by Midhun HP News | Oct 26, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: ഇന്ത്യന്‍ വെറ്ററന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ് ലിയേയും രോഹിത് ശര്‍മയേയും പിന്തുണച്ച്, സെലക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് കൈഫ്. രോഹിതും കോഹ്‌ലിയും 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിലുണ്ടാകരുതെന്നു ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്. ഓസീസ് മണ്ണിലടക്കം ഇരുവരും ഫോമിലെത്തരുതെന്നു സെലക്ഷന്‍ കമ്മിറ്റിയിലെ ചിലരും ചില മാധ്യമ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും മൂന്നാം പോരില്‍ ഹിറ്റ്മാന്‍ സെഞ്ച്വറിയും നേടി. ആദ്യ രണ്ട് മത്സരങ്ങളിലും തുടരെ പൂജ്യത്തില്‍ പുറത്തായ കോഹ്‌ലിയും മൂന്നാം പോരില്‍ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു തിരിച്ചു വരവ് ഗംഭീരമാക്കി. ഇരുവരും ചേര്‍ന്നു മൂന്നാം മത്സരത്തില്‍ ഇന്ത്യയെ 9 വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയും ചെയ്തു.
പിന്നാലെയാണ് യു ട്യൂബ് ചാനലിലൂടെ തുറന്നു പറച്ചിലുമായി കൈഫ് രംഗത്തെത്തിയത്.’തങ്ങള്‍ പരാജയപ്പെടാന്‍ കാത്തിരിക്കുന്നവരുണ്ടെന്നു രോഹിതിനും കോഹ്‌ലിക്കും അറിയാം. ചില സെലക്ടര്‍മാരും മാധ്യമ പ്രവര്‍ത്തകരും അതാഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവര്‍ രണ്ട് പേരും ദൃഢ നിശ്ചയമുള്ളവരാണ്. അവരുടെ മുഖം നോക്കു. ശന്തമായാണ് അവര്‍ കളിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന ആത്മവിശ്വാസമുണ്ട് രണ്ട് പേര്‍ക്കും.’
മത്സരത്തില്‍ 168 റണ്‍സ് കൂട്ടുകെട്ടാണ് ഇതിഹാസങ്ങള്‍ ചേര്‍ന്നു സിഡ്‌നിയില്‍ ഉയര്‍ത്തിയത്. രോഹിത് 121 റണ്‍സും കോഹ്‌ലി 74 റണ്‍സും നേടി പുറത്താകാതെ നിന്നു.
‘2027ലെ ഏകദിന ലോകകപ്പ് നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇരു താരങ്ങളും ഇന്ത്യക്കായി കളിക്കണ്ടേത് അനിവാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സ് നിറഞ്ഞ പിച്ചുകളില്‍ ഇരുവരുടേയും പരിചയ സമ്പത്ത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. രോഹിതിനെ ബൗണ്‍സി ട്രാക്കില്‍ ടീമിനു വേണം. സമാനമാണ് കോഹ്‌ലിയും. ഇരുവരും ഇത്തരം പിച്ചുകളില്‍ നന്നായി കളിച്ച് മികവ് അടിവരയിട്ട താരങ്ങളാണ്. പ്രായം വെരും സംഖ്യ മാത്രമാണെന്നു ഇരുവരും തെളിയിക്കുന്നുണ്ട്. രോഹിതിനും കോഹ്‌ലിക്കും ആരാധക പിന്തുണയുണ്ട്’- കൈഫ് വ്യക്തമാക്കി.


by Midhun HP News | Oct 24, 2025 | Latest News, കായികം, ജില്ലാ വാർത്ത
ന്യൂയോര്‍ക്ക്: അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ടീം ഇന്റര്‍ മയാമിയില്‍ തുടരും. താരം പുതിയ കരാറില്‍ ഒപ്പുവച്ചു. 2028 വരെ താരം മയാമിയ്ക്കായി കളിക്കും.ബാഴ്‌സലോണ ഇതിഹാസ താരമായ മെസ്സി ഫ്രഞ്ച് ടീം പിഎസ്ജിയില്‍ നിന്നാണ് എംഎല്‍എസ് ടീമിലേക്കെത്തുന്നത്. താരത്തിന്റെ വരവ് ടീമിന്റെ തലവര മാറ്റുന്നതായും മാറി. മെസി വന്ന ശേഷം ക്ലബ് അവരുടെ കന്നി കിരീട നേട്ടങ്ങള്‍ ആഘോഷിച്ചു.
2023ല്‍ ലീഗ് കപ്പ് സമ്മാനിച്ചാണ് മെസി ക്ലബിന്റെ ചരിത്രം തിരുത്തിയത്. 2024ല്‍ എംഎല്‍എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് കിരീടം. 2023ല്‍ ലീഗ്‌സ് കപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം മെസിക്കായിരുന്നു. ടോപ് സ്‌കോററും മെസി തന്നെ. പത്ത് ഗോളും 7 അസിസ്റ്റും താരത്തിന്റെ പേരിലായിരുന്നു.
2024ല്‍ 36 ഗോളും 20 അസിസ്റ്റുമായി തിളങ്ങിയ മെസി ലണ്ടന്‍ ഡോണോവാന്‍ എംവിപി പുരസ്‌കാരവും നേടി. ഈ സീസണില്‍ 29 ഗോളുകള്‍ നേടി എംഎല്‍എസ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയതും മെസി തന്നെ. ക്ലബിന്റെ ചരിത്രത്തില്‍ തന്നെ ഈ അവാര്‍ഡ് നേടുന്ന ആദ്യ താരമായും മെസി മാറി.
അന്താരാഷ്ട്ര വേദിയില്‍ ഇന്റര്‍ മയാമിയെ ക്ലബ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിക്കാന്‍ മെസിയുടെ മികവിനു സാധിച്ചു. കോണ്‍കാകാഫ് ചാംപ്യന്‍സ് കപ്പിന്റെ സെമിയിലേക്ക് ടീമിനെ നയിക്കാനും മെസിക്കായി. ടീമിനായി 82 കളിയില്‍ 71 ഗോളുകളും 44 അസിസ്റ്റുകളും താരം ഇതുവരെ നേടിയിട്ടുണ്ട്.
ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കിരീട നേട്ടങ്ങളുള്ള അപൂര്‍വം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് മെസി. 46 കിരീടങ്ങള്‍ മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ബാഴ്‌സലോണ, അര്‍ജന്റീന, പിഎസ്ജി, ഇന്റര്‍ മയാമി ടീമുകള്‍ക്കൊപ്പമാണ് നേട്ടം.
2022ലെ ഫിഫ ലോകകപ്പ്, 2 കോപ്പ അമേരിക്ക കിരീടം, 4 ചാംപ്യന്‍സ് ലീഗ്, ഒരു ഒളിംപിക്‌സ് സ്വര്‍ണം, 3 ഫിഫ ക്ലബ് ലോകകപ്പ്, 10 ലാ ലിഗ, 2 ലീഗ് വണ്‍, 7 സ്പാനിഷ് കപ്പ്, ഒരു ഫ്രഞ്ച് കപ്പ് അടക്കമുള്ള കിരീട നേട്ടങ്ങള്‍ കരിയറിന്റെ മാറ്റ് കൂട്ടുന്നു.
8 ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍, 3 ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം, രണ്ട് ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍സ് പുരസ്‌കാരങ്ങള്‍, യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള 3 പുരസ്‌കരങ്ങള്‍, 6 യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ, 6 ലാ ലിഗ മികച്ച താരത്തിനുള്ള പുരസ്‌കാരം, 8 പിചിചി ട്രോഫി, 16 അര്‍ജന്റീന ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ വ്യക്തിപരമായും താരം നേടിയിട്ടുണ്ട്.


by Midhun HP News | Oct 24, 2025 | Latest News, കായികം, ജില്ലാ വാർത്ത
സിഡ്‌നി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഉറപ്പിച്ചതോടെ ടീമില്‍ വന്‍ അഴിച്ചുപണിയുമായി ഓസ്‌ട്രേലിയ. ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിനും ടി20 പരമ്പരയ്ക്കുമുള്ള ടീമുകളിലാണ് ഓസീസ് മാറ്റം വരുത്തിയത്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പുതുമുഖം ജാക്ക് എഡ്വേര്‍ഡ്‌സിനെ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് താരത്തിനു ഓസീസ് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. പരിക്കേറ്റ് വിശ്രമിക്കുന്ന ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം പരിശീലനത്തിനിടെയാണ് മക്‌സ്‌വെല്ലിനു പരിക്കേറ്റത്. പരിക്കു മാറുന്ന മുറയ്ക്കു താരം ഓസീസ് ടീമിലെത്തും. അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലാണ് താരമുള്ളത്. ബെന്‍ ഡ്വാര്‍ഷുയിസും പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്. താരത്തെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി.
ഇന്ത്യ എയ്‌ക്കെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ജാക്ക് എഡ്വേര്‍ഡ്‌സിനെ തുണച്ചത്. ഓസീസ് എ ടീമിനെ നയിച്ച താരം രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ താരം 88 റണ്‍സ് നേടിയിരുന്നു. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ താരം 75 പന്തില്‍ 89 റണ്‍സ് നേടിയും തിളങ്ങി.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ മഹ്‌ലി ബീര്‍ഡ്മാനാണ് അപ്രതീക്ഷിത വിളിയെത്തിയ മറ്റൊരു താരം. താരത്തെ അവസാന മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് വിളിച്ചത്. എ ടീമിനായും ബിഗ് ബാഷ് ലീഗിലെ മികച്ച പ്രകടനങ്ങളുമാണ് ബീര്‍ഡ്മാനെ തുണച്ചത്.
ഏകദിന ടീമിലുണ്ടായിരുന്ന മര്‍നസ് ലാബുഷെയ്‌നെ ടീമില്‍ നിന്നു മാറ്റിയിട്ടുണ്ട്. താരം ക്വീന്‍സ്‌ലന്‍ഡിനായി ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ ഇറങ്ങും. ആഷസ് പരമ്പര തുടങ്ങാനിരിക്കെയാണ് താരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനായി ഓസീസ് നിയോഗിച്ചത്.
പേസര്‍മാരായ ജോഷ് ഹെയ്‌സല്‍വുഡ്, സീന്‍ ആബട്ട് എന്നിവരും എല്ലാ ടി20 മത്സരങ്ങളും കളിക്കില്ല. ആദ്യ രണ്ട് മത്സരങ്ങളിലായിരിക്കും ഹെയ്‌സല്‍വുഡ് കളിക്കുക. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കു ശേഷം ആബട്ടും ടീം വിടും. ഇരുവരും ഷെഫീല്‍ഡ് പോരാട്ടത്തിനായാണ് ടീമില്‍ നിന്നു ഒഴിവാകുന്നത്.
ഇന്ത്യക്കെതിരെ ആദ്യ ഏകദിന കളിച്ച സ്പിന്നര്‍ മാത്യു കുനെമന്‍ മൂന്നാം ഏകദിന ടീമിലേക്ക് തിരിച്ചെത്തും. രണ്ടാം പോരില്‍ ആദം സാംപ തിരിച്ചെത്തിയപ്പോള്‍ താരത്തിനു അവസരം കിട്ടിയിരുന്നില്ല. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിനെ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ അലക്‌സ് കാരി തിരിച്ചെത്തിയതോടെ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിയിരുന്നു. മൂന്നാം ഏകദിന ടീമിലും താരമുണ്ട്.
മൂന്നാം ഏകദിനത്തിനുള്ള ഓസ്ട്രേലിയ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ജാക്ക് എഡ്വേര്‍ഡ്‌സ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാറ്റ് റെന്‍ഷോ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ.
ഓസ്ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട് (ആദ്യ മൂന്ന് മത്സരങ്ങള്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മഹ്ലി ബീര്‍ഡ്മാന്‍ (അവസാന മൂന്ന് മത്സരങ്ങള്‍), ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ് (അവസാന രണ്ട് മത്സരങ്ങള്‍), നതാന്‍ എല്ലിസ്, ജോഷ് ഹെയ്‌സല്‍വുഡ് (ആദ്യ രണ്ട് മത്സരങ്ങള്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, മിച്ചല്‍ ഓവന്‍, ജോഷ് ഫിലിപ്പ്, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.


by Midhun HP News | Oct 23, 2025 | Latest News, കായികം, ജില്ലാ വാർത്ത
മുംബൈ: വനിതാ ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ കിടിലന്‍ ബാറ്റിങുമായി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയില്‍. ഓപ്പണര്‍മാരായ സ്മൃതി മന്ധാനയും പ്രതിക റാവലും സെഞ്ച്വറികളുമായി കളം വാണു.
ഓപ്പണര്‍ സ്മൃതി മന്ധാന കിടിലന്‍ സെഞ്ച്വറിയുമായി മടങ്ങി. സുസി ബെയ്റ്റ്‌സാണ് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ഓപ്പണിങ് സഖ്യം പൊളിച്ച് കിവികള്‍ക്ക് ആശ്വാസം നല്‍കിയത്. കരിയറിലെ 14ാം ശതകം കുറിച്ച സ്മൃതി 94 പന്തില്‍ 4 സിക്‌സും 10 ഫോറും സഹിതം 109 റണ്‍സുമായി പുറത്തായി.
സ്മൃതി പുറത്തായതിനു പിന്നാലെ പ്രതിക റാവലും സെഞ്ച്വറി അടിച്ചു. കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് പ്രതിക കുറിച്ചത്. താരം 122 പന്തില്‍ 13 ഫോറുകള്‍ സഹിതം 100 റണ്‍സിലെത്തി. പ്രതികയ്‌ക്കൊപ്പം 16 റണ്‍സുമായി ജെമിമ റോഡ്രിഗസാണ് ക്രീസില്‍. പ്രതിക നിലവിൽ 125 പന്തിൽ 108 റൺസുമായി നിൽക്കുന്നു.
ലോകകപ്പിന്റെ സെമിയിലെത്താന്‍ ജയം അനിവാര്യമായ ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 212 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.


by Midhun HP News | Oct 23, 2025 | Latest News, കായികം, ജില്ലാ വാർത്ത
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
ടോസ് നേടി ഇത്തവണയും ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ മടക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കിയത്. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയില്‍ കരുതലോടെ ക്രീസില്‍ നില്‍ക്കുന്നു. 28 റണ്‍സുമായി രോഹിത് ശര്‍മയും 20 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.


by Midhun HP News | Oct 20, 2025 | Latest News, കായികം, ജില്ലാ വാർത്ത
പനാജി: പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി നേരിട്ട് കാണാമെന്ന ഇന്ത്യന്‍ ആരാധകരുടെ മോഹങ്ങള്‍ക്ക് കനത്ത അടി. ഇതിഹാസ താരം ഇന്ത്യയിലേക്ക് വരുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് 2 രണ്ടാം പോരാട്ടത്തിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസര്‍ ടീം എഫ്‌സി ഗോവയെ നേരിടാന്‍ ഇന്ത്യയിലേക്ക് വരുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ടീം വരുന്നുണ്ടെങ്കിലും സ്‌ക്വഡില്‍ റൊണാള്‍ഡോ ഉണ്ടാകില്ല. ടീം ഇന്ന് രാത്രിയോടെ ഗോവയിലെത്തും. ഈ മാസം 22നാണ് എഫ്‌സി ഗോവ- അല്‍നസര്‍ പോരാട്ടം. ഗ്രൂപ്പ് ഡിയിലെ മത്സരമാണ് ഗോവയിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ അരങ്ങേറുന്നത്.
റൊണാള്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നു എഫ്‌സി ഗോവ ടീം അല്‍നസര്‍ ടീമിനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്ലബിന്റെ നിരന്തരമായ ആവശ്യം പക്ഷേ പരിഗണിക്കപ്പെട്ടില്ല എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സൂപ്പര്‍ താരത്തിന്റെ വരവ് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കാന്‍ ഉതകുമെന്നും ഗോവന്‍ ഫുട്‌ബോളിനും അതിനൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിനും താരത്തിന്റെ വരവ് പ്രചോദനമാകുമെന്നും പ്രതീക്ഷിച്ചാണ് ഗോവ ടീം താരത്തെ ഉള്‍പ്പെടുത്താന്‍ അഭ്യര്‍ഥിച്ചത്.
കരിയറിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്ന താരത്തിന്റെ കരാറില്‍ സൗദി അറേബ്യയില്‍ മാത്രം കളിക്കുന്നതിനാണ് ധാരണ. ടീമിന്റെ വിദേശ യാത്രകളില്‍ നിന്നു താരത്തിനു വിട്ടുനില്‍ക്കാന്‍ അനുമതിയുണ്ട്. 40കാരനു ജോലി ഭാരം കൂടുതല്‍ നല്‍കേണ്ടെന്ന തീരുമാനവും പിന്‍മാറ്റത്തിനു ആക്കം കൂട്ടി.


Recent Comments