എറണാകുളം- ബംഗളൂരു വന്ദേഭാരത് ഇന്നുമുതല്‍ ട്രാക്കിലേക്ക്, പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

എറണാകുളം- ബംഗളൂരു വന്ദേഭാരത് ഇന്നുമുതല്‍ ട്രാക്കിലേക്ക്, പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും

കൊച്ചി: എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. വാരാണസിയില്‍ നിന്ന് വെര്‍ച്വലായാണ് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിക്കുക. ചെയര്‍ കാറിന് 1095യും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിനു 2289മാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനിന്റെ ഉദ്ഘാടനയാത്ര. കഴിഞ്ഞദിവസം വിജയകരമായി ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയിരുന്നു.

കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. പതിവ് സര്‍വീസ് അടുത്ത ചൊവ്വാഴ്ച തുടങ്ങുമെന്നാണ് സൂചന. കെഎസ്ആര്‍ ബംഗളൂരുവില്‍ നിന്ന് രാവിലെ 5.10ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20ന് എറണാകുളത്തു നിന്ന് തിരിച്ച് രാത്രി 11ന് ബംഗളൂരുവിലെത്തും. 8 മണിക്കൂര്‍ 40 മിനിറ്റ് സര്‍വീസ് സമയം. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല.

എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ദക്ഷിണ റെയില്‍വേ കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. ട്രെയിന്‍ നമ്പര്‍ 26651/26652 വന്ദേഭാരത് ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ് നടത്തുക. ആകെ 11 സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബംഗളൂരു എന്നിങ്ങനെയാണ് ട്രെയിന്‍ കടന്നുപോകുന്ന സ്റ്റോപ്പുകള്‍.

യൂറോപ്യൻ രാജ്യങ്ങളേക്കാൾ സ്വർണം കേരളത്തിൽ! ധനകാര്യ സ്ഥാപനങ്ങളിൽ ‘4.6 ലക്ഷം കോടി രൂപ’യുടെ ശേഖരം

യൂറോപ്യൻ രാജ്യങ്ങളേക്കാൾ സ്വർണം കേരളത്തിൽ! ധനകാര്യ സ്ഥാപനങ്ങളിൽ ‘4.6 ലക്ഷം കോടി രൂപ’യുടെ ശേഖരം

കൊച്ചി: കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ സ്വർണ ശേഖരം യൂറോപ്പിലെ ചില രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരത്തേക്കാൾ കൂടുതലുണ്ടെന്നു കണക്കുകൾ. ഈ സ്ഥാപനങ്ങളിലെ മൊത്തം സ്വർണ ശേഖരം രാജ്യങ്ങളുടെ കണക്കിൽപ്പെടുത്തിയാൽ 16ാം സ്ഥാനത്തുണ്ടാകും. പോർച്ചു​ഗലിനു തൊട്ടു പിന്നിൽ ധനകാര്യ സ്ഥാപനങ്ങൾ വരും. സ്പെയിൻ, യുകെ, ഓസ്ട്രിയ രാജ്യങ്ങളേക്കാൾ സ്വർണം ഈ സ്ഥാപനങ്ങളിലുണ്ട്.

കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ കോർപറേഷനുകൾ (എൻബിഎഫ്സി) നിലവിൽ കൈവശം വച്ചിരിക്കുന്നത് 381 ടൺ സ്വർണം. 4.6 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ശേഖരത്തിലുള്ളത്. സംസ്ഥാനത്തെ എൻബിഎഫ്സികൾ ഇപ്പോൾ ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളേക്കാൾ സ്വർണം കൈവശം വച്ചിട്ടുണ്ട്.

സ്വർണത്തിനോടു മലയാളിക്കുള്ള ആസക്തി കൂടി വെളിവാക്കുന്നതാണ് ഈ കണക്കുകൾ. മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ്പ് (43.69 ടൺ), കെഎസ്എഫ്ഇ, (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നീ പ്രമുഖ സ്വർണ വായ്പാ ഭീമന്മാരുടെ സംയോജിത നിക്ഷേപം സ്പെയിനിന്റെയും (282 ടൺ) യുകെയുടെയും (310 ടൺ) സ്വർണ ശേഖരത്തേക്കാൾ കൂടുതലാണ്.

സ്വർണം മലയാളിയുടെ സമ്പാദ്യ ശീലത്തിന്റെ ഭാ​ഗമായിട്ട് പതിറ്റാണ്ടുകളായി. ഒപ്പം പദവിയുടെ അടയാളമായും മലയാളി സ്വർണം ധരിക്കുന്നു. ഇത്തരം ധനകാര്യ സ്ഥാപനങ്ങൾ സമൂഹത്തിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നു. സംസ്ഥാനത്ത് അതിവേ​ഗം വളരുന്ന ശക്തമായ സാമ്പത്തിക അടിത്തറയുള്ള വ്യവസായമായും സ്വർണ വായ്പാ രം​ഗം അതോടെ കേരളത്തിൽ വേരൂന്നി.

അടിയന്തര ആവശ്യങ്ങൾക്ക് മലയാളികൾ ആദ്യം തന്നെ സമീപിക്കുക സ്വർണ വായ്പകളെയാണെന്നു ഇൻഡൽ മണിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനൻ പറയുന്നു. മകന്റെ കോളജ് പഠനം, വീട് നിർമാണം, വർക്ക്ഷോപ്പിലേക്ക് യന്ത്രങ്ങൾ വാങ്ങൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആളുകൾ ധനകാര്യ സ്ഥാപനങ്ങളെ സ്വർണവുമായി സമീപിക്കുന്നു. സ്വർണത്തിന്റെ വില വർധന വായ്പകളെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്. ആളുകൾ അവരുടെ സ്വർണാഭരണങ്ങൾ തന്നെ വായ്പയായി വയ്ക്കുമ്പോൾ സ്വർണം കൂടുതൽ വിപണിയിലേക്ക് തിരിച്ചു വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച ഗ്രാമിന് 12,202 രൂപയും പവന് 81,000 രൂപയുമായിരുന്നു. പണയം വച്ച സ്വർണത്തിന്റെ മൂല്യം റെക്കോർഡ് ഉയരങ്ങളിലെത്തി. സുരക്ഷിതമല്ലാത്ത വായ്പ നൽകൽ, വായ്പകൾ പിൻവലിക്കൽ എന്നിവ സംബന്ധിച്ച നിയമങ്ങൾ ആർ‌ബി‌ഐ കർശനമാക്കിയത് എൻബിഎഫ്സികൾക്ക് ചെറിയ തിരിച്ചടിയാണ്. വായ്പാ പ്രതിസന്ധിയുണ്ടെന്നു മോഹനൻ സമ്മതിക്കുന്നു. സ്വർണ വായ്പകൾ ആ വിടവ് നികത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണത്തിന്റെ വില ഉയർന്നു നിൽക്കുന്നത് ചെറുകിട വായ്പാ സംഘങ്ങളേയും ഉത്തേജിപ്പിച്ചിട്ടുണ്ട്. സ്വർണ വായ്പകളിൽ 37 ശതമാനം മാത്രമാണ് സംഘടിത കമ്പനികളിൽ നിന്നുള്ളത്. 63 ശതമാനവും അസംഘടിത മേഖലകളിൽ നിന്നാണ്. പണയക്കടകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക പണമിടപാടുകാർ എന്നിവർ. നിയന്ത്രണങ്ങൾ അസംഘടിത വിപണിയെയാണ് പരോക്ഷമായി സഹായിക്കുന്നത്. ഇടനിലക്കാർ ഒറ്റ ദിവസത്തേക്ക് മാത്രമായി സ്വർണം പുറത്തിറക്കി വീണ്ടും പണയം വച്ച് ആർബിഐ നിയന്ത്രണങ്ങളെ ചൂഷണം ചെയ്യാൻ ഇടയാക്കുന്നുണ്ടെന്നും മോഹനൻ പറഞ്ഞു.

അതേസമയം വില കൂടിയതോടെ ഉപഭോക്താക്കൾ കൂടുതൽ വായ്പകളെടുക്കുന്നില്ലെന്നു മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർ​ഗീസ് പറയുന്നു. വായ്പാ കാലാവധി ഒരു വർഷമാണെങ്കിലും മിക്ക ഉപഭോക്താക്കളും അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ തന്നെ സ്വർണം തിരിച്ചെടുക്കുന്നുണ്ട്. അവർ അത്യാവശ്യ ​ഘട്ടങ്ങളിൽ വായ്പ എടുക്കുന്നവരാണ്. അവരുടെ ലക്ഷ്യം പൂർത്തിയായാൽ ഉപഭോക്താക്കൾ വായ്പ തിരിച്ചടച്ച് സ്വർണം എടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആ​ഗോളതലത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോ​ഗമുള്ള രാജ്യങ്ങളിലൊന്നാണ്. വായ്പാ വിപണിയിൽ ഇന്ത്യയൊട്ടാകെ ഏതാണ്ട് 2,950 മുതൽ 3,350 ടൺ വരെ സ്വർണം ഈടായി സ്വീകരിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യ ആണ് ഈ സ്വർണ വായ്പാ സംസ്കാരത്തിന്റെ രാജ്യത്തെ നിർണായക കേന്ദ്രം.

വീണ്ടും ​ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ച് ജസ്ന സലീം; കേസ്

വീണ്ടും ​ഗുരുവായൂരിൽ റീൽസ് ചിത്രീകരിച്ച് ജസ്ന സലീം; കേസ്

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ​ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച ചിത്രകാരിയും സോഷ്യൽ മീഡിയ താരവുമായ ജസ്ന സലീമിനെതിരെ കേസെടുത്തു. പടിഞ്ഞാറെ നടയിൽ വച്ചാണ് റീൽസ് ചിത്രീകരിച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ​ഗുരുവായൂർ പൊലീസ് കേസെടുത്തത്. ആർഎൽ ബ്രൈറ്റ് ഇൻ എന്ന വ്ലോ​ഗർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

നേരത്തെയും ജസ്ന ​ഗുരുവായൂർ നടയിൽ വച്ച് റീൽസ് ചിത്രീകരിച്ചത് വിവാ​ദമായിരുന്നു. അന്ന് കിഴക്കേ നടയിലെ കൃഷ്ണ വി​ഗ്ര​ഹ​ത്തിൽ മാല ചാർത്തി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമത്തിനാണ് അന്ന് കേസെടുത്തത്.

കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് വൈറലായ ജസ്ന ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ വച്ച് കേക്ക് മുറിച്ചതടക്കം വിവാദമായിരുന്നു. സംഭവത്തിൽ ​ദേവസ്വം നൽകിയ പരാതിയിൽ ഹൈക്കോടതി ശക്തമായ നിലപാട് സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങൾ ഭക്തർക്കുള്ള ഇടമാണെന്നും ഇത്തരത്തിൽ ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് അം​ഗീകരിക്കാൻ സാധിക്കില്ലെന്നും കോടതി നിലപാടെടുത്തു.

പരമ്പര 3-1നു സ്വന്തമാക്കണം; ‘​ഗാബ ടെസ്റ്റിന്’ ഇന്ത്യ

പരമ്പര 3-1നു സ്വന്തമാക്കണം; ‘​ഗാബ ടെസ്റ്റിന്’ ഇന്ത്യ

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം ഇന്ന്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതുവരെ ടി20 പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. ഇക്കുറിയും പരമ്പര നഷ്ടമാകില്ലെന്നു ഉറപ്പിച്ചാണ് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുന്നത്. ഇന്നും ജയിച്ച് പരമ്പര 3-1 ഉറപ്പിക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. തോറ്റാലും പരമ്പര 2-2 എന്ന നിലയില്‍ പങ്കിടാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലാണ് പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയും ഓസീസും ടി20യില്‍ പിന്നീട് നേര്‍ക്കുനേര്‍ വരുന്നത്. ഗാബ സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 മുതലാണ് പോരാട്ടം. ഇന്ത്യന്‍ ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ കളികളിലെ ഇലവനെ തന്നെ ഇറക്കിയേക്കും. മലയാളി താരം സഞ്ജു സാംസണ് ഇന്നും ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരും.

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലാണ് പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയും ഓസീസും ടി20യില്‍ പിന്നീട് നേര്‍ക്കുനേര്‍ വരുന്നത്. ഗാബ സ്‌റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.45 മുതലാണ് പോരാട്ടം. ഇന്ത്യന്‍ ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. കഴിഞ്ഞ കളികളിലെ ഇലവനെ തന്നെ ഇറക്കിയേക്കും. മലയാളി താരം സഞ്ജു സാംസണ് ഇന്നും ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വരും.

ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യങ്ങളും അറിയാനുള്ള അവസരമെന്ന നിലയിലാണ് ടീം ഈ പരമ്പരയെ നോക്കിക്കണ്ടത്. ഇന്ത്യയെ സംബന്ധിച്ചു മുന്‍നിര ബാറ്റിങിലെ ചില നേരിയ പോരായ്മകള്‍ പരിഹരിച്ചാല്‍ ശേഷിച്ച മേഖലകളെല്ലാം കുറ്റമറ്റതാക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.

ജസ്പ്രിത് ബുംറ, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവരടങ്ങിയ പേസ് നിര കരുത്തു കാണിക്കുന്നു. വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരുള്‍പ്പെട്ട സ്പിന്‍ വിഭാഗവും മികവില്‍ നില്‍ക്കുന്നു. അക്ഷറും വാഷിങ്ടനും മികച്ച ഓള്‍ റൗണ്ടര്‍മാരാണെന്നു പരമ്പരയിലൂടെ അടിവരയിട്ടതും ഇന്ത്യക്ക് ഗുണകരമാണ്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. അതു പരിഹരിക്കാനുള്ള അവസരമാണ് ഇന്നത്തെ പോരാട്ടം. ഭയരഹിതനായി ബാറ്റ് വീശുന്ന തന്റെ ശൈലിയിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകള്‍ സൂര്യകുമാര്‍ നല്‍കിയത് പ്രതീക്ഷയാണ്.

മറുഭാഗത്ത് ഓസീസ് ആഷസ് പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ്. അതിനാല്‍ തന്നെ പ്രധാന താരങ്ങളെ ഒഴിവാക്കിയാണ് അവര്‍ അവസാന പോരിനെത്തുന്നത്. ഓസീസ് നിരയില്‍ ജോഷ് ഫിലിപ്പിനു പകരം മിച്ചല്‍ ഓവന്‍ തിരിച്ചെത്തിയേക്കും.

ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ജാ​ഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കലാമേളയിലും വിജയകിരീടം ചൂടി ഡയറ്റ് സ്കൂൾ

കലാമേളയിലും വിജയകിരീടം ചൂടി ഡയറ്റ് സ്കൂൾ

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിലെ തിളക്കമാർന്ന വിജയത്തിന് ശേഷം കലാമേളയിലും ആറ്റിങ്ങൽ ഡയറ്റ് മികവാർന്ന വിജയം കരസ്ഥമാക്കി.
ചരിത്രമുറങ്ങുന്ന കൂന്തള്ളൂർ പ്രേം നസീർ മെമ്മോറിയൽ സ്കൂളിൽ വച്ച് നടന്ന
ആറ്റിങ്ങൽ ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഡയറ്റ് സ്കൂളിന് തിളക്കമാർന്ന വിജയം. എൽ. പി. ജനറൽ, എൽ. പി. അറബിക് വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി എൽ. പി. വിഭാഗത്തിലെ മികച്ച പൊതുവിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു. 6 ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനം ഒരു മൂന്നാം സ്ഥാനവും ഉൾപ്പെടെ 72 പോയിന്റുകൾ കരസ്ഥമാക്കി യു.പി. ജനറൽ വിഭാഗത്തിലും ഡയറ്റ് സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.

കായികമേളയിലും ശാസ്ത്രമേളയിലും മിന്നും പ്രകടനം കാഴ്ചവച്ച ഡയറ്റ് സ്കൂളിന് കലാമേളയിലെ ഈ വിജയം കൂടുതൽ കരുത്തേകുന്നു.