ഇന്ത്യ- സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യ- സിംബാബ്‌വെ ടി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഹരാരെ: ഇന്ത്യയുടെ യുവനിര അണിനിരക്കുന്ന സിംബാബ്‌വെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പില്‍ കപ്പുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ ഇറങ്ങുക.

ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളടങ്ങുന്ന നിരയാണ് അണിനിരക്കുന്നത്. ലോകകപ്പ് ടീമിലുള്ള ആരും പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കില്ല. മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്‌വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം മത്സരം മുതലായിരിക്കും കളത്തിലിറങ്ങുക.നായകനായി അരങ്ങേറുന്ന ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകമാണ് ഈ പരമ്പര. ആദ്യ ട്വന്റി 20യ്ക്ക് മുമ്പായി ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സഖ്യത്തെ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ഗില്‍ രംഗത്തെത്തിയിരുന്നു. അഭിഷേക് ശര്‍മ്മ തനിക്കൊപ്പം ഓപ്പണറായി എത്തുമെന്നായിരുന്നു ഗില്ലിന്റെ പ്രഖ്യാപനം. റുതുരാജ് ഗെയ്ക്ക്വാദ് മൂന്നാം നമ്പറില്‍ ക്രീസിലെത്തുമെന്നും ഗില്‍ സ്ഥിരീകരിച്ചു.

ട്വന്റി 20 ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി യുവനിരയുടെ ടീമാണ് സിംബാബ്‌വെ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. താനുള്‍പ്പടെ ഒരുപാട് യുവതാരങ്ങള്‍ ഈ ടീമിലുണ്ട്. ചിലര്‍ കുറച്ച് മത്സരങ്ങള്‍ കളിച്ചു. മറ്റുചിലര്‍ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ പോകുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് എങ്ങനെയാണെന്ന് പുതിയ താരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് ഇന്ത്യന്‍ ടീമിന്റെയും തന്റെയും ലക്ഷ്യമെന്നും ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി.

അഞ്ച് മത്സരങ്ങളിലായാണ് പരമ്പര. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റുമത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക.

വിശ്വ കിരീടവുമായി ടീം ഇന്ത്യ നാട്ടിലെത്തി

വിശ്വ കിരീടവുമായി ടീം ഇന്ത്യ നാട്ടിലെത്തി

ന്യൂഡൽഹി: ട്വൻ്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീം നാട്ടിലെത്തി. മോശം കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ടീം ഇന്ന് രാവിലെയാണ് ഡൽഹിയിലെത്തിയത്. ഹോട്ടലിലെക്കു പോയ ടീം അൽപ്പസമയത്തിനുള്ളിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

വമ്പിച്ച സ്വീകരണമാണ് ഇന്ത്യന്‍ ടീമിന് ദില്ലി വിമാനത്താവളത്തില്‍ ലഭിച്ചത്. താരങ്ങളെ സ്വീകരിക്കാന്‍ ഏറെ ആരാധകര്‍ വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. മെഡലുകള്‍ കഴുത്തില്‍ അണിഞ്ഞാണ് സഞ്ജു അടക്കമുള്ള താരങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. കപ്പുമായി ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ട്രോഫി ഉയര്‍ത്തിക്കാട്ടി ആരാധകരെ അഭിവാദ്യം ചെയ്തു.

മടക്കം പ്രത്യേക വിമാനത്തില്‍; ‘ലോക ചാമ്പ്യന്‍മാര്‍’ നാളെ നാട്ടില്‍ എത്തും

മടക്കം പ്രത്യേക വിമാനത്തില്‍; ‘ലോക ചാമ്പ്യന്‍മാര്‍’ നാളെ നാട്ടില്‍ എത്തും

ബാര്‍ബഡോസ്: ചുഴലിക്കാറ്റ് ഭീഷണി മുന്നറിയിപ്പിനെ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ ടീം നാളെ നാട്ടിലേക്ക് മടങ്ങും. ടി20 ലോക ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാണ് തിരികെ എത്തിക്കുന്നത്.

ബാര്‍ബഡോസില്‍ ചുലിക്കാറ്റ് മുന്നറിയിപ്പുണ്ടായതിനെ തുടര്‍ന്നു വിമാനങ്ങള്‍ റദ്ദാക്കിയതാണ് ഇന്ത്യന്‍ ടീമിന്റെ തിരികെ യാത്ര മുടക്കിയത്. മുന്നറിയിപ്പിനെ തുടര്‍ന്നു വിമാനത്താവളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. നിലവില്‍ ബാര്‍ബഡോസിലെ ഹോട്ടലില്‍ തങ്ങുകയാണ് ഇന്ത്യന്‍ ടീം.നാളെ ബാര്‍ബഡോസ് സമയം വൈകീട്ട് 6.00 മണിക്ക് ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ആയിരിക്കും. നാളെ വൈകീട്ട് 7.45ഓടെ ടീം ഡല്‍ഹിയില്‍ വിമാനമിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ

ബാര്‍ബഡോസ്: 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി20 ലോകകപ്പ് കിരീടമുയര്‍ത്തി ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്‍കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, വിരാട് കോലിയുടെ (59 പന്തില്‍ 76) ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അക്സര്‍ പട്ടേല്‍ (31 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു.

മോശമായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ബുമ്രയുടെ ഔട്ട്സ്വിങറില്‍ റീസ ഹെന്‍ഡ്രിക്സ് (4) ബൗള്‍ഡ്. മൂന്നാമനായി ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമിനും (5) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. എന്നാല്‍ നാലാം വിക്കറ്റില്‍ ഡികോക്ക് – സ്റ്റബ്‌സ് സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ സ്റ്റബ്‌സിനെ പുറത്താക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്ലാസന്‍ – ഡി കോക്ക് സഖ്യം ക്രീസിലൊന്നിച്ചു. ആ സമയത്ത് കാര്യമായി റണ്‍സ് വരികയും ചെയ്തു. 13-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. അര്‍ഷ്ദീപിന്റെ പന്തില്‍ ഡി കോക്ക് പുറത്ത്. അധികം വൈകാതെ ക്ലാസനും മടങ്ങി. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. ഇതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. അഞ്ചിന് 151 എന്ന നിലയിലായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്ക. മാര്‍കോ ജാന്‍സനെ (2) ബൗള്‍ഡാക്കി 18-ാം ഓവറില്‍ ബുമ്ര ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

അര്‍ഷ്ദീപിന്റെ ആദ്യ രണ്ട് പന്തും കേശവ് മഹാരാജിന് തൊടാനായില്ല. മൂന്നാം പന്തില്‍ ഒരു റണ്‍. അടുത്ത പന്തില്‍ മില്ലര്‍ രണ്ട് റണ്‍ നേടി. അഞ്ചാം പന്തില്‍ ഒരു റണ്‍. അവസാന പന്തില്‍ റണ്‍സില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക് പാണ്ഡ്യ. ആദ്യ പന്തില്‍ തന്നെ മില്ലര്‍ പുറത്ത്. സൂര്യകുമാര്‍ യാദവ് ബൗണ്ടറി ലൈനിലെടുത്ത് അത്ഭുത ക്യാച്ചാണ് മില്ലറെ പറഞ്ഞയച്ചത്. സിക്‌സെന്ന് ഉറപ്പിച്ച ഷോട്ടായിരുന്നു അത്. അടുത്ത പന്തില്‍ കഗിസോ റബാദ ബൗണ്ടറി നേടി. പിന്നാലെ സിംഗിള്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. നാലാം പന്തില്‍ കേശവ് മഹാരാജ് സിംഗിള്‍ നേടി. പിന്നാലെ ഹാര്‍ദിക് വൈഡ് എറിഞ്ഞു. ഇനി വേണ്ടത് ഒമ്പത് റണ്‍സ്. അഞ്ചാം പന്തില്‍ റബാദ (4) പുറത്ത്. ഇന്ത്യ കിരീടമുറപ്പിച്ചു. അവസാന പന്തില്‍ നോര്‍ജെ ഒരു റണ്‍ നേടി. കേശവ് മഹാരാജ് (2) പുറത്താവാതെ നിന്നു.

‘ഗ്രെയ്റ്റ് ഇന്ത്യ’- ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍

‘ഗ്രെയ്റ്റ് ഇന്ത്യ’- ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഫൈനലില്‍

ഗയാന: ഇടക്കിടെ തടസപ്പെടുത്തിയ മഴയ്ക്കും ഇന്ത്യയുടെ വിജയം തടയാന്‍ സാധിച്ചില്ല. ഇംഗ്ലണ്ടിനെ 68 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍. രണ്ടാം ടി20 ലോക കിരീടത്തിലേക്ക് ഇനി ഇന്ത്യയുടെ ദൂരം ഒരു ജയം അകലെ. നാളെ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.

രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവരില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് അടിച്ചു. മറുപടി പറഞ്ഞ ഇംഗ്ലണ്ടിന്റെ പോരാട്ടം 16.4 ഓവറില്‍ 103 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് എത്തുന്നത്.

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ മിന്നും ബൗളിങാണ് ഇംഗ്ലണ്ടിന്റെ അടിത്തറ ഇളക്കിയത്. ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ റണ്‍ ഔട്ടായി.

ഇംഗ്ലണ്ടിനായി ഹാരി ബ്രൂക് (25), ക്യാപ്റ്റന്‍ ജോഷ് ബട്‌ലര്‍ (23), ജോഫ്ര ആര്‍ച്ചര്‍ (21) എന്നിവരാണ് പിടിച്ചു നിന്നത്. ലിയാം ലിവിങ്സ്റ്റന്‍ (11) ആണ് രണ്ടക്കം കടന്ന മറ്റൊരാള്‍. മറ്റെല്ലാവരും ക്ഷണം മടങ്ങി.

നാലോവറില്‍ 23 റണ്‍സ് വഴങ്ങി അക്ഷറും ഇത്രയും ഓവറില്‍ 19 റണ്‍സ് വഴങ്ങി കുല്‍ദീപും മൂന്ന് വീതം വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ബുംറ 2.4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും പിഴുതു.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ കൂടി അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. രോഹിത് 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സെടുത്തു. വിരാട് കോഹ്‌ലി (9) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. ഋഷഭ് പന്തിനും കാര്യമായി നില്‍ക്കാന്‍ സാധിച്ചില്ല. താരം 4 റണ്‍സുമായി മടങ്ങി.

പിന്നീട് സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് രോഹിത് ഇന്ത്യയെ മുന്നോട്ടു നയിച്ചു. സൂര്യകുമാര്‍ 36 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 47 റണ്‍സെടുത്തു. 13 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കി.

ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ രവീന്ദ്ര ജഡേജ 9 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ ജഡേജയ്‌ക്കൊപ്പം 1 റണ്ണുമായി അര്‍ഷ്ദീപ് സിങും പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റീസ് ടോപ്‌ലി, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

അഫ്ഗാന്‍ വീര്യത്തിന് അവസാനം; ദക്ഷിണാഫ്രിക്ക ഫൈനലിൽ

അഫ്ഗാന്‍ വീര്യത്തിന് അവസാനം; ദക്ഷിണാഫ്രിക്ക ഫൈനലിൽ

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാന്‍ പോരാട്ടത്തിന് അവസാനം. സെമിയില്‍ റാഷിദ് ഖാനെയും സംഘത്തിനെയും ഒമ്പത് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വെറും 56 റണ്‍സ് മാത്രമാണ് നേടാനായത്. 10 റണ്‍സെടുത്ത അസമുത്തുള്ള ഒമര്‍സായി ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. എക്‌സ്ട്രാ ഇനത്തില്‍ 13 റണ്‍സ് വിട്ടുനല്‍കിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരാണ് അഫ്ഗാനെ 50 കടത്തിയത്.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കവും മോശമായിരുന്നു. അഞ്ച് റണ്‍സുമായി ക്വിന്റണ്‍ ഡി കോക്ക് പുറത്തായി. ഫസല്‍ഹഖ് ഫറൂഖിക്കാണ് വിക്കറ്റ്. പതിയെ റീസ ഹെന്‍ഡ്രിക്‌സും എയ്ഡാന്‍ മാക്രവും കളം പിടിച്ചു. പിന്നാലെ വേഗം കൂട്ടിയ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ലക്ഷ്യത്തിലെത്തി.

ഹെൻഡ്രിക്സ് 29 റൺസോടെയും മാക്രം 23 റൺസോടെയും പുറത്താകാതെ നിന്നു. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പിന്റെ ഫൈനൽ കളിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലും ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. മുമ്പ് 1998ൽ നേടിയ ചാമ്പ്യൻസ് ട്രോഫി മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ള ഏക ഐസിസി കിരീടം. ഇന്ത്യ-ഇം​ഗ്ലണ്ട് മത്സരത്തിലെ വിജയികളെ എയ്ഡൻ മാക്രവും സംഘവും കലാശപ്പോരിൽ നേരിടും.