by Midhun HP News | May 14, 2026 | Latest News, കായികം
മുംബൈ: ജൂണ്‍ മാസം ശ്രീലങ്കയില്‍ അരങ്ങേറുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ ടീമുകളാണ് വൈറ്റ് ബോള്‍ പരമ്പരയില്‍ കളിക്കുന്നത്. ജൂണ്‍ 9 മുതല്‍ 21 വരെയാണ് പരമ്പര.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ തിളങ്ങുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി, പഞ്ചാബിനായി മിന്നലടികളുമായി ഗംഭീര തുടക്കമിടുന്ന യുവ താരം പ്രിയാംശ് ആര്യ എന്നിവരും ടീമിലുണ്ട്. പഞ്ചാബ് കിങ്‌സിനായി മിന്നല്‍ തുടക്കമിടുന്ന പ്രഭ്‌സിമ്രാന്‍ സിങും ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് പ്രഭ്‌സിമ്രാന്‍ ടീമിലെത്തിയത്. ഒപ്പം കുമാര്‍ കുശാഗ്രയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍.
സിഎസ്‌കെയ്ക്കായി ഐപിഎല്ലില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന അന്‍ഷുല്‍ കാംബോജ് ആണ് പ്രധാന പേസറായി ഇടം കണ്ടത്. ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, വിപ്രജ് നിഗം എന്നിവരും ടീമിലുണ്ട്.
ഇന്ത്യന്‍ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), പ്രിയാംശ് ആര്യ, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ്, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, സൂര്യാംശ് ഷെഡ്‌ജെ, പ്രഭ്‌സിമ്രാന്‍ സിങ്, കുമാര്‍ കുശാഗ്ര, വിപ്രജ് നിഗം, യഷ് ഠാക്കൂര്‍, യുദ്ധവീര്‍ സിങ്, അന്‍ഷുല്‍ കാംബോജ്, അര്‍ഷാദ് ഖാന്‍.
പരമ്പര ഷെഡ്യൂള്‍
ജൂണ്‍ 9: ഇന്ത്യ എ- ശ്രീലങ്ക എ
ജൂണ്‍ 11: ഇന്ത്യ എ- അഫ്ഗാനിസ്ഥാന്‍ എ
ജൂണ്‍ 13: അഫ്ഗാനിസ്ഥാന്‍ എ- ശ്രീലങ്ക എ
ജൂണ്‍ 15: ഇന്ത്യ എ- ശ്രീലങ്ക എ
ജൂണ്‍ 17: ഇന്ത്യ എ- അഫ്ഗാനിസ്ഥാന്‍ എ
ജൂണ്‍ 19: അഫ്ഗാനിസ്ഥാന്‍ എ- ശ്രീലങ്ക എ
ജൂണ്‍ 21: ഫൈനല്‍
by Midhun HP News | May 12, 2026 | Latest News, കായികം
ധരംശാല: ഐപിഎല്ലിൽ തുടരെ ഏഴ് മത്സരങ്ങളിൽ അപരാജിതരായി നിന്നു ഒന്നാം സ്ഥാനത്തു കുതിച്ച പഞ്ചാബ് കിങ്സ് തുടരെ നാല് തോൽവികൾ നേരിട്ട് നാലാം സ്ഥാനത്ത് പരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനോടു അവർ അവിശ്വസനീയമാം വിധം പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 210 റൺസ് നേടിയിട്ടും 74 റൺസിനിടെ എതിരാളിയുടെ 4 വിക്കറ്റുകൾ വീഴ്ത്തിയിട്ടും പഞ്ചാബ് വിജയം കൈവിട്ടു. മത്സരത്തിൽ സ്പിന്നർമാരെ ഒരോവർ പോലും എറിയിക്കാത്ത പഞ്ചാബിന്റെ തന്ത്രത്തെ വിമർശിച്ച് മുൻ താരങ്ങളടക്കമുള്ളവർ രംഗത്തെത്തി.
ടീമിലെ പ്രീമിയം സ്പിന്നറായ യുസ്‍വേന്ദ്ര ചഹലിനു ഒരോവർ പോലും പന്തെറിയാൻ നൽകിയില്ല എന്നതാണ് ശ്രദ്ധേയമായത്. എല്ലാ ഓവറും എറിഞ്ഞത് പേസർമാരായിരുന്നു. ഇതോടെയാണ് വിമർശനങ്ങൾ ശക്തമായത്. മത്സരത്തിൽ 3 വിക്കറ്റ് തോൽവിയാണ് പഞ്ചാബ് വഴങ്ങിയത്. ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഡേവിഡ് മില്ലർ എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഡൽഹിക്ക് ജയമൊരുക്കിയത്. പേസർമാരായ അർഷ്ദീപ് സും യഷ് ഠാക്കൂറും ചേർന്ന പഞ്ചാബ് ബൗളിങ് തുടക്കത്തിൽ എതിരാളികളെ സമ്മർദ്ദത്തിലാക്കി. എന്നാൽ പിന്നീട് കളി കൈവിടുകയായിരുന്നു.
തോൽവിയിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങും ഫീൽഡിങുമാണ് പഴിച്ചത്. തുടക്കത്തിൽ കളി കൈയിലിരുന്നിട്ടും പിന്നീട് വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തതും ക്യാച്ചുകൾ കൈവിട്ടതും തോൽവിക്കു കാരണമായെന്നു ശ്രേയസ് പറയുന്നു.
‘ചഹലിനെക്കൊണ്ട് പന്തെറിയിപ്പിക്കാമെന്നു ഞാൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ പന്ത് സീം ചെയ്യുന്ന രീതിയും പേസർമാർക്ക് പിച്ചിൽ നിന്നു കിട്ടിയ സഹായവും വച്ച് നോക്കുമ്പോൾ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ അതു സാധിച്ചില്ല. ഈ പിച്ചിൽ ഹാർഡ് ലെങ്തിൽ പന്തെറിയുന്നതാണ് ഏറ്റവും നല്ലത്. പുതിയ ബാറ്റർ വരുമ്പോൾ പ്രത്യേകിച്ചും. അത്തരം പന്തുകൾ ആവർത്തിച്ചാൽ ബാറ്റർമാർ പിഴവ് വരുത്താനും വിക്കറ്റ് ലഭിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പ്ലാനെല്ലാം പൊളിഞ്ഞു.’
പേസ് അനുകൂല പിച്ചിന്റെ കാര്യം പറഞ്ഞാണ് പഞ്ചാബ് കിങ്സ് ബൗളിങ് പരിശീലകൻ സയ്രാജ് ബഹുതുലെയും സ്പിന്നർമാരെ പന്തെറിയിപ്പിക്കാത്തത് ന്യായീകരിച്ചത്.
‘സ്ട്രറ്റീജിക് ടൈം ഔട്ട് സമയത്ത് സ്പിന്നർമാരെ കൊണ്ടു വരുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാൽ പന്ത് നന്നായി സീം ചെയ്യുന്നുണ്ടായിരുന്നു. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലവുമായിരുന്നു. അതിനാൽ വേഗത്തിൽ വിക്കറ്റുകൾ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ പേസർമാരെ തുടരാൻ പെട്ടെന്നു തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ വിക്കറ്റുകൾ കിട്ടിയിരുന്നു. എന്നാൽ അക്ഷർ- മില്ലർ കൂട്ടുകെട്ട് മത്സരം പഞ്ചാബിൽ നിന്നു തട്ടിയകറ്റി’- സയ്രാജ് വ്യക്തമാക്കി.
പഞ്ചാബ് ഉയർത്തിയ 211 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ആറ് പന്തുകൾ ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും ഡൽഹിക്ക് കഴിഞ്ഞിട്ടുണ്ട്. ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിങിനു അയക്കുക ആയിരുന്നു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രിയാംശ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കോണോലി 27 പന്തില്‍ 38 റണ്‍സടിച്ചു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാംശ് ഷെഡ്‌ജെ (8 പന്തില്‍ 21) ആണ് പഞ്ചാബിനെ 200 കടത്തിയത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ തുടക്കം പാളി. ഓപ്പണർമാരായ കെ എൽ രാഹുൽ, അഭിഷേക് പോരെൽ എന്നിവർ അതിവേഗം മടങ്ങി. 14 റൺസായിരുന്നു ഇരുവരുടെയും സംഭാവന. അഞ്ചാം വിക്കറ്റിൽ നായകൻ അക്ഷർ പട്ടേലും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ വിജയിലെത്തിച്ചത്.
അക്ഷർ പട്ടേൽ 56 റൺസും ഡേവിഡ് മില്ലർ 51 റൺസും നേടി പുറത്തായി. അവസാന ഓവറുകളിൽ അക്വിബ് നബിയും മാധവ് തിവാരിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഡൽഹിയെ വിജയലക്ഷ്യം മറികടക്കാൻ സഹായിച്ചത്.

by Midhun HP News | Apr 21, 2026 | Latest News, കായികം, ദേശീയ വാർത്ത
മാഡ്രിഡ്: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും സെര്‍ബിയയുടെ ഇതിഹാസ ടെന്നീസ് താരം നൊവാക് ജോക്കോവിചും സുഹൃത്തുക്കളാണ്. മാത്രമല്ല ഇരുവരും പരസ്പരം ആരാധിക്കുന്നുമുണ്ട്. ഇന്ത്യ സന്ദർശിക്കണമെന്ന തന്റെ ഏറെ നാളായുള്ള ആഗ്രഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ടെന്നീസ് ഇതിഹാസം. ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് വിതരണ വേദിയില്‍ അവതാരകനായി എത്തിയപ്പോഴാണ് താരം തന്റെ ഉള്ളിലെ ആഗ്രഹം തുറന്നു പറഞ്ഞത്.
24 തവണ ഗ്രാന്‍ഡ് സ്ലാം ചാംപ്യനായ അദ്ദേഹം തന്റെ ഇന്ത്യന്‍ ആരാധകരെക്കുറിച്ചു വാചാലനായി. പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരുടെ സാന്നിധ്യം സവിശേഷമാണെന്നും ജോക്കോ വ്യക്തമാക്കി.
‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ടെന്നീസ് ആരാധകരില്‍ നിന്നും കായിക പ്രേമികളില്‍ നിന്നും എനിക്ക് വ്യക്തിപരമായി ലഭിക്കുന്ന എല്ലാ പിന്തുണയ്ക്കും സ്‌നേഹ ബഹുമാനങ്ങള്‍ക്കും നന്ദി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള അടങ്ങാത്ത ആഗ്രഹം എന്റെ ഉള്ളിലുണ്ട്. ഇന്ത്യന്‍ ആരാധകരുമായി കൂടുതല്‍ അടുക്കാനും താത്പര്യമുണ്ട്. താമസിയാതെ തന്നെ ഇന്ത്യയില്‍ വച്ച് നമ്മള്‍ നേരില്‍ കാണും.’
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ് ലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും ജോക്കോ മനസ് തുറന്നു. താന്‍ ഒരു ക്രിക്കറ്റ് ആരാധകനായി മാറാന്‍ കാരണം വിരാട് കോഹ്‌ലിയാണെന്നു ജോക്കോ പറഞ്ഞു.
‘വിരാട് എന്റ സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാല്‍, ഞാന്‍ ക്രിക്കറ്റ് പിന്തുടരാന്‍ തുടങ്ങിയത് അദ്ദേഹം കാരണമാണ്. ഞാനും വിരാടും ഇടയ്ക്ക് സംസാരിക്കാറുണ്ട്. ഇന്ത്യയിലേക്ക് വന്ന് വിരാടിനൊപ്പം ടെന്നീസും ക്രിക്കറ്റും കളിച്ച് ആഘോഷമാക്കാനും എനിക്കു പദ്ധതിയുണ്ട്- ജോക്കോവിച് വ്യക്തമാക്കി.
കായിക ലോകത്തെ അതികായരായ രണ്ട് പ്രതിഭകളുടെ ഒത്തുചേരല്‍ ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ജോക്കോയുടെ സന്ദര്‍ശനം സംബന്ധിച്ചു നിലവില്‍ ഔദ്യോഗിക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ജോക്കോവിച്ചിന്റെ വാക്കുകള്‍ ഈ കൂടിക്കാഴ്ചയുടെ സാധ്യതകളിലേക്കാണ് ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്.
by Midhun HP News | Apr 19, 2026 | Latest News, കായികം
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ബ്രില്യന്‍സിന് കൈയ്യടിച്ച് ആരാധകര്‍. ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് വീഴാന്‍ കാരണമായത് സഞ്ജുവിന്റെ ശ്രദ്ധയും കൃത്യസമയത്തെ അപ്പീലായിരുന്നു. അര്‍ധ സെഞ്ച്വറി നേടി തിളങ്ങി നിന്ന അഭിഷേക് ശര്‍മയുടെ പുറത്താകലിനു വഴിയൊരുക്കി ഇത്.
ജെയ്മി ഓവര്‍ടന്‍ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലാണ് അഭിഷേകിന്റെ ബാറ്റില്‍ തട്ടിയ പന്ത് സഞ്ജു കൈയിലൊതുക്കിയത്. എന്നാല്‍ ബൗളറുള്‍പ്പടെ ചെന്നൈ നിരയിലെ മറ്റാരും ഈ വിക്കറ്റിനു വേണ്ടി അപ്പീല്‍ ചെയ്തില്ല. എന്നാല്‍, സഞ്ജു ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനോട് ആവശ്യപ്പെടുകയായിരുന്നു.
സഞ്ജുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ക്യാപ്റ്റന്‍ റിവ്യൂ എടുത്തു. തേര്‍ഡ് അംപയര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ പന്ത് ബാറ്റില്‍ കൊണ്ടെന്ന് വ്യക്തമായി. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റ് ചെന്നൈ താരങ്ങള്‍ ആഘോഷമാക്കി.കമന്റേറ്റര്‍മാരും സഞ്ജുവിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. 22 പന്തില്‍ ആറ് ഫോറും നാലു സിക്സും പറത്തിയ അഭിഷേക് 59 റണ്‍സെടുത്താണ് പുറത്തായത്.

by Midhun HP News | Apr 18, 2026 | Latest News, കായികം
ഡര്‍ബന്‍: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വിയോടെ തുടക്കം. ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക വനിതകള്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ 158 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ടിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് പ്രോട്ടീസ് വനിതകളുടെ ജയം. താരം 8 ഫോറുകള്‍ സഹിതം 39 പന്തില്‍ 51 റണ്‍സെടുത്തു. അന്നരി ഡെര്‍ക്‌സന്‍ പുറത്താകാതെ 34 പന്തില്‍ 44 റണ്‍സും അടിച്ച് നിര്‍ണായക സംഭാവന നല്‍കി. താരം 4 ഫോറും ഒരു സിക്‌സും തൂക്കി. ജയിക്കുമ്പോള്‍ 16 പന്തില്‍ 18 റണ്‍സുമായി ക്ലോ ട്രിയോണും ക്രീസില്‍ തുടര്‍ന്നു.
ഇന്ത്യന്‍ നിരയില്‍ ശ്രേയങ്ക പാട്ടീല്‍ ബൗളിങില്‍ തിളങ്ങി. താരം 2 വിക്കറ്റെടുത്തു. അരുന്ധതി റെഡ്ഡി, ശ്രീ ചരണി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ 47 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സെടുത്ത ജെമിമ റോഡ്രിഗ്‌സ്, 34 റണ്‍സെടുത്ത ഓപ്പണര്‍ ഷെഫാലി വര്‍മ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. ഷെഫാലിയും ഹര്‍മന്‍പ്രീതും 5 വീതം ഫോറും ഓരോ സിക്‌സും തൂക്കി.
ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക 4 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. തുമി ഷെഖുഖുനെ 2 വിക്കറ്റും നോന്‍കുലുലേകോ മ്ലാബ ഒരു വിക്കറ്റും സ്വന്തമാക്കി.
by Midhun HP News | Apr 11, 2026 | Latest News, കായികം
ഗുവാഹട്ടി: ഐപിഎല്ലിലെ ഈ സീസണിലും വണ്ടർ കിഡ് വൈഭവ് സൂര്യവംശി മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. സീസണിലെ നാല് മത്സരങ്ങളിൽ നിന്ന് 18 വീതം സിക്സും ഫോറും അടിച്ച് 200 റൺസ് ആണ് താരം സ്കോർ ചെയ്‍തത്. ഇതോടെ എട്ടും കൂടുതൽ റൺസ് സ്കോർ ചെയ്യുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും താരം സ്വന്തമാക്കി കഴിഞ്ഞു.
കഴിഞ്ഞ ദിവസം ബംഗളൂരുവിന് എതിരെ നടന്ന മത്സരത്തിൽ 26 പന്തില്‍ 78 റണ്‍സ് ആണ് വൈഭവ് അടിച്ചെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ ഓസ്ട്രേലിയൻ പേസറർ ജോഷ് ഹെയ്‌സല്‍വുഡും കഴിഞ്ഞ മത്സരത്തിൽ വൈഭവിന്റെ ബാറ്റിന്റെ ചൂട് അറിഞ്ഞു. ഹെയ്‌സല്‍വുഡ് എറിഞ്ഞ ഓവറിൽ തുടർച്ചയായ നാല് പന്തുകളിൽ മൂന്ന് ബൗണ്ടറിയും ഒരു സിക്സുമാണ് സൂര്യവംശി അടിച്ചെടുത്തത്.
“ഞാൻ പ്രാക്റ്റീസ് ചെയ്യുമ്പോൾ കൃത്യമായ പദ്ധതി മനസിൽ ഉണ്ടാകും. അത് മത്സരത്തിൽ നടപ്പാക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. ബൗളർ ബുംറയോ,ഹെയ്‌സല്‍വുഡോ ആരാണെന്നത് ഞാൻ നോക്കാറില്ല. പകരം അദ്ദേഹമെറിയുന്ന പന്തിൽ മാത്രമാണ് എന്റെ ശ്രദ്ധ” സൂര്യവംശി പറഞ്ഞു.
ബൗളർ ആരാണെന്നത് ഞാൻ നോക്കാറില്ല. പകരം അദ്ദേഹമെറിയുന്ന പന്തിൽ മാത്രമാണ് എന്റെ ശ്രദ്ധ” സൂര്യവംശി പറഞ്ഞു. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ പേസ് ബൗളർ ബുംറയുടെ ഒരു ഓവറിൽ 13 റൺസ് ആണ് താരം അടിച്ചെടുത്തത്. എന്നാൽ, ബംഗളൂരുവിന് എതിരായ മത്സരത്തിലെ പ്രകടനത്തിൽ തൃപ്തനല്ലെന്നാണ് വൈഭവ് സൂര്യവംശി പറയുന്നത്. മത്സരത്തിൽ 78 റൺസ് നേടാൻ കഴിഞ്ഞുള്ളു. കുറച്ചു നേരം കൂടി ക്രീസിൽ തുടരാൻ കഴിഞ്ഞാൽ ടീമിന് 20 റൺസ് കൂടി നേടിക്കൊടുക്കാമായിരുന്നു. അത് സാധിക്കാത്തതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു.


Recent Comments