by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും.
ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്.അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, അവധിക്ക് മുമ്പും ശേഷവുമായുള്ള പരീക്ഷ വിദ്യാര്‍ഥികളില്‍ മാനസികസമ്മര്‍ദം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലിനെത്തുടര്‍ന്നാണ് പരീ്ക്ഷ ഒറ്റഘട്ടമായി നടത്താനുള്ള തീരുമാനമെടുത്തത്.


by Midhun HP News | Nov 14, 2025 | Latest News, കേരളം
ആറ്റിങ്ങൽ: നഗരസഭയിൽ ബി.ജെ.പി സ്ഥാനാർത്ഥി പട്ടികയിലാണ് ദമ്പതികൾ ഇടം നേടിയത്. ആറ്റിങ്ങൽ നഗരസഭ മൂന്നാം വാർഡ് ആയ പൂവൻപാറയിൽ നിലവിലെ കൗൺസിലർ ദീപാ രാജേഷ് ഇതേ വാർഡിൽ വീണ്ടും മത്സരിക്കും. ദീപയുടെ ഭർത്താവ് രാജേഷ് മാധവൻ നഗരസഭ മുപ്പതാം വാർഡ് ആയ കൊട്ടിയോട് ബി.ജെ.പി സ്ഥാനാർത്ഥിയാണ്.
നഗരസഭയിലെ അഞ്ചാം വാർഡ് ആയ കരിച്ചിയിലിൽ നിലവിലെ കൗൺസിലറായ ജീവൻ ലാൽ നഗരസഭ ആറാം വാർഡ് തച്ചൂർകുന്നിൽ സ്ഥാനാർത്ഥിയാണ്. ജീവൻ ലാലിൻ്റെ സിറ്റിങ് സീറ്റായ കരിച്ചിയിലിൽ ഇദ്ദേഹത്തിൻറെ ഭാര്യ ദീപ്തി ജീവൻ ലാൽ മത്സരിക്കും. രാജേഷ് മാധവൻ മൂന്നര പതിറ്റാണ്ട് കാലമായി ബി.ജെ.പി പ്രവർത്തകനാണ്. നിലവിൽ ബി.ജെ.പി നോർത്ത് ജില്ല വൈസ് പ്രസിഡൻറ് ആണ്. ഭാര്യ ദീപ കൗൺസിലർ ആണ്. പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നില്ല. ജീവൻ ലാൽ ബി.ജെ.പി മണ്ഡലം സെക്രട്ടറിയും ഭാര്യ ദീപ്തി ജീവൻ ലാൽ മഹിളാമോർച്ച നോർത്ത് ജില്ല വൈസ് പ്രസിഡന്റുമാണ്.


by Midhun HP News | Nov 14, 2025 | Latest News, കേരളം
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരിൽ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശിനി ലക്ഷ്മി(23)യെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ തോമസ് ലാലന്റെ ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു. നിർമാണ കരാറുകാരനായ തോമസ് ലാലൻ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ നിന്ന് സെപ്റ്റംബർ 29-ന് മൂന്നുതവണകളായി 9.90 ലക്ഷം രൂപ ഓൺലൈനായി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് റൂറൽ സൈബർ പൊലീസ് നടത്തിയ പരിശോധനയിൽ ഫോണിൽ ആർടിഒ ചലാൻ എന്ന പേരിലുള്ള എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്തതായി കണ്ടെത്തി. ഹരിയാനയിൽ നടത്തിയ അന്വേഷണത്തിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജവിലാസത്തിൽ ഉള്ളതാണെന്ന് ബോധ്യപ്പെട്ടു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ബാങ്ക് അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.


by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ ഉന്‍ നബിയുടെ ജമ്മു കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള ഡോക്ടര്‍ ഉമര്‍ നബിയുടെ വീട് സ്‌ഫോടക വസ്തു ( ഐഇഡി) ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്നാണ് സേന അറിയിച്ചത്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് നടപടിയെന്ന് സുരക്ഷാസേന അറിയിച്ചു.
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ഉമര്‍ നബി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യൂണ്ടായ് ഐ20 കാറില്‍ എത്തിയ ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിര്‍മ്മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.


by Midhun HP News | Nov 14, 2025 | Latest News, ദേശീയ വാർത്ത
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ കുതിപ്പാണ് എന്‍ഡിഎ നേടിയിട്ടുള്ളത്. 160 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ കുതിക്കുന്നത്. 75 സീറ്റില്‍ ലീഡുമായി ജെഡിയു മികച്ച കുതിപ്പാണ് നടത്തുന്നത്. ബിജെപി 69 സീറ്റുകളിലും മുന്നേറുന്നു.
മഹാസഖ്യത്തില്‍ ആര്‍ജെഡി 60 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. ഇടതു പാര്‍ട്ടികളായ സിപിഐ, സിപിഐഎംഎല്‍ എന്നിവ ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡു നില വര്‍ധിപ്പിക്കുകയായിരുന്നു.
കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. അഞ്ചു സീറ്റുകളിലാണ് ജെഎസ്പി മുന്നിലുള്ളത്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ (2020 ല്‍ ) ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 122 സീറ്റുകളാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.


by Midhun HP News | Nov 14, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 93,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 11,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്നലെ വിപണിയില്‍ കണ്ടത്. ഇന്നലെ രാവിലെ പവന് 1680 രൂപ വര്‍ധിച്ച് വില 93,720 എത്തി. വൈകുന്നേരത്തോടെ ഇത് 94,320 എത്തി 95,000 കടക്കുമെന്ന സൂചന നല്‍കിയെങ്കിലും ഇന്ന് വില തിരിച്ചിറങ്ങുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവില കുതിച്ചുയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.


Recent Comments