തിലകിന് പകരം റിങ്കു സിങ്; ടോസ് ഓസ്ട്രേലിയയ്ക്ക്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

തിലകിന് പകരം റിങ്കു സിങ്; ടോസ് ഓസ്ട്രേലിയയ്ക്ക്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ബ്രിസ്ബെയ്ൻ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം അൽപ്പ സമയത്തിനുള്ളിൽ. ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. കഴിഞ്ഞ കളിയിൽ നിന്നു ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. തിലക് വർമയ്ക്ക് പകരം ഇന്ത്യ റിങ്കു സിങിനെ ഉൾപ്പെടുത്തി.

ഇന്ത്യ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, റിങ്കു സിങ്, സൂര്യകുമാര്‍ യാദവ്, ജിതേഷ് ശര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. ഇക്കുറിയും പരമ്പര നഷ്ടമാകില്ലെന്നു ഉറപ്പിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ഇന്നും ജയിച്ച് പരമ്പര 3-1 ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തോറ്റാലും പരമ്പര 2-2 എന്ന നിലയില്‍ പങ്കിടാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.

ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവരടങ്ങിയ പേസ് നിര കരുത്തു കാണിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും മികവില്‍ നില്‍ക്കുന്നു. അക്ഷറും വാഷിങ്ടനും മികച്ച ഓള്‍ റൗണ്ടര്‍മാരാണെന്നു പരമ്പരയിലൂടെ അടിവരയിട്ടതും ഇന്ത്യക്ക് ഗുണകരമാണ്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതു പരിഹരിക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. ഭയരഹിതനായി ബാറ്റ് വീശുന്ന തന്റെ ശൈലിയിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകള്‍ സൂര്യകുമാര്‍ നല്‍കിയത് പ്രതീക്ഷയാണ്.

വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

വിതുര പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണനാണ് മരിച്ചത്. ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. സമീപത്തുള്ള ഗുരുമന്ദിരത്തിൽ വീട്ടുകാർ ചോറു കൊടുത്തുകൊണ്ടിരുന്ന സമയത്തായിരുന്നു ആത്മഹത്യ.

പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മകന്‍റെ ചോറൂണിന് അമൽ ഗുരുമന്ദിരത്തിൽ എത്താത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ടര്‍ഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.

ഇന്ത്യൻ എയർഫോഴ്‌സിൽ അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യൻ എയർഫോഴ്‌സിൽ അപേക്ഷകൾ ക്ഷണിച്ചു

ഇന്ത്യൻ എയർഫോഴ്‌സ് (IAF) 2026-ലെ ആദ്യ ഘട്ട നിയമനത്തിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT 01/2026) സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കി. കമ്മീഷൻഡ് ഓഫീസർ ആയി സേനയിൽ ജോലിയിൽ പ്രവേശിക്കാനുള്ള മികച്ച അവസരമാണിത്. ഫ്ലൈയിംഗ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ), ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ) എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.

കൂടാതെ NCC സ്പെഷ്യൽ എൻട്രി വഴിയും ഫ്ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കും. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും മാത്രമേ റിക്രൂട്ട്മെന്റിൽ അപേക്ഷിക്കാൻ സാധിക്കൂ. എ എഫ് സി എ ടി 01/2026 & എൻ സി സി സ്പെഷ്യൽ എൻട്രി എന്നി സ്കീമുകൾ വഴിയാണ് ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. നിയമനവുമായി ബന്ധപ്പെട്ട പൂർണ്ണ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. പ്രാഥമികമായി ലഭ്യമാകുന്ന വിവരങ്ങൾ ഇങ്ങനെയാണ്.

വിദ്യാഭ്യാസ യോഗ്യത
ഗ്രൗണ്ട് ഡ്യൂട്ടി (നോൺ-ടെക്നിക്കൽ) വിഭാഗം: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ) വിഭാഗം: നിർദ്ദിഷ്ട എൻജിനിയറിങ് വിഷയങ്ങളിൽ B.E. / B.Tech ബിരുദം ആവശ്യമുണ്ട്.

ഫ്ലൈയിംഗ് ബ്രാഞ്ച്: അപേക്ഷകർ പ്ലസ് ടു തലം (10+2) ഫിസിക്സും മാത്തമാറ്റിക്ക്സും വിഷയങ്ങളായി പാസായിരിക്കണം. അതിനൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം.

പ്രായപരിധി
പ്രായം 2027 ജനുവരി 1 അനുനുസരിച്ച് ആണ് കണക്കാക്കുന്നത്.

ഫ്ലൈയിംഗ് ബ്രാഞ്ച്:

അപേക്ഷകർക്ക് 20 മുതൽ 24 വയസ്സ് വരെ പ്രായമുണ്ടായിരിക്കണം.

2003 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം

സി പി എൽ (Commercial Pilot License) ഉള്ളവർക്ക് ഇളവ്: DGCA (ഇന്ത്യ) പുറത്തിറക്കിയ നിലവിലുള്ള സാധുവായ കോമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (CPL) ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായപരിധി 26 വയസ്സ് വരെ.

അതായത്, 2001 ജനുവരി 2 മുതൽ 2007 ജനുവരി 1 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.

ആരോഗ്യ പ്രശ്‌നങ്ങളുമായി അമേരിക്കയിലേക്ക് വരേണ്ട, പുതിയ വിസ നിര്‍ദേശങ്ങളുമായി ട്രംപ്

ആരോഗ്യ പ്രശ്‌നങ്ങളുമായി അമേരിക്കയിലേക്ക് വരേണ്ട, പുതിയ വിസ നിര്‍ദേശങ്ങളുമായി ട്രംപ്

വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് യുഎസ് വിസ നിയന്ത്രിക്കുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളിലാണ് വിസ നിഷേധിക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നത്. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ക്ക് വിസ നിഷേധിക്കാമെന്നാണ് പുതിയ നിര്‍ദേശം.

ലോകമെമ്പാടുമുള്ള അമേരിക്കന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ട്രംപ് ഭരണകൂടം ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസില്‍ പ്രവേശിച്ച് താമസിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ചില മെഡിക്കല്‍ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അനുമതി നല്‍കേണ്ടെന്നാണ് നിര്‍ദേശം. ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാജ്യത്തെ പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് യുഎസിന്റെ നിലപാട്.സാംക്രമിക രോഗങ്ങള്‍, വാക്‌സിനേഷന്‍ ചരിത്രം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ക്ക് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തിന് അപ്പുറത്തേക്കാണ് പട്ടിക ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഹൃദ്രോഗങ്ങള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, കാന്‍സര്‍, പ്രമേഹം, നാഡീസംബന്ധമായ തകരാറുകള്‍ തുടങ്ങിയവയ്ക്കുള്ള സ്‌ക്രീനിങ് നടത്തിയിരിക്കണം എന്നാണ് പുതിയ നിര്‍ദേശം.

ലക്ഷക്കണക്കിന് ഡോളര്‍ ചികിത്സാചെലവ് വരുന്ന ഇത്തരം രോഗാവസ്ഥകള്‍ വിസ അപേക്ഷിക്കുന്നയാള്‍ക്കില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ സഹായം തേടാതെ ജീവിതകാലമുടനീളം ചെലവ് വഹിക്കാനുള്ള സാമ്പത്തികാവസ്ഥ അപേക്ഷകനുണ്ടോ എന്നതും വിലയിരുത്തണമെന്നും പുതിയ നിര്‍ദേശം വ്യക്തമാക്കുന്നു. അപേക്ഷകന് പുറമെ മക്കള്‍, മാതാപിതാക്കള്‍ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

എട്ടാഴ്ച, ഷെല്‍റ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

എട്ടാഴ്ച, ഷെല്‍റ്ററുകളിലേക്ക് മാറ്റേണ്ടത് അഞ്ച് ലക്ഷം നായ്ക്കളെ; സുപ്രീം കോടതി ഉത്തരവ് കേരളത്തിന് വെല്ലുവിളി

തിരുവനന്തപുരം: പൊതു ഇടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ സമയബന്ധിതമായി നീക്കണം എന്ന് സുപ്രീം കോടതി നിലപാട് കടുപ്പിക്കുമ്പോള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണം. എട്ടാഴ്ചയാണ് തെരുവ് നായ വിഷയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സമയം. ഈ സമത്തിനുള്ളില്‍ ഏകദേശം 5 ലക്ഷത്തോളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിന് കൈകാര്യം ചെയ്യേണ്ടിവരിക. ഇവയെ ഉള്‍ക്കൊള്ളാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ഷെല്‍റ്ററുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്ന സംസ്ഥാനത്ത് സമയ ബന്ധിതമായി നിര്‍ദേശങ്ങള്‍ നടപ്പാക്കുക എന്നത് സര്‍ക്കാരിന് വലിയ വെല്ലുവിളി സൃഷ്ടിച്ചേക്കും.

പൊതുസ്ഥലങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്ത്, മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങള്‍ക്കനുസൃതമായി വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയ ശേഷം ഷെല്‍റ്ററുകളില്‍ പുനരധിവസിപ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഇവയെ പിടികൂടിയ സ്ഥലത്ത് തുറന്ന് വിടരുത് എന്നും കോടതി വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോര്‍ട്ട് 2026 ജനുവരി 13 സമര്‍പ്പിക്കണം എന്നുമാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ഉത്തരവില്‍ പറഞ്ഞിരിക്കുന്ന ഷെല്‍ട്ടര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലവിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്‍കുന്ന പ്രതികരണം. എല്ലാ ജില്ലകളിലും തെരുവ് നായ്ക്കള്‍ക്ക് ഷെല്‍റ്ററുകള്‍ തുറക്കാന്‍ സ്ഥലം കണ്ടെത്തുക പ്രയാസമാണെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

കേരളം ജനസാന്ദ്രതയുള്ള സംസ്ഥാനമാണ്. തെരുവ് നായകളുടെ വന്ധ്യം കരണം നടപ്പാക്കേണ്ട എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതില്‍ പോലൂം ജനങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വരുന്നു. ‘ഈ വര്‍ഷം കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ എബിസി സെന്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം ഓച്ചിറയില്‍ എബിസി സെന്ററിന് തറക്കല്ലിടാന്‍ എത്തിയപ്പോള്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഒരു കോടി രൂപ ചെലവഴിച്ച് കണ്ണൂരില്‍ കേന്ദ്രം സ്ഥാപിച്ചു, പക്ഷേ നാട്ടുകാര്‍ അത് മാറ്റണമെന്ന് ആവശ്യപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

2019 ലെ കന്നുകാലി സെന്‍സസ് പ്രകാരം കേരളത്തില്‍ 2.89 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കുകള്‍. 2024 ലെ സെന്‍സസിന്റെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍ സംസ്ഥാനത്ത് 19 എബിസി സെന്ററുകളാണ് മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 2024-25 സമയത്ത് 15,767 തെരുവ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. 88,744 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 9,737 തെരുവ് നായ്ക്കള്‍ക്ക് വന്ധ്യംകരണം നടത്തുകയും 53,401 നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. കണക്കുകള്‍ ഇങ്ങനെയെങ്കിലും 2019 ന് ശേഷം സംസ്ഥാനത്തെ തെരുവ് നായ്ക്കളുടെ എണ്ണം 30 മുതല്‍ 40 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളിലും ഈ സംവിധാനം നടപ്പാക്കാന്‍ ആണ് പദ്ധതി. എല്ലാ ജില്ലകളിലും എബിസി സെന്ററുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 2 കോടി രൂപ നീക്കിവച്ചിട്ടുണ്ട്, ബ്ലോക്ക് പഞ്ചായത്തുകള്‍ അതിനായി ഫണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒരു പോര്‍ട്ടബിള്‍ എബിസി സെന്ററിന് 28 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. വന്ധ്യംകരണത്തിന് ശേഷം നായ്ക്കളെ അഞ്ച് ദിവസം നിരീക്ഷിക്കുന്നതിനായും സംവിധാനം ഒരുക്കും. പദ്ധതിയെക്കുറിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെന്നും ചിഞ്ചുറാണി പറഞ്ഞു.

സംസ്ഥാനത്ത് പേവിഷബാധ മൂലമുള്ള മരണങ്ങളുടെ എണ്ണം വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുറത്തുവന്ന സുപ്രീം കോടതി ഉത്തരവിനെ ചൊല്ലി ചര്‍ച്ചകളും സജീവമാണ്. 2025 ലെ ആദ്യ എട്ട് മാസങ്ങളില്‍ സംസ്ഥാനത്ത് ഏകദേശം 2.25 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 17 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

സുപ്രീം കോടതി വിധി സ്വാഗതം ചെയ്തും എതിര്‍ത്തും ഇതിനോടകം ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. തെരുവ് നായ്ക്കളെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെടുന്ന ആക്ടിവിസ്റ്റുകള്‍ സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്ത് രംഗത്തെത്തി. എന്നാല്‍ ഉത്തരവ് നിലവിലുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മൃഗാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

ഉത്തരവ് വലിയൊരു ആശ്വാസമാണെന്ന് ആക്ടിവിസ്റ്റ് ജോസ് മാവേലി പ്രതികരിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് സുപ്രീം കോടതി ശാസിച്ച വ്യക്തി കൂടിയാണ് ജോസ് മാവേലി. തെരുവുകളിലെ സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി ഉത്തരവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുപ്രീം കോടതി ഉത്തരവ് തെറ്റായ സന്ദേശം നല്‍കുമെന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം എം എന്‍ ജയചന്ദ്രന്‍ പറഞ്ഞു. തെരുവില്‍ നിന്ന് 10 നായ്ക്കളെ ഒരു ഷെല്‍ട്ടറിലേക്ക് മാറ്റിയാല്‍, ഒരു മാസത്തിനുള്ളില്‍ മറ്റൊരു കൂട്ടം നായ്ക്കള്‍ ആ പ്രദേശത്തെത്തും. കശാപ്പ് മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തതാണ് കേരളത്തിലെ തെരുവ് നായ ശല്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് കുട്ടികള്‍; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ; വിമര്‍ശനം

വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് കുട്ടികള്‍; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ; വിമര്‍ശനം

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ട്രെയിന്‍ യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ഥികള്‍. ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയില്‍വേ എക്‌സില്‍ പങ്കുവച്ചു.

ഉദ്ഘാടനം കഴിഞ്ഞ് എറണാകുളത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ വന്ദേഭാരത് എക്‌സ്പ്രസിലാണ് കുട്ടികള്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടിയത്. ഇതിന്റെ വീഡിയോയാണ് റെയില്‍വേ തങ്ങളുടെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. യാതൊരു മടിയുമില്ലാതെ എങ്ങനെയാണ് ഇത്തരത്തിലൊരു രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ആ സതേണ്‍ റെയില്‍വേയ്ക്ക് കഴിയുന്നതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ തന്നെ എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഏറ്റവും പ്രധാനം. കുട്ടികള്‍ ദേശഭക്തിഗാനം പാടുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.

ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വീഡിയോകള്‍ ഔദ്യോഗിക പേജിലടക്കം ഷെയര്‍ ചെയ്യുന്നതെന്ന വിമര്‍ശനമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും ഉയരുന്നത്. ആര്‍എസ്എസ് നയം ചില റെയില്‍വേ ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു നീക്കം.

തങ്ങളല്ല ഇട്ടതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച രണ്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. ആരാണ് ഈ വീഡിയോ ഈ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത് എന്നതില്‍ കൃത്യമായ ഒരു വിശദീകരണം റെയില്‍വേയ്ക്ക് ഈ ഘട്ടത്തില്‍ ഇല്ല

കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസുകളാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്. വാരണാസിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. എറണാകുളം സൗത്ത് സ്റ്റേഷനിലായിരുന്നു് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നടന്നത്. 8.41-ഓടെ ട്രെയിന്‍ പുറപ്പെട്ടു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.