by Midhun HP News | Feb 12, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: അമേരിക്കയില്‍ പൊലീസ് ഓഫീസര്‍ ഓടിച്ച വണ്ടി ഇടിച്ച് മരിച്ച ഇന്ത്യന്‍ യുവതിയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുലയുടെ കുടുംബത്തിന് 29 ദശക്ഷം ഡോളറാണ് ( 262 കോടി രൂപ)നഷ്ടപരിഹാരമായി ലഭിക്കുക. വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടം ആണ് നഷ്ടപരിഹാരം അനുവദിച്ചത്. 2023 ല്‍ ആയിരുന്നു യുവതിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം. അമേരിക്കയിലെ സിയാറ്റിലില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ചായിരുന്നു അപകടം.
ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് ആണ് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചത്. ‘ജാഹ്നവി കണ്ഡുലയുടെ മരണം അതീവ ദുഃഖകരമാണ്. സാമ്പത്തിക പരമായ ഈ ഒത്തുതീര്‍പ്പ് 23 കാരിയുടെ കുടുംബത്തിന് ആശ്വാസം നല്‍കുമെന്ന് നഗരം പ്രതീക്ഷിക്കുന്നു.’ എന്നാണ് സിറ്റി അറ്റോര്‍ണിയുടെ പ്രതികരണം.
സൗത്ത്‌ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി കാംപസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഡിസംബറില്‍ പഠനം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്. പൊലീസുകാരനായ കെവിന്‍ ഡേവ് ഓടിച്ച കാര്‍ അമിത വേഗതയിലെത്തി കുട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ (25 മൈല്‍) വേഗപരിധിയുള്ള പ്രദേശത്ത് 119 കിലോമീറ്റര്‍ (74 മൈല്‍) വേഗതയില്‍ ആയിരുന്നു കെവിന്‍ ഡേവ് വാഹനം ഓടിച്ചിരുന്നത്. ജാഹ്നവിയുടെ മരണത്തിനിടയാക്കിയ വാഹനാപകത്തെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രതിഷേധം വര്‍ധിപ്പിച്ചു.

ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് അപകടം ഉണ്ടാക്കിയ യുഎസ് പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹാസച്ചിരിയാടെ അധിക്ഷേപിച്ചതും വലിയ പ്രതിഷേധം ഉയത്തിയിരുന്നു. ഉ ദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ, സംഭവം വിവാദമാകുകയായിരുന്നു. സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡറര്‍, ഗില്‍ഡിന്റെ പ്രസിഡന്റിനോട് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമര്‍ശം ഉദ്യോഗസ്ഥന്‍ നടത്തിയത്. ‘അവള്‍ മരിച്ചു, സാധാരണക്കാരിയാണ്, ഒരു ചെക്ക് എഴുതൂ. പതിനൊന്നായിരം ഡോളര്‍. അവള്‍ക്ക് 26 വയസ്സായിരുന്നു, അവളുടെ ജീവന് വലിയ വിലയില്ല’- തമാശമട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

by Midhun HP News | Feb 12, 2026 | Latest News, ജില്ലാ വാർത്ത
ഇന്ത്യയും യുഎസ് ഉം തമ്മിൽ ഉണ്ടാക്കിയ വ്യാപാരകരാറിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും മോദിയുടെയും, ട്രമ്പിന്റെയും കോലം കത്തിക്കുകയും ചെയ്തു.

ഇന്ത്യ രാജ്യത്തിന്റെ ആത്മാഭിമനത്തെയും പരമാധികാരത്തെയും ട്രമ്പിന്റെ ഭീഷണിക്ക് വഴങ്ങി അടിയറ വയ്ക്കുന്നതാണു വ്യാപാര കരാർ എന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ കെ പി സി സി സെക്രട്ടറി എം എ ലത്തീഫ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാറൂക്, സഞ്ജു, ചന്നാങ്കര സഫീർ, ഹുസൈൻ, കെ എസ് യു ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ഭരത് കൃഷ്ണ, നിസാം, ആബിദ്, സിറാജ്, സാജൻ, ഫായിസ്, സനദ്, അക്രം, സാഗർ തുടങ്ങിയവർ നേതൃത്വം നൽകി.

by Midhun HP News | Feb 12, 2026 | Latest News, കേരളം
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമായി പുരോഗമിക്കുന്നു. കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നില്ല. രാവിലെ ചിലയിടങ്ങളില്‍ ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തിയെങ്കിലും എട്ടു മണിയോടെ ഭൂരിഭാഗവും നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങി. ട്രെയിനുകളില്‍ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവര്‍ വാഹനം കിട്ടാതെ വലഞ്ഞു. ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും നിരത്തിലുണ്ട്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്.

കോഴിക്കോട് പണിമുടക്കു ദിനത്തില്‍ സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും പുറത്താക്കി ഗേറ്റുപൂട്ടി സിഐടിയു പ്രവര്‍ത്തകര്‍ കൊടി നാട്ടി. കോഴിക്കോട് കോയ റോഡ് ജിഎം യുപിഎസ് സ്‌കൂളില്‍ രാവിലെയാണ് സംഭവം. ഗേറ്റു സമരക്കാര്‍ പൂട്ടിയതോടെ അധ്യാപകര്‍ക്കു റോഡില്‍നില്‍ക്കേണ്ടിവന്നു. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നും വിദ്യാഭ്യാസ വകുപ്പില്‍ വിവരം അറിയിച്ചതായും അധ്യാപകര്‍ പറഞ്ഞു. 13 അധ്യാപകരാണ് ജോലിക്കായി എത്തിയത്. സമരക്കാര്‍ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കി.
വയനാട് കല്‍പ്പറ്റയില്‍ പണിമുടക്ക് അനുകൂലികള്‍ ചരക്കു ലോറി തടഞ്ഞു. ‘കൈ കാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തിയില്ലേ? എന്തിനാണ് തെറി പറയുന്നതെന്ന്’ ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ‘ഇവനെ എന്തായാലും വിടാന്‍ പറ്റില്ല, രാത്രി 12 ആയിട്ടു പോയാല്‍ മതി’ എന്നായിരുന്നു സമരാനുകൂലികളുടെ മറുപടി. ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് ഇവിടെ വാഹനം തടഞ്ഞത്. സ്ഥലത്തു പൊലീസ് എത്തിയെങ്കിലും പ്രവര്‍ത്തകര്‍ അയയാന്‍ തയാറായില്ല. കല്‍പ്പറ്റയില്‍ ബാങ്കിലെത്തിയ ജീവനക്കാരെ തടഞ്ഞു. കല്‍പ്പറ്റയിലെ സിഎസ്ബി ബാങ്കിന്റെ കല്‍പ്പറ്റ ശാഖയാണ് സമരക്കാര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചത്.
തിരുവനന്തപുരം തമ്പാനൂരില്‍ സര്‍വീസിനെത്തിയ കെഎസ്ആര്‍ടിസി ബസ്, സമരാനുകൂലികള്‍ തടഞ്ഞു. മെഡിക്കല്‍ കോളജ്, ആര്‍സിസി എന്നിവിടങ്ങളിലേക്ക് ചികിത്സയ്ക്കായി എത്തിയ ഒട്ടേറെ രോഗികള്‍ക്ക് ആശ്വാസമായി പൊലീസ് യാത്രാസൗകര്യം ഒരുക്കി. കൊച്ചി നഗരത്തില്‍ പണിമുടക്ക് പൂര്‍ണം. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. റോഡുകള്‍ വിജനമാണ്. കൊച്ചി മെട്രോ സര്‍വീസ് സാധാരണ പോലെ സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.
ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് സംസ്ഥാനത്തു തുടരുകയാണ്. വ്യവസായ – കാര്‍ഷിക – വാണിജ്യ – വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാണ്. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അവശ്യ മേഖലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്നതിനാല്‍ മിക്കയിടത്തും സര്‍വീസുകള്‍ മുടങ്ങി. സ്വകാര്യബസുകളും നിരത്തിലില്ല. ഓട്ടോ, ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസമില്ലെന്നും കഴിയുന്നതും പണിമുടക്കിനോടു സഹകരിക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

by Midhun HP News | Feb 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കടുത്ത ചൂട് അനുഭവപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരില്‍. കണ്ണൂരില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്നു ജില്ലകളില്‍ 35 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. എറണാകുളം, കോട്ടയം കോഴിക്കോട് ജില്ലകളിലാണ് പകല്‍ താപനില 35 ലേക്ക് എത്തിയത്.
ഏറ്റവും കുറഞ്ഞ പകല്‍ താപനില 31 ഡിഗ്രി സെല്‍സ്യസ് തിരുവനന്തപുരത്ത് രേഖപ്പെടുത്തി. രാത്രി താപനില ഏറ്റവും കുറവ് പുനലൂരിലാണ്. 20 ഡിഗ്രി സെല്‍സ്യസ്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.കഴിഞ്ഞ ദിവസം യു വി ഇന്‍ഡെക്സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു വി ഇന്‍ഡെക്സ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ യു വി ഇന്‍ഡെക്സ് ആറാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വര്‍ധിക്കുന്നുണ്ട്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Feb 12, 2026 | Latest News, ജില്ലാ വാർത്ത
ഡൽഹി: ടി20 ലോകകപ്പില്‍ അരങ്ങേറ്റ മത്സരത്തിന് തയ്യാറെടുക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ പരിശീലന വിഡിയോ ഔദ്യോഗികമായി പങ്ക് വെച്ച് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇന്ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീം ഡൽഹിയിൽ പരിശീലനം നടത്തിയിരുന്നു. സഞ്ജു നെറ്റ്സിൽ പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് ഐസിസി പങ്കു വെച്ചിരിക്കുന്നത്.
‘നമീബിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തിളങ്ങിയ പ്രകടനം കാഴ്ചവെച്ചു സഞ്ജു സാംസൺ’ എന്ന തലക്കെട്ടോടെയാണ് ഐസിസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ അര്‍ഷ്ദീപ് സിങിന്റെ വേഗതയേറിയ പന്തുകൾ പുൾ ഷോട്ട് കളിക്കുന്നതും സഞ്ജുവിന്റെ പെർഫോമൻസ് കണ്ട് സൂര്യകുമാർ യാദവ് താരത്തെ അഭിനന്ദിക്കുന്നതും വിഡിയോയിൽ കാണാം.
പതിവ് ശൈലിയിൽ നിന്ന് മാറി ക്രീസിൽ കൃത്യമായ സ്റ്റാൻഡ്‌സിൽ നിന്നാണ് സഞ്ജു ബൗളുകൾ നേരിട്ടത്. നെറ്റ്സിലെ പരിശീലനത്തിൽ സഞ്ജു കൂടുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശുന്നത് എന്നും കാണാം. അസുഖം കാരണം ആശുപത്രിയിൽ പ്രവേശിച്ച ഇന്ത്യൻ ഓപ്പണർ അഭിഷേക് ഇന്ന് മത്സരത്തിനിറങ്ങാൻ സാധ്യതയില്ല. പകരം സഞ്ജു ഓപ്പണിങ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.


by Midhun HP News | Feb 12, 2026 | Latest News, ജില്ലാ വാർത്ത
തിരു: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ UDF 2011 ആവർത്തിക്കും. 10 സീറ്റിൽ വിജയം ഉറപ്പാക്കുമെന്ന് KPCCവൈസ് പ്രസിഡൻ്റ് പാലോട് രവി പ്രസ്താവിച്ചു. ആറ്റിങ്ങൽ നിയോജകമണ്ഡലം UDF കൺവെൻഷൻ ആലംകോട് ഹാരിസൻ പ്ലാസാ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രവി.
UDF നിയോജക മണ്ഡലം ചെയർമാൻ അഡ്വ: ജയകുമാർ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ UDF ജില്ലാ കൺവീനർ ബീമാപള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി. എൻ.സുദർശനൻ, ചെമ്പഴന്തി അനിൽ, ആറ്റിങ്ങൽ ഉണ്ണികൃഷ്ണൻ ഗംഗാധരതിലകൻ, ജോസഫ് പെരേര, സൊണാൽജി, മുഹമ്മദ് ഹാഷിം, വക്കം വിഷ്ണു, പുളിമാത്ത് കബീർ, രാധാകൃഷ്ണ കുറുപ്പ്, വിജയമോഹനൻ പിള്ള എന്നിവർ സംസാരിച്ചു.


Recent Comments