by Midhun HP News | Dec 22, 2025 | Latest News, സിനിമ
ദിലീപ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഭഭബ. ബോക്‌സ് ഓഫീസിലേക്കുള്ള ദിലീപിന്റെ ശക്തമായ തിരിച്ചുവരവാകും ഭഭബ എന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ ശേഷമുള്ള ദീലിപിന്റെ സിനിമ എന്ന നിലയിലും വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ആരാധകര്‍ നല്‍കിയിരുന്നത്.
വലിയ വരവേല്‍പ്പു തന്നെയാണ് ദിലീപ് ആരാധകര്‍ സിനിമയ്ക്ക് നല്‍കിയത്. മോഹന്‍ലാലിന്റെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിരുന്നു. ആദ്യ ദിവസം വലിയ കളക്ഷന്‍ നേടാന്‍ സാധിച്ചുവെങ്കിലും റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോഴേക്കും ഭഭബ ബോക്‌സ് ഓഫീസില്‍ വീഴുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
ട്രേഡ് ട്രാക്കേഴ്‌സിന്റെ അഭിപ്രായത്തില്‍ ഭഭബ ബോക്‌സ് ഓഫീസ് പരാജയത്തിലേക്കാണ് നീങ്ങുന്നത്. സ്പൂഫ് മോഡില്‍ കഥ പറയുന്ന സിനിമ, പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണെന്നാണ് പലരുടേയും വിലയിരുത്തല്‍. പഴയ ശൈലി വിട്ടുവെന്ന് പറയുമ്പോഴും കാലത്തിനൊത്ത് ഉയരാന്‍ ദിലീപിന് സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷക പ്രതികരണം.
റിലീസിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ ഇന്നലെ ബുക്ക് മൈ ഷോയില്‍ ഭഭബയുടെ 68000 ടിക്കറ്റുകളാണ് വില്‍ക്കപ്പെട്ടത്. ആദ്യ ദിവസം ഒരു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റുപോയിടത്താണ് ഈ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായ ലോകയെ പോലും മറി കടക്കുമെന്നായിരുന്നു നേരത്തെ ദിലീപ് ആരാധകരുടെ അവകാശവാദം. എന്നാല്‍ ചിത്രത്തിന് മുന്നിലുള്ളത് വലിയ പരാജയമാണെന്നാണ് കരുതപ്പെടുന്നത്.
അമ്പത് കോടിയോളമാണ് ഭഭബയുടെ ബജറ്റെന്നാണ് കരുതപ്പെടുന്നത്. ചിത്രം ഇതിനോടകം നേടിയത് 35 കോടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കുറഞ്ഞത് 70 കോടിയെങ്കിലും നേടാതെ ചിത്രം വിജയമാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷെ നിലവിലെ സാഹചര്യത്തില്‍ 50 കോടി തന്നെ വലിയ സ്വപ്‌നമാണെന്നും അവര്‍ പറയുന്നു. അതേസമയം ചിത്രത്തിലെ ചില രംഗങ്ങള്‍ക്കും കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിന് ആസ്പദമായ സംഭവത്തെ ചിത്രത്തില്‍ പരോക്ഷമായി പരിഹസിക്കുന്നുണ്ടെന്നാണ് ചിലരുടെ ആരോപണം. ദിലീപിനെതിരെ കേസ് വന്ന സമയത്ത് പൃഥ്വിരാജ് നടത്തിയ പ്രതികരണത്തേയും ചിത്രത്തില്‍ പരിഹസിക്കുന്നതായി വിമര്‍ശനമുണ്ട്. മോഹന്‍ലാലിന്റെ അതിഥി വേഷവും വിജയ് സിനിമകളുടെ റഫറന്‍സുകളുമൊന്നും ചിത്രത്തിന് രക്ഷയായില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.



by Midhun HP News | Dec 16, 2025 | Latest News, സിനിമ
കൗണ്ടറടിച്ച് ഏത് ആള്‍ക്കൂട്ടത്തേയും കയ്യിലെടുക്കാന്‍ ധ്യാന്‍ ശ്രീനിവാസനുള്ള മിടുക്ക് പ്രശസ്തമാണ്. ഇന്റര്‍വ്യുകളില്‍ കുറിക്കു കൊള്ളുന്ന മറുപടികളും തമാശകളുമായി നിറഞ്ഞാടാറുണ്ട് ധ്യാന്‍. പലപ്പോഴും സ്ട്രസ് മറക്കാന്‍ ധ്യാനിന്റെ ഇന്റര്‍വ്യുകളെ ആശ്രയിക്കുന്നവരുണ്ട് ഇന്ന്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന വേദയില്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മെസി വന്നിട്ടും കാണാന്‍ പോകാതെ താന്‍ ഉദ്ഘാടനത്തിന് വന്നത് നവ്യ നായരെ കാണാന്‍ വേണ്ടിയാണെന്നാണ് ധ്യാന്‍ പറയുന്നത്. കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ധ്യാനും നവ്യയും. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.
”ഫുട്‌ബോള്‍ പ്രതിഭാസം മെസി വന്ന് പോയത് എല്ലാവരും കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച് പറയുമ്പോള്‍ കള്ളമായിട്ട് തോന്നും. പക്ഷെ സത്യമാണ്, സംഘാടകരില്‍ ഒരാള്‍ കൂട്ടുകാരനാണ്. മെസിയെ കാണാന്‍ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാം എന്ന് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു. അവന്‍ എന്നോട് മെസിയെക്കാള്‍ വലുതാണോ നവ്യ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഗോട്ടുമായിട്ടാണ്. ചെറിയ ശ്രീനിയും വലിയ ലോകവും എന്ന് പറഞ്ഞ അച്ഛന്റെ ഒരു പഴയ ഇന്റര്‍വ്യൂ ഉണ്ട്. ആ അഭിമുഖത്തിലൂടെയാണ് എന്റെ ഇന്റര്‍വ്യൂ കരിയര്‍ ആരംഭിക്കുന്നത്.



by Midhun HP News | Dec 12, 2025 | Latest News, സിനിമ
നടൻ ധർമേന്ദ്രയുടെ വിയോഗത്തിന്റെ വിഷമഘട്ടങ്ങളിൽ നിന്നും കുടുംബം ഇതുവരെ മോചിതരായിട്ടില്ല. ഇന്നലെ ഡൽഹിയിൽ അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് പ്രാർഥന യോഗം നടന്നിരുന്നു. ധർമേന്ദ്രയെ ഓർത്ത് കണ്ണീർ അടക്കാനാവാതെ യോഗത്തിൽ നിൽക്കുന്ന ഭാര്യയും നടിയും എംപിയുമായ ഹേമ മാലിനിയുടെ ചിത്രങ്ങളാണ് ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.
ധര്‍മ്മേന്ദ്രയുടെ മരണത്തിൽ ആര്‍ക്കും ആശ്വസിപ്പിക്കാന്‍ കഴിയാത്തത്ര ദുഃഖവും ഞെട്ടലുമുണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. നടക്കാതെ പോയ ധര്‍മേന്ദ്രയുടെ സ്വപ്‌നത്തെക്കുറിച്ചും പ്രാര്‍ഥനാ യോഗത്തില്‍ ഹേമ മാലിനി പറഞ്ഞു. ജന്‍പഥിലെ ഡോ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിലാണ് പ്രാര്‍ഥനാ യോഗം നടന്നത്. ഹേമ മാലിനിയുടെ വികാരഭരിതമായ പ്രസംഗത്തിനിടെ മക്കളായ ഇഷ ഡിയോളും അഹാന ഡിയോളും അവരെ ആശ്വസിപ്പിക്കാനെത്തി.
“ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്നു, എന്നാല്‍ എനിക്കത് താങ്ങാനാവാത്ത ദുഃഖമാണ്. കാലത്തെ അതിജീവിച്ച ഒരു പങ്കാളിയുടെ വേര്‍പാട്’ – കണ്ണീര്‍ അടക്കിപ്പിടിച്ചു കൊണ്ട് ഹേമാ മാലിനി പറഞ്ഞു. ‘കാലക്രമേണ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ മറഞ്ഞിരുന്ന ഒരു ഭാഗം പുറത്തുവന്നു… അദ്ദേഹം ഉര്‍ദു കവിതകള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍. അദ്ദേഹത്തിന്റെ പ്രത്യേകത അതായിരുന്നു.
ഏത് സാഹചര്യത്തിലും കവിത എഴുതാന്‍ അദ്ദേഹത്തിന് സാധിക്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ കഴിവ്. ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് ഒരു പുസ്തകം എഴുതാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അത് ഇഷ്ടപ്പെടുമായിരുന്നു. അദ്ദേഹം അതിനെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുകയും മുന്നൊരുക്കം നടത്തുകയും ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയി.” ഹേമ പറഞ്ഞു.
“സിനിമകളില്‍ പ്രണയ രംഗങ്ങളില്‍ അഭിനയിച്ച വ്യക്തിയാണ് എന്റെ ജീവിത പങ്കാളിയായത്. ഞങ്ങളുടെ പ്രണയം സത്യമായിരുന്നു. അതിനാല്‍ ഏത് സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ വിവാഹിതരായി. അദ്ദേഹം വളരെ അര്‍പ്പണബോധമുള്ള പങ്കാളി ആയിരുന്നു. അദ്ദേഹം എനിക്ക് പ്രചോദനവും ശക്തമായ പിന്തുണയും നല്‍കി ഓരോ നിമിഷവും എന്റെ കൂടെ നിന്നു”. – ഹേമ മാലിനി പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, കിരണ്‍ റിജിജു, കങ്കണ റണാവത്ത് എംപി എന്നിവരടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ധര്‍മ്മേന്ദ്രയുടെ രണ്ടാം ഭാര്യയാണ് ഹേമ മാലിനി. പ്രകാശ് കൗറിനെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. നവംബര്‍ 24 ന് 89-ാം വയസിലാണ് ധര്‍മ്മേന്ദ്ര അന്തരിച്ചത്.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ ഒരു സർപ്രൈസാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലിൽ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാൻ സയീദ് ആണ്.
മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. വരികൾ എഴുതിയതും സംഗീതം പകർന്നതും സംവിധായകനായ ജിതിൻ കെ ജോസ് ആണ്. എന്നാൽ ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിൽ പാടുന്നത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ഡോൺട് ഗോ എന്ന ഇംഗ്ലീഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു.
അതായിരുന്നു സിനിമയിൽ ഗായകനെന്ന രീതിയിൽ അദ്യാൻ്റെ തുടക്കം. മിഥുൻ മുകുന്ദനാണ് വരികൾ എഴുതിയത്. കളങ്കാവലിനെ സംബന്ധിക്കുന്ന മറ്റൊരു കൗതുകം, ചിത്രത്തിലെ നായികമാരുടെ ബാഹുല്യമാണ്. 22 നായികമാരാണ് ചിത്രത്തിലുള്ളത്. ഇതാദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയിൽ ഇത്രയധികം നായികമാർ അണിനിരക്കുന്നത്. രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ, മേഘ തോമസ്, മാളവിക മേനോൻ, അഭി സുഹാന, നിസ, ത്രിവേദ, സ്മിത, സിന്ധു വർമ്മ, അനുപമ, വൈഷ്ണവി സായ് കുമാർ, മോഹനപ്രിയ, സിധി ഫാത്തിമ, കബനി, സീമ, റിയ, അമൃത, മുല്ലയ് അരസി, കാതറിൻ മരിയ, ബിൻസി, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.



by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം ധര്‍മേന്ദ്ര കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് സിനിമാ ലോകം ഇപ്പോഴും. ധര്‍മേന്ദ്രയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരങ്ങളും ആരാധകരുമെല്ലാം. ബോളിവുഡില്‍ നിന്ന് മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും ധര്‍മേന്ദ്രയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ രസകരമായൊരു ഓര്‍മ പങ്കുവെക്കുകയാണ് നടി രാധിക ശരത്കുമാര്‍.

ധര്‍മേന്ദ്ര പണ്ടൊരു കടുവയുടെ കരണത്തടിച്ച ഓര്‍മയാണ് രാധിക ശരത്കുമാര്‍ പറയുന്നത്. ഇരുവരും ഒരേ സ്റ്റുഡിയോയില്‍ വ്യത്യസ്തമായ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ നടന്നൊരു സംഭവമാണ് രാധിക ഓര്‍ക്കുന്നത്. രാധികയ്‌ക്കൊപ്പം രജനികാന്തും ചിത്രത്തിലുണ്ടായിരുന്നു. ആ വാക്കുകളിലേക്ക്:
”രജനികാന്തിനൊപ്പം വാഹിനി സ്റ്റുഡിയോയില്‍ ഷൂട്ടിങ് നടക്കുമ്പോഴാണ് അദ്ദേഹത്തെ കാണാന്‍ സാധിച്ചത്. അദ്ദേഹം തൊട്ടടുത്ത സെറ്റിലുണ്ടായിരുന്നു. ഞങ്ങളൊരു ഫൈറ്റ് സീനായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. എന്നെ ഒരു മരത്തില്‍ കെട്ടിയിട്ടിരിക്കുകയാണ്. രജനികാന്ത് ഒരു കടുവയുമായി ആ സമയം മല്ലിടണം. അന്ന് വിഎഫ്എക്‌സ് ഉണ്ടായിരുന്നില്ല. അതിനാല്‍ യഥാര്‍ത്ഥ കടുവയുമായിട്ടാണ് രജനികാന്തിന് ഫൈറ്റ് ചെയ്യേണ്ടിയിരുന്നത്. ആ കടുവ പക്ഷെ മെരുങ്ങുന്നുണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് രജനികാന്ത് ഷോട്ട് എടുത്തിരുന്നത്.

സെറ്റാകെ ടെന്‍ഷനടിച്ച് നില്‍ക്കുമ്പോള്‍ അവിടേക്ക് നല്ല ഉയരമുള്ള, സ്വതസിദ്ധമായ കരിസ്മയുള്ള ധര്‍മേന്ദ്ര കടന്നു വന്നു. അദ്ദേഹം രജനികാന്തിനെ അഭിവാദ്യം ചെയ്തു. ശേഷം കടുവയെ ഒന്ന് നോക്കി. പെട്ടെന്ന് കടുവയുടെ കരണം നോക്കി ഒരൊറ്റയടി വച്ചു കൊടുത്തു. തന്റെ വലിയ കൈ കൊണ്ട് നല്ല ശക്തിയിലാണ് അദ്ദേഹം അടിച്ചത്. കടുവ പെട്ടെന്ന് പൂച്ചയായി. ഞങ്ങള്‍ക്ക് ആര്‍ക്കും അപ്പോള്‍ ഒന്നും മിണ്ടാന്‍ പോലും പറ്റിയില്ല.
കുറച്ച് കഴിഞ്ഞതും രജനികാന്ത് സെറ്റില്‍ നിന്നും പോയി. ഞങ്ങള്‍ കരുതിയത് അദ്ദേഹം വാനിറ്റി വാനിലുണ്ടാകും എന്നാണ്. എന്നാല്‍ പിന്നീട് നിര്‍മാതാവിന് അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നു. ആ മനുഷ്യന്‍ കടുവയുടെ കരണത്താണ് അടിച്ചിരിക്കുന്നത്. അദ്ദേഹം അതും കഴിഞ്ഞ് തിരിച്ച് സെറ്റിലേക്ക് പോകും. ഞാനാണ് കടുവയുടെ കൂടെ ഷൂട്ട് ചെയ്യേണ്ടത്. കടുവയൊന്ന് തണുത്തിട്ട് വരാം എന്നാണ് രജനികാന്ത് പറഞ്ഞത്.”
നവംബര്‍ 24നാണ് ധര്‍മേന്ദ്ര മരണപ്പെടുന്നത്. 89 വയസായിരുന്നു. പോയ മാസം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചിരുന്നു. പത്ത് ദിവസത്തിലധികത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടക്കിയയക്കുകയായിരുന്നു. ധര്‍മേന്ദ്രയെ അവസാനമായി കാണാന്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം എത്തിയിരുന്നു.

by Midhun HP News | Nov 27, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
ഏറ്റവും മികച്ച ഡാൻസർ വിജയ് ആണോ ചിരഞ്ജീവി ആണോ എന്ന ചോദ്യത്തിന് വിജയ് എന്ന് നടി കീർത്തി സുരേഷ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ചിരഞ്ജീവി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് കീർത്തി. താൻ ആരെയും മോശമാക്കി കാണിക്കാൻ അല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവി സാറിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും കീർത്തി സുരേഷ് പറഞ്ഞു.
തന്റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം. “ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ് മാത്രമല്ല അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ എനിക്ക് അതിയായ താല്പര്യമുണ്ട്.
അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാൻ അത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്.
അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്’, കീർത്തി സുരേഷ് പറഞ്ഞു. 2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസ് വിജയ്‌യുടെ ആണെന്ന് കീർത്തി പറഞ്ഞത്.അതേസമയം, റിവോൾവർ റീത്തയാണ് ഇനി പുറത്തിറങ്ങാനുള്ള കീർത്തിയുടെ ചിത്രം. രാധിക, സുനിൽ, ജോൺ വിജയ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ. ജെ കെ ചന്ദ്രുവാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിർമാണം സുധൻ സുന്ദരം, ജഗദീഷ് പളനിസാമി. ഛായാഗ്രഹണം ദിനേശ് കൃഷ്ണൻ, എഡിറ്റിങ് പ്രവീൺ.


Recent Comments