6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന്‍ മടങ്ങി

6, 6, 6, 6, 4; 14 പന്തില്‍ 22; 20 പന്തില്‍ 50! കത്തിക്കയറി ഇഷാന്‍ മടങ്ങി

ന്യൂഡല്‍ഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍. താരം 20 പന്തില്‍ 50 റണ്‍സ് അടിച്ചെടുത്തു. ജെജെ സ്മിറ്റ് ആറാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ ഇഷാന്‍ 14 പന്തില്‍ 22 റണ്‍സായിരുന്നു.

സ്മിറ്റിന്റെ ആദ്യ പന്തില്‍ റണ്ണില്ല. പിന്നീടുള്ള അഞ്ച് പന്തുകളില്‍ നിന്നു ഇഷാന്‍ 28 റണ്‍സ് വാരിയാണ് 20 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. സ്മിറ്റിന്റെ 2, 3, 4 5 പന്തുകള്‍ സിക്‌സര്‍ തൂക്കി 46ല്‍ എത്തിയ ഇഷാന്‍ ആറാം പന്തില്‍ ഫോറടിച്ചാണ് അര്‍ധ ശതകത്തിലെത്തിയത്.

പിന്നാലെ താരം പുറത്താകുകയും ചെയ്തു. 24 പന്തില്‍ 6 ഫോറും 5 സിക്‌സും സഹിതം ഇഷാന്‍ 61 റണ്‍സ് അടിച്ചാണ് മടങ്ങിയത്. താരത്തിന്റെ മികവില്‍ ഇന്ത്യന്‍ സ്‌കോര്‍ 7 ഓവറില്‍ 104 റണ്‍സിലെത്തുകയും ചെയ്തു. നമീബിയ ക്യാപ്റ്റന്‍ ഗെര്‍ഹാഡ് ഇറാസ്മസിനാണ് വിക്കറ്റ്.

ടോസ് നേടി നമീബിയ ആദ്യം പന്തെറിയാന്‍ തീരുമാനിക്കകയായിരുന്നു. ഇഷാനൊപ്പം മലയാളി താരം സഞ്ജു സാംസണാണ് ഇത്തവണ കളിക്കാനിറങ്ങിയത്. താരത്തിന്റെ കന്നി ലോകകപ്പ് പോരാട്ടം കൂടിയായിരുന്നു ഇത്. മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിനു പക്ഷേ അധികം മുന്നോട്ടോ പോകാനായില്ല.

ലോകകപ്പില്‍ ആദ്യമായി കളിക്കാനിറങ്ങിയ സഞ്ജു സാംസണ്‍ 8 പന്തില്‍ 22 റണ്‍സുമായി പുറത്തായി. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ സ്റ്റീന്‍കംപിനു പിടി നല്‍കിയാണ് മലയാളി താരത്തിന്റെ മടക്കം. 3 സിക്‌സും ഒരു ഫോറും സഹിതം മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിന്റെ സിക്‌സടിക്കാനുള്ള ശ്രമം പാളിപ്പോയി.

കഴിഞ്ഞ മത്സരം കളിച്ച മുഹമ്മദ് സിറാജിനു പകരം ജസ്പ്രിത് ബുംറ ഇലവനില്‍ തിരിച്ചെത്തി. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. നമീബിയ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോടു പരാജയപ്പെട്ടാണ് കളിക്കുന്നത്.

35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു

35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.

പ്രൊഫ. എൻ കെ ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോ അക്കാദമി ഇന്റർനാഷണൽ അഫയേഴ്സ് ഡയറക്ടർ പ്രൊഫ. കെ സി സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. അനിൽ കുമാർ, അസോസിയേറ്റ് പ്രൊഫ. ദക്ഷിണ. സരസ്വതി, അസോസിയേറ്റ് പ്രൊഫ. പ്രജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രാഥമിക മത്സരങ്ങൾ 11 ഉം 12 ഉം നടക്കും. ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. രണ്ടും സമ്മാനമായി 50,000 രൂപയും ട്രോഫിയും നൽകും.

റീജ അശോകൻ (54) നിര്യാതയായി

റീജ അശോകൻ (54) നിര്യാതയായി

ആറ്റിങ്ങൽ ഇളമ്പ കല്ലിൻമൂട് ദ്വാരകയിൽ അശോകന്റെ ഭാര്യ റീജ അശോകൻ (54) നിര്യാതയായി.

മാതാവ്: ഗോമതി ബി (റിട്ട.ടീച്ചർ)
മക്കൾ: അഭിറാം എ ആർ, ഡോ. അഭിജിത്ത് എ ആർ
മരുമകൾ: വീണ

സംസ്കാരം: 13/ 02/26 വെള്ളി രാവിലെ 10 മണിക്ക്

വിനോദ് ടി (52) നിര്യാതനായി

വിനോദ് ടി (52) നിര്യാതനായി

ആറ്റിങ്ങൽ അവനവഞ്ചേരി ശ്രീ സദനത്തിൽ വിനോദ് ടി (52) നിര്യാതനായി.

അച്ഛൻ: തങ്കപ്പൻനായർ (പരേതൻ)
അമ്മ: ഓമന
ഭാര്യ: രജീന ജി
മകൾ: അനന്യ വിനോദ്

സംസ്‍കാരം നാളെ 12:00 മണിക്ക് സ്വവസതിയിൽ

വേർപാടിന്റെ നോവിലും 5 പേരിലൂടെ വിജയകുമാരി ഇനി ജീവിക്കും

വേർപാടിന്റെ നോവിലും 5 പേരിലൂടെ വിജയകുമാരി ഇനി ജീവിക്കും

തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തുമ്പോഴും, 5 പേർക്ക് ജീവിതത്തിന്റെ പുതുവെളിച്ചം സമ്മാനിച്ച് വിജയകുമാരി യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച പനങ്ങോട് തുമ്പാനൂർ എ.കെ ഹൗസിൽ വിജയകുമാരിയുടെ (54) അവയവങ്ങളാണ് കുടുംബാംഗങ്ങൾ ദാനം ചെയ്തത്. മരണാനന്തരവും മറ്റുള്ളവരിലൂടെ വിജയകുമാരി ജീവിക്കട്ടെ എന്ന മാതൃകാപരമായ തീരുമാനമാണ് ഒരു നാടിന്റെയാകെ ആദരവ് ഏറ്റുവാങ്ങുന്നത്.

പാലോട്ടെ റിസോർട്ട് ജീവനക്കാരിയായിരുന്ന വിജയകുമാരി, ഫെബ്രുവരി 7ന് രാവിലെ മകൻ അഭിജിത്തിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്ടെന്ന് തലകറങ്ങി റോഡരികിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുക ആയിരുന്നു..

വേർപാടിന്റെ തീരാദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ കർമ്മത്തിന് ഭർത്താവ് കരുണാകരൻ നായരും, മക്കളായ അഭിജിത്തും കൃഷ്ണേന്ദുവും സമ്മതം നൽകുക ആയിരുന്നു. വിജയകുമാരിയുടെ കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ​വൃക്കകള്‍ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനും, മറ്റൊന്ന് കിംസ് ആശുപത്രിയ്ക്കും നൽകി. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു. ​നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് കൈമാറി.

വിജയകുമാരിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഈ ദുഷ്കരമായ സാഹചര്യത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചു.

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കി മാതാപിതാക്കളെ കുത്തിക്കൊന്നു

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കി മാതാപിതാക്കളെ കുത്തിക്കൊന്നു

ബംഗളൂരൂ: വിജ്ഞാന നഗറില്‍ മാതാപിതാക്കളെ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ ടെക്കിയായ മകന്‍ കുത്തിക്കൊന്നു. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ നവീന്‍ ചന്ദ്ര ഭട്ട് (60), ഡോ. ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ലാറ്റിനുള്ളില്‍ വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 വയസ്സുള്ള രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.

രോഹന്‍ പുതിയ സംരംഭം ആരംഭിക്കുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ രോഹന്‍ ഇരുവരെയും കുത്തിക്കാല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടന്‍ തന്നെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഇവരുടെ മകള്‍ യുഎസിലാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മകള്‍ വന്നശേഷം പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള നടപടികള്‍ ആരംഭിക്കാനാണ് പൊലീസ് തീരുമാനം. കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താനായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.