by Midhun HP News | May 21, 2026 | Latest News, കായികം
കൊൽക്കത്ത: ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിക്കു കീഴിൽ തുടരെ മൂന്നാം സീസണിലും മുംബൈ ഇന്ത്യൻസിനു നിരാശ മാത്രമാണ് ബാക്കി. പതിവുപോലെ ക്യാപ്റ്റനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും പഞ്ഞമുണ്ടായില്ല. ഹർദിക് പാണ്ഡ‍്യയെ മുംബൈ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ രംഗത്തെത്തി. കൊൽക്കത്തയ്ക്കെതിരായ തോൽവിക്കു പിന്നാലെയാണ് ഒരു ചർച്ചയിൽ വോൺ ശ്രദ്ധേയ നിരീക്ഷണങ്ങൾ പങ്കിട്ടത്. ഹർദികിനെ ഒഴിവാക്കി മുൻപ് റീലിസ് ചെയ്ത ഓസ്ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീനിനെ മുംബൈ തിരിച്ചെത്തിക്കണമെന്നു വോൺ പറയുന്നു. മുംബൈ ഒഴിവാക്കി ഹർദിക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്നും വോൺ പറയുന്നു.
‘കാണേണ്ടതൊക്കെ ഇപ്പോൾ കണ്ടിരിക്കുന്നു. മുംബൈ ഇന്ത്യൻസ് അടുത്ത സീസണിനു മുൻപായി ആദ്യം ചെയ്യേണ്ടത് ഹർദിക് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കുകയാണ്. ഹർദികിനെ മുംബൈ ഇന്ത്യൻസ് തിരികെ കൊണ്ടു വന്നതിലെ യുക്തി എനിക്കിപ്പോഴും മനസിലായിട്ടില്ല. ഗുജറാത്ത് ടൈറ്റൻസിനൊപ്പം അദ്ദേഹം മികച്ച രീതിയിലാണ് ക്യാപ്റ്റനെന്ന നിലയിൽ പ്രവർത്തിച്ചത്. മറ്റൊരു അന്തരീക്ഷത്തിൽ വ്യത്യസ്തരായ ഒരുകൂട്ടം കളിക്കാർക്കും കോച്ചിനുമൊപ്പമായിരുന്നു നേട്ടം. മുംബൈയുടെ കാര്യം വത്യസ്തമാണ്. ക്യാപ്റ്റനെന്ന നിലയിൽ തീരുമാനങ്ങൾ എടുക്കാൻ കെൽപ്പുള്ള നിറയെ താരങ്ങൾ ഇപ്പോൾ തന്നെ ആ ടീമിലുണ്ട്. അതിലൊരാളെ മാറ്റുന്നതാണ് ഉചിതം.’
‘ഹർദികിനു പകരം കാമറൂൺ ഗ്രീനിനെ മുംബൈ തിരികെ എത്തിക്കണം. കൊൽക്കത്തയ്ക്ക് ക്യാപ്റ്റനെ ആവശ്യമുണ്ടെങ്കിൽ ഹർദികിനെ നായകനാക്കണം. അദ്ദേഹം അങ്ങോട്ടു മാറുന്നതായിരിക്കും നല്ലത്. അത് ഇരു കൂട്ടർക്കും പുതിയൊരു തുടക്കവുമാകും. അദ്ദേഹത്തിനു ക്യാപ്റ്റനായി തന്നെ ഐപിഎൽ കളിക്കണമെന്നുണ്ടെങ്കിൽ തികച്ചു വ്യത്യസ്തമായ മറ്റൊരു ടീമിലേക്ക് മാറുന്നതാകും ഉചിതം. അത് കെകെആർ ആണെങ്കിലും ഓക്കെ. കാരണം അവർ പുതിയ ക്യാപ്റ്റനെ തേടുന്നുണ്ടാകാം. അതുകൊണ്ടാണ് പറയുന്നത്. കാമറൂൺ ഗ്രീൻ നിലവിൽ കെകെആറിലുണ്ടല്ലോ. അദ്ദേഹം തിരികെ മുംബൈയിലേക്ക് പോകട്ടെ. ഹർദിക് കെകെആറിലും നായകനായി എത്തി പുതിയൊരു തുടക്കം ഇടട്ടെ’- വോൺ വ്യക്തമാക്കി.
ഹർദികിനെ പൊന്നും വില കൊടുത്ത് മുംബൈ ഇന്ത്യൻസിൽ നിന്നു എത്തിച്ച് ഗുജറാത്ത് ടൈറ്റൻസ് കന്നി വരവിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. പിന്നാലെ 2024ൽ മുംബൈ ഇന്ത്യൻസ് ഹർദികിനെ തിരികെ ടീമിലെത്തിച്ചു. കോടികളുടെ പ്രതിഫലത്തിനൊപ്പം ക്യാപ്റ്റൻ സ്ഥാനവും തനിക്കു വേണമെന്ന ഡിമാൻഡാണ് ഹർദിക് മുന്നോട്ടു വച്ചത്. ഇതിന്റെ ഭാഗമായി രോഹിത് ശർമയെ മാറ്റി ഹർദികിനെ നായകനാക്കുകയും ചെയ്തു.
എന്നാൽ പ്രതീക്ഷിച്ച പ്രകടനം ഹർദികിനു കീഴിൽ മുംബൈ ഇന്ത്യൻസിനു നടത്താനായില്ല. മൂന്ന് വർഷത്തിനിടെ ഒരു തവണ മാത്രമാണ് ഹർദികിനു കീഴിൽ മുംബൈ പ്ലേ ഓഫ് കളിച്ചത്. 2024ൽ ടീം അവസാന സ്ഥാനത്തായിരുന്നു. ഇത്തവണ ഒൻപതാം സ്ഥാനത്തുമാണ്.
നായകനായുള്ള രണ്ടാം വരവിന്റെ തുടക്കത്തിൽ രോഹിതിനെ മാറ്റിയതിന്റെ പേരിൽ ഹർദികിനെതിരെ ആരാധകർ വലിയ രീതിയിൽ എതിർപ്പ് പ്രകടപ്പിച്ചിരുന്നു. ഗ്രൗണ്ടിൽ ഇറങ്ങിയ ഹർദികിനു നേർക്ക് ആരാധകർ കൂവി വിളിക്കുന്ന സാഹചര്യവുമുണ്ടായി. അതിനിടെ ടീമിലെ സഹ താരങ്ങളുമായി ഹർദിക് ഒത്തുപോകാത്തതും ചർച്ചയായി.
by Midhun HP News | May 21, 2026 | Latest News, കായികം
കൊൽക്കത്ത: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് വിജയിച്ചതോടെ പ്ലേ ഓഫ് പോരാട്ടം കൂടുതൽ കടുത്തു. എല്ലാ ടീമുകൾക്കും ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഒറ്റ സീറ്റിലേക്ക് 5 ടീമുകളും മത്സരിക്കുന്നു. 5 ടീമുകൾക്കും സാധ്യത ഇപ്പോഴും നിൽക്കുന്നു. നിലവിൽ രാജസ്ഥാൻ റോയൽസിനാണ് ഏറ്റവും കൂടുതൽ ചാൻസുള്ളത്. 50 ശതമാനമാണ് സാധ്യത. കൊൽക്കത്ത ജയിച്ചതോടെ വെട്ടിലായത് ചെന്നൈ സൂപ്പർ കിങ്സാണ്. കൊൽക്കത്ത, പഞ്ചാബ് ടീമുകളുടെ സാധ്യത തുല്യമാണ്. 19 ശതമാനം. ചെന്നൈയേക്കാൾ ഇപ്പോൾ സാധ്യതയിൽ മുന്നിൽ നിൽക്കുന്നത് ഡൽഹിയാണ്. ഡൽഹിക്ക് 9 ശതമാനമാണ് സാധ്യതയെങ്കിൽ ചെന്നൈക്ക് വെറും 3 ശതമാനം മാത്രമാണ് സാധ്യത.
രാജസ്ഥാൻ റോയൽസ്
രാജസ്ഥാന് അവസാന കളി മുംബൈ ഇന്ത്യൻസിനോടാണ്. ഈ കളി ജയിച്ചാൽ രാജസ്ഥാൻ നേരിട്ട് പ്ലേ ഓഫിലെത്തും. മറ്റ് ടീമുകളുടെ സാധ്യതകളും ഇതോടെ അവസാനിക്കും. ഇനി ഈ മത്സരം രാജസ്ഥാൻ തോൽക്കുകയാണെങ്കിൽ മറ്റ് ടീമുകളുടെ ഫലം നിർണായകമാണ്. കെകെആർ, പിബികെഎസ്, സിഎസ്കെ, ഡിസി ടീമുകളെല്ലാം അവരുടെ മത്സരം തോറ്റാൽ മാത്രം രാജസ്ഥാന് കയറാം. സിഎസ്കെയും ഡിസിയും മാത്രമാണ് ഈ നാല് ടീമുകളിൽ തോൽക്കുന്നതെങ്കിൽ രാജസ്ഥാന് നെറ്റ് റൺറേറ്റ് നിർണായകമാകും.
പഞ്ചാബ് കിങ്സ്
പഞ്ചാബിന്റെ പ്ലേ ഓഫ് സീറ്റിനും ഉറപ്പില്ല. അവസാന മത്സരത്തിൽ ജയം അനിവാര്യമാണ്. അതുമാത്രം പോര കെകെആർ, രാജസ്ഥാൻ ടീമുകൾ തോൽക്കുകയും വേണം. രാജസ്ഥാൻ ജയിച്ചാൽ പഞ്ചാബ് പുറത്താകും. പഞ്ചാബും കൊൽക്കത്തയും അടുത്ത കളി ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റ് നിർണായകമാകും.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
അവസാന മത്സരത്തിൽ കെകെആറിനു ജയം അനിവാര്യമാണ്. അതും പോര, പഞ്ചാബും രാജസ്ഥാനും തോൽക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽ പ്ലേ ഓഫിലേക്ക് അജിൻക്യ രഹാനെ സംഘത്തിനു മുന്നേറാം. രാജസ്ഥാൻ ജയിച്ചാൽ കെകെആർ പുറത്താകും. പഞ്ചാബും കൊൽക്കത്തയും ജയിക്കുകയും രാജസ്ഥാൻ തോൽക്കുകയും ചെയ്താൽ റൺറേറ്റ് കാര്യം തീരുമാനിക്കും.
ഡൽഹി ക്യാപിറ്റൽസ്
അവസാന പോരാട്ടത്തിൽ ഡൽഹിക്ക് വൻ മാർജിനിൽ ജയം വേണം. ഒപ്പം കെകെആർ, പിബികെഎസ്, ആർആർ, സിഎസ്കെ ടീമുകളെല്ലാം അവരുടെ അവസാന മത്സരം തോൽക്കുകയും വേണം. ഇതിൽ ഒരു ടീം ജയിച്ചാൽ പോലും ഡൽഹി പുറത്താകും. എന്നാൽ ചെന്നൈ അവസാന കളി ജയിക്കുകയും മറ്റുള്ള ടീമുകൾ തോൽക്കുകയും ചെയ്താൽ റൺ റേറ്റ് നോക്കി ഡൽഹിക്ക് കയറാം.
ചെന്നൈ സൂപ്പർ കിങ്സ്
നിലവിൽ സ്ഥാനം ഒട്ടും സുരക്ഷിതമല്ലാതെ നിൽക്കുന്നത് ചെന്നൈയാണ്. കൊൽക്കത്ത ഇന്നലെ ജയിച്ചതാണ് സിഎസ്കെയുടെ സാധ്യത കൂടുതൽ സങ്കീർമാക്കിയത്. പ്ലേ ഓഫ് ഉറപ്പിക്കാൻ അവസാന കളിയിൽ ചെന്നൈ ഉറപ്പായും ജയിക്കണം. മാത്രമല്ല കെകെആർ, പിബികെഎസ്, ഡിസി, ആർആർ ടീമുകൾ തോൽക്കുകയും വേണം. ചെന്നൈ, ഡൽഹി ടീമുകൾ ജയിക്കുകയും ശേഷിക്കുന്ന മൂന്ന് ടീമുകൾ പരാജയപ്പെടുകയും ചെയ്താൽ നെറ്റ് റൺറേറ്റ് അടിസ്ഥാനമാക്കിയായിരിക്കും പ്ലേ ഓഫിലെ അവസാന സ്ഥാനം നിർണയിക്കപ്പെടുക.

by Midhun HP News | May 20, 2026 | Latest News, കായികം
ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ലഖ്‌നൗവിനെതിരെ തീപ്പൊരി പ്രകടനമാണ് രാജസ്ഥാന് വേണ്ടി വൈഭവ് സൂര്യവംശി പുറത്തെടുത്തത്. 38 പന്തില്‍ എടുത്ത 93 റണ്‍സില്‍ പത്ത് സിക്‌സുകളും ഉള്‍പ്പെടുന്നു. മത്സരത്തിലെ പ്രകടനത്തിലൂടെ ഈ ഐപിഎല്‍ സീസണില്‍ 500 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഈ കൗമാര താരം മാറി.
2018-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്) വേണ്ടി 20-ാം വയസ്സില്‍ ഈ നേട്ടം കൈവരിച്ച ഋഷഭ് പന്തിന്റെ റെക്കോര്‍ഡാണ് സൂര്യവംശി മറികടന്നത്. ഒരു ഐപിഎല്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കോര്‍ഡും സൂര്യവംശി സ്വന്തമാക്കി. 236.3 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റ് ആണ് സൂര്യവംശി സ്വന്തമാക്കിയത്. ആന്ദ്രെ റസ്സല്‍- 204.8 (2019), അഭിഷേക് ശര്‍മ്മ- 202.0 (2026), നിക്കോളാസ് പൂരന്‍- 196.2 (2025), ട്രാവിസ് ഹെഡ്- 191.5 (2024) എന്നിവരാണ് തൊട്ടുപിന്നില്‍.
ഒരു ഐപിഎല്‍ സീസണില്‍ 50 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി സൂര്യവംശി മാറി. 2026 സീസണില്‍ താരം 53 സിക്‌സുകളാണ് പറത്തിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയവരുടെ പട്ടിക താഴെ:
ക്രിസ് ഗെയ്ല്‍-59(2012)
വൈഭവ് സൂര്യവംശി-53(2026)
ആന്ദ്രെ റസ്സല്‍52-(2019)
ക്രിസ് ഗെയ്ല്‍-51(2013)
ജോസ് ബട്‌ലര്‍-45(2022)
ക്രിസ് ഗെയ്ല്‍-44(2011)
ഈ ഐപിഎല്‍ സീസണില്‍ ഒന്നിലധികം തവണ ഒരു ഇന്നിങ്‌സില്‍ പത്തോ അതിലധികമോ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ ബാറ്ററെന്ന അപൂര്‍വ്വ നേട്ടവും സൂര്യവംശി കൈവരിച്ചു. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ഓപ്പണര്‍ ഫിന്‍ അലന്‍ മാത്രമാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഒന്നിലധികം തവണ ഒരു ഇന്നിങ്‌സില്‍ 10-ലധികം സിക്‌സുകള്‍ അടിക്കുന്ന മൂന്നാമത്തെ ബാറ്ററാണ് സൂര്യവംശി (ക്രിസ് ഗെയ്ല്‍, അഭിഷേക് ശര്‍മ്മ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍).
by Midhun HP News | May 18, 2026 | Latest News, കായികം
ജയ്പുർ: ഐപിഎല്ലിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തം പേരിലാക്കി രാജസ്ഥാൻ റോയൽസ് വണ്ടർ കിഡ് വൈഭവ് സൂര്യവംശി. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് 15കാരൻ ഓപ്പണർ സ്വന്തം പേരിലാക്കിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ പോരാട്ടത്തിലാണ് നേട്ടം. ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന മൊത്തം താരങ്ങളുടെ പട്ടികയിൽ വൈഭവ് ആറാം സ്ഥാനക്കാരനുമായി. ഇന്ത്യൻ താരത്തിന്റെ റെക്കോർഡിൽ വൈഭവ് സൺറൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയെയാണ് പന്നിലാക്കിയത്.
ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ഇറങ്ങുമ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മയുടെ 42 സിക്സുകളെന്ന റെക്കോർഡ് മറികടക്കാൻ വൈഭവിന് മൂന്ന് സിക്സറുകൾ കൂടി വേണമായിരുന്നു. മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ലുങ്കി എന്‍ഗിഡിയെ സിക്സർ പറത്തിയാണ് വൈഭവ് തുടങ്ങിയത്. പിന്നാവെ മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്സർ പറത്തി വൈഭവ് അഭിഷേകിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. അഞ്ചാം ഓവറിലെ അവസാന പന്തിൽ തൃപുരാന വിജയ്‌യെ സിക്സറിന് പറത്തി വൈഭവ് ചരിത്ര നേട്ടത്തിലുമെത്തി.
2024ലെ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നാണ് അഭിഷേക് ശർമ്മ 42 സിക്സ് പറത്തി റെക്കോര്‍ഡിട്ടത്. റെക്കോർഡ് മറികടക്കാന്‍ വൈഭവിന് വേണ്ടി വന്നത് വെറും 12 മത്സരങ്ങൾ മാത്രം. 39 സിക്സുകള്‍ പറത്തിയ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരാണ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം. വിരാട് കോഹ്‍ലി 2016ലും 2024ലും 38 സിക്സുകള്‍ വീതം പറത്തി നാലാം സ്ഥാനത്ത്. സൂര്യകുമാര്‍ യാദവും 2025ല്‍ 38 സിക്സുകള്‍ പറത്തിയിട്ടുണ്ട്.
ഐപിഎല്‍ ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സർ നേടിയ താരമെന്ന റെക്കോർഡ് ക്രിസ് ഗെയ്‌ലിന്‍റെ പേരിലാണ്. 2012ല്‍ ആര്‍സിബിക്കായി 59 സിക്സുകളാണ് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. 2019ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 52 സിക്സുകള്‍ പറത്തിയ ആന്ദ്രെ റസ്സലാണ് രണ്ടാം സ്ഥാനത്ത്. 2013ല്‍ ആര്‍സിബിക്കായി 51 സിക്സുകൾ തൂക്കി ക്രിസ് ഗെയ്ൽ തന്നെ മൂന്നാം സ്ഥാനത്തുണ്ട്. 2022ല്‍ രാജസ്ഥാനായി 45 സിക്സുകള്‍ പറത്തിയ ജോസ് ബട്‌ലറാണ് നാലാം സ്ഥാനത്ത്. 2011ല്‍ ആര്‍സിബിക്കായി 44 സിക്സുകളുമായി ഗെയ്ല്‍ വീണ്ടും അഞ്ചാം സ്ഥാനത്തും ഉണ്ട്.

by Midhun HP News | May 14, 2026 | Latest News, കായികം
മുംബൈ: ജൂണ്‍ മാസം ശ്രീലങ്കയില്‍ അരങ്ങേറുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. തിലക് വര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ ടീമുകളാണ് വൈറ്റ് ബോള്‍ പരമ്പരയില്‍ കളിക്കുന്നത്. ജൂണ്‍ 9 മുതല്‍ 21 വരെയാണ് പരമ്പര.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഐപിഎല്ലില്‍ തിളങ്ങുന്ന വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി, പഞ്ചാബിനായി മിന്നലടികളുമായി ഗംഭീര തുടക്കമിടുന്ന യുവ താരം പ്രിയാംശ് ആര്യ എന്നിവരും ടീമിലുണ്ട്. പഞ്ചാബ് കിങ്‌സിനായി മിന്നല്‍ തുടക്കമിടുന്ന പ്രഭ്‌സിമ്രാന്‍ സിങും ടീമിലുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് പ്രഭ്‌സിമ്രാന്‍ ടീമിലെത്തിയത്. ഒപ്പം കുമാര്‍ കുശാഗ്രയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍.
സിഎസ്‌കെയ്ക്കായി ഐപിഎല്ലില്‍ മികച്ച ബൗളിങ് പ്രകടനം നടത്തുന്ന അന്‍ഷുല്‍ കാംബോജ് ആണ് പ്രധാന പേസറായി ഇടം കണ്ടത്. ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, വിപ്രജ് നിഗം എന്നിവരും ടീമിലുണ്ട്.
ഇന്ത്യന്‍ ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), പ്രിയാംശ് ആര്യ, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ്, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹര്‍ഷ് ദുബെ, സൂര്യാംശ് ഷെഡ്‌ജെ, പ്രഭ്‌സിമ്രാന്‍ സിങ്, കുമാര്‍ കുശാഗ്ര, വിപ്രജ് നിഗം, യഷ് ഠാക്കൂര്‍, യുദ്ധവീര്‍ സിങ്, അന്‍ഷുല്‍ കാംബോജ്, അര്‍ഷാദ് ഖാന്‍.
പരമ്പര ഷെഡ്യൂള്‍
ജൂണ്‍ 9: ഇന്ത്യ എ- ശ്രീലങ്ക എ
ജൂണ്‍ 11: ഇന്ത്യ എ- അഫ്ഗാനിസ്ഥാന്‍ എ
ജൂണ്‍ 13: അഫ്ഗാനിസ്ഥാന്‍ എ- ശ്രീലങ്ക എ
ജൂണ്‍ 15: ഇന്ത്യ എ- ശ്രീലങ്ക എ
ജൂണ്‍ 17: ഇന്ത്യ എ- അഫ്ഗാനിസ്ഥാന്‍ എ
ജൂണ്‍ 19: അഫ്ഗാനിസ്ഥാന്‍ എ- ശ്രീലങ്ക എ
ജൂണ്‍ 21: ഫൈനല്‍
by Midhun HP News | May 12, 2026 | Latest News, കായികം
ധരംശാല: ഐപിഎല്ലിൽ തുടരെ ഏഴ് മത്സരങ്ങളിൽ അപരാജിതരായി നിന്നു ഒന്നാം സ്ഥാനത്തു കുതിച്ച പഞ്ചാബ് കിങ്സ് തുടരെ നാല് തോൽവികൾ നേരിട്ട് നാലാം സ്ഥാനത്ത് പരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനോടു അവർ അവിശ്വസനീയമാം വിധം പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 210 റൺസ് നേടിയിട്ടും 74 റൺസിനിടെ എതിരാളിയുടെ 4 വിക്കറ്റുകൾ വീഴ്ത്തിയിട്ടും പഞ്ചാബ് വിജയം കൈവിട്ടു. മത്സരത്തിൽ സ്പിന്നർമാരെ ഒരോവർ പോലും എറിയിക്കാത്ത പഞ്ചാബിന്റെ തന്ത്രത്തെ വിമർശിച്ച് മുൻ താരങ്ങളടക്കമുള്ളവർ രംഗത്തെത്തി.
ടീമിലെ പ്രീമിയം സ്പിന്നറായ യുസ്‍വേന്ദ്ര ചഹലിനു ഒരോവർ പോലും പന്തെറിയാൻ നൽകിയില്ല എന്നതാണ് ശ്രദ്ധേയമായത്. എല്ലാ ഓവറും എറിഞ്ഞത് പേസർമാരായിരുന്നു. ഇതോടെയാണ് വിമർശനങ്ങൾ ശക്തമായത്. മത്സരത്തിൽ 3 വിക്കറ്റ് തോൽവിയാണ് പഞ്ചാബ് വഴങ്ങിയത്. ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഡേവിഡ് മില്ലർ എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഡൽഹിക്ക് ജയമൊരുക്കിയത്. പേസർമാരായ അർഷ്ദീപ് സും യഷ് ഠാക്കൂറും ചേർന്ന പഞ്ചാബ് ബൗളിങ് തുടക്കത്തിൽ എതിരാളികളെ സമ്മർദ്ദത്തിലാക്കി. എന്നാൽ പിന്നീട് കളി കൈവിടുകയായിരുന്നു.
തോൽവിയിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങും ഫീൽഡിങുമാണ് പഴിച്ചത്. തുടക്കത്തിൽ കളി കൈയിലിരുന്നിട്ടും പിന്നീട് വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തതും ക്യാച്ചുകൾ കൈവിട്ടതും തോൽവിക്കു കാരണമായെന്നു ശ്രേയസ് പറയുന്നു.
‘ചഹലിനെക്കൊണ്ട് പന്തെറിയിപ്പിക്കാമെന്നു ഞാൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ പന്ത് സീം ചെയ്യുന്ന രീതിയും പേസർമാർക്ക് പിച്ചിൽ നിന്നു കിട്ടിയ സഹായവും വച്ച് നോക്കുമ്പോൾ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ അതു സാധിച്ചില്ല. ഈ പിച്ചിൽ ഹാർഡ് ലെങ്തിൽ പന്തെറിയുന്നതാണ് ഏറ്റവും നല്ലത്. പുതിയ ബാറ്റർ വരുമ്പോൾ പ്രത്യേകിച്ചും. അത്തരം പന്തുകൾ ആവർത്തിച്ചാൽ ബാറ്റർമാർ പിഴവ് വരുത്താനും വിക്കറ്റ് ലഭിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പ്ലാനെല്ലാം പൊളിഞ്ഞു.’
പേസ് അനുകൂല പിച്ചിന്റെ കാര്യം പറഞ്ഞാണ് പഞ്ചാബ് കിങ്സ് ബൗളിങ് പരിശീലകൻ സയ്രാജ് ബഹുതുലെയും സ്പിന്നർമാരെ പന്തെറിയിപ്പിക്കാത്തത് ന്യായീകരിച്ചത്.
‘സ്ട്രറ്റീജിക് ടൈം ഔട്ട് സമയത്ത് സ്പിന്നർമാരെ കൊണ്ടു വരുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാൽ പന്ത് നന്നായി സീം ചെയ്യുന്നുണ്ടായിരുന്നു. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലവുമായിരുന്നു. അതിനാൽ വേഗത്തിൽ വിക്കറ്റുകൾ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ പേസർമാരെ തുടരാൻ പെട്ടെന്നു തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ വിക്കറ്റുകൾ കിട്ടിയിരുന്നു. എന്നാൽ അക്ഷർ- മില്ലർ കൂട്ടുകെട്ട് മത്സരം പഞ്ചാബിൽ നിന്നു തട്ടിയകറ്റി’- സയ്രാജ് വ്യക്തമാക്കി.
പഞ്ചാബ് ഉയർത്തിയ 211 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ആറ് പന്തുകൾ ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും ഡൽഹിക്ക് കഴിഞ്ഞിട്ടുണ്ട്. ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിങിനു അയക്കുക ആയിരുന്നു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രിയാംശ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കോണോലി 27 പന്തില്‍ 38 റണ്‍സടിച്ചു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാംശ് ഷെഡ്‌ജെ (8 പന്തില്‍ 21) ആണ് പഞ്ചാബിനെ 200 കടത്തിയത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ തുടക്കം പാളി. ഓപ്പണർമാരായ കെ എൽ രാഹുൽ, അഭിഷേക് പോരെൽ എന്നിവർ അതിവേഗം മടങ്ങി. 14 റൺസായിരുന്നു ഇരുവരുടെയും സംഭാവന. അഞ്ചാം വിക്കറ്റിൽ നായകൻ അക്ഷർ പട്ടേലും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ വിജയിലെത്തിച്ചത്.
അക്ഷർ പട്ടേൽ 56 റൺസും ഡേവിഡ് മില്ലർ 51 റൺസും നേടി പുറത്തായി. അവസാന ഓവറുകളിൽ അക്വിബ് നബിയും മാധവ് തിവാരിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഡൽഹിയെ വിജയലക്ഷ്യം മറികടക്കാൻ സഹായിച്ചത്.

Recent Comments