by Midhun HP News | Nov 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. പിഎം ശ്രീ പദ്ധതി സംബന്ധിച്ച കാര്യം കാബിനറ്റ് സബ് കമ്മിറ്റിക്ക് മുന്‍പിലാണ്. സബ്കമ്മിറ്റി കൂടിയാലോചിച്ച ശേഷം പിഎംശ്രീയുടെ ഭാവി നിശ്ചയിക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് ആരെ ഇറക്കിയാലും തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ പിറകോട്ട് പോകുന്ന രാഷ്ട്രീയസാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടാണ് രണ്ടുതവണ എംഎല്‍എയായ ശബരിനാഥന്‍ മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. അത് സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒരു ബിജെപിക്കാരനെയും സ്‌നേഹിക്കാതെയാണ് താന്‍ നേമത്ത് ജയിച്ചുവന്നത്. അത് വോട്ട് കണക്കുകള്‍ എടുത്താല്‍ മനസിലാകും. താന്‍ തോറ്റ അവസരത്തില്‍ വെറും പതിനായിരം വോട്ടാണ് യുഡിഎഫിന് കിട്ടിയത്. അപ്പോള്‍ കാര്യം വ്യക്തമല്ലേ?. വിഡി സതീശന്റെ ചില പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. വിഡി സതീശന്‍ തന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ബഹുമാനം നല്‍കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.


by Midhun HP News | Nov 4, 2025 | Latest News, കേരളം
പത്തനംതിട്ട: പണം നൽകിയാൽ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്ന് പരസ്യം നല്‍കിയ ഹാക്കർ അറസ്റ്റിൽ. അടൂര്‍ കോട്ടമുകള്‍ സ്വദേശിയായ 23 കാരൻ ജോയല്‍ ആണ് അറസ്റ്റിലായത്. കേന്ദ്ര ഏജന്‍സികളുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സൈബർ പൊലീസാണ് ജോയലിനെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദിലെ സ്വകാര്യ ഡിക്റ്റക്ടീവ് ഏജന്‍സിക്ക് വേണ്ടി ജോലിചെയ്യുകയായിരുന്നു ഇയാളെന്നാണ് വിവരം. പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കു വേണെമെങ്കിലും ആരുടെയും ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ സൈബര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചില യുവാക്കള്‍ തങ്ങളുടെ കമിതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ സേവനം തേടിയവര്‍ ആരൊക്കെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


by Midhun HP News | Nov 4, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്‍സെഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം.
ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം വിപുലീകരിക്കുന്നതിന് അന്തിമ അംഗീകാരം നല്‍കുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) ഈ ആഴ്ച അവസാനം യോഗം ചേരും. വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുന്നത്. നിലവില്‍ കണ്‍സെഷന്‍ പേപ്പര്‍ അധിഷ്ഠിതമാണ്. ഈ സേവനം ഓണ്‍ലൈന്‍ ആക്കുന്നതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കരുതുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) വികസിപ്പിച്ചെടുത്ത ലീഡ്സ് ആപ്പ് നിലവില്‍ വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് സമഗ്രവും വിവിധോദ്ദേശ്യപരവുമായി വിപുലീകരിക്കുക എന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യം.
നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്, വിദ്യാര്‍ഥി കണ്‍സെഷനുകള്‍ എന്നിവയെ സംയോജിപ്പിക്കാന്‍ കഴിയുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്. ‘ആപ്പിനെ ഒരു മള്‍ട്ടിപര്‍പ്പസ് ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാര്‍ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ഇത് പരിഹരിക്കും, ഭാവിയില്‍, ഇത് ഒരു പൊതു മൊബിലിറ്റി കാര്‍ഡായി വികസിപ്പിക്കാന്‍ കഴിയും’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന പേപ്പര്‍ അധിഷ്ഠിത സിസ്റ്റത്തില്‍ നിന്ന് ഡിജിറ്റല്‍ പ്രാമാണീകരണത്തിലേക്കുള്ള പരിവര്‍ത്തനമാണ് പ്രധാന നേട്ടം. ഹൈസ്‌കൂള്‍ പ്രായവും അതിനുമുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള യോഗ്യത തല്‍ക്ഷണം പരിശോധിക്കാന്‍ ബസ് കണ്ടക്ടര്‍മാര്‍ക്ക് സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുക. കണ്‍സെഷന്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും വേണം. യാത്ര ചെയ്യേണ്ട പാതസഹിതം വിദ്യാലയ അധികൃതര്‍ കണ്‍സെഷന് ശുപാര്‍ശ നല്‍കണം. ഇതു പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷന്‍ അനുവദിക്കും.
ക്യുആര്‍ കോഡുള്ള കണ്‍സെഷന്‍ കാര്‍ഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈല്‍ഫോണില്‍ ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആപ്പിലെ ക്യുആര്‍ കോഡ് കണ്ടക്ടറെ കാണിക്കാം.
സ്വകാര്യബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതിലൂടെ സര്‍ക്കാരിന് ലഭ്യമാകും.സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങള്‍ക്കേ കണ്‍സെഷന് ശുപാര്‍ശചെയ്യാന്‍ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ആപ്പില്‍ രജിസ്റ്റര്‍ചെയ്യണം.
‘നിലവില്‍, വിവിധ ജില്ലകളില്‍ കണ്‍സെഷന്‍ കാര്‍ഡുകള്‍ മാനുവലായും വ്യത്യസ്ത ഫോര്‍മാറ്റുകളിലുമാണ് നല്‍കുന്നത്. കണ്‍സെഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
സംസ്ഥാനത്തുടനീളം കണ്‍സെഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഏകീകൃത രജിസ്‌ട്രേഷന്‍ പ്രക്രിയ ഈ ആപ്പ് അവതരിപ്പിക്കും. ഒരു പ്രത്യേക റൂട്ടില്‍ കണ്‍സെഷന് അര്‍ഹതയുണ്ടെന്ന വിദ്യാര്‍ഥിയുടെ അവകാശവാദം ക്രോസ്-ചെക്ക് ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇത് ഉറപ്പാക്കും. വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള ഒരു പ്രധാന പ്രശ്‌നമായ നിര്‍ദിഷ്ട റൂട്ടില്‍ നിന്ന് വ്യത്യസ്തമായി മറ്റു പ്രദേശത്തേക്കുള്ള യാത്രയും ഇത് ഇല്ലാതാക്കും,’- നഗര ഗതാഗത വിദഗ്ധനും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് വാച്ച് (ജിസിഡിഡബ്ല്യു) അംഗവുമായ എബനേസര്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. ആപ്പ് ഒരു കണ്‍സെഷന്‍ ഉപകരണം മാ്ര്രതമായിട്ടായിരിക്കില്ല പ്രവര്‍ത്തിക്കുക. മോട്ടോര്‍ വാഹന വകുപ്പിന്റെ വിശാലമായ പൊതു സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കൂടി ഇത് പ്രവര്‍ത്തിക്കും.


by Midhun HP News | Nov 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവര്‍മാര്‍ അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ തനി ഗുണ്ടായിസമാണ് നടക്കുന്നതെന്നും അധിക്ഷേപിച്ചവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.
മൂന്നാറില്‍ ഓടുന്ന പലവണ്ടികള്‍ക്കും പെര്‍മിറ്റില്ല. പലര്‍ക്കും ലൈസന്‍സ് ഇല്ല. നാളെ മുതല്‍ അവിടെ വീണ്ടും പരിശോധന ആരംഭിക്കും. ഇതിനായി ആര്‍ടിഒയെയും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓയെയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പൊലീസ് അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. ലൈസന്‍സ് ഡ്രൈവ് ചെയ്യാനാണ്, ഗുണ്ടായിസത്തിന് അല്ലെന്നും സ്ത്രീകളെ ഉപദ്രവിക്കാനല്ലെന്നും മന്ത്രി പറഞ്ഞു.
ഊബര്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല, കേരളത്തിലും നിരോധിച്ചിട്ടില്ല. ഊബര്‍ വണ്ടി ഓടിക്കുന്നവരും ടാക്‌സി ഓടിക്കുന്നവരും തൊഴിലാളികളാണ്. ഊബറില്‍ വരുന്നവരെ തടയുന്നതൊന്നും പുരോഗമനസംസ്‌കാരമുള്ള നാട്ടില്‍ നടക്കുന്നില്ല. കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് വന്നപ്പോഴും ഇതേ ഗുണ്ടായിസമായിരുന്നു മൂന്നാറില്‍ ഉണ്ടായിരുന്നത്. അന്ന് ശരിയായ രീതിയില്‍ നിയമം നടപ്പാക്കിയെന്നും വരുംദിവസങ്ങളിലും നിയമം ശരിയായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Nov 4, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ചുയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 21 പൈസയുടെ നേട്ടമാണ് രൂപ കരസ്ഥമാക്കിയത്. നിലവില്‍ 88.56 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.
എണ്ണ വില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും കാരണം രൂപ സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലെ രൂപ ഏഴു പൈസയുടെ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സര്‍വകാല റെക്കോര്‍ഡ് താഴ്ചയ്ക്ക് അരികില്‍ 88.77 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. 88.81 ആണ് സര്‍വകാല റെക്കോര്‍ഡ് താഴ്ച.
അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 200ലധികം പോയിന്റിന്റെ നഷ്ടം നേരിട്ടിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓട്ടോ, ഐടി, എഫ്എംസിജി, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.


by Midhun HP News | Nov 4, 2025 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ശബരിമലയിലെ കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ. കട്ടിളപ്പാളി കേസിലെ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് എസ്ഐടി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി. കട്ടിള പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചു. വിശ്വാസ വഞ്ചനയാണ് ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഈ മാസം പത്താം തീയതി വൈകുന്നേരം അഞ്ചുവരെയാണ് എസ്ഐടി കസ്റ്റഡിയിൽ കോടതി വിട്ടിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി സംഘം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിരുവനന്തപുരം കൊണ്ടുപോയി.
കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസില്‍ ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗൂഢാലോചന വകുപ്പ് കൂടി ചുമത്തിയിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്തിരുന്നു.


Recent Comments