കോൺഗ്രസിന് വേണ്ടി അമ്മയും മകളും മത്സര രംഗത്ത്

കോൺഗ്രസിന് വേണ്ടി അമ്മയും മകളും മത്സര രംഗത്ത്

ആറ്റിങ്ങൽ: മുദാക്കലിൽ അമ്മയ്ക്കും മകൾക്കും അടുക്കള കാര്യമല്ല, ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തും ആണ്. അമ്മയും മകളും സ്ഥാനാർത്ഥിപ്പട്ടികയിൽ വന്നതോടെയാണ് ശ്രദ്ധേയരാകുന്നത്.
അവനവഞ്ചേരി ലീലാസദനത്തിൽ ലീലാ രാജേന്ദ്രനും മകൾ ലിഷാ രാജും യു.ഡി.എഫിന്റെ സ്ഥാനാർത്ഥികളാണ്. ലീലാ രാജേന്ദ്രൻ മുദാക്കൾ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ലീല രാജേന്ദ്രൻ നേരത്തെ രണ്ടു തവണ ഗ്രാമപഞ്ചായത്ത് അംഗമായി വിജയിച്ചിട്ടുണ്ട്. ലീലയുടെ മകൾ ലിഷാ രാജ് മുദാക്കൽ ബ്ലോക്ക് ഡിവിഷനിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. ലിഷ ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഭാരവാഹി ആയിരുന്നു.
അമ്മ ഗ്രാമപഞ്ചായത്തിൽ തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങുമ്പോൾ മകൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജനവിധി തേടുകയാണ്.

മുദാക്കലിൽ കോൺഗ്രസിന് വേണ്ടി ഭാര്യയും ഭർത്താവും മത്സര രംഗത്ത്

മുദാക്കലിൽ കോൺഗ്രസിന് വേണ്ടി ഭാര്യയും ഭർത്താവും മത്സര രംഗത്ത്

ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് യുഡിഎഫ് പട്ടികയിൽ ഇടയ്ക്കോട് വടക്കേ പ്ലാവില വീട്ടിൽ വിഷ്ണു രവീന്ദ്രനും ഭാര്യ വീണാ വിഷ്ണു സ്ഥാനാർത്ഥികളാണ്. പതിനാറാം വാർഡായ ഊരുപ്പൊയ്കയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ വിഷ്ണു രവീന്ദ്രനാണ്. വിഷ്ണുവിൻറെ ഭാര്യ വീണ വിഷ്ണു പതിനേഴാം വാർഡ് ആയ ഇടയ്ക്കോട് സീറ്റിലും മത്സരിക്കുന്നു. വിഷ്ണു രവീന്ദ്രന്റെ സിറ്റിംഗ് സീറ്റാണ് ഇടയ്ക്കോട്. ഈ സീറ്റ് വനിതാ സംവരണം ആയപ്പോൾ ഭാര്യക്ക് മത്സരിക്കാൻ അവസരം വന്നു. ഇതേസമയം വിഷ്ണുവിനെ തൊട്ടടുത്ത വാർഡായ ഊരുപ്പൊയ്കയിലെ സ്ഥാനാർത്ഥിയായും തെരഞ്ഞെടുത്തു. വിഷ്ണു നിലവിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ്.
പഞ്ചായത്തിൽ സീറ്റ് കിട്ടാതെ നിരവധി കോൺഗ്രസ് പ്രവർത്തകർ വിമത സ്ഥാനാർത്ഥികളായി രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയിലാണ് ഭാര്യയും ഭർത്താവും സീറ്റ് നേടി ശ്രദ്ധേയരാകുന്നത്.

കോഴിക്കോട് കോര്‍പ്പറേഷന്‍: കല്ലായിയില്‍ സംവിധായകന്‍ വി എം വിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കോഴിക്കോട് കോര്‍പ്പറേഷന്‍: കല്ലായിയില്‍ സംവിധായകന്‍ വി എം വിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ സിനിമ സംവിധായകന്‍ വിഎം വിനുവും. 37ാം വാര്‍ഡായ കല്ലായി ഡിവിഷനിലാണ് വി എം വിനു മത്സരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. കോര്‍പറേഷനിലെ രണ്ടാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വി എം വിനു ഉള്‍പ്പെട്ടിരിക്കുന്നത്. 15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് രണ്ടാംഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിഎം വിനു കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് ആണ് പട്ടികയിലുള്ള മറ്റൊരു പ്രമുഖന്‍. പാറോപ്പടി ഡിവിഷനില്‍ ആണ് നിയാസ് മത്സരിക്കുന്നത്.

ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വിഎം വിനു. നാടക രംഗത്ത് നിന്നും സിനിമയില്‍ എത്തിയ അദ്ദേഹം പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനാണ്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. രണ്ടാം ഘട്ട പട്ടികയോടെ 37 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

എം.ഫാർമസി പ്രവേശനം: ഓപ്ഷൻ നൽകാൻ അവസരം

എം.ഫാർമസി പ്രവേശനം: ഓപ്ഷൻ നൽകാൻ അവസരം

2025-ലെ എം.ഫാർമസി കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചിട്ടുള്ള അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭ്യമാണ്.

ഓപ്ഷൻ രജിസ്ട്രേഷൻ നൽകാൻ, ഉദ്യോഗാർത്ഥികൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് “M.Pharm 2025 – Candidate Portal” എന്ന ലിങ്ക് തുറക്കണം. അപേക്ഷ നമ്പരും പാസ്‌വേഡും നൽകി ഹോം പേജിലേക്ക് പ്രവേശിച്ചതിനു ശേഷം ‘Option Registration’ മെനു തിരഞ്ഞെടുക്കുക. നവംബർ 17 വൈകിട്ട് 6 മണിവരെ ഓപ്ഷനുകൾ നൽകാനാകും.

ഓപ്ഷനുകൾ നൽകുമ്പോൾ ഉദ്യോഗാർത്ഥികൾ തങ്ങളുടെ മുൻഗണനാ ക്രമം വ്യക്തമായി നിർദ്ദേശിക്കേണ്ടതാണ്. ഓപ്ഷൻ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രിന്റ് എടുക്കാൻ മറക്കരുത്. ഓപ്ഷൻ നൽകുന്ന വിദ്യാർത്ഥികൾ മുൻപ് സമർപ്പിച്ച രേഖകളും പ്രാഥമിക അലോട്ട്‌മെന്റിനായി ആവശ്യമായ തെളിവുകളും സജ്ജമാക്കണം. അലോട്ട്‌മെന്റ് ഫലങ്ങൾ പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

എന്‍പിഎസില്‍ മാസം എത്ര നിക്ഷേപിക്കണം?

എന്‍പിഎസില്‍ മാസം എത്ര നിക്ഷേപിക്കണം?

ജോലിയില്‍ നിന്ന് വിരമിച്ചാലും റിട്ടയര്‍മെന്റ് ലൈഫ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതിന് ജോലിയില്‍ ഉണ്ടായിരിക്കുമ്പോള്‍ തന്നെ മികച്ച നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക എന്നതാണ് നല്ല തീരുമാനം. അങ്ങനെ ചിന്തിക്കുമ്പോള്‍ സ്വീകരിക്കാവുന്ന ഒരു നല്ല മാര്‍ഗമാണ് സര്‍ക്കാര്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റിട്ടയര്‍മെന്റ് സേവിംഗ്‌സ് പ്ലാനായ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (NPS). പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് എന്‍പിഎസ് കൈകാര്യം ചെയ്യുന്നത്.

ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്. ജോലിയില്‍ ഉള്ളപ്പോള്‍ തന്നെ നിശ്ചിത തുക എന്‍പിഎസിലേക്ക് നിക്ഷേപിച്ചു കൊണ്ടിരുന്നാല്‍ വിപണിയുമായി ബന്ധപ്പെട്ട ഇക്വിറ്റി, കോര്‍പ്പറേറ്റ് ഡെറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ എന്നിവയിലൂടെ നിക്ഷേപം വളരും. 60 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ഈ മൊത്തം കോര്‍പ്പസിന്റെ 60 ശതമാനം വരെ പിന്‍വലിക്കാം. ഇത് നികുതി രഹിതമാണ്. എന്നാല്‍ ബാക്കി 40 ശതമാനം പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം.

സെക്ഷന്‍ 80C യുടെ ഭാഗമായി സെക്ഷന്‍ 80CCD(1) പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള സംഭാവനകള്‍ക്ക് കിഴിവ് ലഭിക്കും. മാത്രമല്ല, സെക്ഷന്‍ 80CCD(1B) പ്രകാരം 50,000 രൂപയുടെ അധിക കിഴിവും ഉറപ്പാക്കാം. ഇത് പ്രതിവര്‍ഷം ആകെ 2 ലക്ഷം രൂപ കിഴിവ് നല്‍കുന്നു. തൊഴിലുടമകള്‍ നല്‍കുന്ന സംഭാവനകള്‍ക്കും sk£³ 80CCD(2) പ്രകാരം കിഴിവ് ലഭിക്കും.

ഉദാഹരണത്തിന് 30-ാം വയസ്സ് മുതല്‍ എന്‍പിഎസില്‍ പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങി എന്ന് കരുതുക. 60 വയസ്സാവുമ്പോള്‍ നിക്ഷേപിച്ച മൊത്തം തുക 18 ലക്ഷമായിരിക്കും. എന്‍പിഎസിന്റെ ഇക്വിറ്റി-ഡെറ്റ് മാര്‍ഗത്തിലൂടെ കോര്‍പ്പസ് കണക്കാക്കുകയാണെങ്കില്‍ വാര്‍ഷിക വരുമാനം ഏകദേശം 10 ശതമാനമായിരിക്കും. അങ്ങനെ വരുമ്പോള്‍ വിരമിക്കുമ്പോള്‍ ലഭിക്കുന്ന കോര്‍പ്പസ് ഏകദേശം 1.13 കോടി രൂപയായിരിക്കും. ഈ തുകയുടെ 60 ശതമാനം അതായത് ഏകദേശം 68 ലക്ഷം രൂപ വരെ പൂര്‍ണ്ണമായും നികുതി രഹിതമായി പിന്‍വലിക്കാം. ബാക്കി 40 ശതമാനം ഏകദേശം 45 ലക്ഷം രൂപ, ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കണം.

വാര്‍ഷികമായി ആന്വിറ്റി 6 ശതമാനം ലാഭിക്കുകയാണെങ്കില്‍, ജീവിതകാലം മുഴുവന്‍ ഏകദേശം 22,000 രൂപ മുതല്‍ 23,000 രൂപ വരെ പ്രതിമാസ നിരക്കില്‍ പെന്‍ഷന്‍ നേടാം. എന്നാല്‍ നിക്ഷേപം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അപകട സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

നവീന്‍ബാബു കേസ് അന്വേഷിച്ച മുന്‍ എസിപി കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി

നവീന്‍ബാബു കേസ് അന്വേഷിച്ച മുന്‍ എസിപി കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച പൊലീസ് മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സിപിഎം സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ മുന്‍ എസിപി ടി കെ രത്‌നകുമാര്‍ ആണ് മത്സരരംഗത്തുള്ളത്. ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ നിന്നാണ് രത്‌നകുമാര്‍ മത്സരിക്കുന്നത്.

നവീന്‍ബാബുവിന്റെ മരണത്തില്‍ സിപിഎം നേതാവ് പി പി ദിവ്യയെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്ന് എസിപിയായിരുന്ന രത്‌നകുമാറാണ്. അന്വേഷണത്തില്‍ അട്ടിമറിയുണ്ടായെന്നും, പക്ഷപാതിത്വത്തോടെയാണ് അന്വേഷണം നടത്തിയതെന്നും നവീന്‍ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് രത്‌നകുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്. സിപിഎം കുടുംബത്തില്‍ നിന്നുള്ള ആളാണ് താനെന്നും, അടുത്ത ദിവസം തന്നെ പ്രതാരണത്തിന് ഇറങ്ങുമെന്നും ടി കെ രത്‌നകുമാര്‍ സൂചിപ്പിച്ചു. സിപിഎമ്മിന് വളരെ ശക്തമായ വേരോട്ടമുള്ള വാര്‍ഡാണ് രത്‌നകുമാര്‍ മത്സരിക്കുന്ന കോട്ടൂര്‍ വാര്‍ഡ്.