by Midhun HP News | Feb 17, 2024 | Latest News, സിനിമ
നടി മീന കേന്ദ്ര കഥാപാത്രമാകുന്ന ആനന്ദപുരം ഡയറീസ് ട്രെയിലര്‍ റിലീസ് ചെയ്തു. ഒരിടവേളയ്ക്ക് ശേഷമാണ് മീന വീണ്ടും മലയാളത്തില്‍ സജീവമാകുന്നത്. ജയ ജോസ് രാജ് തിരക്കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നീല്‍ പ്രൊഡക്ഷന്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശശി ഗോപാലന്‍ നായരാണ് നിര്‍മിക്കുന്നത്.
ലോ കോളജ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം കുടുംബ ബന്ധങ്ങളുടെ കൂടി കഥ പറയുന്നു. തമിഴ് നടന്‍ ശ്രീകാന്തും മാനോജ് കെ ജയനും ചിത്ത്രതില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നാല്‍പതാം വയസില്‍ നിയമപഠനം പുനരാരംഭിക്കുന്ന വിദ്യാര്‍ഥിനി ആയാണ് മീന ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
സിദ്ധാര്‍ഥ് ശിവ, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, റോഷന്‍ അബ്ദുള്‍ റഹൂഫ്, മാലാ പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെഎസ് ചിത്ര പാടിയ ‘ആര് നീ കണ്‍മണി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം യുട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ചിരുന്നു. സിനിമ മാര്‍ച്ച് ആദ്യ വാരത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Jan 24, 2024 | Latest News, സിനിമ
ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (44) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ ആയിരുന്നു അന്ത്യം. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ നടക്കും.
by Midhun HP News | Jan 23, 2024 | Latest News, സിനിമ
കൊച്ചി: ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ചലച്ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ ഡിഎന്‍എഫ്ടി സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ലാലിന്റെയും ലിജോ ജോസിന്റെയും നേതൃത്വത്തില്‍ ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഈ സിനിമ മലയാളത്തിന്റെ മാത്രം സിനിമയല്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. തമിഴിലും തെലുങ്കിലും അങ്ങനെ മറ്റു ഭാഷകളിലെല്ലാം കാണുമ്പോള്‍ അതാത് ഭാഷകളുടെ കഥയായി ഇത് അനുഭവപ്പെടുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരുപാട് രഹസ്യങ്ങളുള്ള സിനിമയാണെന്നും ആ രഹസ്യങ്ങളെന്താണെന്ന് സിനിമ കാണുമ്പോള്‍ മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാലേട്ടന്റെ അനുഗ്രഹം കൊണ്ട് ചിത്രത്തിന്റെ പ്രചരണ പരിപാടികളെല്ലാം ഭംഗിയായാണ് പോകുന്നതെന്ന് പരിപാടിയുടെ സംഘാടകരായ ഡിഎന്‍എഫ്ടി ഉടമകളായ ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ ഡയറക്ടര്‍ സുഭാഷ് മാനുവല്‍ പറഞ്ഞു. ഡിഎന്‍എഫ്ടിക്കൊപ്പം മനോരമ ഓണ്‍ലൈന്‍, ജെയിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്‌സ്, മൈജി എന്നിവര്‍ ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓഡിയോ, ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ചിത്രത്തിന്റെ നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രത്തിലെ നായിക സൊണാലി കുല്‍ക്കര്‍ണ്ണി തുടങ്ങിയവരും സംസാരിച്ചു. ചിത്രത്തിലെ ‘തായും തന്തൈയും’ എന്ന ഗാനം പാലക്കാട് ശ്രീറാമും ‘പുന്നാര കാട്ടിലെ’ എന്ന ഗാനം അഭയ ഹിരണ്‍മയിയും ശ്രീകുമാര്‍ വക്കിയിലും ചേര്‍ന്ന് ആദ്യമായി തത്സമയം ആലപിച്ചു.
ചിത്രത്തിന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളും വീഡിയോകളും ഡി.എന്‍.എഫ്.ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കണ്‍) പ്ലാറ്റ്‌ഫോം വഴിയാണ് ലഭ്യമാകുന്നത്. ലോകത്തിലാദ്യമായി ഡിഎന്‍എഫ്ടി മലൈക്കോട്ടൈ വാലിബനിലൂടെയാണ് അവതരിപ്പിക്കുന്നത്. ഡിഎന്‍എഫ്ടി കരസ്ഥമാക്കിയ വ്യക്തികള്‍ക്ക് ചടങ്ങില്‍ സൗജന്യ പ്രവേശനമുണ്ടായിരുന്നു. ദുബായിലും ലണ്ടനിലുമെല്ലാം ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സുഭാഷ് മാനുവല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സിനിമകള്‍ വാങ്ങുമ്പോഴും പുതിയ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴും ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
by Midhun HP News | Jan 22, 2024 | Latest News, സിനിമ
മോഹൻലാലിനെ കണ്ട് വിവാഹത്തിന് ക്ഷണിച്ച് നടൻ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും. താരത്തിന്റെ എളമക്കരയിലെ വീട്ടിലെത്തിയാണ് ക്ഷണക്കത്ത് നൽകിയത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചാണ്.
സർപ്രൈസായിട്ടാണ് ഗോപികയെ ഗോവിന്ദ് പത്മസൂര്യ മോഹൻലാലിന്റെ അടുത്തുകൊണ്ടുപോകുന്നത്. എവിടേക്കാണ് പോകുന്നത് എന്ന് ഗോപികയോട് പറഞ്ഞിരുന്നില്ല. ഇരുവരും മോഹൻലാലിനൊപ്പം സമയം ചെലവഴിക്കുകയും വിവാഹം ക്ഷണിക്കുകയും ചെയ്തു. ഗോപികയുടെ സഹോദരി കീർത്തനയും അച്ഛനും അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. മോഹൻലാലിന്റെ ബാലേട്ടൻ സിനിമയിൽ മക്കളായി അഭിനയിച്ചത് ഗോപികയും കീർത്തനയുമായിരുന്നു.
by Midhun HP News | Jan 15, 2024 | Latest News, സിനിമ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. റിലീസ് ചെയ്ത ദിവസം മുതൽ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് ഉയരുന്നത്. ഇപ്പോൾ പുതിയ നേട്ടത്തിലേക്ക് എത്തിനിൽക്കുകയാണ് ചിത്രം. 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന വിവരം നിർമാതാക്കളായ ആശിർവാദ് സിനിമാസാണ് ആരാധകരെ അറിയിച്ചത്.
എല്ലാവരുടേയും സ്നേഹത്തിന് നന്ദി. നേര് നൂറ് കോടിയിലേക്ക് എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും പിന്തുണക്കാർക്കും നന്ദി. ഡൈനാമിക് ട്രയോ ഒരിക്കൽ കൂടി അത് ചെയ്തു.- എന്ന അടിക്കുറിപ്പിലാണ് സന്തോഷവാർത്ത നിർമാതാക്കൾ പങ്കുവച്ചു. അഗോള കളക്ഷനിൽ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.
by Midhun HP News | Jan 7, 2024 | Latest News, സിനിമ
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ‘മലൈക്കോട്ടൈ വാലിബ’ന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ എത്തി. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്‌തത്. ജനുവരി 25നാണ് ചിത്രത്തിന്റെ റിലീസ് തീയതി. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ.
പോർക്കളത്തിൽ പട നയിക്കുന്ന നായകന് പിന്നില്‍ അമ്പുവില്ലും വാളുമെമ്പി നില്‍ക്കുന്ന പോരാളികളെയും ബ്രിട്ടീഷ് പൊലീസ് വേഷമണിഞ്ഞു നിൽക്കുന്നവരെയും പോസ്റ്ററിൽ കാണാം. ഫാന്റസി ത്രില്ലർ മോഡിൽ കഥപറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് പിഎസ് റഫീഖ് ആണ്. മധു നീലകണ്ഠനാണ് ഛായഗ്രഹണം. പ്രശാന്ത് പിള്ളയുമാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് അസോസിയേറ്റ് ഡയറക്ടര്‍.
മലയാളം ഉൾപ്പെടെ നാല് ഭാഷകളിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. സൊനാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Recent Comments