ചുവപ്പും കറുപ്പും നിറഞ്ഞ മണ്ണ്, ബാറ്റർമാർക്ക് തകർക്കാം; മോദി സ്റ്റേഡിയത്തിൽ ഇത്തവണ പുതിയ പിച്ച്

ചുവപ്പും കറുപ്പും നിറഞ്ഞ മണ്ണ്, ബാറ്റർമാർക്ക് തകർക്കാം; മോദി സ്റ്റേഡിയത്തിൽ ഇത്തവണ പുതിയ പിച്ച്

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം നടക്കുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിനായി സ്റ്റേഡിയം സജ്ജമായി കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല ഓർമ്മകൾ അല്ല നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉള്ളത്.2023-ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തോറ്റത് ഇതേ ഗ്രൗണ്ടിൽ ആയിരുന്നു. അന്നത്തെ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്ക് യാതൊരു ആനുകൂല്യവും പിച്ചിൽ നിന്ന് ലഭിച്ചിരുന്നില്ല. ഇതിൽ ബൗളർമാർ നിരാശരാകുന്നതും മത്സരത്തിനിടെ കണ്ടിരുന്നു. ഇതിന് പുറമേ, ഈ ടൂർണമെന്റിലെ സൂപ്പർ 8 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 70 റൺസിലധികം വ്യത്യാസത്തിൽ തോൽവി നേരിട്ടതും ഇതേ ഗ്രൗണ്ടിൽ ആയിരുന്നു.

മോദി സ്റ്റേഡിയത്തിലെ കറുത്ത മണ്ണ് കൊണ്ട് നിർമിക്കുന്ന പിച്ചിൽ ഇത്തവണ മാറ്റം വരുത്തി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കറുത്ത മണ്ണ് കൊണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പിച്ചുകൾ ക്രമേണ മത്സരം മന്ദഗതിയിലാക്കുമെന്നും അത് ബാറ്റിങ് ടീമിന് ബുദ്ധിമുട്ടാകും എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഫൈനലിനായി ഉപയോഗിക്കാനിരിക്കുന്ന സെൻറർ പിച്ച് ചുവപ്പ് മണ്ണും കറുത്ത മണ്ണും ചേർന്ന മിക്‌സ്‌ഡ് സോയിൽ ആണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഈ മിക്സിങ്ങിൽ ചുവപ്പ് മണ്ണിന്റെ അളവ് കൂടുതലാണെന്നാണ് സൂചന. ചുവന്ന മണ്ണ് കൂടുതലുള്ള പിച്ചുകൾ സാധാരണയായി ബാറ്റർമാർക്ക് അനുകൂലമാണ്. കാരണം ഇത്തരം ട്രാക്കുകളിൽ പന്തിന് ബൗൺസ് ലഭിക്കാറുണ്ട്. അതിനാൽ ബാറ്റർമാർക്ക് വലിയ ഷോട്ടുകൾ കളിക്കാൻ കൂടുതൽ സൗകര്യം ലഭിക്കും. അതേസമയം ബൗളർമാരെയും പിച്ച് സഹായിക്കുമെങ്കിലും അധികം സ്വിങ് ലഭിക്കാൻ സാധ്യതയില്ല.

മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സെമി ഫൈനലിൽ ഉപയോഗിച്ച പിച്ചിനോട് ഏറെ സാമ്യമുള്ളതായിരിക്കും ഫൈനലിനായി തയ്യാറാക്കുന്ന ട്രാക്ക് എന്ന് തന്നെ പറയാം. ഇത്തരം സാഹചര്യത്തിൽ ഫൈനലിലെ ശരാശരി സ്കോർ ഏകദേശം 200 റൺസിനടുത്തായിരിക്കാമെന്നാണ് വിലയിരുത്തൽ. ബാറ്റിംഗ് അനുകൂലമായ പിച്ചായതിനാൽ ടോസ് നേടിയ ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു.

ഐപിഎല്‍ ‘പൂരം’ തുടങ്ങുന്നു; ‘കൊടിയേറ്റം’ മാര്‍ച്ച് 28ന്

ഐപിഎല്‍ ‘പൂരം’ തുടങ്ങുന്നു; ‘കൊടിയേറ്റം’ മാര്‍ച്ച് 28ന്

ബംഗളൂരു: ഐപിഎല്‍ പുതിയ സീസണിലെ പോരാട്ടങ്ങള്‍ ഈ മാസം 28 മുതല്‍. മെയ് 31നാണ് ഫൈനല്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ചിന്നസ്വാമിയില്‍ തന്നെ അരങ്ങേറും.

ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആണ് കളിക്കാനിറങ്ങുക. സാധാരണയായി നിലവിലെ ചാംപ്യന്‍മാരാണ് ഉദ്ഘാടന മത്സരം കളിക്കാറുള്ളത്. ആര്‍സിബിയുടെ ആദ്യ മത്സരത്തിലെ എതിരാളികള്‍ ആരാണെന്നു തീരുമാനം ആയിട്ടില്ല.

ഐപിഎല്‍ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടിട്ടില്ല. 20 ദിവസത്തെ മത്സരക്രമമാണ് ആദ്യം പുറത്തുവിടുക. അതിനു ശേഷമായിരിക്കും രണ്ടാം ഘട്ട മത്സരങ്ങളുടെ പട്ടിക വരിക. ഷെഡ്യൂള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നു ബിസിസിഐ സെക്രട്ടറി ജേവ്ജിത് സൈകിയ വ്യക്തമാക്കി.

ചിന്നസ്വാമിയില്‍ വീണ്ടും ക്രിക്കറ്റ് ആരവം

അവസാന സീസണില്‍ ഐപിഎല്‍ വിജയാഘോഷങ്ങള്‍ക്കു പിന്നാലെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിനു ശേഷമാണ് ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വീണ്ടും ഐപിഎല്‍ ആരവങ്ങള്‍ തിരിച്ചെത്തുന്നത്. ഉദ്ഘാടന ആഘോഷങ്ങളും ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്‌റ്റേഡിയം. ഈ സീസണില്‍ ടീമിന്റെ 5 ഹോം പോരാട്ടങ്ങള്‍ ചിന്നസ്വാമിയിലാണ് അരങ്ങേറുന്നത്. രണ്ട് പ്ലേ ഓഫ് മത്സരങ്ങള്‍ക്കും ഐപിഎല്‍ ഫൈനലിനും ചിന്നസ്വാമി സ്‌റ്റേഡിയം തന്നെയാണ് വേദിയാകുന്നത്.

ആര്‍സിബിയുടെ കന്നി ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ നടന്ന വിജയാഹ്ലാദങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു. പിന്നാലെ സ്‌റ്റേഡിയത്തിനു വിലക്കു വന്നു.

പിന്നീട് കര്‍ണാടക സര്‍ക്കാരാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്കായി സ്‌റ്റേഡിയത്തിന്റെ വിലക്ക് മാറ്റിയത്. സ്‌റ്റേഡിയത്തിന്റെ സുരക്ഷയും കാണികളുടെ സുരക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നു ജസ്റ്റിസ് കുന്‍ഹ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ വിലക്ക് ഒഴിവാക്കിയത്. ഇതോടെയാണ് ചിന്നസ്വാമിയില്‍ മത്സരം നടത്താനുള്ള അനുമതി ലഭിച്ചത്.

‘സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

‘സത്യം പറ ചേട്ടാ, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’; സഞ്ജു സാംസണെ പ്രശംസിച്ച് സിനിമാ ലോകവും

ലോകം മുഴുവനിപ്പോൾ ഒറ്റ പേരിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഒറ്റയാൾ പോരാട്ടത്തിലൂടെ ‌ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് നയിച്ച സഞ്ജു സാംസൺ. ആരാധകരുടെ സ്വന്തം ചേട്ടനും ചേട്ടായിയുമൊക്കെയായ സഞ്ജുവിന് അഭിനന്ദനപ്രവാ​ഹമാണ്. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വരെ വാനോളം പുകഴ്ത്തുകയാണ് സഞ്ജുവിനെ.

മലയാള സിനിമയുടെ കരുത്തരായ മമ്മൂട്ടിയും മോഹൻലാലും സഞ്ജുവിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. പൃഥ്വിരാജ്, നിവിൻ പോളി, ഇന്ദ്രജിത്ത്, നസ്രിയ, ബേസിൽ ജോസഫ്, ദുൽഖർ സൽമാൻ തുടങ്ങി നിരവധിപ്പേരാണ് സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ എത്തിയത്.

“സഞ്ജു, നീ ഞങ്ങളെ വീണ്ടും അഭിമാനിപ്പിച്ചു” എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, സഞ്ജുവിന്റെ ഇന്നിംഗ്സ് ഓരോ മലയാളിക്കും അഭിമാന നിമിഷമാണെന്ന് മോഹൻലാൽ പ്രതികരിച്ചു. ‘‘ക്ലാസ്. തനി ആധിപത്യം. ഏറ്റവും വലിയ വേദിയിൽ ഭയമില്ലാത്ത ഒരു പ്രഖ്യാപനം. സെമി ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ.’’- മമ്മൂട്ടി കുറിച്ചു.

‘സഞ്ജുവിനെ ഇത്രയും ഉജ്ജ്വലമായ ഫോമിൽ കാണുന്നത് ആവേശകരമാണ്! അദ്ദേഹത്തിന്റെ സ്വഭാവത്തെയും കഴിവിനെയും വിളിച്ചോതുന്ന, തികച്ചും മാസ്റ്റർഫുൾ ആയ ഒരു ഇന്നിങ്സ്. സെമി ഫൈനലിലേക്ക് കുതിച്ചെത്തിയ ഇന്ത്യൻ ടീമിന് ഒന്നടങ്കം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നമ്മുടെ പതാക എപ്പോഴും ഉയരത്തിൽ പാറട്ടെ.’- മോഹൻലാലിന്റെ വാക്കുകൾ. ‘എന്റെ മാൻ ഒരിക്കലും തോറ്റു കൊടുക്കില്ല!! ! തീർച്ചയായും ഒരു ഇന്നിംഗ്‌സിന്റെ പ്രസ്താവന!’- ബേസിൽ കുറിച്ചു. ആഷിക് അബു ചിത്രം ‘റൈഫിള്‍ ക്ലബ്ബിലെ’ വിജയരാഘവന്‍റെ രംഗത്തിലെ ഡയലോഗും ഇന്നലെ ട്രെന്‍ഡായി.

‘സത്യം പറ ചേട്ടായി, ഇങ്ങനെയൊരു ദിവസം ആഗ്രഹിച്ചിരുന്നില്ലേ’, സഞ്ജുവിന്‍റെ ചിത്രത്തിനൊപ്പം ഈ ഡയലോഗും വൈറലായി കൊണ്ടിരിക്കുകയാണ്. ലോകവേദിയിൽ സഞ്ജുവിന്റെ ബാറ്റ് ശബ്ദിക്കുമ്പോൾ അത് കേരളത്തിന്റെ കായിക ചരിത്രത്തിലെ തന്നെ സുവർണ്ണ അധ്യായമായി മാറുകയാണ്.

സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍

സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍

കൊല്‍ക്കത്ത: സഞ്ജു സാംസണിന്റെ ചിറകിലേറി ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തുന്നത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളി. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സഞ്ജുവിന്റെ (50 പന്തില്‍ പുറത്താവാതെ 97) ഇന്നിംഗ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ADVERTISEMENT

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ ഇന്ത്യക്ക് അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായി. ഹൊസീന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച്. അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (10) മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നാലെ സൂര്യകുമാര്‍ യാദവ് (18) – സഞ്ജു കൂട്ടുകെട്ട് 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 11-ാം ഓവറില്‍ സൂര്യ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മ (15 പന്തില്‍ 27) – സഞ്ജു സഖ്യം വേഗത്തില്‍ 42 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 15-ാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കും (17) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19-ാം ഓവറിലാണ് ഹാര്‍ദിക് മടങ്ങുന്നത്. എന്നാല്‍ സഞ്ജു – ശിവം ദുബെ (4 പന്തില്‍ 8) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 50 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 12 ഫോറും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് വേണ്ടി ബാറ്റ് ചെയ്ത മിക്കവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നേരത്തെ, പതിഞ്ഞ തുടക്കമായിരുന്നു വിന്‍ഡീസിന്. ഒന്നാം വിക്കറ്റില്‍ ഷായ് ഹോപ്പ് (33 പന്തില്‍ 32) – ചേസ് സഖ്യം 68 റണ്‍സ് ചേര്‍ത്തെങ്കിലും ഇന്നിംഗ്‌സിന് ഒട്ടും വേഗമുണ്ടായിരുന്നില്ല. 53 പന്തുകള്‍ ഇരുവരും നേരിട്ടു. ഒമ്പതാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 12 പന്തില്‍ 27 റണ്‍സ് സ്‌കോറിംഗ് വേഗത്തിലാക്കി. എന്നാല്‍ ഒരോവറില്‍ ഹെറ്റമെയറേയും ചേസിനേയും മടക്കിയച്ച് ജസ്പ്രിത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

ഒന്നും മാറില്ല, കളി ഇങ്ങനെ തന്നെ തുടരും; ഇന്ത്യ തിരിച്ചു വരുമെന്ന് ക്യാപ്റ്റന്‍

അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വൻ തോൽവിയാണ് ഇന്ത്യ നേരിടേണ്ടി വന്നത്. മത്സരത്തിൽ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 111 റണ്‍സ് നേടാൻ സാധിച്ചുള്ളൂ. 42 റണ്‍സ് നേടിയ ശിവം ദുബെ മാത്രമാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറർ. മത്സരത്തിലെ തോല്‍വിക്കുള്ള പ്രധാന കാരണം ബാറ്റിങിലെ പോരായ്മയാണെന്നാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്.

“180–185 റൺസ് പിന്തുടരുമ്പോൾ പവർപ്ലേയിൽ തന്നെ കളി ജയിക്കാനാകില്ലെങ്കിലും, പവർപ്ലേയിൽ തന്നെ കളി നഷ്ടപ്പെടാൻ വലിയ സാധ്യതയുണ്ട്. പവർപ്ലേയിൽ നമ്മൾ വളരെ അധികം വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇത്രയും വലിയ റൺ പിന്തുടർന്ന് ബാറ്റ് ചെയ്യുമ്പോൾ ചെറിയ കൂട്ടുകെട്ടുകൾ വേണ്ടതാണ്, എന്നാൽ അതിന് കഴിഞ്ഞട്ടില്ല. പക്ഷേ ഇതൊക്കെ കളിയുടെ ഭാഗമാണ്” സൂര്യകുമാർ പറഞ്ഞു. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായതും അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ മോശം ഫോമുമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത്. വെറും 23 പന്തിനുള്ളിൽ ആണ് ഇന്ത്യയുടെ ടോപ് ഓർഡറിലെ മൂന്ന് ബാറ്റർമാർ പുറത്തായത്. ഇത് ടീമിന് തിരിച്ചടി ആയി മാറി.

അതേ സമയം, ബൗളിങ്ങിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ക്യാപ്റ്റൻ പറഞ്ഞു. “മത്സരത്തിന്റെ തുടക്കത്തിൽ നമ്മുടെ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ 21/3 എന്ന നിലയിൽ സൗത്ത് ആഫ്രിക്കൻ ടീമിനെ വരിഞ്ഞുമുറുക്കാനായി. പക്ഷേ 7 മുതൽ 15 ഓവർ വരെ അവർ മികച്ച ബാറ്റിങ് നടത്തി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നാലും ബൗളർമാർ നല്ല രീതിയിൽ തന്നെ പന്തെറിഞ്ഞു” സുര്യകുമാർ വ്യക്തമാക്കി.

എന്നാൽ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ ബാറ്റിങ് സമീപനത്തിൽ മാറ്റമുണ്ടാകില്ലെന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. “നന്നായി ബാറ്റ് ചെയ്യാനും ബൗൾ ചെയ്യാനും ഫീൽഡ് ചെയ്യാനും താരങ്ങൾക്ക് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഇപ്പോൾ കളിക്കുന്ന അതെ രീതിയിൽ തന്നെ മുന്നോട്ട് പോകും. ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല. കളിക്കാർ ശക്തമായി തിരിച്ചുവരുമെന്ന് എനിക്ക് വിശ്വാസമുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

ഈ തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്ക് മങ്ങൽ ഏൽപിച്ചിട്ടുണ്ട്. ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വെയെയും മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെയുമാണ് ഇനി ഇന്ത്യയുടെ എതിരാളികൾ. ഇരു മത്സരങ്ങളും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിലെത്താൻ സാധിക്കൂ.

100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്

100 പോലും കടത്തിയില്ല, വിജയം അനായാസം! ഏഷ്യാ കപ്പ് വനിതാ കിരീടം ഇന്ത്യക്ക്

ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടി20 കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ ഇന്ത്യ എ വനിതകള്‍ ബംഗ്ലാദേശ് എ വനിതാ ടീമിനെ അനായാസം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 19.1 ഓവറില്‍ വെറും 88 റണ്‍സില്‍ അവസാനിച്ചു. 46 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയാണ് ഇന്ത്യ കിരീടമുറപ്പിച്ചത്.

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തേജല്‍ ഹസാബ്‌നിസും ക്യാപ്റ്റന്‍ രാധ യാദവും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. തേജല്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നതു നിര്‍ണായകമായി. താരം 34 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം 51 റണ്‍സെടുത്തു. രാധ യാദവ് 30 പന്തില്‍ ഒരു സിക്‌സും 3 ഫോറും സഹിതം 36 റണ്‍സും അടിച്ചു. 19 റണ്‍സെടുത്ത ദിനേഷ് വൃന്ദയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

വിജയം തേടിയിറങ്ങിയ ബംഗ്ലാദേശ് വനിതകളില്‍ ആരും അധികം നേരം ക്രീസില്‍ നിന്നില്ല. 20 റണ്‍സെടുത്ത ഷമിമ സുല്‍ത്താനയാണ് ടോപ് സ്‌കോറര്‍. 19 റണ്‍സെടുത്ത സര്‍മിന്‍ സുല്‍ത്താന, 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഹിമ ഖാത്തൂന്‍, 10 റണ്‍സെടുത്ത സാദിയ അക്തര്‍ എന്നിവര്‍ മാത്രമാണ് അല്‍പ്പം പിടിച്ചു നിന്നത്.

ഇന്ത്യന്‍ നിരയില്‍ പ്രേമ റാവത്ത് 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു ബംഗ്ലാദേശിനെ അതിവേഗം തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. സോണിയ മെന്‍ദിയ, തനുജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. രാധ യാദവ്, മിന്നു മണി, സൈമ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി.