നമ്പർ മാത്രമല്ല പേരുകളും ഇനി സ്‌ക്രീനിൽ തെളിയും ; കോളർ ഐഡി സംവിധാനവുമായി ട്രായ്

നമ്പർ മാത്രമല്ല പേരുകളും ഇനി സ്‌ക്രീനിൽ തെളിയും ; കോളർ ഐഡി സംവിധാനവുമായി ട്രായ്

ഇനി മുതൽ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പർ മാത്രമല്ല ഒപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളർ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നൽകിയ നിർദ്ദേശത്തിന് ട്രായ് അംഗീകാരം നൽകി. കോളർ നെയിം പ്രസന്റേഷൻ(സിഎൻഎപി) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം അടുത്ത വർഷം മാർച്ച് മാസത്തോടെ രാജ്യത്ത് നടപ്പാക്കാൻ ടെലികോം സേവനദാതാക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

ഫീച്ചർ നിലവിൽ വരുന്നതോടെ പരിചയമില്ലാത്ത നമ്പറുകളുടെ ഒപ്പം പേരുകളും തെളിഞ്ഞ് വരും. ട്രൂ കോളർ പോലുള്ള തേർഡ് പാർട്ടി അപ്പുകളാണ് നമ്മൾ ഇപ്പോൾ പേരുകൾ കണ്ടെത്താനായി ഉപയോഗിക്കുന്നത്. എന്നാൽ പുതിയ സേവനം നിലവിൽ വരുന്നതോടെ അപരിചതമായ നമ്പറുകൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് എളുപ്പത്തിൽ തീരുമാനിക്കാനാകും.

സ്പാം കോളുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവ തടയാനും ഇത് ഏറെ ഗുണം ചെയ്യും. ഫീച്ചർ ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സംവിധാനവും ഉണ്ടാകും.സിം എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ, സർക്കാർ അംഗീകരിച്ച പേരുകളായിരിക്കും സ്‌ക്രീനിൽ തെളിഞ്ഞ് വരുക. അതിനാൽ തേർഡ് പാർട്ടി അപ്പുകളിലെപോലെ സ്വന്തം ഇഷ്ട്ടപ്രകാരമുള്ള പേരുകൾ നൽകാനാവില്ല. ആദ്യ ഘട്ടത്തിൽ 4G , 5G ഉപയോക്താക്കൾക്കായിരിക്കും ഈ സേവനം ലഭ്യമാവുക. മറ്റ് നെറ്റ് വർക്കുകളിൽ ഇവ നടപ്പിലാകുന്നതിനായുള്ള സാധ്യതകളും പരിശോധിക്കും.

ഓടുന്ന കാറിന്റെ ഗിയര്‍ ബോക്‌സ് ഊരിപ്പോയി; നീതിക്കായി നീണ്ട പോരാട്ടം; ഒടുവില്‍…

ഓടുന്ന കാറിന്റെ ഗിയര്‍ ബോക്‌സ് ഊരിപ്പോയി; നീതിക്കായി നീണ്ട പോരാട്ടം; ഒടുവില്‍…

തിരുവനന്തപുരം: നീണ്ട നിയപോരാട്ടത്തിനൊടുവില്‍ കാസര്‍കോട്ടെ റിട്ടയേര്‍ഡ് റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നീതി ലഭിച്ചു. കാറിന്റെ തകരാര്‍ പരിഹരിക്കാന്‍ അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍ കൂടിയായ ഡീലര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. 2013 മാര്‍ച്ചിലാണ് പരാതിക്കാരന്‍ കാസര്‍കോടുള്ള ഒരു ഡീലറുടെ പക്കല്‍ നിന്നും ഹ്യുണ്ടായി കാര്‍ വാങ്ങിയത്. കേസിനാസ്പദമായ സംഭവം ഉണ്ടായത് 2015 ഏപ്രില്‍ 14നാണ്.

പരാതിക്കാരന്‍ കുടുംബവുമൊത്ത് യാത്ര ചെയ്യവേ കാറിന്റെ ഗിയര്‍ സിസ്റ്റം എന്‍ജിനില്‍ നിന്ന് വേര്‍പെട്ട് റോഡില്‍ വീണു. വണ്ടി നന്നാക്കാന്‍ 30,000 രൂപ വേണമെന്ന് ഡീലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരാതിക്കാരന്‍ ഇത് അംഗീകരിച്ചില്ല. തന്റെ കുറ്റം കൊണ്ട് സംഭവിച്ചതല്ലാത്തതുകൊണ്ട് സൗജന്യമായി നന്നാക്കി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. ഡീലര്‍ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പരാതിക്കാരന്‍ കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. ഡീലറും കാറിന്റെ നിര്‍മാതാവായ ഹ്യുണ്ടായി മോട്ടോഴ്സുമായിരുന്നു എതിര്‍ കക്ഷികള്‍. വാദത്തിനൊടുവില്‍ പരാതിക്കാരന്റെ ഭാഗത്താണ് ന്യായമെന്ന് കമ്മീഷന്‍ കണ്ടെത്തി.

ഡീലറും നിര്‍മാതാവും ചേര്‍ന്ന് കാറിന്റെ വിലയായ 3,34,000 രൂപ തിരികെ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കൂടാതെ 25000 രൂപ നഷ്ടപരിഹാരമായും 5000 രൂപ ചെലവായും നല്‍കണം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഡീലര്‍ തയ്യാറായില്ല. അദ്ദേഹം ഉത്തരവിനെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചു. സംസ്ഥാന കമ്മീഷനില്‍ കേസ് പരിഗണിച്ചത് കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍, ജുഡീഷ്യല്‍ മെമ്പര്‍ ഡി. അജിത് കുമാര്‍, മെമ്പര്‍ കെ.ആര്‍. രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് എന്‍ ജി മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസന്‍ എന്നിവരാണ് ഹാജരായത്.

വണ്ടിക്ക് മാനുഫാക്ചറിംഗ് ഡിഫക്ട് ഉണ്ടെന്നും കൂടാതെ സര്‍വീസ് ചെയ്തതില്‍ പോരായ്മകള്‍ ഉണ്ടെന്നുമായിരുന്നു പരാതിക്കാരന്റെ പ്രധാന ആരോപണങ്ങള്‍. എന്നാല്‍ മാനുഫാക്ച്ചറിങ് ഡിഫെക്ട് എന്ന വാദം ഡീലര്‍ നിഷേധിച്ചു. പരാതിക്കാരന്‍ ശരിയായി വണ്ടി കൈകാര്യം ചെയ്യാത്തതും അശ്രദ്ധമായി ഓടിച്ചതുമാണ് ഗിയര്‍ ബോക്സ് ഇളകിപ്പോകാനുണ്ടായ കാരണങ്ങളെന്ന് ഡീലര്‍ വാദിച്ചു. മാത്രവുമല്ല ഇത്രയും നാള്‍ വണ്ടി തന്റെ സര്‍വീസ് സ്റ്റേഷനില്‍ സൂക്ഷിച്ചതിന് പരാതിക്കാരന്‍ നഷ്ടപരിഹാരവും തരണം.

വിശദമായി വാദം കേട്ട സംസ്ഥാന കമ്മീഷന്‍ ഡീലറുടെ ആരോപണങ്ങളില്‍ പിഴവുകള്‍ കണ്ടെത്തി. ശരിയായി വണ്ടി കൈകാര്യം ചെയ്യാത്തതും, അശ്രദ്ധമായി ഓടിച്ചതുമാണ് ഗിയര്‍ ബോക്സ് ഇളകിപ്പോകാനുണ്ടായ കാരണങ്ങളെന്ന് വാദിച്ച ഡീലര്‍ക്ക് അതിന്റെ തെളിവുകള്‍ ഹാജരാക്കാനായില്ല. മാത്രവുമല്ല എവിടെയെങ്കിലും വണ്ടി ഇടിച്ചത് കൊണ്ടുണ്ടായ തകരാര്‍ ആണെന്നും തെളിയിക്കാനായില്ല.

‘പരാതിക്കാരന്‍ കൃത്യമായി വാഹനം സര്‍വീസ് ചെയ്യാറുണ്ടായിരുന്നു. ഇത് അദ്ദേഹം കേസ് ജയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. മറ്റൊരു സംഗതി ഡീലര്‍ തന്നെ നിര്‍മ്മാണ തകരാര്‍ ഇല്ലെന്നു വാദിച്ചതാണ്,’ പരാതിക്കാരന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് മഹേഷ് പറഞ്ഞു. ‘പരാതിക്കാരന്‍ ഡീലറുടെ പക്കല്‍ വണ്ടി സര്‍വീസിനായി കൃത്യമായ ഇടവേളകളില്‍ ഏല്പിക്കാറുണ്ടായിരുന്നു. ഒടുവില്‍ സര്‍വീസ് നടത്തിയത് 20 ജനുവരി 2015 നാണ്. അതിനാല്‍ ഏപ്രിലില്‍ ഉണ്ടായ അസാധാരണ അപകടത്തിന് ഡീലര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. താന്‍ ചെയ്തു കൊടുക്കാന്‍ ബാധ്യസ്ഥനായ ഫ്രീ സര്‍വീസ് ഡീലര്‍ നല്‍കിയില്ല.’- കമ്മീഷന്‍ ചുണ്ടിക്കാട്ടി

നിര്‍മാണ തകരാര്‍ ഇല്ലെന്ന് ഡീലര്‍ വാദിച്ചതിനാല്‍ റീഫണ്ട് നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് കാര്‍ കമ്പനിയെ കമ്മീഷന്‍ ഒഴിവാക്കി. ഡീലര്‍ തന്നെ കാറിന്റെ വിലയായ 3,34,000 രൂപയും, 25000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നല്‍കണമെന്നാണ് ഉത്തരവ്.

മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തി: എണ്‍പതുകാരന് വധശിക്ഷ

മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തി: എണ്‍പതുകാരന് വധശിക്ഷ

തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ആലിയാക്കുന്നേല്‍ ഹമീദിന് (80 വയസ്സ് ) വധശിക്ഷ. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ ബാല്‍ പ്രസ്താവിച്ചു. പ്രതിയുടെ പ്രായം പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

2022 മാർച്ച് 19നായിരുന്നു കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. മകനെയും കുടുംബത്തെയുമാണ് വീടിന് തീവെച്ച് കൊലപ്പെടുത്തിയത്. തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരെയാണ് ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊലപ്പെടുത്തിയത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം.

രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം തടസപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് വീടിന് തീയിട്ടത്. തീ അണയ്ക്കാതിരിക്കാന്‍ വീട്ടിലെ വാട്ടര്‍ടാങ്കില്‍നിന്ന് വെള്ളം ഒഴുക്കി കളയുകയും പൈപ്പുകളുടെ കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു. ഫ്രിഡ്ജില്‍ കരുതിയിരുന്ന വെള്ളംപോലും എടുത്തു കളഞ്ഞു. ഭാര്യ മരിച്ചതിന് ശേഷം ഹമീദ് തൊടുപുഴയിലെ വീട്ടില്‍നിന്ന് മണിയന്‍കുടിയിലേക്ക് താമസം മാറിയിരുന്നു.

പിന്നീട് ഫൈസലിന്റെ വീട്ടിലെത്തിയ ഹമീദ് സ്വത്തിനെച്ചൊല്ലി മകനുമായി വഴക്കുണ്ടാക്കി. കടമുറികൾ അടക്കമുള്ള വസ്തുവാണ് ഹമീദ് തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്. സ്വന്തം കൊച്ചുമക്കളായ നിഷ്കളങ്കരായ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

നാഷണൽ ഹൈവേ അതോറിട്ടിയിൽ ഡെപ്യൂട്ടി മാനേജർ, അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിൽ ഒഴിവ്

നാഷണൽ ഹൈവേ അതോറിട്ടിയിൽ ഡെപ്യൂട്ടി മാനേജർ, അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിൽ ഒഴിവ്

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)നിലിവുള്ള ഒഴിവുകളിലേക്കും ബാക്ക് ലോഗ് നികത്തുന്നതിനുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെപ്യൂട്ടി മാനേജർ,അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ തസ്തികകളിൽ വിവിധ യോഗ്യതകളാണ് മാനദണ്ഡം. ഏറ്റവും കൂടുതൽ ഒഴിവുകൾ അക്കൗണ്ടന്റ്,സ്റ്റെനോഗ്രാഫർ തസ്തികകളിലാണ്. കുറവ് ഒഴിവുകൾ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികകളിലും

ഉദ്യോഗാർത്ഥികൾക്ക് ദേശീയപാതാ അതോറിട്ടിയുടെ (NHAI) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വിജ്ഞാപന പ്രകാരം ഈ തസ്തികകളിലെല്ലാമായി 84 ഒഴിവുകളാണ് ഉള്ളത്. ഇന്ന് മുതൽ (ഒക്ടോബർ 30) അപേക്ഷിക്കാം.

ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള റെഗുലർ ബിരുദം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ (ഫിനാൻസ്)

ഉയർന്ന പ്രായപരിധി- 30 വയസ്സ്

ഒഴിവുകളുടെ എണ്ണം – ഒമ്പത്

ശമ്പള സ്കെയിൽ – 56,100- 1,77500

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലൈബ്രറി സയൻസിൽ ബിരുദം.

ഉയർന്ന പ്രായപരിധി -30 വയസ്സ്

ഒഴിവുകളുടെ എണ്ണം- ഒന്ന്

ശമ്പള സ്കെയിൽ -35,400- 1,12,400

ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ

യോഗ്യത

അംഗീകൃത സർവകാശാലയിൽ നിന്ന് ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ നിർബന്ധിത വിഷയമായോ ഐച്ഛിക വിഷയമായോ പരീക്ഷമാധ്യമായോ ഈ ഭാഷകൾ ഉൾപ്പെട്ടിരിക്കണം.

ഒഴിവുകളുടെ എണ്ണം- ഒന്ന്

ഉയർന്ന പ്രായപരിധി-30 വയസ്സ്

ശമ്പള സ്കെയിൽ -35,400- 1,12,400

അക്കൗണ്ടന്റ്

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദാനന്തര ബിരുദം; ചാർട്ടേഡ് അക്കൗണ്ടൻസിയിൽ (CA) ഇന്റർമീഡിയറ്റ്; കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റിൽ (CMA) ഇന്റർമീഡിയറ്റ്

ഒഴിവുകളുടെ എണ്ണം -42

ഉയർന്ന പ്രായപരിധി- 30 വയസ്സ്

ശമ്പള സ്കെയിൽ -29,200- 92,300

സ്റ്റെനോഗ്രാഫർ

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം. മിനിറ്റിൽ 80 വാക്കുകളിൽ (ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി) അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഡിക്റ്റേഷൻ, കമ്പ്യൂട്ടറിൽ ട്രാൻസ്ക്രിപ്ഷൻ സമയം ഇംഗ്ലീഷിന് 50 മിനിറ്റും ഹിന്ദിക്ക് 65 മിനിറ്റും ആയിരിക്കും.

ഒഴിവുകളുടെ എണ്ണം -31

ഉയർന്ന പ്രായപരിധി-28 വയസ്സ്

ശമ്പള സ്കെയിൽ -25,500- 81,100

എല്ലാ തസ്തികകളിലും നിയമപ്രകാരമുള്ള പ്രായപരിധിയിൽ ഇളവ് ബാധകമാണ്.

എല്ലാ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 15 (15-12-2025) ആണ്

വിജ്ഞാപനം കാണുന്നതിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്: nhai.gov.in

‘ഞങ്ങളുടെ പ്രിയപ്പെട്ടവനെ കാക്കണേ…’; മമ്മൂട്ടിയുടെ പേരില്‍ പൊന്നിന്‍കുടം വഴിപാട്

‘ഞങ്ങളുടെ പ്രിയപ്പെട്ടവനെ കാക്കണേ…’; മമ്മൂട്ടിയുടെ പേരില്‍ പൊന്നിന്‍കുടം വഴിപാട്

മമ്മൂട്ടിയ്ക്ക് വേണ്ടി കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തി. തിരുവനന്തപുരം സ്വദേശിയായ എ ജയകുമാറാണ് മമ്മൂട്ടിയുടെ ആരോഗ്യത്തിനായി വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും മാസങ്ങളുടെ ഇടവേളയെടുത്തിരിക്കുകയായിരുന്നു മമ്മൂട്ടി. രോഗാവസ്ഥയെ മറികടന്ന് അദ്ദേഹം ഈയ്യടുത്താണ് തിരികെ വന്നത്. മഹേഷ് നാരായണ്‍ ഒരുക്കുന്ന പാട്രിയറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് മമ്മൂട്ടിയിപ്പോള്‍. മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രമാണ് പാട്രിയറ്റ്.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സുഷിന്‍ ശ്യാം ആണ് സംഗീതം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ലണ്ടനിലാണ് ഇപ്പോള്‍ ചിത്രീകരണം നടന്നരുന്നത്.

ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

‘ഉദയാസ്തമന പൂജ ഭരണ സൗകര്യം നോക്കി മാറ്റരുത്’; സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി

‘ഉദയാസ്തമന പൂജ ഭരണ സൗകര്യം നോക്കി മാറ്റരുത്’; സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡിനു തിരിച്ചടി

ഡല്‍ഹി: ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചിക മാസം തന്നെ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഭരണ സൗകര്യം നോക്കി പൂജ മാറ്റിവെക്കരുത്. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഭക്തരുടെ തിരക്ക് നോക്കി പൂജ മാറ്റേണ്ട കാര്യം തന്ത്രിക്കില്ലെന്ന് ജസ്റ്റിസ് ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡിസംബര്‍ ഒന്നിനാണ് ഈ വര്‍ഷത്തെ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം. ഈ തുലാമാസത്തില്‍ പൂജ നടത്താമോയെന്ന് ദേവസ്വം ബോർഡ് ആരാഞ്ഞപ്പോൾ, തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാല്‍ തുലാമാസത്തിലും ഉദയാസ്തമന പൂജ നടത്താവുന്നതാണെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ വൃശ്ചിക മാസത്തിലെ ഏകാദശി നാളില്‍ നടത്തുന്ന പൂജ തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റിയിരുന്നു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വര്‍ഷങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്. ക്ഷേത്രത്തില്‍ നിലനിന്നിരുന്ന നിരവധി ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മുന്‍ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.ഗുരുവായൂര്‍ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തര്‍ക്ക് എല്ലാ സൗകര്യവും ഒരുക്കേണ്ടത് ദേവസ്വത്തിന് നിയമപരമായ കടമയാണ്. ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ ഏകാദശിയിലെ ഉദയാസ്തമന പൂജ തുലാമാസത്തിലേയ്ക്ക് മാറ്റിയത്. പൂജയില്ലാതെ വൃശ്ചിക ഏകാദശി പൂര്‍ത്തിയാകില്ലെന്ന വാദം തെറ്റാണ്. ഏകാദശി ദിവസം പ്രത്യേക പൂജ ഇല്ലെന്നും ഗുരുവായൂര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.