by Midhun HP News | Apr 1, 2026 | Latest News, കേരളം
കൊച്ചി: ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഫെഫ്ക. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഫെഫ്ക റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്താക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും അറിയിച്ചത്.
രഞ്ജിത്തിനെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. നിലവിൽ അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എറണാകുളം സബ് ജയിലിലാണ് രഞ്ജിത്തിനെ പാര്‍പ്പിക്കുക. കൊച്ചിയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ചാണ് സംവിധായകനെ പൊലീസ് റിമാന്‍ഡ് ചെയ്തത്.
ജാമ്യാപേക്ഷ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. തൊടുപുഴയില്‍ നിന്നും കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ രാത്രിയാണ് പൊലീസ് കൊച്ചിയിലെത്തിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രഞ്ജിത്തിനെ രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു.
മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് മറ്റ് നടപടിക്രമങ്ങളിലേക്ക് പൊലീസ് കടന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്ത് പിടിയിലായത്. കാരവാനില്‍ വെച്ച് രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.


by Midhun HP News | Apr 1, 2026 | Latest News, കേരളം
കൊച്ചി: പെരുമ്പാവൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയില്‍ മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ആറ് അതിഥി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളും അതിഥി തൊഴിലാളിയാണ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ആസം സ്വദേശികളാണ് കസ്റ്റഡിയിലായവരെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ; കമ്പനിയില്‍ ജോലിക്ക് കയറുന്ന സമയത്ത് തൊഴിലാളികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ ഒരു ബോക്‌സില്‍ നിക്ഷേപിക്കുയാണ് പതിവ്. ജോലി കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ അതില്‍ രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ കാണാനില്ലായിരുന്നു. അതിന് സമീപത്ത് മറ്റൊരു യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ മോഷണം ആരോപിച്ച് ആറംഗ സംഘം ക്രുരമായി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ് യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇതോടെ ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ആറംഗസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളും അസം സ്വദേശിയായ അതിഥി തൊഴിലാളിയാണെന്നാണ് സൂചന. കാണാതായ മൊബൈല്‍ ഫോണുകള്‍ കമ്പനി പരിസരത്തുനിന്ന് കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.


by Midhun HP News | Apr 1, 2026 | Latest News, ദേശീയ വാർത്ത
ജയ്പുര്‍: ഫോട്ടോഷൂട്ടിനായി ഉപയോഗിച്ച പിങ്ക് ചായമടിച്ച ആന ചരിഞ്ഞ സംഭവത്തില്‍ വിവാദം. റഷ്യന്‍ ഫോട്ടാഗ്രാഫറായ ജൂലിയ ബുറുലേവ കഴിഞ്ഞ ഡിസംബറിലാണ് പിങ്ക് നിറം പെയിന്റുചെയ്ത ആനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. നവംബറില്‍ രാജസ്ഥാനിലെ ജയ്പുരില്‍ നടത്തിയ ഷൂട്ടില്‍ ചഞ്ചല്‍ എന്ന പിടിയാനയും യശസ്വി എന്ന മോഡലുമാണ് പങ്കെടുത്തത്.
ഫോട്ടോഷൂട്ടിനായി ആനയുടെ ദേഹത്ത് പിങ്ക് ചായമടിച്ചിരുന്നു. ഇതോടെ, ചായംപൂശിയതാണ് ചരിയാന്‍ കാരണമെന്ന വാദവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പ്രായാധിക്യത്തെത്തുടര്‍ന്നാണ് ആന ചരിഞ്ഞതെന്ന് ഉടമ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞെങ്കിലും ആനയോടു ചെയ്ത ക്രൂരതയാണിതെന്ന വാദവുമായാണ് മൃഗസ്‌നേഹികള്‍ രംഗത്തുവന്നത്.
ഫെബ്രുവരിയിലാണ് ആന ചരിഞ്ഞത്. ഹോളി ആഘോഷത്തിലും മറ്റും ഇങ്ങനെ ആനകളുടെ പുറത്ത് ചായംപൂശാറുണ്ടെന്നും അത് അപകടത്തിന് കാരണമാകില്ലെന്നും ആനകളെ പരിപാലിക്കുന്നവര്‍ പറയുന്നു.
ഒരുഭാഗം മാത്രമേ ചായമടിച്ചുള്ളൂയെന്നും ഫോട്ടോയെടുത്ത് പത്തുമിനിറ്റിനകം നിറം കഴുകിക്കളഞ്ഞെന്നും അനയുടെ ഉടമ സാദിഖ് ഖാന്‍ പറഞ്ഞു. എന്നാല്‍ മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം വേണമെന്നാണ് മൃഗസംരക്ഷണസംഘടനയുടെ ആവശ്യം.


by Midhun HP News | Apr 1, 2026 | Latest News, കേരളം
കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മതവികാരം ഇളക്കിവിട്ടെന്ന ഹര്‍ജിയില്‍, തൃശൂരിലെ ബിജെപി ലോക്സഭാംഗം സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി. എഐവൈഎഫ് തൃശൂർ ജില്ലാ പ്രസിഡന്‍റ് എ എസ് ബിനോയ് ആണ് സുരേഷ് ഗോപിയുടെ വിജയത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്നും വിജയിച്ച സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം ഹര്‍ജിക്കാരന്‍ കൈമാറിയിരുന്നു. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം ഹൈക്കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരും.
ഹൈക്കോടതി ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. മതത്തെ ദുരുപയോഗിച്ചും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും ഉപഹാരങ്ങളും നല്‍കിയുമാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയത്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ എല്ലാ തെളിവുകളും കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ചിട്ടുണ്ട്. തുടര്‍നടപടികളില്‍ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുനില്‍കുമാര്‍ പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തൃശൂരില്‍ നിന്ന് സുരേഷ് ഗോപി വിജയിച്ചത്.


by Midhun HP News | Apr 1, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ച സിനിമയായിരുന്നു 2023 ൽ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി. ഹിന്ദു, ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ആയിരക്കണക്കിന് പെൺകുട്ടികളെ മുസ്‌ലിം ചെറുപ്പക്കാർ വിവാഹത്തിലൂടെ മതപരിവർത്തനം നടത്തുകയും തുടർന്ന് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയെന്ന പേരിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വൻതോതിൽ പ്രതിഷേധവുമുയർന്നിരുന്നു. അടുത്തിടെ കേരള സ്റ്റോറി രണ്ടാം ഭാഗവും റിലീസ് ചെയ്തിരുന്നു.
എന്നാൽ സിനിമ കാണാൻ ഒരാളുപോലും എത്താതിരുന്നതിനെ തുടർന്ന് കേരളത്തിലെ പല തിയറ്ററുകളിൽ നിന്നും ഷോ റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പള്ളിച്ചട്ടമ്പി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ കേരള സ്റ്റോറി 2വിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നടൻ ടൊവിനോ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
‘2023 ൽ പുറത്തിറങ്ങിയ ദ് കേരള സ്റ്റോറി എന്ന സിനിമയ്ക്കെതിരെ മലയാളത്തിലെ ഒരു നടൻമാരും പ്രതികരിച്ചില്ല. കേരളത്തെക്കുറിച്ച് വളരെ തെറ്റായ ഒരു വിവരം നൽകിയ സിനിമയാണത്. അടുത്തിടെ ആ സിനിമയുടെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. എന്തുകൊണ്ടാണ് കേരള സ്റ്റോറി 2 വിനെതിരെയും നിങ്ങൾ പ്രതികരിക്കാതെ ഇരുന്നത്’ എന്നായിരുന്നു ടൊവിനോയോടുള്ള ചോദ്യം.
“ഞാൻ അതിന്റെ ആദ്യ ഭാഗം കണ്ടിരുന്നു. അപ്പോൾ തന്നെ എനിക്ക് മനസിലായി, ഞാൻ ഒരു പോസ്റ്റ് ആ സിനിമയെ കുറിച്ച് പങ്കുവച്ചാൽ അത് അവർക്കൊരു പ്രൊമോഷനായി മാറുമെന്ന്. അപ്പോൾ ഞാൻ തീരുമാനിച്ചു ഒരിക്കലും ഞാൻ അത് ചെയ്യില്ലെന്ന്.
ഞാൻ അത് ഒഴിവാക്കി വിട്ടു. കേരളത്തിൽ ആരും ആ സിനിമ കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”.- ടൊവിനോ പറഞ്ഞു. ടൊവിനോയുടെ മറുപടിയ്ക്ക് കയ്യടിക്കുകയാണ് ആരാധകരിപ്പോൾ. അതേസമയം വിഷു റിലീസായി ഏപ്രിൽ 10 നാണ് പള്ളിച്ചട്ടമ്പി റിലീസ് ചെയ്യുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കയാദു ലോഹർ ആണ് നായിക. ചിത്രത്തിന്റെ ട്രെയ്‌ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.


by Midhun HP News | Apr 1, 2026 | Latest News, കേരളം
കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നത് അറിഞ്ഞ് സംവിധായകന്‍ ഒളിവില്‍ പോകാന്‍ ശ്രമിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. രണ്ടു ദിവസമായി രഞ്ജിത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു. കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യമായതിനെത്തുടര്‍ന്നാണ് തുടര്‍ നടപടികളിലേക്ക് കടന്നത്. കൃത്യമായ തെളിവുകളോടെയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് തുടര്‍ നടപടിയുണ്ടായിരിക്കുന്നത്. പരാതി നല്‍കിയ യുവനടി ട്രോമ സ്‌റ്റേജിലായിരുന്നു. വളരെ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. പരാതി ലഭിച്ചയുടന്‍ തന്നെ വനിതാ ഉദ്യോഗസ്ഥരടങ്ങിയ പൊലീസ് സംഘത്തെ നിയോഗിച്ചു. അവര്‍ക്ക് മാനസികമായ കൗണ്‍സിലിങ് എല്ലാം നല്‍കിയ ശേഷമാണ്, മൊഴി എടുക്കല്‍ അടക്കമുള്ള നടപടികള്‍ ചെയ്തത്. തൊഴിലിടത്ത് ഒരു സ്ത്രീക്കും ഇനി ഇതുപോലുള്ള അനുഭവം ഉണ്ടാകരുത്.
സെലിബ്രിറ്റി ആയ ആള്‍ക്കെതിരെയാണ് പരാതി എന്നതിനാല്‍ വളരെ വിശദമായ അന്വേഷണത്തിനു ശേഷമാണ് നടപടികളിലേക്ക് കടന്നത്. പരാതിയും നടപടികളും രഹസ്യമായി സൂക്ഷിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. ഷൂട്ടിങ് സെറ്റില്‍ നടന്ന സംഭവമാണ്. അന്ന് അവിടെയുണ്ടായിരുന്നവര്‍ക്ക് അറിവുള്ള കാര്യമാണ്. പരാതിക്കാരി കരഞ്ഞുകൊണ്ട് പുറത്തു വരികയും, അവിടെയുള്ള ആളുകള്‍ നടിയെ സമാധാനപ്പെടുത്തി വിടുകയും ചെയ്തിട്ടുള്ളതാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. പരാതിക്കാരിയായ നടിയുടെ വ്യക്തിവിവരങ്ങളോ, തിരിച്ചറിയാനുതകുന്ന ഒന്നും തന്നെ മാധ്യമങ്ങള്‍ നല്‍കരുതെന്നും കൊച്ചി പൊലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ മൊഴിയെടുത്തപ്പോള്‍ പരാതി സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുവരുന്നു. രഞ്ജിത്തിനെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പ്രതിചേര്‍ക്കുന്നതും പരിശോധിച്ചു വരികയാണ്. ഉദയംപേരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നതെന്നും അന്വേഷണ മേല്‍നോട്ട ചുമതലയുള്ള കൊച്ചി ഡിസിപി അശ്വതി ജിജി പറഞ്ഞു.


Recent Comments