by Midhun HP News | Oct 19, 2025 | Latest News, കായികം, ജില്ലാ വാർത്ത
പെര്‍ത്ത്: മഴ രസംകൊല്ലിയായ, ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്ക്ക് ജയം. മഴയെ തുടര്‍ന്ന് 26 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാനായത്. 137 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഓസ്ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ വീണ്ടും മഴ കളി തടസ്സപ്പെടുത്തി. തുടര്‍ന്ന് ഡക് വര്‍ത്ത്- ലൂയിസ് നിയമപ്രകാരം പുതുക്കി നിശ്ചയിച്ച 131 റണ്‍സ് ഓസ്ട്രേലിയ 29 പന്ത് ബാക്കിനില്‍ക്കേ മറികടക്കുകയായിരുന്നു. 21.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയയുടെ വിജയം. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് തിളങ്ങി. മിച്ചൽ മാർഷ് 46 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
മഴയെ തുടര്‍ന്ന് രണ്ടു തവണ നിര്‍ത്തിവെച്ച് 26 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാന്‍ കഴിഞ്ഞത്. 31 പന്തില്‍ 38 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. 31 റണ്‍സെടുത്ത അക്ഷര്‍ പട്ടേലുമായി ചേര്‍ന്ന് 40 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പ് രാഹുല്‍ കെട്ടിപ്പടുത്തില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്‌കോര്‍ ഇതിലും മോശമാകുമായിരുന്നു. അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ടു സിക്സുകളുടെ അകമ്പടിയോടെ പുറത്താകാതെ നേടിയ 19 റണ്‍സ് ആണ് ഇന്ത്യന്‍ സ്‌കോര്‍ 120 കടത്തിയത്.
എട്ടു മാസത്തിനു ശേഷം രോഹിത്തും കോഹ് ലിയും കളത്തിലിറങ്ങുന്നതിന്റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ ആ ആവേശത്തിന്റെ ആയുസ്സ് അധികം നീണ്ടില്ല. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ഇന്നിങ്സ് ആരംഭിച്ചത്. ഓപ്പണറായി ഇറങ്ങിയ രോഹിത്ത് 14 പന്തില്‍ 8 റണ്‍സെടുത്തും മൂന്നാമനായി ഇറങ്ങിയ കോഹ് ലി എട്ടു പന്ത് നേരിട്ട് സംപൂജ്യനായും പുറത്തായി. രോഹിത്തിനെ ഹെയ്‌സല്‍വുഡ് പുറത്താക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് കോഹ് ലിയുടെ വിക്കറ്റ്. സൂപ്പര്‍ താരങ്ങള്‍ പുറത്തായതോടെ, തുടര്‍ന്ന് കരകയറാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല.
ഇരുവര്‍ക്കും പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും (18 പന്തില്‍ 10) പുറത്തായി. നഥാന്‍ എല്ലിസിനാണ് വിക്കറ്റ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3നു 27 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടു വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ പവര്‍പ്ലേ സ്‌കോറാണിത്. 2023ല്‍ ചെന്നൈയില്‍ ഓസീസിനെതിരെ ഇതേ സ്‌കോര്‍ നിലയിലാണ് ഇന്ത്യ പവര്‍പ്ലേ അവസാനിപ്പിച്ചത്.
ഇന്ത്യന്‍ ഇന്നിങ്സിന്റെ 9-ാം ഓവറിലാണ് മഴ ആദ്യം പെയ്തത്. എന്നാല്‍ ശക്തമാകാതിരുന്നതോടെയാണ് കളി പുനഃരാരംഭിച്ചു. എന്നാല്‍ 12-ാം ഓവറില്‍ വീണ്ടും മഴ എത്തിയതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇന്ത്യന്‍ സമയം 10.10നു നിര്‍ത്തിവച്ച മത്സരം, 12.20നാണ് പുനഃരാരംഭിച്ചത്. എന്നാല്‍ 12 മിനിറ്റു കഴിഞ്ഞപ്പോള്‍ വീണ്ടും മഴ എത്തിയതോടെ കളി നിര്‍ത്തി. ഇതിനിടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റും നഷ്ടമായി. ശ്രേയസ്സ് അയ്യരെ (11) ഹെയ്സ്ല്‌വുഡാണ് പുറത്താക്കിയത്. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ 16-ാം ഏകദിനത്തിലാണ് ഇന്ത്യയ്ക്കു ടോസ് നഷ്ടമാകുന്നത്.


by Midhun HP News | Oct 18, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: പരിക്കു മാറിയിട്ടും പേസര്‍ മുഹമ്മദ് ഷമിയെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ പരിമിത ഓവര്‍ പരമ്പരയിലേക്കുള്ള രണ്ട് ടീമുകളിലേക്കും സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ടീമിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നു സെലക്ടര്‍മാരെ പരോക്ഷമായി ട്രോളി താരം രംഗത്തെത്തിയതു വലിയ ചര്‍ച്ചയായിരുന്നു. ഷമിയുടെ കുറിപ്പിനെക്കുറിച്ചും ഷമിയെ എന്തുകൊണ്ടു ടീമില്‍ എടുത്തില്ലെന്ന ചോദ്യത്തിനും മറുപടി നല്‍കി ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍.
രഞ്ജി കളിച്ച് ഫിറ്റ്‌നസ് തെളിയിച്ചാല്‍ ഷമിയെ ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കുമെന്നായിരുന്നു അഗാര്‍ക്കറുടെ മറുപടി. ഒരു മാധ്യമ പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഷമിയെക്കുറിച്ചു വ്യക്തമാക്കിയത്.
‘അദ്ദേഹത്തിനു എന്തെങ്കിലും പരിഭവമുണ്ടെങ്കില്‍ അത് നേരിട്ടെന്നെ വിളിച്ചു പറയാം. അതിനുള്ള സ്വാതന്ത്ര്യം എല്ലാ താരങ്ങള്‍ക്കും ഞാന്‍ നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ അദ്ദേഹം എന്താണ് പറഞ്ഞതെന്നു എനിക്കറിയില്ല. അതു ഞാന്‍ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തെ ഞാന്‍ നേരിട്ടു വിളിക്കുമായിരുന്നു. എന്റെ ഫോണ്‍ എപ്പോഴും ഓണായിരിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ അദ്ദേഹവുമായി ഒന്നിലധികം തവണ സംസാരിച്ചിട്ടുണ്ട്. അതേക്കുറിച്ച് പരസ്യമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’
‘ഷമി അസാധ്യ താരമാണ്. അദ്ദേഹത്തിനു ചിലപ്പോള്‍ മറ്റെന്തെങ്കിലും എന്നോടു പറയാന്‍ ഉണ്ടാകും. ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് ഫിറ്റായിരുന്നെങ്കില്‍ അദ്ദേഹം ആ വിമാനത്തില്‍ ഉണ്ടാകുമായിരുന്നു. നിര്‍ഭാഗ്യത്തിനു അദ്ദേഹം കളിക്കാനുള്ള ശാരീരിക ക്ഷമതയിലായിരുന്നില്ല. എന്തായാലും ഇപ്പോള്‍ ആഭ്യന്തര സീസണ്‍ ആരംഭിച്ചല്ലോ. അദ്ദേഹം ഫിറ്റാണോ എന്നു നോക്കാം. രഞ്ജിയുടെ ആദ്യ റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ അദ്ദേഹം പന്തെറിയുന്നതു മികവോടെയാണോ എന്നു പരിശോധിക്കാനുള്ള അവസരമുണ്ടല്ലോ.’
‘ഒരു വര്‍ഷത്തോളമായി ഷമിയെ പ്രതീക്ഷിച്ചാണ് ടീം നില്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലേക്ക് പോലും അദ്ദേഹത്തെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഷമി ഫിറ്റ്‌നസ് തെളിയിക്കാത്തതാണ് തടസമായത്. ഏതു ടീമാണ് ഷമിയെ പോലെയൊരു ബൗളറെ ആഗ്രഹിക്കാത്തത്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായാല്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരിക്കും’- അഗാർക്കർ വിശദീകരിച്ചു.
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനു ശേഷം ഷമി ഇന്ത്യക്കായി കളിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായിരുന്നു ഷമി. പിന്നീട് പരിക്കേറ്റ് താരം വിശ്രമത്തിലായിരുന്നു. നിലവില്‍ താരം ബംഗാളിനായി രഞ്ജി ട്രോഫി കളിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ മികച്ച ബൗളിങാണ് ഷമി പുറത്തെടുത്തത്.


by Midhun HP News | Oct 18, 2025 | Latest News, കായികം, ജില്ലാ വാർത്ത
പെര്‍ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ നെറ്റ്‌സില്‍ ഹാപ്പിയായി വിരാട് കോഹ്‌ലി. മൈതാനത്ത് സഹതാരങ്ങള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ഫണ്‍ മൊമന്റ്‌സുകളാക്കിയ താരത്തിന്റെ വിഡിയോ ആരാധകരും ഏറ്റെടുത്തു.
പ്രാക്ടീസ് സെഷനില്‍ വളരെ ഹാപ്പിയായി ചിരിയും കളിയുമായി നില്‍ക്കുന്ന വിരാട് കോഹ്‌ലിയെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് ഏഴ് മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കോഹ്ലി ടീം ക്യാംപില്‍ എത്തുന്നത്. ഇന്ത്യക്കായി ഈ വര്‍ഷം ആദ്യം ചാംപ്യന്‍സ് ട്രോഫിയിലാണ് താരം അവസാനമായി കളിച്ചത്.
സ്റ്റാര്‍ സ്പോര്‍ട്സ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ കോഹ് ലിയെ സമ്മര്‍ദമില്ലാതെ കൂളായാണ് കാണുന്നത്. സഹതാരങ്ങശായ അര്‍ഷ്ദീപ് സിങ്, കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍, ഹര്‍ഷിത് റാണ എന്നിവരുമായി ചിരിച്ച് ഉല്ലസിക്കുന്നതും കാണാം.രണ്ടാം ദിവസം പരിശീലനം പൂര്‍ത്തിയാക്കിയ കോഹ്‌ലി ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫുകളും നല്‍കി.
ഓസ്ട്രേലിയന്‍ മണ്ണില്‍ ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് കോഹ്‌ലിക്കുള്ളത്. ഓസ്ട്രേലിയയില്‍ 29 ഏകദിനങ്ങളില്‍ നിന്ന് 51 ല്‍ കൂടുതല്‍ ശരാശരിയില്‍ 1327 റണ്‍സ് കോഹ്ലി നേടിയിട്ടുണ്ട്. ഹോബാര്‍ട്ടിലെ ബെല്ലെറിവ് ഓവലില്‍ ശ്രീലങ്കയ്ക്കെതിരെ നേടിയ 133* റണ്‍സാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കോഹ് ലിയുടെ അനുഭവ സമ്പത്ത് ഇന്ത്യക്ക് പരമ്പ നേട്ടത്തോടെ മടങ്ങാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


by Midhun HP News | Oct 17, 2025 | Latest News, കായികം, ജില്ലാ വാർത്ത
പെര്‍ത്ത്: 2027 ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും തുടരുമെന്ന് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്. രോഹിതും കോഹ്ലിയും അധിക നാള്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹെഡിന്റെ പ്രവചനം.
ഞായറാഴ്ച നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന മത്സരത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹെഡ്. ‘ രണ്ട് മികച്ച വൈറ്റ് ബോള്‍ കളിക്കാര്‍, നല്ല നിലവാരമുളളവര്‍. വിരാട് ഏറ്റവും മികച്ച വൈറ്റ്-ബോള്‍ താരമാണ്. രോഹിത് ഒട്ടും പിന്നിലല്ല. ഒരേ ഫോര്‍മാറ്റില്‍ കളിക്കുന്ന താരമെന്ന നിലയില്‍ രോഹിതിനോടും അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിലും ഏറെ ബഹുമാനം തോന്നുന്നു. ഒരു ഘട്ടത്തില്‍ അവര്‍ക്ക് അവരെ നഷ്ടമാകുമെന്ന് രണ്ടുപേര്‍ക്കും 37 വയസ്സ് തികഞ്ഞുവെന്നാണ് കരുതുന്നത്’ ഹെഡ് പറഞ്ഞു.
‘ഐപിഎല്ലില്‍ രോഹിതിനെതിരെ ധാരാളം കളിച്ചിട്ടുണ്ട്. മൈതാനത്ത് മികച്ച രിതിയില്‍ കളിക്കുന്നതായാണ് തോന്നിയിട്ടുള്ളത്. രോഹിതിനൊപ്പം എവിടെയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. പക്ഷേ, ഒരു അവസരം ലഭിച്ചേക്കാം. താരത്തിന് ഇന്ത്യയില്‍ കുറച്ചു കാലം കൂടി കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഹെഡ് പറഞ്ഞു.
ആഷസ് പരമ്പര അടുത്തുവരുന്നതിനാല്‍ ഇന്ത്യക്കെതിരായ എട്ട് മത്സരങ്ങളും കളിക്കുമോ എന്നത് അറിയില്ല. കാമറൂണ്‍ ഗ്രീന്‍ ഇന്ത്യക്കെരിരായ പരമ്പരയില്‍ നിന്ന് പുറത്തായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആഷസിന് മുമ്പുള്ള ഒരു മുന്‍കരുതലായാണിതെന്നും ഹെഡ് പറഞ്ഞു.


by Midhun HP News | Oct 15, 2025 | Latest News, കായികം, ജില്ലാ വാർത്ത
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ് ലിയും കടുത്ത പരിശീലനത്തിലാണ്. ഇരുവരും അടുത്ത ഏകദിന ലോകകപ്പ് വരെ ഉണ്ടാവുമോ എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, ഇരുതാരങ്ങളും ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. അതിനിടെ രോഹിത്തിനെയും കോഹ് ലിയെയും കാണാനുള്ള ഓസ്ട്രേലിയന്‍ ആരാധകരുടെ അവസാന അവസരമായിരിക്കാം ഇതെന്ന് പറഞ്ഞ് ആരാധകരുടെ ആവേശം കൂട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്.
‘ഞായറാഴ്ച പെര്‍ത്തില്‍ ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കാരണം ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ കോഹ് ലിയും രോഹിത്തും കളിക്കുന്നത് സ്വന്തം നാട്ടില്‍ കാണാന്‍ ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്കുള്ള അവസാന അവസരമായിരിക്കാം ഇത്’- പാറ്റ് കമ്മിന്‍സ് പറഞ്ഞു. പുറംവേദന കാരണം 32 കാരനായ കമ്മിന്‍സ് പരമ്പരയില്‍ കളിക്കുന്നില്ല.
‘കഴിഞ്ഞ 15 വര്‍ഷമായി കോഹ്ലിയും രോഹിത്തും മിക്കവാറും എല്ലാ ഇന്ത്യന്‍ ടീമുകളുടെയും ഭാഗമാണ്. അതിനാല്‍ ഓസ്ട്രേലിയന്‍ ആരാധകര്‍ക്ക് അവര്‍ ഇവിടെ കളിക്കുന്നത് കാണാനുള്ള അവസാന അവസരമായിരിക്കാം ഇത്,’- കമ്മിന്‍സ് ജിയോഹോട്ട്സ്റ്റാറിനോട് പറഞ്ഞു.
‘അവര്‍ ഇന്ത്യയുടെ ചാംപ്യന്മാരാണ്, എല്ലായ്‌പ്പോഴും അവര്‍ക്ക് മികച്ച പിന്തുണ ലഭിക്കുന്നു. ഞങ്ങള്‍ അവര്‍ക്കെതിരെ കളിക്കുമ്പോഴെല്ലാം ആവേശം കൊണ്ട് കാണികളുടെ ശബ്ദം ഉയരാറുണ്ട്. പെര്‍ത്തിന് പുറമേ അഡലെയ്ഡിലും സിഡ്നിയിലുമായി നടക്കുന്ന പരമ്പര നഷ്ടമായതില്‍ നിരാശയുണ്ട്. ഇന്ത്യയ്ക്കെതിരായ വൈറ്റ്-ബോള്‍ പരമ്പര നഷ്ടമാകുന്നത് വിഷമകരമാണ്. ഓസ്‌ട്രേലിയയില്‍ ഇതിനകം തന്നെ വളരെയധികം ആവേശം നിറഞ്ഞിട്ടുണ്ട്. ഇതുപോലുള്ള ഒരു വലിയ പരമ്പര നഷ്ടപ്പെടുന്നത് എല്ലായ്‌പ്പോഴും ഉള്‍ക്കൊള്ളാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.’- പാറ്റ് കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.
‘ഏകദിന ലോകകപ്പിനോട് അടുക്കുമ്പോള്‍, ഞങ്ങളുടെ 15 അംഗ ടീം എന്തായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ മികച്ച സ്ഥാനത്താണെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ ലോകകപ്പില്‍ കളിക്കാത്ത യുവതാരങ്ങളെ കളിപ്പിക്കാന്‍ ശ്രമിക്കുക. അവര്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് കാണുക’- ഓസ്‌ട്രേലിയയുടെ പകരം ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് പാറ്റ് കമ്മിന്‍സ് ഉപദേശം നല്‍കി. ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയുടെ അഞ്ച് മത്സരങ്ങളുള്ള ടി20 അന്താരാഷ്ട്ര പരമ്പര ഒക്ടോബര്‍ 29 മുതലാണ്.


by Midhun HP News | Oct 13, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടുത്ത ആഴ്ച ഓസ്ട്രേലിയയിലേക്ക് പോകും. ഏകദിന ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ട 38 കാരനായ വലംകൈയ്യന്‍ ബാറ്റ്സ്മാന്‍, ഒക്ടോബര്‍ 19 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ഇന്ത്യയ്ക്കായി സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കും. ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി, രോഹിത് മുംബൈയില്‍ കഠിന പരിശീലനമാണ് നടത്തുന്നത്.
വെള്ളിയാഴ്ച മുംബൈ നഗരത്തിലെ ശിവജി പാര്‍ക്കില്‍ ബാറ്റിങ് പരിശീലനത്തിന് എത്തിയപ്പോള്‍ രോഹിത്തിനെ കാണാന്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ‘2027 ലെ ഏകദിന ലോകകപ്പ് ജയിക്കണം, രോഹിത്തില്ലാതെ അത് നടക്കില്ല’- ആരാധകരുടെ ഇത്തരത്തിലുള്ള കമന്റുകള്‍ അടങ്ങിയ വിഡിയോയകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പരിശീലനത്തിനിടെ അടുത്ത പന്തില്‍ രോഹിത് ഒരു വലിയ ഷോട്ട് അടിച്ചപ്പോള്‍ ‘ഓസ്‌ട്രേലിയയിലും നിങ്ങള്‍ ഇതേ ഷോട്ട് അടിക്കണം… നോക്കൂ, നോക്കൂ, സ്റ്റാര്‍ക്ക് തൊട്ടുമുന്നില്‍ നില്‍ക്കുന്നു’- ആരാധകന്‍ ഒച്ചയില്‍ പറയുന്നതും വിഡിയോയില്‍ വ്യക്തമാണ്.

2025 മാര്‍ച്ച് ഒന്‍പതിന് ന്യൂസിലന്‍ഡിനെതിരെയാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി ഏകദിന മത്സരം കളിച്ചത്. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ രോഹിത് 76 റണ്‍സ് ആണ് നേടിയത്. മിച്ചല്‍ സാന്റ്‌നര്‍ നയിച്ച ന്യൂസിലന്‍ഡ് ടീമിനെ പരാജയപ്പെടുത്തി ഇന്ത്യ കപ്പും കരസ്ഥമാക്കി. ജൂണ്‍ ഒന്നിന് ശേഷം രോഹിത് ഒരു മത്സരവും കളിച്ചിട്ടില്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ രണ്ടാം ക്വാളിഫയര്‍ മത്സരത്തിലാണ് അദ്ദേഹം അവസാനമായി മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയത്.

Recent Comments