by Midhun HP News | Oct 8, 2024 | Latest News, സിനിമ
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ഉടൻ ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. ഓം പ്രകാശിന്റെ ലഹരി പാർട്ടികളെക്കുറിച്ചും അന്വേഷിക്കും. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക.
പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനയ്ക്ക് അയച്ചെന്നും കെഎസ് സുദർശൻ അറിയിച്ചു. മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.
ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.
by Midhun HP News | Sep 23, 2024 | Latest News, സിനിമ
മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില്‍ ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്ക്രീനില്‍ മധു നിറഞ്ഞുനിന്നു.
നാടകാഭിനയം തലയ്ക്ക് പിടിച്ച് കോളെജ് അധ്യാപക ജോലി ഉപേക്ഷിച്ചാണ് മാധവൻ നായർ എന്ന മധുവിന്‍റെ കലാജീവിതത്തിന്‍റെ തുടക്കം. പിന്നീട് സിനിമയിലേക്കുള്ള രംഗപ്രവേശം. നസീറും സത്യനും കത്തി നിന്ന കാലത്താണ് വേറിട്ട അഭിനയശൈലിയുമായി മധുവിന്‍റെ വരവ്. ജോണ്‍ എബ്രഹാമും അടൂരും പി എൻ മേനോനും അടക്കമുള്ള നവസിനിമാക്കാരുടെയും പരീക്ഷണ നായകനായി മധു. ചെമ്മീൻ, ഭാർഗ്ഗിവീനിലയം, ഓളവും തീരവും, സ്വയംവരം, പടയോട്ടം ഇങ്ങനെ മലയാള സിനിമയില്‍ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങളില്‍ മധു പ്രൗഢ സാന്നിധ്യമായി. ഒരുപക്ഷേ മലയാള സിനിമയുടെ തന്നെ ചരിത്രവുമാണ് ആ യാത്ര. അമിതാബ് ബച്ചന്‍റെ അരങ്ങേറ്റ ചിത്രം സാത്ത് ഹിന്ദുസ്ഥാനിയിലൂടെ ബോളിവുഡിലുമെത്തി മധു.
ഈ നീണ്ട അഭിനയകാലത്ത് തേടിയെത്തിയ ബഹുമതികൾ അനേകം. പിറന്നാൾ ദിനത്തിൽ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്ന് മധുവിന്‍റെ സിനിമാ ജീവിതത്തെകുറിച്ച് ഒരു വെബ് സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. അര്‍ഥപൂര്‍ണ്ണമായ ആ കലാജീവിതത്തെക്കുറിച്ച് അറിയാനുള്ള കാര്യങ്ങളെല്ലാം ഉള്‍പ്പെട്ട വെബ് സൈറ്റ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്.
by Midhun HP News | Sep 22, 2024 | Latest News, സിനിമ
ബാലിയിൽ മധുവിധു ആഘോഷത്തിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. നവദമ്പതിമാർക്കൊപ്പം ദിയയുടെ മാതാപിതാക്കളും സഹോദരിമാരും കൂടെയുണ്ട്. ബാലിയിൽ നിന്നുള്ള ഇവരുടെ വിഡിയോകളും ചിത്രങ്ങളുമെല്ലാം ഇതിനോടകം വൈറലാണ്. ഇപ്പോൾ ശ്രദ്ധനേടുന്നത് ദിയയുടേയും അശ്വിന്റേയും ഗ്ലാമർ ചിത്രങ്ങളാണ്.
സ്വിം സ്യൂട്ട് ധരിച്ച് നിൽക്കുന്ന ദിയയേയും അശ്വിനേയുമാണ് ചിത്രത്തിൽ കാണുന്നത്. കടൽക്കരയിൽനിന്ന് ദിയയുടെ നെറുകിൽ ചുംബിക്കുന്ന അശ്വിനെയാണ് ചിത്രത്തിൽ കാണുന്നത്. ബാലിയിലെ ഡയമണ്ട് ബീച്ചിൽ നിന്നുള്ളതാണ് ചിത്രം. പോസ്റ്റിന് താഴെ നവദമ്പതികൾക്ക് പിന്തുണച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
കൂടാതെ ട്രീ ഹൗസിൽ നിന്നുള്ള ചിത്രവും ദിയ പങ്കുവച്ചു. അശ്വിന്റെ കൈ പിടിച്ച് ഇറങ്ങിവരുന്ന ദിയയെ ആണ് ചിത്രത്തിൽ കാണുന്നത്. മനോഹരമായ ആ ചിത്രം പകർത്തിയത് അഹാനയാണ്. കഴിഞ്ഞ ദിവസം അശ്വിന്റെ പാട്ട് വിഡിയോയും വൈറലായിരുന്നു. ദിയയുടെ അമ്മ സിന്ധു പകർത്തിയ ഗാനം ആരാധകരുടെ മനം കവർന്നു. ഹണിമൂൺ യാത്രക്കിടെ കൃഷ്ണകുമാറും സിന്ധു കൃഷ്ണകുമാറും ദിയയും അശ്വിനും ചേർന്ന് ചെയ്ത ‘വേട്ടയ്യൻ’ റീലും വൈറലായിരുന്നു.
by Midhun HP News | Sep 20, 2024 | Latest News, സിനിമ
കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
20ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത് മലയാളികളുടെ മനസില്‍ ഇടം പിടിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ പൊന്നമ്മ 14 ാം വസയില്‍ നാടകത്തിന്റെ തട്ടേല്‍ കയറി. തോപ്പില്‍ ഭാസിയുടെ മൂലധനമായിരുന്നു ആദ്യ കാലങ്ങളില്‍ പൊന്നമ്മ ഭാഗമായ നാടകങ്ങളില്‍ ഒന്ന്.
നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ ഈ നടിയെ തേടിയെത്തി. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
by Midhun HP News | Sep 1, 2024 | Latest News, സിനിമ
മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻപാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തുനില്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം
by Midhun HP News | Aug 26, 2024 | Latest News, സിനിമ
കൊച്ചി: മലയാള സിനിമയില്‍ നിന്ന് ധാരാളം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയന്‍. സംവിധായകന്‍ തുളസിദാസില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി പറഞ്ഞു. ആ സമയങ്ങളില്‍ ശക്തമായി പ്രതികരിച്ചെന്നും അവരെ പരസ്യമായി ചീത്തവിളിച്ചതായും ഗീത വിജയന്‍ പറഞ്ഞു. പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായും നടി മാധ്യമങ്ങളോട് പറഞ്ഞു.
മലയാള സിനിമയില്‍ സ്ത്രീകള്‍ ദുരിതങ്ങളും പീഡനങ്ങളും ഒരുപാട് അനുഭവിച്ചു. എല്ലാവരം മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങള്‍ ഈ അവസരത്തിലെങ്കിലും പറയണം.അങ്ങനെ മലയാളസിനിമയില്‍ ശുദ്ധീകരണം ഉണ്ടാകട്ടെയെന്ന് ഗീത വിജയന്‍ പറഞ്ഞു. ‘ജോലി സ്ഥലം എപ്പോഴും സുരക്ഷിതമായിരിക്കണം. അല്ലെങ്കില്‍ അവിടെ നിന്ന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പലരുടെയും ജീവിതം ദുരിതപൂര്‍ണമായിട്ടുണ്ട്. അതിന് അറുതി വീണം. എല്ലാവരും അവരുടെ കാര്യങ്ങള്‍ മുന്നോട്ടുവന്നു തുറന്നുപറയണം. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ വില്ലന്‍മാര്‍ക്കൊക്കെ ഭയമാണ്. അതാണ് വേണ്ടത്. അതിനെക്കാള്‍ എത്രയോ വലുതാണ് പീഡനത്തിന് ഇരയായ സ്ത്രീകളുടെ അവസ്ഥ’- നടി പറഞ്ഞു
ആദ്യമായി ദുരനുഭവം ഉണ്ടായത് ഒരു സംവിധായകന്‍ തുളസിദാസില്‍ നിന്നാണ്. 1991ലാണത്. ലൊക്കേഷനില്‍ വച്ച് തന്റെ റൂമിന് മുന്നില്‍ വന്ന് കതകിന് തട്ടലും മുട്ടലും ഉണ്ടായി. സഹിക്കവയ്യാതെ വന്നതോടെ പച്ചത്തെറി പറഞ്ഞ് ഓടിക്കുകയായിരുന്നു. ‘എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പലരുടെയും മുന്നില്‍ കരടാണ്. പ്രതിരോധിച്ചതുകൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അത് അറിയാമായിരുന്നു. പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. എന്നെ ആവശ്യമുള്ള പ്രൊജക്ട് എന്നേ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇല്ലെങ്കില്‍ വേണ്ട എന്നായിരുന്നു എന്റെ നിലപാട്. മോശമായി പെരുമാറിയവരെ പബ്ലിക്ക് ആയി ചീത്തവിളിച്ചിട്ടുണ്ട്’ – ഗീത വിജയന്‍ പറഞ്ഞു
സിദ്ദിഖ് എങ്ങനെ അമ്മയുടെ തലപ്പത്ത് എത്തിയതെന്ന് പലവട്ടം ആലോചിച്ചു. അദ്ദേഹത്തിനെതിരെ ആരോപണം ഉള്ളപ്പോള്‍ എന്തുകൊണ്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു. ഇതിനെതിരെയൊക്കെ നടപടിയെടുക്കാന്‍ പറ്റുന്നവര്‍ സംഘടനാ നേതൃത്വത്തിലേക്ക് വരണമെന്നും ഗീത വിജയന്‍ പറഞ്ഞു.
Recent Comments