ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഇനി ഒരു വര്‍ഷത്തേക്ക് സൗജന്യം

ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഇനി ഒരു വര്‍ഷത്തേക്ക് സൗജന്യം

ഡല്‍ഹി: പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം നല്‍കുന്ന പ്രധാന പ്രഖ്യാപനവുമായാണ് ഓപ്പണ്‍ എഐ മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ന് മുതല്‍ ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭ്യമാകും.

കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഈ തീരുമാനം പ്രഖ്യാപിച്ചത്. അതിവേഗം വളരുന്ന ഇന്ത്യന്‍ എഐ മാര്‍ക്കറ്റില്‍ കൂടുതല്‍ പങ്കാളിത്തം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സാധാരണയായി മാസം 400 രൂപയാണ് ചാറ്റ്ജിപിടി സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പണം അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ബേസിക് വെര്‍ഷനിനേക്കാള്‍ വേഗതയുള്ള സേവനം ലഭിക്കും.

ഇതോടൊപ്പം ഇമേജ് ജനറേഷന്‍, ഫയല്‍ അപ്ലോഡ്, വിപുലമായ കോണ്‍വേഴ്‌സേഷന്‍ സപ്പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് ശേഷം ഒാപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായി ഇന്ത്യ വളര്‍ന്നുവരുകയാണ്. വിദ്യാഭ്യാസം, ബിസിനസ്,കോഡിംഗ് തുടങ്ങിയ മേഖലകളില്‍ ലക്ഷകണക്കിന് ആളുകളാണ് ഇപ്പോള്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളിലേക്ക് എഐ യുടെ പ്രയോജനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ പണം അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം 12 മാസം കൂടി സൗജന്യമായി ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ സാധാരണ നിരക്കുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരും.

പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കണ്ണൂര്‍: ആത്മാര്‍ഥ സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് അവസാനമായി ഒരുനോക്കു കാണാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴ്ത്തള്ളിയിലെ എന്‍എം രതീന്ദ്രനാണ് ഇന്നലെ കുഴഞ്ഞുവീണ് മരിച്ചത്. സിപിഎം മുതിര്‍ന്ന നേതാവ് ഇപി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ കണ്ണൂരില്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രിയുടെ വരവറിഞ്ഞ് അദ്ദേഹത്തെ കാണാനായി രതീന്ദ്രന്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ രതീന്ദ്രന്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മുഖ്യമന്ത്രിയും രതീന്ദ്രനും പരസ്പരം കണ്ടത്. കൂടിക്കാഴ്ചക്കു ശേഷം മുഖ്യമന്ത്രി ഇപി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഇറങ്ങി. തൊട്ടുപിന്നാലെ രതീന്ദ്രന്‍ വീട്ടിലേയ്ക്കും ഇറങ്ങി.

ഗസ്റ്റ് ഹൗസില്‍ നിന്ന് കുറച്ചുദൂരം പിന്നിട്ടപ്പോള്‍ രതീന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രതീന്ദ്രനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ടോടെയായിരുന്നു അന്ത്യം. പുസ്തക പ്രകാശന ചടങ്ങിനിടെ സുഹൃത്തിന്റെ മരണവിവരമറിഞ്ഞ മുഖ്യമന്ത്രി ആശുപത്രിയിലെത്തി തന്റെ സുഹൃത്തിനെ അവസാനമായി ഒരുനോക്കു കണ്ടു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ചെറുപ്പം മുതല്‍ പിണറായി വിജയനുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് രതീന്ദ്രന്‍. പിണറായി കണ്ണൂരിലെത്തുമ്പോഴെല്ലാം രതീന്ദ്രന്‍ അദ്ദേഹത്തെ കാണാനും സൗഹൃദം പങ്കിടാനും എത്താറുണ്ട്. ചൊവ്വ സഹകരണ സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്ന രതീന്ദ്രന്‍ വിരമിച്ചതിന് പിന്നാലെ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടന്നു.

ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. പിഎം ശ്രീ പദ്ധതി സംബന്ധിച്ച കാര്യം കാബിനറ്റ് സബ് കമ്മിറ്റിക്ക് മുന്‍പിലാണ്. സബ്കമ്മിറ്റി കൂടിയാലോചിച്ച ശേഷം പിഎംശ്രീയുടെ ഭാവി നിശ്ചയിക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് ആരെ ഇറക്കിയാലും തിരുവനന്തപുരം കോര്‍പറേഷന്‍ പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. യുഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ പിറകോട്ട് പോകുന്ന രാഷ്ട്രീയസാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ടാണ് രണ്ടുതവണ എംഎല്‍എയായ ശബരിനാഥന്‍ മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞത്. അത് സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒരു ബിജെപിക്കാരനെയും സ്‌നേഹിക്കാതെയാണ് താന്‍ നേമത്ത് ജയിച്ചുവന്നത്. അത് വോട്ട് കണക്കുകള്‍ എടുത്താല്‍ മനസിലാകും. താന്‍ തോറ്റ അവസരത്തില്‍ വെറും പതിനായിരം വോട്ടാണ് യുഡിഎഫിന് കിട്ടിയത്. അപ്പോള്‍ കാര്യം വ്യക്തമല്ലേ?. വിഡി സതീശന്റെ ചില പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. വിഡി സതീശന്‍ തന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ബഹുമാനം നല്‍കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

പത്തനംതിട്ട: പണം നൽകിയാൽ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാമെന്ന് പരസ്യം നല്‍കിയ ഹാക്കർ അറസ്റ്റിൽ. അടൂര്‍ കോട്ടമുകള്‍ സ്വദേശിയായ 23 കാരൻ ജോയല്‍ ആണ് അറസ്റ്റിലായത്. കേന്ദ്ര ഏജന്‍സികളുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സൈബർ പൊലീസാണ് ജോയലിനെ അറസ്റ്റ് ചെയ്തത്.

ഹൈദരാബാദിലെ സ്വകാര്യ ഡിക്റ്റക്ടീവ് ഏജന്‍സിക്ക് വേണ്ടി ജോലിചെയ്യുകയായിരുന്നു ഇയാളെന്നാണ് വിവരം. പണം മുടക്കാന്‍ തയ്യാറാണെങ്കില്‍ ആര്‍ക്കു വേണെമെങ്കിലും ആരുടെയും ലൈവ് ലൊക്കേഷന്‍, കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ഇയാള്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ സൈബര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ചില യുവാക്കള്‍ തങ്ങളുടെ കമിതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇയാളുടെ സേവനം തേടിയവര്‍ ആരൊക്കെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്‍സെഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം.

ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം വിപുലീകരിക്കുന്നതിന് അന്തിമ അംഗീകാരം നല്‍കുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) ഈ ആഴ്ച അവസാനം യോഗം ചേരും. വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുന്നത്. നിലവില്‍ കണ്‍സെഷന്‍ പേപ്പര്‍ അധിഷ്ഠിതമാണ്. ഈ സേവനം ഓണ്‍ലൈന്‍ ആക്കുന്നതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കരുതുന്നത്.

മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) വികസിപ്പിച്ചെടുത്ത ലീഡ്സ് ആപ്പ് നിലവില്‍ വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് സമഗ്രവും വിവിധോദ്ദേശ്യപരവുമായി വിപുലീകരിക്കുക എന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യം.

നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്, വിദ്യാര്‍ഥി കണ്‍സെഷനുകള്‍ എന്നിവയെ സംയോജിപ്പിക്കാന്‍ കഴിയുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്. ‘ആപ്പിനെ ഒരു മള്‍ട്ടിപര്‍പ്പസ് ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാര്‍ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ഇത് പരിഹരിക്കും, ഭാവിയില്‍, ഇത് ഒരു പൊതു മൊബിലിറ്റി കാര്‍ഡായി വികസിപ്പിക്കാന്‍ കഴിയും’- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന പേപ്പര്‍ അധിഷ്ഠിത സിസ്റ്റത്തില്‍ നിന്ന് ഡിജിറ്റല്‍ പ്രാമാണീകരണത്തിലേക്കുള്ള പരിവര്‍ത്തനമാണ് പ്രധാന നേട്ടം. ഹൈസ്‌കൂള്‍ പ്രായവും അതിനുമുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള യോഗ്യത തല്‍ക്ഷണം പരിശോധിക്കാന്‍ ബസ് കണ്ടക്ടര്‍മാര്‍ക്ക് സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുക. കണ്‍സെഷന്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും വേണം. യാത്ര ചെയ്യേണ്ട പാതസഹിതം വിദ്യാലയ അധികൃതര്‍ കണ്‍സെഷന് ശുപാര്‍ശ നല്‍കണം. ഇതു പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷന്‍ അനുവദിക്കും.

ക്യുആര്‍ കോഡുള്ള കണ്‍സെഷന്‍ കാര്‍ഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈല്‍ഫോണില്‍ ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആപ്പിലെ ക്യുആര്‍ കോഡ് കണ്ടക്ടറെ കാണിക്കാം.

സ്വകാര്യബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതിലൂടെ സര്‍ക്കാരിന് ലഭ്യമാകും.സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങള്‍ക്കേ കണ്‍സെഷന് ശുപാര്‍ശചെയ്യാന്‍ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ആപ്പില്‍ രജിസ്റ്റര്‍ചെയ്യണം.

‘നിലവില്‍, വിവിധ ജില്ലകളില്‍ കണ്‍സെഷന്‍ കാര്‍ഡുകള്‍ മാനുവലായും വ്യത്യസ്ത ഫോര്‍മാറ്റുകളിലുമാണ് നല്‍കുന്നത്. കണ്‍സെഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

സംസ്ഥാനത്തുടനീളം കണ്‍സെഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഏകീകൃത രജിസ്‌ട്രേഷന്‍ പ്രക്രിയ ഈ ആപ്പ് അവതരിപ്പിക്കും. ഒരു പ്രത്യേക റൂട്ടില്‍ കണ്‍സെഷന് അര്‍ഹതയുണ്ടെന്ന വിദ്യാര്‍ഥിയുടെ അവകാശവാദം ക്രോസ്-ചെക്ക് ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇത് ഉറപ്പാക്കും. വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള ഒരു പ്രധാന പ്രശ്‌നമായ നിര്‍ദിഷ്ട റൂട്ടില്‍ നിന്ന് വ്യത്യസ്തമായി മറ്റു പ്രദേശത്തേക്കുള്ള യാത്രയും ഇത് ഇല്ലാതാക്കും,’- നഗര ഗതാഗത വിദഗ്ധനും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് വാച്ച് (ജിസിഡിഡബ്ല്യു) അംഗവുമായ എബനേസര്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. ആപ്പ് ഒരു കണ്‍സെഷന്‍ ഉപകരണം മാ്ര്രതമായിട്ടായിരിക്കില്ല പ്രവര്‍ത്തിക്കുക. മോട്ടോര്‍ വാഹന വകുപ്പിന്റെ വിശാലമായ പൊതു സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കൂടി ഇത് പ്രവര്‍ത്തിക്കും.

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ മുംബൈ സ്വദേശിനിയെ ടാക്‌സി ഡ്രൈവര്‍മാര്‍ അധിക്ഷേപിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി കെബി ഗണേഷ് കുമാര്‍. മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ തനി ഗുണ്ടായിസമാണ് നടക്കുന്നതെന്നും അധിക്ഷേപിച്ചവരുടെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാറില്‍ ഓടുന്ന പലവണ്ടികള്‍ക്കും പെര്‍മിറ്റില്ല. പലര്‍ക്കും ലൈസന്‍സ് ഇല്ല. നാളെ മുതല്‍ അവിടെ വീണ്ടും പരിശോധന ആരംഭിക്കും. ഇതിനായി ആര്‍ടിഒയെയും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഓയെയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പൊലീസ് അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. ലൈസന്‍സ് ഡ്രൈവ് ചെയ്യാനാണ്, ഗുണ്ടായിസത്തിന് അല്ലെന്നും സ്ത്രീകളെ ഉപദ്രവിക്കാനല്ലെന്നും മന്ത്രി പറഞ്ഞു.

ഊബര്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല, കേരളത്തിലും നിരോധിച്ചിട്ടില്ല. ഊബര്‍ വണ്ടി ഓടിക്കുന്നവരും ടാക്‌സി ഓടിക്കുന്നവരും തൊഴിലാളികളാണ്. ഊബറില്‍ വരുന്നവരെ തടയുന്നതൊന്നും പുരോഗമനസംസ്‌കാരമുള്ള നാട്ടില്‍ നടക്കുന്നില്ല. കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസ് വന്നപ്പോഴും ഇതേ ഗുണ്ടായിസമായിരുന്നു മൂന്നാറില്‍ ഉണ്ടായിരുന്നത്. അന്ന് ശരിയായ രീതിയില്‍ നിയമം നടപ്പാക്കിയെന്നും വരുംദിവസങ്ങളിലും നിയമം ശരിയായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.