യുവശക്തിയിലൂടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം യാഥാർത്ഥ്യമാകും: എം.അനിൽകുമാർ

യുവശക്തിയിലൂടെ ഏക ഭാരതം ശ്രേഷ്ഠ ഭാരതം യാഥാർത്ഥ്യമാകും: എം.അനിൽകുമാർ

ആറ്റിങ്ങൽ: യുവശക്തിയിലൂടെ ഭാരതത്തിൽ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കല്പം യാഥാർത്ഥ്യമാകുമെന്ന് യുവജന കാര്യ കായിക മന്ത്രാലയം മൈഭാരത് കേരളാ സോൺ സംസ്ഥാന ഡയറക്ടർ എം. അനിൽകുമാർ പറഞ്ഞു. വികസിത ഭാരതം എന്ന സങ്കല്പവും യാഥാർത്ഥ്യമാകാൻ രാഷ്ട്ര നിർമ്മാണ പ്രകൃയയിൽ യുവജനങ്ങൾ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സർദാർ പട്ടേലിൻ്റെ നൂറ്റിഅൻപതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങലിൽ മൈഭാരത് സംഘടിപ്പിച്ച ഏകതാ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ സ്വാതന്ത്ര്യ സമര സ്മാരകത്തിൽ നിന്നാരംഭിച്ച പദയാത്ര ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ സ്കൂളിൽ സമാപിച്ചു.

സമാപന സമ്മേളനത്തിൽ ജ്യോതിസ് ഇൻസ്റ്റിറ്റൂഷൻസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സർദ്ദാർ പട്ടേലിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങിൽ ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ സിതാര മോഹൻ ഏകതാപ്രതിജ്ഞചൊല്ലി കൊടുത്തു. നഗരസഭാ കൗൺസിലർ ദീപാ രാജേഷ്, ലഫ്റ്റനൻ്റ് കേണൽ ഭൂപേന്ദ്ര താപ്പെ, ജില്ലാ യൂത്ത് ആഫീസർ സുഹാസ്, മൻ കീ ബാത് പരിഭാഷകൻ പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു. എൻ.സി.സി, എൻ.എസ്.എസ്, മൈഭാരത് വോളൻ്റിയർമാർ ഉൾപ്പടെ അഞ്ഞൂറിലധികം പേർ പദയാത്രയിൽ പങ്കെടുത്തു.

ബി​ഗ് ബോസ് കപ്പുയർത്തി അനുമോൾ; 100 ദിവസം കൊണ്ട് നേടിയത് സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം

ബി​ഗ് ബോസ് കപ്പുയർത്തി അനുമോൾ; 100 ദിവസം കൊണ്ട് നേടിയത് സമ്മാനത്തുകയേക്കാൾ കൂടുതൽ പ്രതിഫലം

ബി​ഗ് ബോസ് മലയാളം സീസൺ 7 ടൈറ്റിൽ വിജയി ആയി അനുമോൾ. 100 ദിവസത്തെ കടുത്ത മത്സരത്തിനൊടുവിലാണ് അനുമോൾ കപ്പ് സ്വന്തമാക്കിയത്. പിആർ വിവാദങ്ങൾക്കിടയിലാണ് അനുമോൾ കപ്പ് ഉയർത്തിയത്. ബിഗ് ബോസ് നാലാം സീസണിലാണ് ആദ്യമായി ഒരു വനിത മത്സരാര്‍ഥി കപ്പ് നേടുന്നത്. ദില്‍ഷയക്ക് ശേഷം ബിഗ് ബോസ് കിരീടം നേടുന്ന വനിത മത്സരാര്‍ഥി കൂടിയാണ് അനുമോള്‍.

ഈ സീസണില്‍ കോമണറായി എത്തിയ അനീഷ് ആണ് ഫസ്റ്റ് റണ്ണർഅപ്പ്. മൂന്നാം സ്ഥാനം ഷാനവാസും നാലാം സ്ഥാനം നെവിനും അഞ്ചാം സ്ഥാനം അക്‌ബറും സ്വന്തമാക്കി. “ഷോയുടെ വിജയിയായി ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ദൈവത്തിനും, എന്റെ കുടുംബത്തിനും, എന്റെ സുഹൃത്തുക്കൾക്കും, ഇന്നുവരെ എന്നെ പിന്തുണച്ച പ്രേക്ഷകർക്കും നന്ദി.

ഒരിക്കൽ, എനിക്ക് ലാലേട്ടനെ കാണാൻ പോലും കഴിഞ്ഞില്ല; ഇപ്പോൾ എനിക്ക് അഭിമാനത്തോടെ അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാനും കെട്ടിപ്പിടിക്കാനും കഴിയുന്നു. എല്ലാവർക്കും നന്ദിയും സ്നേഹവും.”- എന്നാണ് വിജയിച്ച ശേഷം അനുമോൾ പറഞ്ഞത്. സീസണിലെ സമ്മാനത്തുക 50 ലക്ഷം രൂപയായി പ്രഖ്യാപിച്ചിരുന്നെങ്കിലും, അതിന്റെ ഒരു ഭാഗം പിന്നീട് ബിഗ് ബാങ്ക് ടാസ്‌കിലെ വിജയികൾക്ക് വിതരണം ചെയ്തു.

ഇതോടെ അനുവിന്റെ സമ്മാനത്തുക 42.5 ലക്ഷം രൂപയായി. പണം കൂടാതെ മാരുതി സുസുക്കിയുടെ കാറും അനുമോള്‍ക്ക് സമ്മാനമായി ലഭിച്ചു. സീസണ്‍ 7ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു അനുമോള്‍. പ്രതിദിനം 65,000 രൂപ എന്ന കണക്കില്‍ 100 ദിവസം വീട്ടില്‍ നിന്ന അനുമോള്‍ക്ക് പ്രതിഫലമായി 65 ലക്ഷം രൂപ കിട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ സമ്മാനത്തുകയേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥി എന്ന പ്രത്യേകതയും അനുമോൾക്കാണ്. ഓ​ഗസ്റ്റ് ഏഴിനാണ് ബി​ഗ് ബോസ് സീസൺ 7 ആരംഭിക്കുന്നത്. സുരഭിയും സുഹാസിനിയും എന്ന പരമ്പരയിലെ പ്രകടനത്തിന് അടുത്തിടെ രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും അനുമോൾ നേടിയിരുന്നു.

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 43 കാരനായ പ്രതി വീട്ടമ്മയുടെ അയൽവാസിയാണ്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം അതിക്രമിച്ചു കയറിയ പ്രതി വീട്ടമ്മയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ആറ്റിങ്ങൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പ്; ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ കണക്കുകൾ ഇങ്ങനെ……..

തദ്ദേശ തെരഞ്ഞെടുപ്പ്; ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ കണക്കുകൾ ഇങ്ങനെ……..

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർത്തിയായ സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത്ഭരണസമിതികളിലെ ഭരണം – ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ ഭരിക്കുന്നത് എൽഡിഎഫാണ്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്.

സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ളത് 87 നഗരസഭകളാണ്. അതിൽ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളിൽ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.

എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.

ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാം; ഇതാ ഉയര്‍ന്ന പലിശ നല്‍കുന്ന അഞ്ചു നിക്ഷേപങ്ങള്‍

ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാം; ഇതാ ഉയര്‍ന്ന പലിശ നല്‍കുന്ന അഞ്ചു നിക്ഷേപങ്ങള്‍

സുരക്ഷിത നിക്ഷേപം ഏത് എന്ന് ചോദിച്ചാല്‍ ആളുകളുടെ മനസില്‍ ആദ്യം ഓടിയെത്തുക ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആണ്. ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം.

എന്നാല്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ വരുമാനം നല്‍കുന്ന നിരവധി മറ്റു സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളും വിപണിയില്‍ ലഭ്യമാണ്. അത്തരത്തിലുള്ള അഞ്ച് നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം.

1. സര്‍ക്കാര്‍ ബോണ്ടുകള്‍

സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നുണ്ട്.

സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിന് അല്ലെങ്കില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായി വരുമ്പോഴാണ് സര്‍ക്കാരുകള്‍ ബോണ്ടുകള്‍ ഇറക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന സുരക്ഷ ഉറപ്പാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടുകള്‍ (എഫ്ആര്‍എസ്ബി) നിലവില്‍ 8.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീം വഴി നിക്ഷേപം നടത്താവുന്നതാണ്.

2. കോര്‍പ്പറേറ്റ് ബോണ്ടുകള്‍

കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കോ വികസനത്തിനോ വേണ്ടി പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് കോര്‍പ്പറേറ്റ് ബോണ്ടുകള്‍. ഒരു നിശ്ചിത സമയപരിധിയിലേക്ക് കമ്പനിക്ക് പണം കടം കൊടുക്കുന്നതിന് തുല്യമാണിത്. കമ്പനികള്‍ പുറപ്പെടുവിക്കുന്ന ഈ ബോണ്ടുകള്‍ എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് വാഗ്ധാനം ചെയ്യുന്നു. നിലവില്‍ 9 ശതമാനം മുതല്‍ 11 ശതമാനം വരെയാണ് പലിശ. അതേസമയം കോര്‍പ്പറേറ്റ് ബോണ്ടുകള്‍ക്ക് ചെറിയ അപകട സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ക്രെഡിറ്റ് റേറ്റിങ് പരിശോധിച്ചതിനുശേഷം മാത്രം നിക്ഷേപിക്കുന്നതാണ് ഉചിതം.

3. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഈ ബോണ്ടുകള്‍ സ്വര്‍ണ്ണത്തിന്റെ വിലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ 2.5 ശതമാനം വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പുതിയ ഇഷ്യൂകള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. എക്‌സ്‌ചേഞ്ചുകളില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ.

4. ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന ഈ ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകള്‍ക്ക് 1-3 വര്‍ഷത്തെ കാലാവധിയുണ്ട്. കൂടാതെ സേവിംഗ്‌സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.

5. കോര്‍പ്പറേറ്റ് എഫ്ഡികള്‍

കോര്‍പ്പറേറ്റ് എഫ്ഡി സ്‌കീമുകളില്‍ നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിക്കാന്‍ ആകും. ടേം നിക്ഷേപത്തിന് സമാനമായ പദ്ധതികള്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. അഞ്ച് വര്‍ഷം വരെ കാലാവധിയിലാണ് മിക്ക സ്ഥിര നിക്ഷേപങ്ങളും. ഇവ ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശ(8.5% വരെ) നല്‍കുന്നു. പക്ഷേ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നില്ല. ബജാജ് ഫിന്‍സെര്‍വ് അല്ലെങ്കില്‍ ശ്രീറാം ഫിനാന്‍സ് പോലുള്ള AAA- റേറ്റിങ്ങുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് താരതമ്യേന സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.

എസ്‌ഐആര്‍: എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം, നടപടിക്രമങ്ങള്‍ ഇങ്ങനെ

എസ്‌ഐആര്‍: എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം, നടപടിക്രമങ്ങള്‍ ഇങ്ങനെ

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) നടപടികള്‍ കേരളത്തിലും പുരോഗമിക്കുകയാണ്. ബിഎല്‍ഒമാര്‍ വീട്ടിലെത്തുമ്പോള്‍ സ്ഥലത്തില്ലെങ്കിലും ആശങ്കപ്പെടേണ്ടതില്ല, എന്യുമറേഷന്‍ ഫോം ഓണ്‍ലൈനായും നല്‍കാം. പ്രവാസികളടക്കമുള്ളവര്‍ക്ക് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

voters.eci.gov.in എന്ന വെബ്സൈറ്റില്‍ ആണ് ഓണ്‍ലൈന്‍ എന്യൂമറേഷന്‍ ഫോം ലഭ്യമാകുക. വെബ്‌സൈറ്റിലെ എസ്ഐആര്‍ 2026ലെ ഫില്‍ എന്യുമറേഷന്‍ ഫോം എന്ന ലിങ്കില്‍ പ്രവേശിച്ചാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വോട്ടര്‍ ഐഡിയെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈനില്‍ ഫോം പൂരിപ്പിക്കാന്‍ കഴിയൂ.

മൊബൈല്‍ നമ്പറും ക്യാപ്ച്ചെയും നല്‍കി ഫോണിലേക്ക് വരുന്ന ഒടിപി നല്‍കി വ്യക്തികള്‍ക്ക് ലോഗിന്‍ ചെയ്യാൻ സാധിക്കും. എന്‍ആര്‍ഐ വോട്ടര്‍മാരാണെങ്കില്‍ ഇ-മെയില്‍ വിലാസം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് ഇലക്ടര്‍ എന്ന ഭാഗമാണ് ലോഗിന്‍ ചെയ്യേണ്ടത്.

ഫില്‍ എന്യുമറേഷന്‍ ഫോമില്‍ ക്ലിക്ക് ചെയ്ത് സംസ്ഥാനവും തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി നമ്പറും നല്‍കുക. ഇതോടെ, പേര്, സീരിയല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ കാണാന്‍ സാധിക്കും. മൊബൈല്‍ നമ്പറും ഒടിപിയും നല്‍കി അനുയോജ്യമായ കാറ്റഗറി സെലക്റ്റ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ എന്യുമറേഷന്‍ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മതി.

വോട്ടര്‍ ഐഡി മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈനായി എന്യുമറേഷന്‍ ഫോം ഫില്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ലിങ്ക് ചെയ്തിട്ടില്ലെന്ന സന്ദേശമാണ് കാണിക്കുന്നതെങ്കില്‍ വെബ്‌സൈറ്റിലെ ഫോം 8 ഫില്‍ ചെയ്ത് ഇക്കാര്യം പൂര്‍ത്തിയാക്കാം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് ആധാറിലേയും വോട്ടര്‍ ഐഡിയിലേയും പേരും ഒന്നായിരിക്കണം.