ഇടുക്കിയില്‍ നിന്ന് വൈദ്യുതി ഒരു മാസത്തോളം നിലയ്ക്കും; 24 കോടി യൂണിറ്റിന്റെ കുറവ്

ഇടുക്കിയില്‍ നിന്ന് വൈദ്യുതി ഒരു മാസത്തോളം നിലയ്ക്കും; 24 കോടി യൂണിറ്റിന്റെ കുറവ്

തൊടുപുഴ: ഇടുക്കിയില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കും. മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതിനാലാണിത്. വൈദ്യുതിയിലുണ്ടാകുന്ന കുറവ് പുറമേ നിന്ന് വൈദ്യുതി എത്തിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി.

ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ സീലുകള്‍ കാലപ്പഴക്കം കാരണം തേഞ്ഞുപോയിട്ടുണ്ട്. ഇത് മാറ്റുന്നതിനാണ് നവംബര്‍ 11 മുതല്‍ ഡിസംബര്‍ 10 വരെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത്.ഡാമില്‍നിന്ന് വെള്ളമെത്തുന്ന പവര്‍ഹൗസിലെ രണ്ടാം പെന്‍സ്റ്റോക്ക് പൈപ്പിന്റെ ഭാഗമാണ് നാല്, അഞ്ച്, ആറ് ജനറേറ്ററുകളെന്നതിനാല്‍ നാലാം ജനറേറ്ററിന്റെ പ്രവര്‍ത്തനവും നിര്‍ത്തേണ്ടിവരും.

ഇടുക്കിയിലെ ആകെ വൈദ്യുതോത്പാദനം 780 മെഗാവാട്ടാണ്. മൂന്നു ജനറേറ്ററുകള്‍ നിര്‍ത്തുന്നതോടെ ഇത് പ്രതിദിനം 390 മെഗാവാട്ടായി കുറയും. മാസം 24 കോടി യൂണിറ്റിന്റെ കുറവുണ്ടാകും. എല്ലാവര്‍ഷവും ജൂലായ് മുതല്‍ ഡിസംബര്‍ വരെ ഓരോ ജനറേറ്റര്‍ വീതം ഓരോ മാസം അറ്റകുറ്റപ്പണി ചെയ്യുന്നതാണ് പതിവ്. ഇത്തവണ സീലുകള്‍ തേഞ്ഞുപോയത് കണ്ടെത്തിയതുകൊണ്ടാണ് മൂന്ന് ജനറേറ്ററുകളുടെയും അറ്റകുറ്റപ്പണി ഒരുമിച്ചുനടത്തുന്നത്.

സ്‌കൂള്‍ ശാസ്‌ത്രോത്സവം; മലപ്പുറം ഹാട്രിക്കിലേക്ക്, ഇന്ന് മേള അവസാനിക്കും

സ്‌കൂള്‍ ശാസ്‌ത്രോത്സവം; മലപ്പുറം ഹാട്രിക്കിലേക്ക്, ഇന്ന് മേള അവസാനിക്കും

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം. ഇതുവരെ 1124 പോയിന്റുമായി മലപ്പുറം മുന്നിട്ട് നില്‍ക്കുകയാണ്. കണ്ണൂര്‍ (1095) രണ്ടും കോഴിക്കോട് (1066) മൂന്നും സ്ഥാനത്തുണ്ട്. മേള ഇന്ന് സമാപിക്കും.

സ്‌കൂളുകളില്‍ 108 പോയിന്റ് നേടിയ കോന്നി ഗവ. എച്ച്എസ്എസാണ് മുന്നില്‍. വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് രണ്ടും (99) കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ് (97) മൂന്നും സ്ഥാനത്തുണ്ട്. നവംബര്‍ ഏഴിാണ് ശാസ്ത്രോത്സവം ആരംഭിച്ചത്. നാലുദിവസം നീണ്ട മേളയില്‍ കുട്ടികള്‍ക്ക് അവരുടെ ശാസ്ത്ര ലോകത്തെ അറിവും മികവും പ്രകടിപ്പിക്കാന്‍ സാധിച്ചു. കുട്ടികളുടെ നിരവധി പുതിയ കണ്ടുപിടിത്തങ്ങള്‍ക്കാണ് ശാസ്ത്രോത്സവം വേദിയായത്.

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവർഷ മഴ വീണ്ടും സജീവമായി. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കൻ ജില്ലകളിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ.

തുടക്കത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മധ്യ, തെക്കൻ ജില്ലകളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

‘ബുദ്ധനും യൂദാസും കുറെ ചാവേറുകളും’ നോവൽ പ്രകാശനം ചെയ്തു

‘ബുദ്ധനും യൂദാസും കുറെ ചാവേറുകളും’ നോവൽ പ്രകാശനം ചെയ്തു

കേരള ഫയർ ആൻ്റ് റെസ്ക്യു ഉദ്യോഗസ്ഥനും ആറ്റിങ്ങൽ കൊല്ലമ്പുഴ സ്വദേശിയുമായ സജിത് ലാൽ നന്ദനത്തിൻ്റെ മാൻകൈൻ്റ് ലിറ്ററേച്ചർ പ്രസിദ്ധീകരിച്ച ബുദ്ധനും യൂദാസും കുറെ ചാവേറുകളും എന്ന നോവൽ പ്രശസ്ത യുവ നോവലിസ്റ്റുകളായ വിഷ്ണു എം.സി (കാന്തമല ചരിതം ട്രിലോജി), ഷിനു എം.എസ് (ജഹന്ന) എന്നിവർ ഗ്രന്ഥകാരൻ്റെ പിതാവ് കെ.ദിവാകരൻ നായർക്ക് നൽകി പ്രകാശനം ചെയ്തു.

അജിത് ലാൽ എസ് ഡി അദ്ധ്യക്ഷത വഹിച്ച പ്രകാശന വേളയിൽ പ്രശസ്ത നോവലിസ്റ്റ് ജഗദീഷ് കോവളം സ്വാഗത പ്രസംഗം നടത്തി. കുളത്തൂർ.എൻ ദിലീപ് പുസ്തക പരിചയം നടത്തുകയും എസ് വേണുഗോപാൽ (ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്) പവനൻ.എ, വിജി വട്ടപ്പാറ (കവി) ഹരീഷ് വെള്ളല്ലൂർ (സാഹിത്യകാരൻ) അജിത് കുമാർ. ജി എന്നിവർ ആശംസാ പ്രസംഗം നടത്തുകയും ചെയ്തു. പ്രൗഢഗംഭീരമായ ചടങ്ങിൽ ഗ്രന്ഥകാരനായ സജിത് ലാൽ നന്ദനം മറുമൊഴിയും കൃതജ്ഞതയും നടത്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയാക് ഐസിയുവിലെത്തിച്ച പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയാക് ഐസിയുവിലെത്തിച്ച പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് തട്ടിപ്പ് കേസ് പ്രതി പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊട്ടിയം സ്വദേശിയായ രാജീവ് ഫെര്‍ണാണ്ടസാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊല്ലം ഈസ്റ്റ് പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ച പ്രതിയാണ് രക്ഷപ്പെട്ടത്.

കൊല്ലത്ത് വച്ച് പൊലീസ് നടപടിക്രമങ്ങള്‍ക്കിടെ തനിക്ക് ദേഹാസ്ഥാസ്ഥ്യമുണ്ടായെന്ന് പ്രതി പറഞ്ഞത് പ്രകാരമാണ് പൊലീസ് ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്.ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞുള്‍പ്പെടെ തട്ടിപ്പുകള്‍ നടത്തിവന്നിരുന്ന ഇയാള്‍ക്കെതിരെ രണ്ട് പൊലീസ് സ്റ്റേഷനിലായി കേസുകളുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണ്. രാജീവ് തിരുവനന്തപുരം ജില്ല വിടാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

തദ്ദേശപ്പോരിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തദ്ദേശപ്പോരിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാര്‍ത്താ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.

പലയിടങ്ങളിലും സ്ഥാനാർത്ഥി പ്രഖ്യാപനവും പുരോഗമിക്കുന്നുണ്ട്. പല കോർപ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും.
പാളയത്ത് മുന്‍ അത്‌ലറ്റ് പദ്മിനി തോമസും തമ്പാനൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ സതീഷും ആത്മഹത്യ ചെയ്ത തിരുമല അനിലിന്റെ വാര്‍ഡില്‍ ദേവിമ പിഎസും മത്സരിക്കും. കരുമത്ത് ആശാനാഥിനെയും നേമത്ത് എം ആര്‍ ഗോപനെയും ബിജെപി രംഗത്തിറക്കി. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാറില്‍ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപനം.

തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐഎം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.