ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ; സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍

ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ; സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്. 90,360 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 11,295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇതാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.

വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം

വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം

റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാന്‍ വീണ്ടും അവസരം. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 17 മുതല്‍ പിങ്ക് അഥവ ബിപിഎല്‍ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിനായി അപേക്ഷിക്കാം. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജിആര്‍ ഈ മാസം നിര്‍വഹിച്ചിരുന്നു. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 6.5 ലക്ഷത്തിലധികം കുടുംബങ്ങളെയാണ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റിയത്.

അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയില്‍ വലിയ പങ്കാണ് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വഹിച്ചത്.

മുന്‍ഗണന ആര്‍ക്ക്?

തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി നല്‍കുന്ന ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍
മാരക രോഗങ്ങളുള്ളവര്‍

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടയാളുകള്‍
പരമ്പരാഗത മേഖലയില്‍ ജോലി ചെയ്യുന്നവര്‍
നിര്‍ധന ഭൂരഹിത-ഭവനരഹിതര്‍
സര്‍ക്കാര്‍ ധനസഹായത്തോടെ വീടുവെച്ചവര്‍
ഭിന്നശേഷിക്കാര്‍

അര്‍ഹതയില്ലാത്തവര്‍

1,000 ചരുരശ്ര അടിയില്‍ അധികം വിസ്തീര്‍ണമുള്ള വീടുള്ളവര്‍
1 ഏക്കറിലധികം ഭൂമിയുള്ളവര്‍
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍
സര്‍വീസ് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍
ആദായ നികുതി അടയ്ക്കുന്നവര്‍
പ്രതിമാസ വരുമാനം 25,000 കൂടുതലുള്ള കുടുംബങ്ങള്‍
നാലുചക്ര വാഹനം സ്വന്തമായുള്ളവര്‍
വിദേശത്ത് ജോലി ചെയ്യുന്നവരുള്ള കുടുംബം

സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍ നിന്ന് 25,000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങിക്കുന്നവര്‍.

ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ 24 ലക്ഷം രൂപ അനുവദിച്ചു

അപകടവസ്ഥയിലായ ഒന്നാം പാലം തിട്ടയിൽ റോഡ് പുനർനിർമ്മിക്കാൻ 24 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ ഇൻലാൻഡ് നാവി ഗേഷൻ വകുപ്പിൽ നിന്നു സാമ്പത്തിക അനുമതി ലഭിച്ചു.
ടി എസ് കനാലിന് സമാന്തരമായി അമ്പതോളം വീടുകളിലെ ആൾക്കാർ ഉപയോഗിക്കുന്ന ഒന്നാം പാലം തിട്ടയിൽ റോഡ് ഇന്റർലോക്ക് തകർന്ന് കാടു കയറി അപകടാവസ്ഥയിൽ ആയിട്ട് നാളുകൾ ഏറെയായി.

ഈ വഴിയുള്ള യാത്ര ദുരിതമായതിനെ തുടർന്ന് സിപിഐഎം നെടുങ്ങണ്ട ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി വിജയ് വിമൽ എംഎൽഎ വി. ശശി ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് റോഡ്‌ പണി ആരംഭിക്കും.

ഇന്ത്യയിലുടനീളം സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

ഇന്ത്യയിലുടനീളം സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടു; മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍

ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്ന് ഐഎസ് ഭീകരര്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്നാണ് ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തുടനീളം ഭീകരാക്രമണങ്ങള്‍ നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. ഇതിനായി ആയുധങ്ങള്‍ വിതരണം ചെയ്യാനാണ് ഇവര്‍ ഗുജറാത്തിലെത്തിയത്. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത മൊഡ്യൂളുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങള്‍, പ്രത്യേക കേന്ദ്രങ്ങള്‍ എന്നിവയെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് എടിഎസ് സൂചിപ്പിച്ചു.

ഈ വര്‍ഷം ആദ്യം, ഭീകരസംഘടനായ അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിഭാഗമായ എക്യുഐഎസില്‍പ്പെട്ട അഞ്ചുപേരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. പാകിസ്ഥാനി ഇടനിലക്കാരുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകര മൊഡ്യൂളില്‍ അംഗമായ ഒരു സ്ത്രീയും ബംഗളൂരുവില്‍ നിന്നും അറസ്റ്റിലായിരുന്നു. അറസ്റ്റിലായ പ്രധാന പ്രതികളിലൊരാളായ സീഷാന്‍ അലിയുടെ കയ്യില്‍ നിന്നും സെമി-ഓട്ടോമാറ്റിക് പിസ്റ്റളും വെടിയുണ്ടകളും അടക്കം പിടിച്ചെടുത്തിരുന്നു.

ആറ്റിങ്ങൽ എസ്.ഐ യേയും ഏ എസ് ഐ യേയും ആദരിച്ചു കല്ലിൻമുട് വാർഡ് സമിതി

ആറ്റിങ്ങൽ എസ്.ഐ യേയും ഏ എസ് ഐ യേയും ആദരിച്ചു കല്ലിൻമുട് വാർഡ് സമിതി

അയിലം പാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ സ്നേഹപൂർവ്വം ചേർത്തുപിടിച്ച് ജീവൻ രക്ഷിച്ച ആറ്റിങ്ങൽ എസ് ഐ ജിഷ്ണുവിനേയും എഎസ് ഐ മുരളീധരൻ പിള്ളയേയും കല്ലിൻമുട് വാർഡ് സമിതി ആദരിച്ചു.

ആദരവ് പരിപാടി മുദാക്കൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡൻ്റ് സുഗുണൻ, വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എൻ എസ് സജു , ജെ എച്ച്ഐ ടിൻ്റു , വാർഡ് എ ഡി എസ് ഭാരവാഹികൾ, വാർഡു സമിതി ഭാരവാഹികൾ വാർഡുനിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ ശാസ്ത്ര മേളയിൽ അയോഗ്യയാക്കിയ വിദ്യാർത്ഥിനിക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ കേരള ഹൈക്കോടതി ഉത്തരവ്

ജില്ലാ ശാസ്ത്ര മേളയിൽ അയോഗ്യയാക്കിയ വിദ്യാർത്ഥിനിക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ കേരള ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം: ജില്ല ശാസ്ത്ര മേളയിൽ “ചെലവ് ചുരുക്കി പോഷകാഹാര വിഭവങ്ങളും പച്ചക്കറി പഴവർഗ സംസ്കരണത്തിൽ ” ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ സി.എസ് .ഐ സ്കൂൾ വിദ്യാർത്ഥിനി യു ദേവിനയെ ബാലാവകാശ കമ്മീഷൻ അയോഗ്യയാക്കി.
പരാതി നൽകിയ മൂന്നാം സ്ഥാനക്കാരിക്ക് സംസ്ഥാതലത്തിൽ മത്സരിക്കാൻ അവസരം നൽകിയ വിധിയാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.

കഴിഞ്ഞ വർഷവും ഈ ഇനത്തിൽ സംസ്ഥാന തലത്തിൽ വിജയി ആയിരുന്നു ദേവിന. നെയ്യാറ്റിൻകരയിൽ വെച്ച് നടന്ന ഈ വർഷത്തെ മേളയിലും ദേവിന ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയിരുന്നു. എന്നാൽ മൂന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിനി ഡിഡിക്ക് അപ്പീൽ നൽകിയെങ്കിലും അപ്പീൽ ഡി ഡി തള്ളി. തുടർന്ന് ബാലവകാശ കമ്മീഷനെ സമീപിച്ചു.

കമ്മീഷൻ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയുടെ മൊഴി പോലും എടുക്കാതെ പരാതിക്കാരിയുടെ മൊഴി എടുത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തിയ മത്സരഫലം കേട്ടുകേൾവി ഇല്ലാത്ത തലത്തിൽ റദ്ദാക്കി. വ്യാഴാഴ്ച ഒന്നും, രണ്ടും, മൂന്നും സ്ഥാനം കിട്ടിയ വരെ വെച്ച് വീണ്ടും മത്സരം നടത്താൻ ബുധനാഴ്ച ഉത്തരവായി.

എന്നാൽ ആറ്റിങ്ങൾ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ ദേവിന സംഘഗാന മത്സരത്തിൽ പങ്കെടുക്കേണ്ടതിനാൽ വ്യാഴാഴ്ച ബാലവകാശ കമ്മീഷൻ നടത്തുവാൻ ഉത്തരവായ മത്സരം ഡി ഡി നടത്തുന്നതിൽ പങ്കെടുക്കാനാകില്ലെന്ന് ഡിഡിക്ക് മറുപടി നൽകിയെങ്കിലും രണ്ടും, മൂന്നും സ്ഥാനത്തുള്ളവരെ വെച്ച് മത്സരം നടത്തി.

ഈ മത്സരത്തിലും പരാതിക്കാരിക്ക് ഒന്നാം സ്ഥാനം ലഭിച്ചില്ല. കൂടാതെ ആദ്യം നടന്ന ജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനത്തു വിജയിച്ച വിദ്യാർത്ഥിനിയുടെ ഭാഗം പോലും കേൾക്കാതെ ആ കുട്ടിയുടെ ബാലവകാശം നിഷേധിച്ച് പുറത്താക്കുകയായിരുന്നു.

തുടർന്ന് അഭിഭാഷകരായ അഖിൽ സുശീന്ദ്രൻ, ദിലീപ്. വി .എൽ എന്നിവർ മുഖേന ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ബാലവകാശ കമീഷന്റെ തീരുമാനം അപക്വമാണെന്നും ജില്ലാതലത്തിൽ 20 കുട്ടികൾ മത്സരിച്ച മത്സരം റദ്ദാക്കി എന്താടിസ്ഥാനത്തിലാണ് രണ്ട് പേരെ വെച്ച് വിജയിയെ തീരുമാനിച്ചെതെന്നും ഹൈക്കോടതി ചോദിച്ചു. കേരള ഹൈക്കോടതി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ യു ദേവനിയെ തിങ്കളാഴ്ച പാലക്കാട്‌ വച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശവും നൽകി.