരം പൊലീസില്‍ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.


Recent Comments