by Midhun HP News | May 5, 2026 | Latest News, സിനിമ
നടന്‍ സന്തോഷ് കെ നായരുടെ മരണത്തില്‍ മനം നൊന്ത് മോഹന്‍ലാല്‍. മോഹന്‍ലാലും സന്തോഷ് കെ നായരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് സിനിമയിലൊക്കെ എത്തുന്നതിനും ഏറെ മുമ്പാണ്. കോളേജില്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു സന്തോഷ് കെ നായര്‍. സന്തോഷ് തനിക്ക് ആ കാലം മുതലേ സുഹൃത്തും സഹോദരനുമായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
“ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍” എന്നാണ് മോഹന്‍ലാലിന്റെ കുറിപ്പ്.
അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം ഭാഗത്തേക്കുള്ള യാത്രയില്‍ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതപ്പെടുന്നത്. ഭാര്യയുടെ പരുക്ക് ഗുരുതരമല്ല. പാര്‍സല്‍ ലോറി ഡ്രൈവര്‍ സുധീഷിനും പരുക്കേറ്റിട്ടുണ്ട്.
1982 ല്‍ പുറത്തിറങ്ങിയ ഇതു ഞങ്ങളുടെ കഥ ആയിരുന്നു ആദ്യ സിനിമ. പിന്നീട് നൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. വില്ലനായും നായകനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

by Midhun HP News | May 2, 2026 | Latest News, സിനിമ
നടന്‍ ഇന്ദ്രന്‍സിനെക്കുറിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ പറഞ്ഞ വാക്കുകള്‍ വൈറലായി മാറുകയാണ്. തന്റെ പുതിയ ചിത്രമായ കറുപ്പിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് സൂര്യ ഇന്ദ്രന്‍സിനെക്കുറിച്ച് വാചാലനായത്. താനും ഇന്ദ്രന്‍സും ഒരുമിച്ചാണ് ദേശീയ അവാര്‍ഡ് വാങ്ങിയതെന്ന് സൂര്യ ചൂണ്ടിക്കാണിക്കുന്നു. ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാഷണല്‍ അവാര്‍ഡ് വാങ്ങിയ ഹീറോയായുള്ള ഇന്ദ്രന്‍സിന്റെ വളര്‍ച്ചയെക്കുറിച്ചാണ് സൂര്യ സംസാരിക്കുന്നത്.
”അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ച് പറയണമെന്ന് തോന്നുന്നു. ഒരു തുന്നല്‍ക്കാരനായി തുടങ്ങി, കോസ്റ്റിയുമറായി തുടങ്ങി ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് ഇപ്പോള്‍ നാഷണല്‍ അവാര്‍ഡ് വാങ്ങുന്ന ഹീറോ ആയിരിക്കുകയാണ്. അവര്‍ നാലാം ക്ലാസ് വരെയെ പഠിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ പോയി ഏഴാം ക്ലാസ് പരീക്ഷയെഴുതി വന്നിരിക്കുകയാണ്. സ്വപ്‌നങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റില്ല. ഒരു സ്വപ്‌നമുണ്ടെങ്കില്‍ അത് നടക്കുമെന്ന് അവരെ കണ്ടപ്പോഴാണ് പഠിച്ചത്” സൂര്യ പറയുന്നു.
സൂര്യ നായകനായ കറുപ്പില്‍ ഇന്ദ്രന്‍സുമൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആര്‍ജെ ബാലാജിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലേയും തമിഴിലേയും മുന്‍നിര താരങ്ങള്‍ ചിത്രത്തിലുണ്ട്. മെയ് 14ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

by Midhun HP News | May 1, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
ജോജു ജോർജ്- ഷാജി കൈലാസ് ചിത്രം ‘വരവ് ‘ ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയിലറും നൽകുന്നത്. ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ ആദ്യമായാണ് മലയാള സിനിമയിൽ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെതന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ 98 ദിവസങ്ങൾ എടുത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘വരവ് ‘.
ഹൈറേഞ്ച് പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, സുകന്യ,വിൻസി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
” എന്നും കാണുന്ന വീട്ടുമുറ്റത്തെ കുഴിയിൽ ആയിരിക്കും നമ്മൾ ആദ്യം വീഴുക.. ശത്രു ആ കുഴിയിൽ ഇട്ട് നമ്മളെ വെട്ടി നുറുക്കും ” ഈ മാസ് ഡയലോഗിലൂടെയാണ് ട്രെയിലർ തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഗംഭീര ആക്ഷൻ സീനുകൾക്കൊപ്പം ഡയലോഗുകളുടെ പെരുമഴയാണ്…
ആക്ഷൻ ത്രില്ലർ മാത്രമാണെന്ന് നിനക്കുന്ന പ്രേക്ഷകരെ ഇതൊരു ഫാമിലി ചിത്രം കൂടിയാണെന്ന് മനസ്സിലാക്കുന്ന രീതിയിലേക്ക് സീനുകൾ മാറുന്നു. സുകന്യയും അർജുൻ അശോകനും ജോജു ജോർജ്ജും ഇവരുടെ കുടുംബ ബന്ധങ്ങളും ട്രെയിലറിൽ കാണിക്കുന്നുണ്ട്. ബൈക്കോടിക്കുന്ന, തോക്ക് എടുക്കുന്ന കന്യാസ്ത്രീ സുകന്യ എന്ന നടിയുടെ മലയാളത്തിലേക്കുള്ള ഒരു ഗംഭീര തിരിച്ചു”വരവ്”ആണെന്നുകൂടി ഓർമിപ്പിക്കുന്നു. മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥിന്റെ പോലീസ് കഥാപാത്രവും ജോജുവിനൊപ്പം കട്ടക്കുണ്ട്.
വില്ലൻ വേഷത്തിന് ഇനി മറ്റൊരു പേരില്ല എന്ന് കാണിക്കുന്ന വിധമാണ് മുരളി ഗോപിയുടെ വരവ്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും അതിന്റെതായ പ്രാധാന്യം നൽകിയാണ് ഷാജി കെലാസ് ചിത്രം ഒരുക്കിയത് എന്ന് വ്യക്തം . പരോളിൽ ഇറങ്ങിയ പോളച്ചന്റെ കിന്റൽ ഇടി കൊണ്ട് അവശരായവരുടെ സ്റ്റേറ്റ്മെന്റ് പോലും എടുക്കാൻ ആവാതെ കുഴയുന്ന പോലീസ്. ഇടിയുടെ കനം അപ്പോൾ തന്നെ മനസ്സിലാവും. “ഇതിന്റെ പേരിൽ ഇനി തെമ്മാടിക്കുഴിയിൽ പോയി കിടക്കാനാണെങ്കിലും ഞങ്ങൾക്ക് ഓക്കേയാ ” എന്നു പറയുന്ന ജോജുവിന്റെ കരുത്തുറ്റ കഥാപാത്രം… പോളച്ചന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു? പോളച്ചൻ എന്തിന് ജയിലിൽ പോയി? പരോളിൽ ഇറങ്ങുന്ന പോളച്ചൻ പിന്നീട് എന്തൊക്കെയാണ് ചെയ്തത് ,ആർക്കൊക്കെ എന്തൊക്കെ സംഭവിച്ചു? പോളച്ചന്റെ ആ “വരവ് “നായി മെയ് റിലീസായെത്തുന്ന ചിത്രത്തിനായി കാത്തിരിക്കാം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല. ഡിസൈൻസ്:u യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്.
പിഎച്ച്എഫ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസ് ഓൾ ഇന്ത്യ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തിക്കും.


by Midhun HP News | Apr 30, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
125 കോടിക്ക് മുകളിലാണ് പേട്രിയറ്റിന്റെ മുൽമുടക്ക് എന്നും ഒരു മികച്ച കാഴ്ചാനുഭവമായിരിക്കും ചിത്രമെന്നും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് സിനിമയ്ക്കെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന പേട്രിയറ്റ് മെയ് ഒന്നിനാണ് തിയറ്ററുകളിലെത്തുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്.
ബി ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
നാളെ ‘പേട്രിയറ്റ്’ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനും അടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്ക് എന്നാണ് അറിയാൻ കഴിഞ്ഞത്.
നിർമാതാവാകുന്നതിനു മുൻപ് തന്നെ എനിക്ക് ആൻ്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു.
മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുൻപ് ‘എംപുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.
നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമയ്ക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’
ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കും വിധം ഒരു സിനിമ വിഭാവനം ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്ര മാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.
by Midhun HP News | Apr 30, 2026 | Latest News, സിനിമ
സംവിധായകന്‍ വിഷ്‌നേഷ് രാജയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്ത് നടന്‍ ധനുഷ്. ധനുഷ് നായകനായ കര സിനിമയുടെ സംവിധായകനാണ് വിഘ്‌നേഷ്. സഞ്ജുവിനെപ്പോലെ തന്നെ ശാന്തനാണ് വിഘ്‌നേഷ് എന്നാണ് ധനുഷ് പറയുന്നത്. കരയുടെ ഓഡിയോ ലോഞ്ചില്‍ ധനുഷ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
”വിഘ്‌നേഷിനെ കാണുമ്പോള്‍ എനിക്ക് സഞ്ജു സാംസണിനെയാണ് ഓര്‍മ വരിക. എന്താണെന്നു വച്ചാല്‍, സഞ്ജു സാംസണ്‍ വളരെ ശാന്തനായിരിക്കും. പക്ഷെ പ്രകടനം ഗംഭീരമായിരിക്കും. അതുപോലൊരു ഓറ അദ്ദേഹത്തിനുമുണ്ട്. നിങ്ങള്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വൈകാതെ തന്നെ നിങ്ങളും കാണും. ഈ സിനിമയ്ക്ക് എന്തിനാണ് കര എന്ന പേരിട്ടതെന്ന് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും” ധനുഷ് പറയുന്നു.
വിഡിയോ ക്രിക്കറ്റ് ആരാധകരും ആഘോഷമാക്കുകയാണ്. മലയാളിയായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ് ഐപിഎല്ലില്‍. ചെന്നൈയ്ക്കായി മിന്നും പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ശില്‍പ്പിയായ സഞ്ജുവിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് ഇന്ന്.
അതേസമയം, ധനുഷ് നായകനാകുന്ന കരായില്‍ നായിക മമിത ബൈജുവാണ്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 30ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

by Midhun HP News | Apr 29, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള സംഭാഷണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പേട്രിയറ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയുണ്ടായ രസകരമായ സംഭാഷണമാണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ഈ ഹൃദയസ്പർശിയായ നിമിഷം. ചിത്രത്തിന്റെ മുഴുവൻ ടീമും പങ്കെടുത്ത അഭിമുഖത്തിൽ കുഞ്ചാക്കോ ബോബൻ, മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
“എന്റെ തലമുറ മുതൽ നമ്മൾ കണ്ടു വളർന്ന രണ്ട് പ്രതിഭകളാണ് മമ്മൂക്കയും ലാലേട്ടനും. ഞാൻ സിനിമയിലേക്ക് വരാൻ പ്രചോദനമായവരും ഇവർ തന്നെയായിരിക്കും. മമ്മൂക്ക ഇപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പുതിയ രൂപങ്ങൾ കാണിച്ചു തരുന്നു, നമ്മളെ രസിപ്പിക്കുന്നു. എനിക്ക് ശേഷമെത്തിയവർക്കും അദ്ദേഹം ഒരു പ്രചോദനമാണ്.
നമ്മൾ കണ്ടു പഠിക്കേണ്ട ഒരു പാഠപുസ്തകമാണ് മമ്മൂക്ക” എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ഇതിന് മറുപടിയായി മമ്മൂട്ടി തന്റെ പതിവ് ഹാസ്യശൈലിയിൽ, “നന്ദി.. നന്ദി ഇതൊക്കെ ഞാൻ രാവിലെ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളാണ്”- എന്ന് പറഞ്ഞു ചിരിക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന എല്ലാവരെയും പോലെ സോഷ്യൽ മീഡിയയിലുമുള്ള ആരാധകരെയും ഈ മറുപടി ചിരിപ്പിച്ചു. താരപദവിക്ക് അപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും തന്നെയാണ് ആരാധകർ കൂടുതൽ ആഘോഷിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Recent Comments