യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

കൊച്ചി: ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്നു പറഞ്ഞ് സമീപിച്ച് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. അശമന്നൂര്‍ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബാങ്കില്‍ പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണം എടുത്തു വില്‍ക്കാന്‍ സഹായിക്കും എന്ന് അശമന്നൂര്‍ സ്വദേശി പത്രത്തില്‍ പരസ്യം ചെയ്തിരുന്നു. ഇതു കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെട്ടത്. കോലഞ്ചേരിയിലെ ബാങ്കില്‍ സ്വര്‍ണം പണയം വച്ചിട്ടുണ്ടെന്നും ഇത് എടുക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി ഒരു ലക്ഷം രൂപ പണമായും 35,000 രൂപ ഗൂഗിള്‍ പേ വഴിയും വാങ്ങിയശേഷം ഇവര്‍ മുങ്ങുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ സി എല്‍ ജയന്‍, എസ്‌ഐമാരായ കെ ജി ബിനോയ്, ജി ശശിധരന്‍, എഎസ്‌ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാര്‍, മഞ്ജു ബിജു, സീനിയര്‍ സിപിഒമാരായ റിതേഷ്, ആശ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

മലപ്പുറത്ത് ലീഗിനെതിരെ കൈകോര്‍ത്ത് കോണ്‍ഗ്രസും സിപിഎമ്മും; മുന്നണി സമവാക്യങ്ങള്‍ പഴങ്കഥ

മലപ്പുറത്ത് ലീഗിനെതിരെ കൈകോര്‍ത്ത് കോണ്‍ഗ്രസും സിപിഎമ്മും; മുന്നണി സമവാക്യങ്ങള്‍ പഴങ്കഥ

മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആധിപത്യം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. വിജയം കൈപ്പിടിയിലൊതുക്കാന്‍ സഖ്യസമവാക്യങ്ങള്‍ മാറ്റി മറിക്കുകയും പുനര്‍നിര്‍മിക്കുകയുമൊക്കെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. സംസ്ഥാനത്തൊട്ടാകെയുള്ള പാര്‍ട്ടി സിദ്ധാന്തങ്ങള്‍ അടിമുടി പൊളിച്ചാണ് പരമ്പരാഗത മുന്നണി സമവാക്യങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. പൊന്‍മുണ്ടത്തില്‍ ഇത്തവണ രാഷ്ടീയ ഗണിതം മാറിമറിയുകയാണ്. ജനകീയ മുന്നണിയുടെ ബാനറില്‍ പ്രത്യയശാസ്ത്രപരമായ എല്ലാ അതിരുകളും ഭേദിച്ച് സിപിഎമ്മുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

പഞ്ചായത്ത് രൂപീകരണത്തിനുശേഷം പൊന്‍മുണ്ടത്തില്‍ ലീഗും കോണ്‍ഗ്രസും ഒരിക്കലും പൊതുവായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രാദേശികമായി പരിമിതമായ ശക്തി മാത്രമുള്ള സിപിഎമ്മിലേക്കാണ് കോണ്‍ഗ്രസ് വിഭാഗങ്ങളുടെ പരമ്പരാഗതമായിട്ടുള്ള ചാഞ്ചാട്ടം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് വീണ്ടും സിപിഎമ്മുമായി സഖ്യത്തിലേർപ്പെടാനാണ് തീരുമാനം. പതിറ്റാണ്ടുകളായി പൊന്‍മുണ്ടത്ത് ലീഗും കോണ്‍ഗ്രസും ബദ്ധവൈരികളാണ്. എന്നാല്‍ ഇത്തവണത്തെ നിലപാട് യുഡിഎഫ് ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ ധാരണ പ്രകാരം, 18 സീറ്റുകളില്‍ 11 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. അഞ്ചെണ്ണത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ബാക്കി രണ്ടെണ്ണം ടീം പൊന്‍മുണ്ടം ആയിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മലപ്പുറത്ത് യുഡിഎഫിന്റെ പ്രബല ശക്തിയായ ലീഗ് ഒട്ടും തൃപ്തരല്ല. ഇക്കാര്യത്തില്‍ അതൃപ്തി വ്യക്തമാക്കിക്കൊണ്ടാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

‘എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യുഡിഎഫ് മുന്നണിയില്‍ നിന്നുകൊണ്ടു മത്സരിക്കുകയെന്നതാണ് ലീഗിന്റെ നിലപാട്. പൊന്‍മുണ്ടത്തില്‍ സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഞങ്ങളുടെ ആശങ്കകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

തീരുമാനങ്ങള്‍ ഒന്നും അന്തിമമല്ലെന്നാണ് പ്രതിരോധത്തിലായ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ‘പൊന്‍മുണ്ടത്തിന് വളരെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. പരമ്പരാഗതമായി യുഡിഎഫ് അവിടെ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ലീഗ് ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല, വണ്ടൂര്‍ എംഎല്‍എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എ പി അനില്‍കുമാര്‍ ടിഎന്‍ഐഇയോട് പറഞ്ഞു.

അതേസമയം, സിപിഎം ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. യുഡിഎഫില്‍ നിരാശരായ ഏതൊരു വിഭാഗത്തിന്റെയും പിന്തുണ സ്വാഗതം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ‘പൊന്‍മുണ്ടത്തില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് ഔദ്യോഗിക സഖ്യമില്ല. എന്നാല്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിപിഎമ്മില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് . അവരുടെ വോട്ടുകള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,’ സിപിഎം ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞു. വാഴയൂരിലും സമാനമായ ഒരു അഴിച്ചുപണി പ്രകടമാണ്. അവിടെ സിപിഐ എല്‍ഡിഎഫുമായി ബന്ധം വേര്‍പെടുത്തി യുഡിഎഫിനൊപ്പം ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. സിപിഐയുടെ വിടവാങ്ങലിനെ താല്‍ക്കാലിക വിള്ളലായിട്ടാണ് സിപിഎം കാണുന്നത്. ‘പാര്‍ട്ടികള്‍ക്കിടയില്‍ പ്രാദേശിക പ്രശ്‌നങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷേ എല്‍ഡിഎഫ് അവ ആഭ്യന്തര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നു. ഇടതുമുന്നണിയുടെ ഐക്യമാണ് ഞങ്ങളുടെ മുന്‍ഗണന,’ വി പി അനില്‍ പറഞ്ഞു.

വ്യാഴാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് സ്ഥിരീകരിച്ചു. ‘പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കാന്‍ ഇരു പാര്‍ട്ടികളും പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ഐക്യം നിലനിര്‍ത്താനും തുറന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കാനുമാണ് ഞങ്ങളുടെ തീരുമാനം,’ അദ്ദേഹം പറഞ്ഞു. കരുവാരക്കുണ്ട്, മക്കരപറമ്പ് പഞ്ചായത്തുകളിലും യുഡിഎഫില്‍ സമാനമായ പ്രശ്‌നങ്ങളുണ്ട്. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ.

മുഹമ്മദ് അഷറഫ്(75) മരണപ്പെട്ടു

മുഹമ്മദ് അഷറഫ്(75) മരണപ്പെട്ടു

ആലംകോട് കൊച്ചുവിള മുക്കിൽ ഷാമില മൻസിലിൽ മുഹമ്മദ് അഷറഫ്(75)(MEK) മരണപ്പെട്ടു.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് സുബഹിക്ക് പള്ളിയിൽ പോകാൻ വേണ്ടി റോഡ് മുറിച്ച് കടക്കുമ്പോൾ ഉണ്ടായ വാഹന അപകടത്തിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രി ഒരു മണിയോടെ മരണം സംഭവിച്ചു.
റഹ്മാനിയ നിസാമിന്റെ ഭാര്യ പിതാവാണ് മുഹമ്മദ് അഷറഫ് (MEK)
കബറടക്കം (8/11/2025)ആലംകോട് ജുമാമസ്ജിദിൽ ളുഹറിനു ശേഷം നടക്കും.

ഇനി തിരുവനന്തപുരത്തിനും മെട്രോ; പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു

ഇനി തിരുവനന്തപുരത്തിനും മെട്രോ; പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റ് അംഗീകരിച്ചു

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക.

പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കും. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം/ടെക്നോപാര്‍ക്ക്/കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍.തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അതിവേഗം വളരുന്ന തിരുവനന്തപു

‘തൃശൂരിലേക്കല്ല, കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണം, 2019ല്‍ പറഞ്ഞതും അതുതന്നെ’

‘തൃശൂരിലേക്കല്ല, കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണം, 2019ല്‍ പറഞ്ഞതും അതുതന്നെ’

കൊച്ചി: കൊച്ചിയുടെ സാധ്യതകള്‍ മെച്ചപ്പെടണമെങ്കില്‍ കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കില്‍ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

‘2019ല്‍ ഞാന്‍ പറഞ്ഞത് അങ്ങനെ തന്നെയാണ്. തൃശൂരിലേക്കുള്ള മെട്രോയല്ല. ഞാന്‍ പറഞ്ഞിട്ടുള്ളത് കോയമ്പത്തൂരിലേക്കുള്ള എക്സ്റ്റന്‍ഷന്‍ ആണ്. അത് പാലിയേക്കര എന്നെ പറഞ്ഞിട്ടുള്ളൂ. തൃശൂര്‍ക്കാര്‍ക്ക് വേണ്ടിയല്ല. ഒരു കോമേഴ്‌സ്യല്‍ കോറിഡോര്‍ എന്ന് പറയുന്നത് രണ്ടു കോമേഴ്‌സ്യല്‍ സിറ്റികളെ ബന്ധിപ്പിച്ച് കൊണ്ടുള്ളതാണ്. രണ്ടില്‍ ഏതാണ് വലുത് എന്ന് ഇപ്പോഴും പറയാന്‍ കഴിയില്ല. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കില്‍ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണം. കൊച്ചിക്ക് ഒരു വിസിബിലിറ്റി വരണമെങ്കില്‍ രണ്ടു ട്വിന്‍ കോമേഴ്‌സ്യല്‍ സിറ്റികളുടെ കണക്ടിവിറ്റി അത്യാവശ്യമാണ്. കുട്ടികളുടെ ഭാവിക്ക് ഗുണകരമാണ്. പുതിയ കേരളത്തിന് ഏറെ ഗുണം ചെയ്യും. വികസിത് ഭാരത് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ ഇതെല്ലാം വേഗത്തില്‍ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണ്’- സുരേഷ് ഗോപി പറഞ്ഞു.

കൊച്ചി മെട്രോയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഇത് സഹായകമാകും. ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനം ലഭിക്കുന്ന സര്‍വീസാക്കി മാറ്റാന്‍ കഴിയും. നിലവില്‍ കണക്ടിവിറ്റി പ്രശ്‌നമാണ്. ഫ്‌ലൈറ്റ് കൊണ്ട് മാത്രം ഇതിന് പരിഹാരമാകില്ല. വിമാനത്താവളത്തിലേക്ക് മാത്രമായി പകുതി ദൂരം ഓടേണ്ടി വരില്ലേ. കൊച്ചി മെട്രോ കോയമ്പത്തൂര്‍ വരെ നീട്ടിയാല്‍ വായുമലിനീകരണം കുറയ്ക്കാനും സാധിക്കും. കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വരും. എന്നാല്‍ പാത ഇരട്ടിപ്പിക്കാതെ ഒന്നും നടക്കില്ല. കേരളത്തിലെ 700 കിലോമീറ്ററില്‍ നാലു ലൈന്‍ സാധ്യമായാല്‍ കൂടുതല്‍ ട്രെയിനുകള്‍ വരും. എന്നാല്‍ പാത ഇരട്ടിപ്പിക്കാതെ പുതിയ ട്രെയിന്‍ ചോദിക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലെ റെയില്‍വേ വികസനത്തിന് റെയില്‍വേ സജ്ജമാണ്. ഈ വര്‍ഷം 3042 കോടി രൂപയാണ് കേരളത്തിന് മാത്രം നീക്കിവെച്ചത്. പതിനായിരമോ അതില്‍ കൂടുതലോ നല്‍കാന്‍ തയ്യാറാണ്. ആവശ്യം ഭൂമി മാത്രമാണ്. വന്ദേഭാരത് പോലെ എക്‌സ്പ്രസ് ട്രെയിനുകളുടെയും വേഗം ഇനിയും വര്‍ധിപ്പിക്കാന്‍ സാധിക്കും. പക്ഷേ വളവുകള്‍ നിവര്‍ത്തേണ്ടതുണ്ട്. ഒരു സീറോ കര്‍വ് വേണ്ട. നോ ഡീപ് കര്‍വ് റെയില്‍ ലൈന്‍ വരുന്നതിനുള്ള സ്ഥലം കണ്ടെത്തി നല്‍കണം. അതുവഴി റെയില്‍ ഇപ്പോള്‍ കടന്നുപോകുന്ന ലൈനിന് പകരം ഭൂമി നല്‍കുന്ന തരത്തില്‍ ബാര്‍ട്ടര്‍ സിസ്റ്റവും ആലോചിക്കാവുന്നതാണ്.

അത്രയും വില കൊടുത്ത് വാങ്ങണമെന്നില്ല. അതുപോലെ റെയില്‍വേ സ്‌റ്റേഷനുകളും റീലൊക്കേറ്റ് ചെയ്യേണ്ടതുണ്ട്. കൊച്ചിയുടെ ജീവിത സാഹചര്യം മെച്ചപ്പെടുന്നതിന് പൊന്നുരുന്നിയില്‍ കേരളത്തിന്റെ തന്നെ ഏറ്റവും വലിയ റെയില്‍വേ ഹബ് വരണം. പൊന്നുരുന്നിയില്‍ 110 ഏക്കര്‍ ഭൂമി ഉണ്ട്. താന്‍ സ്വപ്‌നം കാണുന്നത് ചെന്നൈയിലുള്ള എംജിആര്‍ സെന്‍ട്രല്‍ സ്റ്റേഷന് സമാനമായ വികസനമാണ്. അവിടെ ഒരു സ്റ്റേഷനുള്ളു. ബാക്കിയെല്ലാം പുറത്താണ്. സൗകര്യങ്ങളുടെ വര്‍ധനയ്ക്ക് റെയില്‍വേ തടസമായി നില്‍ക്കുന്ന അഞ്ചു പട്ടണങ്ങള്‍ കേരളത്തില്‍ ഉണ്ട്. അതിന് പ്രതിവിധി വേണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും, അന്തിമ തീരുമാനം ഇന്ന്

കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും, അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശപ്രകാരമാണ് കെ ജയകുമാറിന്റെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിച്ചത്. സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ രീതിയുലുള്ള പ്രതിരോധത്തിൽ നിൽക്കുകയാണ്.

ഈ സമയത്താണ് കൂടുതൽ സ്വീകാര്യനായ മുൻ ചീഫ് സെക്രട്ടറിയും ബഹുമുഖ പ്രതിഭയുമായ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സിപിഎം സെക്രട്ടറിയേറ്റിൽ അഞ്ച് പേരുകളാണ് വന്നത്.

ഇതിൽ കൂടുതൽ പരി​ഗണന കെ ജയകുമാർ ഐഎഎസിനായിരുന്നു. മുഖ്യമന്ത്രിയടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയത്. പത്തനംതിട്ടയിൽ നിന്നുള്ള സതീശൻ എന്നയാളുടെ പേരാണ് ദേവസ്വം മന്ത്രി നിർദേശിച്ചത്. കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയേക്കുമോ എന്ന കാര്യത്തിൽ നാളെ തന്നെ അന്തിമ തീരുമാനം ഉണ്ടാകും. കെ ജയകുമാർ ഐഎഎസ് ഇതാദ്യമല്ല ശബരിമലയുടെ ചുമതലയിൽ വരുന്നത്. ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.