2030 ലോകകപ്പിലേക്ക് 6 ടീമുകൾ യോ​ഗ്യത നേടിക്കഴിഞ്ഞു!

2030 ലോകകപ്പിലേക്ക് 6 ടീമുകൾ യോ​ഗ്യത നേടിക്കഴിഞ്ഞു!

ന്യൂയോർ‌ക്ക്: ഇത്തവണത്തെ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ബൃ​ഹത്തായ എഡിഷനായിരുന്നു. മൂന്ന് രാജ്യങ്ങളിലായി അരങ്ങേറിയ പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 2030ലെ ലോകകപ്പ് ഇതിലും വൈവിധ്യമുള്ളതായിരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ വരുന്നത്. രണ്ട് പ്രധാന വൻകരകളിലെ മൂന്ന് രാജ്യങ്ങൾ മുഖ്യ ആതിഥേയരാകും. മറ്റൊരു വൻകരയിലെ മൂന്ന് രാജ്യങ്ങൾ ആദ്യ മൂന്ന് മത്സരങ്ങൾക്കും വേദിയൊരുക്കും. യൂറോപ്പ്, ആഫ്രിക്ക വൻകരളാണ് പ്രധാന ആതിഥേയർ. ലാറ്റിനമേരിക്കയിലെ മൂന്ന് രാജ്യങ്ങളാണ് ആദ്യ മൂന്ന് പോരിന് വേദിയൊരുക്കുന്നത്.

2030ലെ ലോകകപ്പ് മൂന്ന് വൻകരകളിലായാണ് അരങ്ങേറുന്നത്. 6 രാജ്യങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. ഫിഫ ലോകകപ്പിന്റെ 100ാം വാർഷികം പ്രമാണിച്ചാണ് ഫിഫ മൂന്ന് വൻകരകളിലെ ആറ് രാജ്യങ്ങളെ ആതിഥേയരായി തിരഞ്ഞെടുത്തത്. നിലവിലെ ചാംപ്യൻമാരായ സ്പെയിനും ഒരു ആതിഥേയ രാജ്യമാണ്.

യൂറോപ്യൻ, ആഫ്രിക്കൻ വൻകരകളിലെ മൂന്ന് രാജ്യങ്ങളാണ് അടുത്ത എഡിഷന്റെ പ്രധാന ആതിഥേയർ. സ്പെയിൻ, പോർച്ചു​ഗൽ, മൊറോക്കോ. ഈ മൂന്ന് രാജ്യങ്ങളും ആതിഥേയരെന്ന നിലയിൽ അടുത്ത എഡിഷനിലേക്ക് യോ​ഗ്യതയും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് വൻകരകളിലായി നടക്കുന്ന ചരിത്രത്തിലെ ആദ്യ ലോകകപ്പെന്ന റെക്കോർഡാണ് അടുത്ത അധ്യയത്തിൽ ആതിഥേയരെ കാത്തിരിക്കുന്ന നേട്ടം.

ലോകകപ്പ് ആരംഭിച്ച ഇടത്തു നിന്നു 100ാം വാർഷികത്തിലെ മത്സരങ്ങൾ തുടങ്ങുന്നതിന്റെ ഭാ​ഗമായാണ് ഉദ്ഘാടന മത്സരം അടക്കമുള്ള ആദ്യത്തെ മൂന്ന് പോരാട്ടങ്ങൾ ലാറ്റിനമേരിക്കയിൽ നടത്താൻ ഫിഫ ഒരുങ്ങുന്നത്. ഉറു​ഗ്വെ, അർജന്റീന, പരാ​ഗ്വെ എന്നീ രാജ്യങ്ങളിലാണ് ഈ മൂന്ന് പോരാട്ടങ്ങൾ നടക്കുക. ഇതോടെയാണ് ഫലത്തിൽ ആറ് രാജ്യങ്ങൾ ലോകകപ്പിനു വേദിയൊരുക്കുന്നത്. ഈ രാജ്യങ്ങളും യോ​ഗ്യതാ മത്സരങ്ങൾ കളിക്കാതെ തന്നെ ആതിഥേയരെന്ന നിലയിൽ യോ​ഗ്യത ഉറപ്പിച്ചിട്ടുണ്ട്. അതിനാ‍ൽ 2030ലെ ലോകകപ്പ് യോ​ഗ്യതയ്ക്കായി 42 സീറ്റുകളാണ് ശേഷിക്കുന്നത്.

1930ലാണ് ലോകകപ്പ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് തുടക്കമായത്. അന്ന് ഉറു​ഗ്വെയാണ് പ്രഥമ പോരിനു വേദിയായത്. ഫൈനലിൽ അർജന്റീനയെ വീഴ്ത്തി ഉറു​ഗ്വെ ചാംപ്യൻമാരുമായി. മോണ്ടെവീഡിയോ ന​ഗരത്തിലാണ് ചരിത്രത്തിലാദ്യമായി ലോകകപ്പ് പോരാട്ടം നടന്നത്. അതിന്റെ ഓർമ പുതുക്കൽ കൂടിയായിരിക്കും 2030ലെ ഉദ്ഘാടന പോരാട്ടം.

ആദ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെന്നു പരി​ഗണിച്ചാണ് അർജന്റീനയെ തിരഞ്ഞെടുത്തത്. പരാ​ഗ്വെയെ തിരഞ്ഞെടുത്തതാകട്ടെ ആദ്യ ലോകകപ്പ് സമയത്ത് ഒരേയൊരു വൻകര ഫുട്ബോൾ ഭരണ സമിതിയേ (കോൺമെബോൾ) ഉണ്ടായിരുന്നുള്ളു. അതിന്റെ ആസ്ഥാനം പരാ​ഗ്വെയിലാണ്. അതിനാലാണ് പര​ഗ്വെയ്ക്കും നേരിട്ട് കളിക്കാൻ യോ​ഗ്യത ഉറപ്പായത്.

അർജന്റീന… 90 മിനിറ്റ്, 0 ഷോട്ട്! ആ ദയനീയ പതനം… ദാ ഇങ്ങനെ സംഭവിച്ചു

അർജന്റീന… 90 മിനിറ്റ്, 0 ഷോട്ട്! ആ ദയനീയ പതനം… ദാ ഇങ്ങനെ സംഭവിച്ചു

സ്പെയിൻ ടീമിന്റെ തന്ത്രപരമായ മാസ്റ്റർ ക്ലാസായിരുന്നു ഫിഫ ലോകകപ്പ് ഫൈനൽ. അർജന്റീനയെ പൂർണമായി ചിത്രത്തിൽ നിന്നു മായ്ച്ചു കളഞ്ഞ സമ്പൂർണ ആധിപത്യം. 1-0 എന്ന സ്കോർ ലൈൻ കണ്ട് മത്സരത്തെ വിലയിരുത്തിയാൽ പാളിപ്പോകും. കാരണം ഫലം പറയുന്നതു പോലെയല്ല മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ കണ്ട കാഴ്ച. കളിയുടെ സ്റ്റാറ്റ്സ് എടുത്തു നോക്കിയാൽ അമ്പരന്നില്ലെങ്കിൽ മാത്രമായിരിക്കും അത്ഭുതം.

കളിയുടെ 90 മിനിറ്റിൽ ഒരു തവണ പോലും അർജന്റീന സ്പെയിനിന്റെ ബോക്സിലേക്ക് പോയി ​ഗോളടിക്കാൻ ശ്രമിച്ചില്ല. അവർക്ക് പന്ത് കാര്യമായി കാലിൽ കിട്ടിയതേ ഇല്ല എന്നു പറയുന്നതാകും കൂടുതൽ ശരി. സ്റ്റാറ്റ്സ് നോക്കു. 90 മിനിറ്റിൽ അർജന്റീന ഒരു ​ഗോൾ ഷോട്ടുമില്ല, ടാർജറ്റുമില്ല. 120 മിനിറ്റ് പൂർത്തിയാകുമ്പോൾ സ്പെയിൻ 20 തവണയാണ് അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചത്. അതിൽ തന്നെ 11 ഓൺ ടാർജറ്റ് ഷോട്ടുകൾ. അതിലൊന്നാണ് ​ഗോളായത്. 120 മിനിറ്റിലെ കണക്കെടുത്താൽ 3 ഷോട്ടുകൾ അർജന്റീന ലക്ഷ്യത്തിലേക്ക് പായിച്ചെന്നു മാത്രം ആശ്വസിക്കാം. സ്പെയിൻ പൂർത്തിയാക്കിയത് 803 പാസുകൾ. അർജന്റീന 445 പാസുകളും. 68 ശതമാനവും പന്ത് കൈവശം വച്ചത് സ്പെയിൻ. അർജന്റീന വെറും 32 ശതമാനം മാത്രം.

ശ്വാസം മുട്ടിയ അർജന്റീന

സ്പെയിനിന്റെ കിറുകൃത്യമായ തന്ത്രങ്ങൾക്ക് മുന്നിൽ അർജന്റീനയുടെ ആക്രമണ നിര പൂർണമായും തളർന്നു പോയി. മത്സരത്തിൽ ഒരു ഷോട്ട് പോലും മര്യാദയ്ക്ക് തൊടുക്കാൻ പോലും സ്പാനിഷ് സംഘം അർജന്റീനയെ സമ്മതിച്ചില്ല. അധിക സമയത്തിന്റെ അവസാന മിനിറ്റുകളിൽ മാത്രമാണ് അർജന്റീന ആദ്യ ഷോട്ട് പോലും കണ്ടെത്തിയത്. മുന്നേറ്റമൊന്നും നടത്താൻ പറ്റാതെ അർജന്റീന നിസഹായരായി നിന്നു.

കത്രികപൂട്ടിലെ മെസി

മെസിയിലേക്കുള്ള എല്ലാ പാസിങ് വഴികളും അടയ്ക്കുക എന്ന തന്ത്രം സ്പെയിൻ ഫലപ്രദമായി തന്നെ നടപ്പാക്കി. 8 ​ഗോളുകളും 4 അസിസ്റ്റുകളുമായി അർജന്റീനയെ ഏതാണ്ട് ഒറ്റയ്ക്കു തന്നെ ഫൈനൽ വരെ എത്തിച്ച മെസിയുടെ പ്രതിഭാ ധാരാളിത്തത്തിനു ഒരിഞ്ച് ഇടം പോലും നൽകില്ലെന്നു ഉറച്ചാണ് സ്പെയിൻ കളിച്ചത്. അവർ അതിൽ വിജയിച്ചതോടെ അർജന്റീനയുടെ തന്ത്രങ്ങളെല്ലാം തുടക്കം മുതൽ പാളിപ്പോയി. കടിഞ്ഞാൺ പോയതോടെ മെസിക്ക് കളി നിയന്ത്രിക്കാനോ തന്റെ താളത്തിലേക്ക് കൊണ്ടു വരാനോ തനത് ശൈലിയിലുള്ള നീക്കങ്ങൾ നടത്താനോ സാധിച്ചില്ല.

പൂർണ ആധിപത്യം

പന്തടക്കം, സ്പെയ്സ്, വേ​ഗത എന്നിവ തങ്ങൾ വിചാരിക്കുന്ന മുറയ്ക്കു നിയന്ത്രിക്കുക എന്നത് സ്പാനിഷ് ഫുട്ബോളിന്റെ പരമ്പരാ​ഗത ശൈലിയാണ്. അർജന്റീനയ്ക്കെതിരായ ഫൈനൽ ആ ശൈലിയുടെ പമോന്നതമായ ആവിഷ്കാരമായിരുന്നു. മിഡ്ഫീൽഡ് പൂർണമായും സ്പെയിൻ ഭരിക്കുന്ന കാഴ്ചയായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിനടുത്ത് അർജന്റീന താരങ്ങളെ വെറും കാഴ്ചക്കാരാക്കി മൈതാനം മുഴുക്കെ പന്തിനായി സ്പെയിൻ ഓടിച്ചു. കിരീടം നിലനിർത്താനിറങ്ങിയ അവർ ഏറിയ പങ്കും കാഴ്ചക്കാരുടെ റോളിൽ തന്നെ നിൽക്കുന്ന കാഴ്ച ദയനീയമായിരുന്നു.

പതനത്തിന്റെ ആഴം

സ്പാനിഷ് സംഘം തുടക്കം മുതൽ ഒടുക്കം വരെ ഇടതടവില്ലാതെ ആക്രമിച്ചു. മിനിറ്റുകൾ കഴിയും തോറും അർജന്റീന താരങ്ങളുടെ നിരാശയും സമ്മർദ്ദവും വർധിച്ചു വന്നു. അവസാന ഘട്ടത്തിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കിട്ടി പുറത്തായതോടെ അവർ 10 പേരായി ചുരുങ്ങിയതും തിരിച്ചടിയായി. അതോടെ സമ്മർദ്ദം അതിന്റെ പീക്കിലെത്തിയിരുന്നു. തുടക്കം മുതൽ കളി നിയന്ത്രിച്ച സ്പാനിഷ് സംഘത്തിനു മുന്നിൽ 10 പേരുമായി പൊരുതേണ്ട അവസ്ഥ വന്നതോടെ അർജന്റീന പ്രതിരോധം കൂടുതൽ തകർന്നു. കൗണ്ടർ അറ്റാക്കെന്ന അവരുടെ തന്ത്രം 11 പേരുണ്ടായിട്ടും നടന്നില്ല. 10 പോരായതോടെ എല്ലാ സാധ്യതകളും ഇല്ലാതായി.

ക്ഷമയുടെ നെല്ലിപ്പലക

ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്ന ലളിത തന്ത്രം സ്പെയിൻ കർശനമായി തന്നെ നടപ്പാക്കി. മത്സരത്തിലുടനീളം സർവാധിപത്യമുണ്ടായിട്ടും നിശ്ചിത സമയത്തിന്റെ 90 മിനിറ്റും അവർക്ക് ​ഗോൾ നേടാൻ സാധിച്ചില്ല. എന്നിട്ട് പോലും സ്പെയിൻ ഒരു ഘട്ടത്തിൽ പോലും ചഞ്ചലപ്പെട്ടില്ല. ക്ഷമയും കൈവിട്ടില്ല. ഒടുവിൽ അർഹിച്ച ​ഗോൾ 106ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ അവർ സ്വന്തമാക്കുകയും ചെയ്തു.

ചരിത്ര നേട്ടത്തോടെ കിരീടം

അർജന്റീനയെ പൂർണമായും തളച്ചു നിർത്തി സ്പെയിൻ രണ്ടാം കിരീടം ഉയർത്തിയത് രണ്ട് അപൂർവ ചരിത്രമെഴുതി ചേർത്താണ്. ഒരു ലോകകപ്പ് ടൂർണമെന്റിലുടനീളം വെറും ഒരു ​ഗോൾ മാത്രം വഴങ്ങി കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായി സ്പെയിൻ മാറി. തുടർച്ചയായി യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പും (യൂറോ കപ്പ്) ഫിഫ ലോകകപ്പും രണ്ട് തവണ നേടുന്ന ആദ്യ ടീമെന്ന പുതു ചരിത്രവും അവർ ന്യൂജേഴ്സിയിൽ കുറിച്ചു വച്ചാണ് കളം വിട്ടത്.

മെസിയെ കെട്ടിപ്പിടിച്ച് ലമീൻ യമാൽ; ഫൈനലിലെ സുന്ദര നിമിഷം!

മെസിയെ കെട്ടിപ്പിടിച്ച് ലമീൻ യമാൽ; ഫൈനലിലെ സുന്ദര നിമിഷം!

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമെന്ന ചിത്രം തെളിഞ്ഞപ്പോൾ തന്നെ ലയണൽ മെസിയും ലമീൻ യമാലും മൈതാനത്ത് നേർക്കനേർ വരുന്നതു കാണാനുള്ള ആകാംക്ഷയിലായിരുന്നു ആരാധകർ. ഫൈനൽ വിസിലിനു പിന്നാലെ മൈതാനത്ത് വച്ച് ഇരുവരും കെട്ടിപ്പെടിച്ചത് ഏറെ വൈകാരികത നിറഞ്ഞ മുഹൂർത്തമായി മാറുകയും ചെയ്തു. ആരാധകർക്ക് ഓർത്തു വയ്ക്കാവുന്ന ഒരു നിമിഷമായും ഇതു മാറി. മാത്രമല്ല രണ്ട് തലമുറയിലെ താരങ്ങളുടെ സം​ഗമമായും ഫൈനൽ മാറി.

39കാരനായ മെസിയും 19കാരനായ യമാലും ബാഴ്സലോണ, ലാ മാസിയ ബന്ധമുള്ളവർ കൂടിയാണ്. മാത്രമല്ല 2007ൽ യൂണിസെഫ് ഫോട്ടോഷൂട്ടിൽ കുഞ്ഞായ യമാലിനൊപ്പമുള്ള യുവ താരമായിരുന്ന മെസിയുടെ ചിത്രങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തിരുന്നു. 2007ല്‍ ബാഴ്‌സലോണയിലെ നൗകാംപ് സ്റ്റേഡിയത്തിൽ വെച്ച് പകര്‍ത്തിയ ഒരു ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. വെറും 20 വയസ് മാത്രം പ്രായമുള്ള ലയണല്‍ മെസി ബാത്ത് ടബ്ബിലെ വെള്ളത്തില്‍ കിടക്കുന്ന അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കുളിപ്പിക്കുന്നതായിരുന്നു ആ ചിത്രം. അന്ന് മെസിയുടെ കൈകളിലിരുന്ന് കളിച്ച ആ ചിരിത്തൂവല്‍ മറ്റാരുമല്ല ഇന്നത്തെ സ്പാനിഷ് സൂപ്പര്‍ താരം ലാമീന്‍ യമാലായിരുന്നു.

അതുകൊണ്ടു കൂടിയാണ് ഇരുവരുടേയും നേർക്കുനേർ പോരാട്ടം ശ്രദ്ധേയമായത്. അതിനു ശേഷമുള്ള കെട്ടിപ്പിടുത്തവും ആരാധകരുടെ മനം കവരുന്നതായത്. മത്സരത്തിൽ ഒരു ​ഗോളിനു സ്പെയിൻ അർജന്റീനയെ വീഴ്ത്തി രണ്ടാം ലോക കിരീടം ഉയർത്തിയിരുന്നു. പിന്നാലെയാണ് മൈതാനത്ത് തളർന്നിരുന്ന മെസിക്കരികിലേക്ക് യമാൽ എത്തിയത്. യമാൽ വരുന്നത് കണ്ട് സെമി എഴുന്നേൽക്കുന്നുണ്ട്. അതിനു ശേഷമാണ് ഇരുവരും കെട്ടിപ്പെടിച്ചത്. കുറച്ചു നേരം സംസാരിച്ച ശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായി മാറിയിട്ടുമുണ്ട്.

39കാരനായ മെസി തന്റെ മൂന്നാം ലോകകപ്പ് ഫൈനലാണ് കളിച്ചത്. യമാലാകട്ടെ കന്നി ലോകകപ്പ് ഫൈനലാണ് കളിച്ചത്. അതിൽ തന്നെ താരത്തിനു കിരീടം സ്വന്തമാക്കാനും സാധിച്ചു. അതും 19 വയസ് മാത്രമുള്ളപ്പോൾ. മത്സരത്തിൽ അധിക സമയത്തിന്റെ 106ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെയാണ് സ്പെയിൻ വിജയ ​ഗോൾ വലയിലിട്ടത്.

ലോക ചാമ്പ്യന്മാർ സ്പെയിൻ! അർജന്റീനയെ തകർത്ത് കിരീടം ചൂടി

ലോക ചാമ്പ്യന്മാർ സ്പെയിൻ! അർജന്റീനയെ തകർത്ത് കിരീടം ചൂടി

ലോക ചാമ്പ്യന്മാർ സ്പെയിൻ! അർജന്റീനയെ തകർത്ത് കിരീടം ചൂടി.ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ ലോക ഫുട്ബോളിന്റെ രാജാക്കന്മാരായി. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാത്തതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് സ്പെയിൻ ചരിത്ര വിജയം സ്വന്തമാക്കിയത്.

പകരക്കാരനായി കളത്തിലിറങ്ങിയ ഫെറാൻ ടോറസ് നേടിയ തകർപ്പൻ ഗോളാണ് സ്പെയിന് ലോകകിരീടം സമ്മാനിച്ചത്.
​മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും സ്പെയിൻ വ്യക്തമായ ആധിപത്യം പുലർത്തിയപ്പോൾ, മറുഭാഗത്ത് ലയണൽ മെസ്സിയും കൂട്ടരും പൂർണ്ണമായി നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്.

വിഖ്യാതനായ പ്ലെയർ മെസ്സി പൂർണ്ണമായി കാഴ്ചക്കാരനാകുന്ന ഒരു വേൾഡ് കപ്പ് ഫൈനൽ ആണ് ഫുട്ബോൾ ലോകം കണ്ടത്. മെസ്സിയുടെ ചിറകിലേറി വീണ്ടുമൊരു കിരീടം നേടാം എന്നുള്ള ആരാധകരുടെ പ്രതീക്ഷകളെ പാടെ തകർക്കുന്ന രീതിക്കായിരുന്നു മൈതാനത്തെ അദ്ദേഹത്തിന്റെ പ്രകടനം.

​ഒരു സമയത്ത് പോലും ബോളിന്മേൽ ആധിപത്യം സ്ഥാപിക്കാൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, സ്പെയിന്റെ ഗോൾകീപ്പറിന് പലപ്പോഴും യാതൊരു പണിയും കൊടുക്കാതെ പോസ്റ്റിൽ ചാരി നിൽക്കേണ്ടി വരുന്ന അവസ്ഥയാണ് ഉണ്ടായത്.

സ്പെയിന്റെ കനത്ത പ്രതിരോധക്കോട്ടയ്ക്ക് മുന്നിൽ അർജന്റീനയ്ക്ക് ഒരൊറ്റ ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് ഉതിർക്കാൻ സാധിച്ചതുമില്ല. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മധ്യനിര താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും അർജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. തങ്ങളുടെ തനത് ശൈലിയിലുള്ള പാസിംഗ് ഗെയിമിലൂടെ കളം നിറഞ്ഞ സ്പെയിൻ പൂർണ്ണമായും അർഹിച്ച കിരീടനേട്ടമാണിത്.

മെസിയുടെ ലക്ഷ്യം രണ്ടാം കിരീടം; തിരിച്ചുവരവിന് ഒരുങ്ങി സ്പെയിൻ, ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം

മെസിയുടെ ലക്ഷ്യം രണ്ടാം കിരീടം; തിരിച്ചുവരവിന് ഒരുങ്ങി സ്പെയിൻ, ലോകകപ്പിൽ ഇന്ന് കലാശപ്പോരാട്ടം

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനലിൽ ഇന്ന് ലോക ഫുട്ബോളിലെ തന്നെ രണ്ട് വമ്പന്മാർ നേർക്കുനേർ. നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയും യൂറോ ചാംപ്യൻമാരായ സ്പെയിനും തമ്മിലാണ് ഫൈനൽ പോരാട്ടം. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ തിങ്കളാഴ്ച പുലർച്ചെ 12.30നാണ് മത്സരം. ലോകകപ്പ് കിരീടം നിലനിർത്താനാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഇറങ്ങുന്നത്. അതേ സമയം 2010-ന് ശേഷം രണ്ടാം ലോകകപ്പ് കിരീടമാണ് സ്പെയിൻ ലക്ഷ്യമിടുന്നത്.

സെമിഫൈനലിൽ ഫ്രാൻസിനെ 2-0ന് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. മറുവശത്ത് ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കിയാണ് അർജന്റീന കലാശപ്പോരിന് യോഗ്യത നേടിയത്. ലമിൻ യമാൽ, ദാനി ഒൽമോ, റോഡ്രി എന്നിവരുടെ മികവിൽ കുതിക്കുന്ന സ്പെയിനും, ലയണൽ മെസി, ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനയുടെ കരുത്ത്.

മെസിയുടെ അവസാന ലോകകപ്പ് മത്സരമാകാൻ സാധ്യതയുള്ള ഈ ഫൈനൽ ലോകമെമ്പാടുമുള്ള ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രതിരോധത്തിലും പന്തടക്കത്തിലും മികവ് തെളിയിച്ച സ്പെയിനും പരിചയസമ്പന്നരായ താരങ്ങളുടെ കരുത്തുള്ള അർജന്റീനയും നേർക്കുനേർ എത്തുമ്പോൾ മികച്ച ഒരു മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ലോകകപ്പ് ഫൈനല്‍ ദിവസം വൈദ്യുതി മുടങ്ങില്ല, ഉറപ്പുപറഞ്ഞ് കെഎസ്ഇബി

ലോകകപ്പ് ഫൈനല്‍ ദിവസം വൈദ്യുതി മുടങ്ങില്ല, ഉറപ്പുപറഞ്ഞ് കെഎസ്ഇബി

തിരുവനന്തപുരം: ലോകകപ്പ് ഫൈനല്‍ ദിവസം കേരളത്തില്‍ വൈദ്യുതി മുടങ്ങില്ല. കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിനാല്‍ ഞായറാഴ്ച കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. എം.ജി. രാജമാണിക്യമാണ് അറിയിച്ചത്.

ലോകകപ്പ് സീസണില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫൈനല്‍ ദിനത്തില്‍ കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തില്ല എന്ന പ്രഖ്യാപനം വരുന്നത്.

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെഎസ്ഇബിയിലെ പ്രശ്‌നങ്ങളല്ല. മഴ കുറഞ്ഞതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം വര്‍ധിച്ചു. ഇതോടെ തത്സമയം വിപണിയില്‍ നിന്നും അധിക വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.