by Midhun HP News | Dec 5, 2024 | Latest News, കായികം
മസ്കറ്റ്: മലയാളി താരവും ഇന്ത്യൻ ഇതിഹാസവുമായ പിആർ ശ്രീജേഷിന് പരിശീലകനെന്ന നിലയിലും ഗംഭീര തുടക്കം. ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യൻ ജൂനിയർ ടീം ഏഷ്യ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലിൽ ബദ്ധ വൈരികളായ പാകിസ്ഥാനെ 5-3നു തകർത്താണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്.
ആവേശപ്പോരിൽ പിന്നിൽ നിന്നു തരിച്ചടിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഹാട്രിക്കുൾപ്പെടെ നാല് ഗോളുകളുമായി അരയ്ജിത് സിങ് ഹുൻഡൽ ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണായകമായി. ഇന്ത്യയുടെ അഞ്ചാം ജൂനിയർ ഏഷ്യ കപ്പ് കിരീടമാണിത്.
കളിയുടെ 4, 18, 47, 54 മിനിറ്റുകളിലാണ് അരയ്ജിത് ഗോളുകൾ നേടിയത്. ശേഷിച്ച ഒരു ഗോൾ 19ാം മിനിറ്റിൽ ദിൽരാജ് സിങ് നേടി. പാകിസ്ഥാനായി സുഫിയാൻ ഖാൻ ഇരട്ട ഗോളുകൾ നേടി. ശേഷിച്ച ഗോൾ ഹനാൻ ഷാഹിദും നേടി. ഇന്ത്യയുടെ അഞ്ചിൽ നാല് ഗോളുകളും വന്നത് പെനാൽറ്റി കോർണറുകളിൽ നിന്നാണ്.
നിലവിലെ ചാംപ്യൻമാരായ ഇന്ത്യ സെമിയിൽ മലേഷ്യയെ 3-1നു വീഴ്ത്തിയാണ് ഫൈനലിലേക്ക് കടന്നത്. ജപ്പാനെ 4-2നു വീഴ്ത്തിയാണ് പാകിസ്ഥാൻ കലാശപ്പോരിലേക്ക് കടന്നത്.
കഴിഞ്ഞ തവണത്തെ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇത്തവണയും. അന്നും പാകിസ്ഥാനെ 2-1നു വീഴ്ത്തി ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.
by Midhun HP News | Nov 27, 2024 | Latest News, കായികം
ഇന്ഡോര്: ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന് താരമെന്ന നേട്ടം ഇനി ഗുജറാത്ത് താരം ഉര്വില് പട്ടേലിന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില് ത്രിപുരയ്ക്കെതിരെ വെറും 28 പന്തിലാണ് താരം സെഞ്ച്വറി നേടിയത്.
മത്സരത്തില് താരം 35 പന്തില് 12 സിക്സും 7 ഫോറും സഹിതം താരം 113 റണ്സുമായി പുറത്താകാതെ നിന്നു. മത്സരത്തില് 156 റണ്സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 2 വിക്കറ്റ് മാത്രം നഷ്ടത്തില് വിജയം പിടിച്ചു. 10.2 ഓവറില് അവര് ലക്ഷ്യം കണ്ടു. ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യന് താരമെന്ന നേട്ടം ഋഷഭ് പന്തിന്റെ പേരിലായിരുന്നു. ഈ റെക്കോര്ഡാണ് താരം തിരുത്തിയത്.
ടി20 ഫോര്മാറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടവും താരത്തിനു സ്വന്തം. എസ്റ്റോണിയ താരം സഹില് ചൗഹാന് നേടിയ 27 പന്തിലെ ശതകമാണ് ഈ പട്ടികയില് ഒന്നാമത്. കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎല് മെഗാ താര ലേലത്തില് വാങ്ങാന് ആളില്ലാത്ത താരമായിരുന്നു ഉര്വില്. പിന്നാലെയാണ് താരത്തിന്റെ തീപ്പൊരി ഇന്നിങ്സ്.
by Midhun HP News | Nov 25, 2024 | Latest News, കായികം
ബോര്ഡര് ഗവാസ്കര് ട്രോഫിയില് ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് വിജയക്കൊടി പാറിച്ച് ഇന്ത്യ. 295 എന്ന കൂറ്റന് റണ്നിരക്കിലാണ് ഓസ്ട്രേലിയയോട് ഇന്ത്യയുടെ വിജയം. ഇതോടെ ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില് ഒരു ചരിത്രം കൂടി രചിച്ചിരിക്കുകയാണ്. ഓസ്ട്രേലിയയില് ഇന്ത്യന് ടീമിന്റെ റണ്സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയമാണ് ഇത്. 1977-ല് നേടിയ 222 റണ്സ് വിജയമാണ് ജസ്പ്രീത് ബുംറയും സംഘവും പഴങ്കഥയാക്കിയത്. ടെസ്റ്റ് അവസാനിക്കാന് ഒരു ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ചരിത്രവിജയം. ജയിക്കാന് രണ്ടാം ഇന്നിങ്സില് 534 റണ്സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 58.4 ഓവറില് 238 റണ്സിന് ഓള്ഔട്ടായി. അലക്സ്കാരിയെ ഹര്ഷിത് റാണ ക്ലീന് ബൗള്ഡാക്കിയതോടെയാണ് ഇന്ത്യ വിജയത്തീരമണഞ്ഞത്.
ഒന്നാം ഇന്നിങ്സില് ബാറ്റിങ് തകര്ച്ച നേരിട്ട ഇന്ത്യയെ ആയിരുന്നില്ല രണ്ടാം ഇന്നിങ്സില് കണ്ടത്. ആദ്യ ഇന്നിങ്സില് ബുംറയും പിന്നീട് സിറാജും കരുത്തുകാട്ടിയപ്പോള് ഇന്ത്യന് ബൗളര്മാര്ക്ക് മുന്നില് ഉറച്ചു നില്ക്കാന് ഓസീസ് ബാറ്റര്മാര്ക്ക് ആയില്ല. ട്രാവിസ് ഹെഡ്, മിച്ചല് മാര്ഷ് എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് അല്പ്പമെങ്കിലും ആശ്വാസം നല്കിയത്. സ്കോര്:ഇന്ത്യ-150, 487-6, ഓസ്ട്രേലിയ-104, 238-10.
മൂന്ന് വിക്കറ്റ് നഷ്ടത്തില് പന്ത്രണ്ട് റണ്സ് എന്ന നിലയിലാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിങ് ആരംഭിച്ചത്. തുടക്കത്തില് തന്നെ നാല് റണ്സിന് ഉസ്മാന് ഖവാജയെ നഷ്ടമായി. പിന്നാലെ സ്റ്റീവന് സ്മിത്തും ഹെഡും സ്കോര് ഉയര്ത്തി. പതിനേഴ് റണ്സെടുത്ത സ്റ്റീവന് സ്മിത്തിനെ സിറാജ് പുറത്താക്കിയതോടെ ഓസീസ് 79-5 എന്ന നിലയിലേക്ക് വീണു. വിക്കറ്റുകള് ഒരോന്നായി വീഴുമ്പോഴും ഒരു വശത്ത് ക്രീസില് നിലയുറപ്പിച്ച് ബാറ്റേന്തിയ ട്രാവിസ് ഹെഡാണ് ഓസീസിനായി പൊരുതിയത്. അര്ധസെഞ്ചുറി തികച്ച ഹെഡ് ശ്രദ്ധയോടെ ഇന്ത്യന് ബൗളര്മാരെ നേരിട്ടു. എന്നാല് നായകന് ബുംറക്ക് മുമ്പില് ട്രാവിസ് ഹെഡിന് അടിയറവ് പറയേണ്ടി വന്നു. മിച്ചല് മാര്ഷുമായി ചേര്ന്ന് ആറാം വിക്കറ്റില് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയ ഹെഡ് സ്കോര് 150-കടത്തിയതിന് ശേഷം സ്കോര് 161 ല് നില്ക്കെയായിരുന്നു പുറത്തായത്. ഇതിനകം 89 റണ്സായിരുന്നു ഹെഡിന്റെ സമ്പാദ്യം.
ഹെഡിന് പിന്നാലെ മിച്ചല് മാര്ഷും പുറത്തായതോടെ ഇന്ത്യക്ക് പ്രതീക്ഷയും ഓസ്ട്രേലിയക്ക് ആശങ്കയുമായി. 47 റണ്സെടുത്ത മാര്ഷിനെ നിതീഷ് റെഡ്ഡിയാണ് പുറത്താക്കിയത്. ഈ സമയം 182-7 എന്ന നിലയിലായിരുന്നു ഓസിസ് സ്കോര്. 12 റണ്സില് മിച്ചല് സ്റ്റാര്ക്കിനെ വാഷിങ്ടണ് സുന്ദര് പുറത്താക്കുകയും പിന്നാലെ രണ്ട് വിക്കറ്റുകള് കൂടി വീഴ്ത്തി ഇന്ത്യ വിജയഭേരി മുഴക്കി.
Advertisement
by liji HP News | Nov 22, 2024 | Latest News, കായികം
ഹൈദരാബാദ്: ഐ ലീഗ് ഫുട്ബോള് പോരാട്ടത്തിന്റെ പുതിയ സീസണിനു വിജയത്തുടക്കമിട്ട് മുന് ചാംപ്യന്മാരായ ഗോകുലം കേരള എഫ്സി. ആവേശം അവസാന സെക്കന്ഡ് വരെ നിന്ന ഉദ്ഘാടന പോരില് അവര് രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്ക് ശ്രീനിധി ഡെക്കാനെ തകര്ത്തു.
ആദ്യ പകുതിയില് ശ്രീനിധി ലീഡെടുത്തെങ്കിലും രണ്ടാം പകുതിയില് ഗോകുലം മൂന്ന് ഗോളുകള് തിരിച്ചടിച്ചു. ഇഞ്ച്വറി സമയത്താണ് ഗോകുലം മൂന്നാം ഗോള് വലയിലാക്കിയത്. പിന്നാലെ ശ്രീനിധി വീണ്ടും വല കുലുക്കിയെങ്കിലും അതു മതിയായില്ല.
ഗോകുലത്തിനായി നാചോ അബെലെഡോ, മാര്ട്ടിന് ഷാവേസ്, റമഡിന്താര എന്നിവര് വല ചലിപ്പിച്ചു. ശ്രീനിധിക്കായി ലാല്റോമാവിയയും ഡേവിഡ് മുനോസുമാണ് വലയില് പന്തെത്തിച്ചത്.
കളി തുടങ്ങി 40ാം മിനിറ്റിലാണ് ശ്രീനിധി ലീഡെടുത്തത്. ഗോകുലത്തിന്റെ സമനില ഗോള് 60ാം മിനിറ്റില് ഷാവേസ് വലയിലാക്കി. അവസാന നിമിഷങ്ങളിലാണ് കേരള ടീം വിജയ ഗോള് നേടിയത്. 84ാം മിനിറ്റില് അബെലെഡോ രണ്ടാം ഗോള് നേടി. ഇഞ്ച്വറി സമയത്ത് റമഡിന്താരയുടെ ഗോള് ടീമിന്റെ ജയം ഉറപ്പിച്ചു.
by liji HP News | Nov 22, 2024 | Latest News, കായികം
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള് യോഗ്യതാ റൗണ്ടില് ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്വര്ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള് നേടിയപ്പോള് നസീബ് റഹ്മാന്, വി അര്ജുന്, മുഹമ്മദ് മുഷറഫ് എന്നിവര് ഓരോ ഗോള് വീതം നേടി.
കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില് നടന്ന പോരില് ആധികാരിക പ്രകടനമാണ് കേരളം നടത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റില് തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റില് അജ്സലിലൂടെ മുന്നിലെത്തി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഇടവേളകള്ക്കിടയില് ലീഡ് വര്ധിപ്പിച്ചു.
ആദ്യ കളിയില് റെയില്വേസിനെ ഒരു ഗോളിന് തോല്പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല് റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബര് അഞ്ചിന് ഹൈദരാബാദിലാണ് ഫൈനല് റൗണ്ട് തുടങ്ങുന്നത്.
by Midhun HP News | Nov 22, 2024 | Latest News, കായികം
പെര്ത്ത്: ബോര്ഡര്- ഗാവസ്കര് ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില് ഒന്നാം ഇന്നിംഗ്സില് ഇന്ത്യയ്ക്ക് ബാറ്റിങ് തകര്ച്ച. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള് ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില് 51 റണ്സ് എന്ന നിലയിലാണ്. ഋഷഭ് പന്തും ധ്രുവ് ജുറെലുമാണ് ക്രീസില്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. സ്കോര് ബോര്ഡ് അഞ്ചില് നില്ക്കുമ്പോള് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്സ്വാളാണ് ഔട്ടായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്പാണ് യശസ്വി ജയ്സ്വാള് പുറത്തായത്.
മിച്ചല് സ്റ്റാര്ക്കിനാണ് വിക്കറ്റ്. ടീമില് ഇടം നേടിയ ദേവ്ദത്ത് പടിക്കലിനും പിടിച്ചുനില്ക്കാനായില്ല. 23 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കലിന് ഒരു റണ്സ് പോലും നേടാന് സാധിച്ചില്ല. ക്രിക്കറ്റ് പ്രേമികള് പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ് ലിയും നിരാശപ്പെടുത്തി. 12 പന്തില് അഞ്ചു റണ്സുമായി ഹെയ്സല്വുഡിന്റെ പന്തിലാണ് കോഹ് ലി പുറത്തായത്.
രോഹിത്തിന്റെ അഭാവത്തില് ഓപ്പണിങ് സ്ഥാനത്ത് പരീക്ഷ കെ എല് രാഹുല് ഒരു ഭാഗത്ത് വിക്കറ്റ് കാത്ത് നില്ക്കുന്നത് പ്രതീക്ഷ നല്കിയെങ്കിലും അതും അധികം നേരം നീട്ടുനിന്നില്ല. 74 പന്തില് 26 റണ്സുമായി ഫോമിലേക്ക് ഉയര്ന്ന രാഹുലിനെ സ്റ്റാര്ക്കാണ് പുറത്താക്കിയത്. മുന് ഓസ്ട്രേലിയന് പര്യടനങ്ങളില് മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിലും ധ്രുവ് ജുറെലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. പന്ത് പത്തു റണ്സുമായാണ് പുറത്താകാതെ നില്ക്കുന്നത്.
Recent Comments