by Midhun HP News | Nov 3, 2025 | Latest News, കായികം, ജില്ലാ വാർത്ത
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍ സെമിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്‍ വന്നുവെന്നും മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്നും അതിന്റെ പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
നവംബര്‍ മാസത്തില്‍ അര്‍ജന്റീന ടീമിനെ കൊണ്ടുവരാനായിരുന്നു പദ്ധതിയിട്ടത്. കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി നടത്താനായിരുന്നു തീരുമനം. എന്നാല്‍ സ്റ്റേഡിയത്തിലെ ചില അസൗകര്യങ്ങള്‍ തടസ്സമായി. ഇപ്പോ അത് എല്ലാം പൂര്‍ത്തിയായെങ്കിലും സ്റ്റേഡിയത്തിനുള്ള അംഗീകാരം ലഭ്യമാകത്തതുകൊണ്ടാണ് കളി നവംബറില്‍ നടക്കാതെ പോയതെന്നും മന്ത്രി പറഞ്ഞു. ‘രണ്ടുദിവസം മുന്‍പ് അര്‍ജന്റീന ടീമിന്റെ മെയില്വന്നു. മാര്‍ച്ചില്‍ നിര്‍ബന്ധമായി വരുമെന്നും അടുത്ത ദിവസം തന്നെ അതിന്റെ അനൗണ്‍സ്മെന്റ് നടത്തുമെന്നും അവര്‍ അറിയിച്ചു’- മന്ത്രി പറഞ്ഞു.
മെസിയുടെ വരവ് രാഷ്ട്രീയമായി തര്‍ക്കത്തിനുള്ള വേദിയായിയല്ല സര്‍ക്കാര്‍ കണ്ടെതെന്നും കേരളത്തില്‍ പുതിയ കാലത്തിനനുസരിച്ച് കായിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായി സ്പോര്‍ട്സ് എക്കോണമി നടപ്പാക്കുന്ന സംസ്ഥാനം കേരളമാണ്. അതിന്റെ അടിസ്ഥാനത്തില്‍ കുടുതല്‍ വിദേശമത്സരങ്ങള്‍ സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.


by Midhun HP News | Nov 3, 2025 | Latest News, കായികം
ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്നം സഫലമായി. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും പോരാളികളും ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. പ്രോട്ടീസ് വനിതകളുടെ പോരാട്ടം 45.3 ഓവറില്‍ 246 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും കിരീടവും സ്വന്തമാക്കിയത്. 2005ലും 2017ലും ഫൈനലിലെത്തിയ ഇന്ത്യക്ക് രണ്ട് തവണയും കിരീടം കൈവിടേണ്ടി വന്നു. ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കുയെ വെല്ലുവിളി അതിജീവിച്ചാണ് ചരിത്ര നേട്ടത്തിലെത്തിയത്.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട് സെഞ്ച്വറി നേടി. താരം 98 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം 101 റണ്‍സെടുത്തു ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി.
ഒരു ഭാഗത്ത് താരം നിന്നപ്പോഴും മറുഭാഗത്ത് ഇന്ത്യ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി. 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് ബൗളിങില്‍ തിളങ്ങിയത്. ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ഓള് റൗണ്ട് മികവാണ് ഫൈനലില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്കോററായി മാറിയ ഷഫാലി വര്‍മയും ബൗളിങില്‍ മാന്ത്രികത പുറത്തെടുത്തു. നിര്‍ണായക ഘട്ടത്തില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
35 റണ്‍സെടുത്ത അന്നേരി ഡെറക്സന്‍, 25 റണ്‍സെടുത്ത സന് ലൂസ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് താരങ്ങള്‍. അപകടകാരിയായ നദീന്‍ ക്ലാര്‍കിനേയും ഇന്ത്യ സമര്‍ഥമായി പൂട്ടി. താരം 18 റണ്‍സുമായി മടങ്ങി.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് വനിതകള്‍ക്കായി മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും തസ്മിന് ബ്രിറ്റ്സും ചേര്‍ന്നു നല്‍കിയത്. സഖ്യം 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പത്താം ഓവറിലെ മൂന്നാം പന്തില്‍ ബ്രിറ്റ്സിനെ ഇന്ത്യ റണ്ണൗട്ടാക്കിയാണ് ബ്രേക്ക് ത്രൂ സ്വന്തമാക്കിയത്. താരത്തെ അമന്‍ജോത് കൗറാണ് റണ്ണൗട്ടാക്കിയത്.
പിന്നാലെ വന്ന അനിക് ബോഷിനു അധികം ആയുസുണ്ടായില്ല. താരം പൂജ്യത്തിനു പുറത്തായി. ശ്രീ ചരണിയാണ് ബോഷിനെ ക്രീസില്‍ നിലയുറപ്പിക്കും മുന്‍പ് മടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ഓപ്പണര്‍ ഷഫാലി വര്‍മ, ദീപ്തി ശര്‍മ എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിക്കുന്നതില്‍ മുന്നില്‍ നിന്നു. സ്മൃതി മന്ധാന, റിച്ച ഘോഷ് എന്നിവരും നിര്‍ണായക സംഭാവന നല്കി. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു വൈകിയാണ് മത്സരം തുടങ്ങിയത്.
ഓപ്പണര്‍ ഷഫാലി വര്‍മ നിര്‍ണായക പോരാട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് കരുത്തായി. താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. 78 പന്തില്‍ 7 ഫോറും രണ്ട് സിക്സും സഹിതം ഷഫാലി 87 റണ്‍സുമായി മടങ്ങി.
ദീപ്തി ശര്‍മ 3 ഫോറും ഒരു സിക്സും സഹിതം 58 പന്തില്‍ 58 റണ്‍സെടുത്തു. താരം പുറത്താകാതെ നിന്നു. റിച്ച ഘോഷ് 24 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 34 റണ്‍സ് സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന സഖ്യമാണ് ഇന്ത്യന്‍ സ്കോര്‍ 300നു അടുത്തെത്തിച്ചത്. അവസാന പന്തില്‍ രണ്ടാം റണ്ണിനോടി രാധ യാദവ് റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീല വീണു.
ഇന്ത്യക്ക് ഓപ്പണര്‍ സ്മൃതി മന്ധാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരം 58 പന്തില്‍ 8 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. സെമിയില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ജെമിമ റോഡ്രിഗ്സ് മൂന്നാം വിക്കറ്റായി പുറത്തായി. താരം 24 റണ്‍സെടുത്തു. നാലാം വിക്കറ്റായി മടങ്ങിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 20 റണ്‍സാണ് ഹര്മന് നേടിയത്.
ആദ്യം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് സ്മൃതി- ഷഫാലി സഖ്യം നല്‍കിയത്. അതിവേഗം റണ്‍സ് സ്കോര്‍ ചെയ്ത സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. സ്കോര്‍ 104ല്‍ നില്‍ക്കെയാണ് സ്മൃതിയുടെ മടക്കം.
ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക 3 വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേക മ്ലാബ, നദീന്‍ ഡി ക്ലാര്‍ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
by Midhun HP News | Nov 2, 2025 | Latest News, കായികം, ജില്ലാ വാർത്ത
ഹൊബാര്‍ട്ട്: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഓസ്ട്രേലിയയിലെ ഹൊബാര്ട്ടില് നടക്കും. രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിലെ മോശം ബാറ്റിങ് പ്രകടനമാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്.
അഭിഷേക് ശര്‍മയെ മാറ്റിനിര്‍ത്തിയാല്‍ ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്, തിലക് വര്‍മ, ശിവം ദുബെ എല്ലാവരും നിരാശപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ജോഷ് ഹേസല്‍വുഡിന്റെ ബൗണ്‍സിനും സ്വിങ്ങുമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.
സഞ്ജു രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഓപ്പണറായി ഇറങ്ങിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായില്ല. ക്യാപ്റ്റന്‍ സൂര്യകമാര്‍ യാവിന്റെ ബാറ്റിങ് ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്.
ടീമില്‍ ഇന്ത്യ ഇന്ന് അഴിച്ചുപണി നടത്തിയേക്കുമെന്നാണ് കരുതുന്നത്. ബൗളിങ് നിരയില്‍ കുല്‍ദീപ് യാദവിന് പരം അര്‍ഷ്ദീപ് സിങ്ങിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. മധ്യനിരയില്‍ ശിവം ദുബെക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിയോ വാഷിങ്ടണ്‍ സുന്ദറോ പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യതയുമുണ്ട്. അര്‍ഷ്ദീപ് കളിച്ചാല്‍ വാഷിങ്ടണ്‍ സുന്ദറാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് സൂചന.


ഓസീസ് ടീമിലും ഇന്ന് മാറ്റങ്ങളുണ്ടാകും. രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച ജോഷ് ഹേസല്‍വുഡ് ആഷസ് തയാറെടുപ്പുകള്‍ക്കായി പോകുന്നതിനാല്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്നത് ഇന്ത്യക്ക് ആശ്വാസകരമാണ്. ഷോണ്‍ ആബട്ടായിരിക്കും പകരം ഓസീസ് പ്ലേയിംഗ് ഇലവനിലെത്തുക. പരിക്കില്‍നിന്ന് മുക്തനായ ഗ്ലെന്‍ മാക്സ്വെല്ലും ഇന്ന് ഓസീസ് പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും.
by Midhun HP News | Oct 31, 2025 | Latest News, കായികം, ജില്ലാ വാർത്ത
മെല്‍ബണ്‍: ഓസീസിനെതിരായ രണ്ടാം ടി20 യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയിട്ടും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. 54 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് 5 വിക്കറ്റുകളാണ് നഷ്ടമയത്.
ബാറ്റിങ്ങിനിറങ്ങി 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയ്ക്ക നഷ്ടമായി. പിന്നാലെ എത്തിയ സഞ്ജു സാംസണ് നാല് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സിന് പുറത്തായി. എല്ലിസിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് സഞ്ജു പുറത്താകുന്നത്.
23 ന് രണ്ട് എന്ന നിലയിലായ ഇന്ത്യ. 32 ന് 3, 32 ന് 4 എന്നിങ്ങനെ തകര്‍ന്നു. ശുഭ്മാന്‍ ഗില്‍(5), തിലക് വര്‍മ(0), അക്ഷര്‍ പട്ടേല്‍(12) എന്നിവരാണ് പുറത്തായത്. ഹേസല്‍ വുഡിന്റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് ഇരുവരും പുറത്തായത്. നിലവില്‍ 8 ഓവര്‍ പിന്നിടുമ്പോള്‍ 54 ന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 17 പന്തില്‍ 41 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ 6 പന്തില്‍ 4 എന്നിവരാണ് ക്രീസില്‍.
ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തി. അതേസമയം ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിന് പകരം മാത്യു ഷോര്‍ട്ട് ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.


by Midhun HP News | Oct 31, 2025 | Latest News, കായികം, ജില്ലാ വാർത്ത
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.45നും ഓസ്ട്രേലിയന്‍ സമയം രാത്രി 7.15നുമാണ് മത്സരം തുടങ്ങുന്നത്. പരമ്പരയില്‍ കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
പരമ്പരയില്‍ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മികച്ച രിതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് വീശിയത്. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. അഭിഷേക് ശര്‍മ നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിതിന്റെ സൂചനകള്‍ നല്കിയതും ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിളങ്ങിയതും ഇന്ത്യക്ക് ആശ്വാസകരമാണ്.
ഏകദിന പരമ്പര കൈവിട്ട ഇന്ത്യന്‍ ടീമിന് ടി20 പരമ്പരയില്‍ വിജയം അനിവാര്യമാണ്. മെല്‍ബണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുല്‍ദീപിന് പകരം അര്‍ഷ്ദീപ് സിങിന് അവസരം നല്‍കുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത്.
ആഷസ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പോകുന്നതിനാല്‍ ജോഷ് ഹേസല്‍വുഡ് പരമ്പരയില്‍ ഓസീസിനായി കളിക്കുന്ന അവസന മത്സരമാണിത്. അതുകൊണ്ട് തന്നെ പേസ് നിരയില്‍ ഓസീസ് ഷോണ്‍ ആബട്ടിന് ഇന്ന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. 90000 പേര്‍കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു.


by Midhun HP News | Oct 30, 2025 | Latest News, കായികം, ജില്ലാ വാർത്ത
മെല്‍ബണ്‍: ഫില്‍ ഹ്യൂസിന്റെ ദാരുണമായ മരണം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വീണ്ടും പിടിച്ചുകുലുക്കി മറ്റൊരു ദാരുണ സംഭവം. മെല്‍ബണില്‍ ടി20 മത്സരത്തിന് മുന്‍പുള്ള പരിശീലനത്തിനിടെ പന്ത് കഴുത്തില്‍ കൊണ്ട് 17 വയസുള്ള ക്രിക്കറ്റ് താരം മരിച്ചു. ഉടന്‍ തന്നെ കൗമാരക്കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മെല്‍ബണിന്റെ തെക്കുകിഴക്കന്‍ ഭാഗത്തുള്ള ഫെര്‍ന്‍ട്രീ ഗള്ളിയിലെ വാലി ട്യൂ റിസര്‍വില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ബുധനാഴ്ച എയില്‍ഡണ്‍ പാര്‍ക്കിനെതിരായ ടി20 മത്സരത്തിനായി നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ ബെന്‍ ഓസ്റ്റിന്റെ തലയിലും കഴുത്തിലുമായാണ് പന്ത് തട്ടിയത്. ഹെല്‍മെറ്റ് ധരിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് ദാരുണ സംഭവം ഉണ്ടായത്.
ഉടന്‍ തന്നെ മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ ഗ്രൗണ്ടിലേക്ക് വിളിച്ചുവരുത്തി, ഓസ്റ്റിന്‍ പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. ‘ബെന്നിന്റെ വിയോഗത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയി, ബെന്നിന്റെ മരണത്തിന്റെ ആഘാതം ഞങ്ങളുടെ ക്രിക്കറ്റ് സമൂഹത്തിലെ എല്ലാവരെയും ബാധിച്ചു’- ക്ലബ് പ്രസ്താവനയില്‍ പറയുന്നു.
2014ലാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് പരിക്കേറ്റ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് മരിച്ചത്. ഇതിന് പിന്നാലെ താരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി നടപടികള്‍ക്കാണ് അധികൃതര്‍ തയ്യാറായത്. അതിനിടെയാണ് മറ്റൊരു ദാരുണമായ സംഭവം ഉണ്ടായത്.


Recent Comments