ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

ഡല്‍ഹി: സാമ്പത്തിക ഇടപാടുകളില്‍ പാന്‍ (പെര്‍മനന്റ് അകൗണ്ട് നമ്പര്‍) കാര്‍ഡ് വളരെ പ്രധാനപ്പെട്ട രേഖയാണ്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത്, വലിയ ഇടപാടുകള്‍ നടത്തുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2025 ഡിസംബര്‍ 31 ആണ്. അതിനുള്ളില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകും. നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി എത്രയും വേഗം ബന്ധിപ്പിക്കേണ്ടതാണ്.

പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:

ആദായനികുതി ഇ-ഫയലിങ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക: https://www.incometax.gov.in/iec/foportal/

‘ലിങ്ക് ആധാര്‍’ (ഹോംപേജില്‍ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക

കാണിച്ചിരിക്കുന്ന ഫീല്‍ഡുകളില്‍ നിങ്ങളുടെ 10 അക്ക പാന്‍, 12 അക്ക ആധാര്‍ നമ്പറുകള്‍ നല്‍കുക

സ്‌ക്രീനിലെ നിര്‍ദേശങ്ങള്‍ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂര്‍ത്തിയാക്കുക

അഭ്യര്‍ത്ഥന സമര്‍പ്പിക്കുക- പോര്‍ട്ടല്‍ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും

ഓണ്‍ലൈനിലൂടെ പരിശോധിക്കുന്ന വിധം:

uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ആധാര്‍ സര്‍വീസസില്‍ ക്ലിക്ക് ചെയ്യുക

ആധാര്‍ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക

12 അക്ക ആധാര്‍ നമ്പര്‍ നല്‍കി ഗെറ്റ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക

പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക

സെക്യൂരിറ്റി വെരിഫിക്കേഷന് കാപ്ച കോഡ് നല്‍കുക

ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയായി

തുടര്‍ന്ന് ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും

www.nsdl.com ല്‍ കയറിയും സമാനമായ നിലയില്‍ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും.

കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

ബോളിവുഡിന്റെ സ്വന്തം കിങ് ഖാന് ഇന്ന് 60 -ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് ഷാരുഖിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഒന്നുമില്ലായ്മയിൽ നിന്ന് വലിയൊരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്ത വ്യക്തിയാണ് ഷാരുഖ്. ഇന്നിപ്പോൾ ആരെയും അത്ഭുതപ്പെടുത്തുന്ന താരത്തിന്റെ വളർച്ച അത്ര പെട്ടെന്നൊന്നുമായിരുന്നില്ല, അത്ര എളുപ്പവും.

സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ഷാരുഖിനെ ബോളിവു‍ഡിന്റെ കിങ് ഖാൻ എന്ന പദവിയിലേക്ക് ഉയർത്തിയത്. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളാണ് ഷാരുഖ്. പതിനഞ്ചാം വയസിൽ അച്ഛനും ഇരുപത്തിയഞ്ചാം വയസിൽ അമ്മയും ഈ ലോകത്തോട് വിട പറഞ്ഞു.

വൈകാരികമായ ആ ഒറ്റപ്പെടലിനുള്ളിൽ നിന്നുകൊണ്ടാണ് കലാരംഗത്തേക്ക് ഷാരുഖ് കടന്നുവരുന്നത്, അതും യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ. സിനിമയിൽ വരുന്നതിന് മുൻപ് പല ജോലികളും താൻ ചെയ്തിരുന്നുവെന്ന് ഷാരുഖ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഗസൽ മാന്ത്രികനായ പങ്കജ് ഉദാസിന്റെ ലൈവ് പരിപാടിക്കെത്തുന്ന ആളുകളെ ഇരിപ്പിടം കണ്ടെത്താൻ സഹായിക്കുകയായിരുന്നു ആദ്യം ചെയ്തിരുന്ന ജോലി. ആ പരിപാടിയിൽ നിന്നാണ് തനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നതെന്നും ഷാരുഖ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

“കുട്ടിക്കാലത്ത് തന്നെ ഞാൻ കുറച്ചു ദൂരം യാത്രയൊക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം പങ്കജ് ഉദാസിന്റെ പരിപാടിയിൽ ആളുകളെ സ്വീകരിച്ച് ഇരുത്തുന്ന ജോലിക്ക് പോയി. അതിന് പ്രതിഫലമായി ഞങ്ങൾക്ക് അന്ന് 50 രൂപ ലഭിച്ചു. ആ പൈസയ്ക്ക് ഞങ്ങൾ ട്രെയ്‌ൻ കയറി താജ്മഹൽ കാണാൻ പോയി”. – ഷാരുഖ് ഒരഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

50 രൂപ പ്രതിഫലത്തിൽ തുടങ്ങിയ ഷാരുഖ് ഇന്ന് കോടികൾ പ്രതിഫലം കൈപ്പറ്റുന്ന സൂപ്പർ സ്റ്റാറായി മാറിയിരിക്കുന്നു. സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും ഒരു തുറന്ന പാഠപുസ്തകവും പ്രചോദനവുമാണ് ഷാരുഖിന്റെ ജീവിതം. ലോകമെമ്പാടും ഷാരൂഖിന് നിരവധി റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികളുണ്ട്.

ബാന്ദ്രയിൽ 200 കോടി വിലമതിക്കുന്ന മന്നത്ത് എന്ന ആഡംബര ബംഗ്ലാവിനു പുറമെ ലണ്ടനിൽ ആഡംബര അപ്പാർട്ട്മെന്റ്, ഇംഗ്ലണ്ടിൽ ഒരു അവധിക്കാല വിശ്രമ കേന്ദ്രം, ബെവർലി ഹിൽസിൽ ഒരു വില്ല, ഡൽഹിയിൽ പ്രോപ്പർട്ടികൾ, അലിബാഗിൽ ഒരു ഫാംഹൗസ്, ദുബായിൽ ബംഗ്ലാവ് എന്നിവയും ഷാരുഖിന് സ്വന്തമായുണ്ട്.

ഷാരുഖിന്റെ ജന്മദിനം ഗ്രാൻഡ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ച് ആഘോഷമാക്കുകയാണ് യുഎഇ. പതിവ് പോലെ മുംബൈയിലെ മന്നത്ത് മൻസിലിലെ ബാൽക്കണിയിൽ ഷാരുഖ് ഇന്നും എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ടുകള്‍. ശബരിമലയുടെ പേരില്‍ പലപ്പോഴായി 70 ലക്ഷം രൂപയോളം ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയതായി ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കി. എസ്‌ഐടിക്ക് മുന്നില്‍ ഹാജരായ ഗോവര്‍ധന്‍ തെളിവുകള്‍ കൈമാറിയതായാണ് സൂചന.

ശബരിമലയില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണപ്പാളി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുപോയി പൊളിച്ച്, അതിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി എടുത്തു മറിച്ചു വിറ്റിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമയിലേക്ക് നീണ്ടത്. 2019 ന്റെ അവസാന നാളുകളിലാണ് സ്വര്‍ണ വില്‍പ്പന നടന്നതെന്നാണ് സൂചന.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഈ മാസം അഞ്ചിന് രണ്ടാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. പണിക്കൂലി ഇനത്തില്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈപ്പറ്റിയ സ്വര്‍ണവും ഗോവര്‍ധന് വിറ്റ സ്വര്‍ണവും എസ്‌ഐടി കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം മുന്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ മുരാരി ബാബു, ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. വഴിപാടുകളുടെയും സ്‌പോണ്‍സര്‍ഷിപ്പിന്റെയും പേരില്‍ ഭക്തരായ നിരവധി ധനികരില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പണം വാങ്ങിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ബംഗലൂരിവിലും ചെന്നൈയിലും അടക്കം എസ്‌ഐടി അന്വേഷണം തുടരുകയാണ്.

കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവി​ഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവി​ഗ്ന; അങ്കമാലിയിലെ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

​കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവി​ഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിർമ്മാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണ് അങ്കമാലിയിലേത്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന ഈ പദ്ധതിയിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരമൊരുക്കിയിട്ടുണ്ട്.

​21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം സംസ്ഥാനത്തെ ആധുനിക വെയർഹൗസ്, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസന രം​ഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. ഇതിനോടകം ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആ​ഗോള വൻകിട കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു.

​നവംബർ മൂന്നിന് വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ്., പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ എസ്. വി, വാർഡ് കൗൺസിലർ രാജമ്മ എന്നിവർ സംസാരിക്കും.

​ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്. ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 6 ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാർക്കാണ് അവി​ഗ്നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി. 50 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള അവി​ഗ്ന ​ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്. പത്രസമ്മേളനത്തിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബോദ് മിശ്ര എന്നിവർ പങ്കെടുത്തു.

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയില്‍ കൊച്ചുവേളി (തിരുവനന്തപുരം നോര്‍ത്ത്) റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍. അരുണ്‍ എന്നയാളെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ഷൂട്ടിങുമായി ബന്ധപ്പെട്ട യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയെ അപ്പുറത്തെ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ മോശമായി പെരുമാറിയത്. റെയില്‍വേ ലൈന്‍ മുറിച്ചുകടക്കാതെ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. തുടര്‍ന്ന് ട്രെയിന്‍ കയറി അപ്പുറത്തെത്തിയ ശേഷം ട്രാക്കിലേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തില്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പോര്‍ട്ടറെ ന്യായീകരിച്ചാണ് ഇടപെട്ടതെന്നും ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ അരുണിനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിനേഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്സിനേഷന്‍ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂരിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഉദ്ഘാടനം തിങ്കള്‍ രാവിലെ 10ന് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

രാജ്യത്ത് സ്ത്രീകളില്‍ കണ്ടുവരുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട അര്‍ബുദമാണ് ഗര്‍ഭാശയഗള അര്‍ബുദം. അര്‍ബുദ അനുബന്ധ മരണനിരക്ക് കൂടാനും ഇത് കാരണമാണ്. വരുംതലമുറയെ രോഗത്തില്‍നിന്ന് രക്ഷിക്കാന്‍ എച്ച്പിവി വാക്‌സിന്‍ എല്ലാ പെണ്‍കുട്ടികളും സ്വീകരിക്കുന്നത് നല്ലതാണ്. ഇത് മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. വാക്സിനേഷന്‍ പദ്ധതി വിവിധ സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കാനാണ് ലക്ഷ്യം. ലയണ്‍സ് ക്ലബ്, റോട്ടറി ക്ലബ്, മറ്റ് സന്നദ്ധസംഘടനകള്‍ തുടങ്ങിയവയുടെ സഹകരണവുമുണ്ട്.