വീണ്ടും സൂര്യവംശി! ചെന്നൈക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം

വീണ്ടും സൂര്യവംശി! ചെന്നൈക്കെതിരെ രാജസ്ഥാന് തകര്‍പ്പന്‍ ജയം

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ചെന്നൈയ്‌ക്കെതിരെ ആറ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. രാജസ്ഥാന്‍ നിരയില്‍ വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറിയുമായി(33 പന്തില്‍ 57) ടോപ് സ്‌കോററായി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(31 പന്തില്‍ 41), യശസ്വി ജയ്സ്വാള്‍(19 പന്തില്‍ 36), ധ്രുവ് ജുറല്‍(12 പന്തില്‍ 31) എന്നിവരും മികച്ച പ്രകടനം നടത്തി. ചെന്നൈക്കായി സ്പിന്നര്‍ ആര്‍ അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്റേത് മികച്ച തുടക്കമായിരുന്നു. യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടോടെ കളംനിറഞ്ഞതോടെ രാജസ്ഥാന്‍ സ്‌കോര്‍ മൂന്നോവറില്‍ 31 ലെത്തി. ജയ്സ്വാള്‍(36) പുറത്തായതിന് പിന്നാലെ സഞ്ജുവും വൈഭവും രണ്ടാം വിക്കറ്റില്‍ ഒന്നിച്ചു. പതിയെ ആണ് ഇരുവരും തുടങ്ങിയത്. ചെന്നൈ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേര്‍ന്ന് ആറോവറില്‍ സ്‌കോര്‍ അമ്പത് കടത്തി.

പവര്‍ പ്ലേക്ക് പിന്നാലെ വൈഭവ് തകര്‍ത്തടിച്ചു. വൈഭവ് ചെന്നൈ ബൗളര്‍മാരെ തകര്‍ത്തടിച്ചു. 12-ാം ഓവറില്‍ നൂര്‍ അഹമ്മദിനെ അതിര്‍ത്തികടത്തി താരം അര്‍ധസെഞ്ചുറിയും തികച്ചു. 27 പന്തില്‍ നിന്നാണ് വൈഭവ് അര്‍ധസെഞ്ചുറി തികയ്ക്കുന്നത്. സഞ്ജുവും വെഭവും റിയാന്‍ പരാഗും(3) പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 158-4 എന്ന നിലയിലേക്ക് വീണു. എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്മയറും ധ്രുവ് ജുറെലും ടീമിനെ ജയത്തിലെത്തിച്ചു. 17.1 ഓവറില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ചെന്നൈക്കായി അശ്വിന്‍ രണ്ടുവിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ കൗമാരതാരം ആയുഷ് മാത്രെയുടേയും(20 പന്തില്‍ 43) ഡെവാള്‍ഡ് ബ്രേവിസിന്റേയും(25 പന്തില്‍ 42) ബാറ്റിങ് മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ശിവം ദുബെ(32 പന്തില്‍ 39) റണ്‍സെടുത്തു. ഡെത്ത്ഓവറുകളില്‍ തുടരെ വിക്കറ്റ് വീഴ്ത്തി ആകാഷ് മധ്വാളാണ് ചെന്നൈയെ 200 കടത്താതെ വരിഞ്ഞുമുറുക്കിയത്. എംഎസ് ധോനി 17 പന്തില്‍ 16 റണ്‍സെടുത്ത് പുറത്തായി. മധ്വാള്‍,യുധ്വിര്‍ സിങ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സീസണില്‍ രാജസ്ഥാന്റെ നാലാം ജയമാണിത്.

42ാം വയസില്‍ ആന്‍ഡേഴ്‌സന്‍ വീണ്ടും പന്തെറിയുന്നു; കൗണ്ടിയില്‍ കളിക്കും

42ാം വയസില്‍ ആന്‍ഡേഴ്‌സന്‍ വീണ്ടും പന്തെറിയുന്നു; കൗണ്ടിയില്‍ കളിക്കും

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ഇതിഹാസ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ മത്സര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഇംഗ്ലീഷ് കൗണ്ടി ഡിവിഷന്‍ 2 പോരാട്ടത്തിനുള്ള ലെങ്കാഷെയര്‍ ടീമില്‍ ആന്‍ഡേഴ്‌സനും ഇടംപിടിച്ചു.

2024ല്‍ ലോര്‍ഡ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ കളിച്ചാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നീട് ഇതുവരെ 42കാരന്‍ മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

വിരമിച്ച ശേഷം ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ട് ടീമിന്റെ ബൗളിങ് ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്നു. ടെസ്റ്റില്‍ 700ല്‍ കൂടുതല്‍ വിക്കറ്റുള്ള ഇതിഹാസ താരങ്ങളില്‍ മൂന്നാമനായി ഇടം പിടിച്ചാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

188 ടെസ്റ്റുകളില്‍ നിന്നു 704 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 32 തവണ അഞ്ച് വിക്കറ്റ് നേട്ടം. 3 തവണ പത്ത് വിക്കറ്റ് നേട്ടം. ഒറ്റ വേദിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസര്‍ എന്ന റെക്കോര്‍ഡ് ആന്‍ഡേഴ്‌സനും സ്വന്തമാണ്. ലോര്‍ഡ്‌സില്‍ 29 ടെസ്റ്റില്‍ നിന്നു താരം 123 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

14ാം വയസിൽ സെഞ്ച്വറി അടിച്ച് അമ്പരപ്പിച്ചു; ഇപ്പോഴിതാ സ്റ്റംപൊടിച്ച് ബൗളിങ് ‘വൈഭവം’, ഞെട്ടി സഹ താരങ്ങൾ!

14ാം വയസിൽ സെഞ്ച്വറി അടിച്ച് അമ്പരപ്പിച്ചു; ഇപ്പോഴിതാ സ്റ്റംപൊടിച്ച് ബൗളിങ് ‘വൈഭവം’, ഞെട്ടി സഹ താരങ്ങൾ!

ജയ്പുർ: ഐപിഎൽ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ14കാരൻ വൈഭവ് സൂര്യംശി ബൗളിങിലും വിസ്മയിപ്പിച്ചു. നെറ്റ്സിൽ സഹ താരത്തിനു പന്തെറിഞ്ഞു കൊടുത്ത വൈഭവ് സ്റ്റംപ് രണ്ട് കഷണമാക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വൈഭവിന്റെ വൈഭവം കണ്ട് സഹ താരങ്ങളും പരിശീലക സംഘത്തിലെ അം​ഗങ്ങളും ഞെട്ടുന്നതിന്റ ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനു മുന്നോടിയായാണ് താരം നെറ്റ്സിൽ പന്തെറിഞ്ഞത്.

​ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിലാണ് താരം അതിവേ​ഗ സെഞ്ച്വറിയുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. വെറും 38 പന്തിൽ 11 സിക്സും 7 ഫോറും സഹിതം താരം 103 റൺസാണ് അടിച്ചെടുത്തത്.

14 വയസ് മാത്രം പ്രായമുള്ള വൈഭവിന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലാണ് എടുക്കുന്നതെന്നു രാജസ്ഥാൻ ബൗളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് വ്യക്തമാക്കി. ഒരു സങ്കീർണതയും താരത്തിന്റെ കാര്യത്തിൽ സൃഷ്ടിക്കാൻ പരിശീലക സംഘം ശ്രമിക്കുന്നില്ല. സ്വതന്ത്രമായി കളിക്കാനാണ് വൈഭവിനോടു പറഞ്ഞിരിക്കുന്നത്. ഉത്തരവാദിത്വത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. ഒരു 14കാരനെ സംബന്ധിച്ചു വലിയ കാര്യമാണത്.

വൈഭവ് കൊച്ചു കുട്ടിയാണ്. പക്ഷേ താരത്തെ ആരും നിയന്ത്രിക്കുന്നില്ല. സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡിന്റെ പ്രത്യേക നിർദ്ദേശങ്ങളും താരത്തിനു ലഭിക്കുന്നുണ്ട്.

ചെറിയ പ്രായമാണ്. കാര്യങ്ങൾ മനസിലാക്കി വരുന്നതേയുള്ളു വൈഭവ്. ധാരാളം സമയം അനുവദിച്ച് ക്ഷമയോടെ കാത്തിരിക്കാനാണ് പരിശീലക സംഘത്തിന്റെ തീരുമാനം. 14കാരനു ചെയ്യാൻ സാധിക്കുന്നതിനും അവനിൽ നിന്നു പ്രതീക്ഷിക്കുന്നതിനും പരിധിയില്ലേയെന്നും ബോണ്ട് ചോ​ദിച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ പരിശീലനമുണ്ട്. കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും പരിശീലകർ ശ്രമിക്കാറുണ്ട്. ബോണ്ട് വ്യക്തമാക്കി.

ചരിത്രനേട്ടം;പതിനാലാം വയസ്സില്‍ സെഞ്ച്വറി; ജയ്പൂരില്‍ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ചരിത്രനേട്ടം;പതിനാലാം വയസ്സില്‍ സെഞ്ച്വറി; ജയ്പൂരില്‍ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ജയ്പൂര്‍: ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗം ഏറിയ രണ്ടാം സെഞ്ച്വറിയാണ് ഇത്. 37 പന്തില്‍ നിന്ന് യൂസഫ് പത്താന്‍ നേടിയ സെഞ്ച്വറിയാണ് സൂര്യവംശി മറികടന്നത്. 30 പന്തില്‍ നിന്ന് സെഞ്ച്വറി നേടി ഗെയ്ല്‍ ആണ് ഇനി സൂര്യവംശിക്ക് മുന്നിലുള്ളത്.

പതിനേഴ് പന്തില്‍ നിന്ന് താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും വൈഭവ് സ്വന്തം പേരില്‍ എഴുതി. നിക്കോളാസ് പൂരന്‍ പതിനെട്ട് പന്തില്‍ നിന്ന് നേടിയ ഫിഫ്റ്റി ഇതോടെ പഴങ്കഥയായി. 38 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയാണ് താരം പുറത്തായത്. പതിനൊന്ന് സിക്‌സറുകളും ഏഴ് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. പ്രസിദ്ധ് കൃഷ്ണയാണ് വൈഭവിനെ പുറത്താക്കിയത്.

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ഗുജറാത്തിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മുന്‍നിര ബാറ്റര്‍മാരുടെ മികവില്‍ രാജസ്ഥാനെതിരെ നാലുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുത്തു. 50 പന്തില്‍ നാലു സിക്‌സും അഞ്ച് ഫോറുമുള്‍പ്പെടെ 84 റണ്‍സെടുത്താണ് നായകന്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. സായ് സുദര്‍ശന്‍ 39 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്‍ സായ് സുദര്‍ശന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 62 ബോളില്‍ 93 റണ്‍സെടുത്തു.

തുടര്‍ന്നെത്തിയ ജോഷ് ബട്‌ലറുമായി ചേര്‍ന്ന് 38 പന്തില്‍ 74 റണ്‍സ് കൂട്ടുകെട്ടും ശുഭ്മന്‍ ഗില്‍ പടുത്തുയര്‍ത്തി. വാഷിങ്ടന്‍ സുന്ദര്‍ 13 റണ്‍സെടുത്തും രാഹുല്‍ തെവാത്തിയ ഒന്‍പതു റണ്‍സെടുത്തും പുറത്തായി. ജോസ് ബട്‌ലര്‍ 50 റണ്‍സോടെയും ഷാറുഖ് ഖാന്‍ അഞ്ച് റണ്‍സോടെയും പുറത്താകാതെ നിന്നു. രാജസ്ഥാനു വേണ്ടി മഹീഷ് തീക്ഷണ രണ്ടു വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ബുംറയെ സിക്‌സര്‍ തൂക്കി ബിഷ്‌ണോയിയുടെ ആഘോഷം, മൈതാനത്ത് ചിരിപൊട്ടി

ബുംറയെ സിക്‌സര്‍ തൂക്കി ബിഷ്‌ണോയിയുടെ ആഘോഷം, മൈതാനത്ത് ചിരിപൊട്ടി

മുംബൈ: മുംബൈ – ലഖ്‌നൗ പോരാട്ടത്തില്‍ ബുംറയെ സിക്‌സര്‍ പറത്തിയ രവി ബിഷ്‌ണോയിയുടെ ആഘോഷം വൈറല്‍. ലക്‌നൗവിന്റെ മറുപടി ബാറ്റിങ്ങില്‍ പതിനെട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു ബിഷ്‌ണോയിയുടെ സിക്‌സ്. ലോങ് ഓണിനു മുകളിലൂടെ ബുംറയുടെ പന്ത് ഗാലറിയിലെത്തിച്ച ബിഷ്‌ണോയയുടെ ആഹ്ലാദ പ്രടകടനം മൈതാനത്തും ചിരി പടര്‍ത്തി.

ലഖ്‌നൗവിന് ജയിക്കാന്‍ 12 പന്തില്‍ 61 റണ്‍സ് ആവശ്യമായ ഘട്ടത്തിലാണ് വാലറ്റക്കാരന്റെ ബാറ്റില്‍ നിന്ന് സിക്‌സ് പിറന്നത്. അപ്രതീക്ഷിതമായ ഷോട്ട് തന്നെയായിരുന്നു. പന്ത് ഗാലറിയിലേക്ക് വീണതോടെ ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളും ഞെട്ടി. ബുംറയെ നോക്കിയായിരുന്നു താരത്തിന്റെ ആഘോഷം. ബിഷ്‌ണോയിയുടെ പ്രകടനം കണ്ട് ബുംറയും ചിരിച്ചു.

മത്സരത്തില്‍ സ്‌പെഷലിസ്റ്റ് ബാറ്ററായ ഋഷഭ് പന്തിനേക്കാള്‍ മികച്ച ബാറ്റിങ് പ്രകടനമായിരുന്നു രവി ബിഷ്‌ണോയിയുടേത്.രണ്ടു പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് നാലു റണ്‍സ് മാത്രമെടുത്തു പുറത്തായപ്പോള്‍, രവി ബിഷ്‌ണോയി 14 പന്തില്‍ 13 റണ്‍സെടുത്തു. മത്സരത്തില്‍ 54 റണ്‍സ് വിജയമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. മുംബൈ ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 20 ഓവറില്‍ 161 റണ്‍സെടുത്തു പുറത്തായി.

ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, നീരജ് മത്സരിക്കില്ല

ഏഷ്യൻ അത്‍ലറ്റിക്സ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, നീരജ് മത്സരിക്കില്ല

കൊച്ചി: ഏഷ്യൻ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ ചേർന്ന സെലക്ഷൻ‌ കമ്മിറ്റി യോ​ഗത്തിനു ശേഷമാണ് ടീം പ്രഖ്യാപനം. മെയ് 27 മുതൽ 31 വരെ ദക്ഷിണ കൊറിയയിലാണ് പോരാട്ടം.

സ്റ്റാർ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഏഷ്യൻ പോരിൽ പങ്കടുക്കുന്നില്ല. ഫെഡറേഷൻ പ്രഖ്യാപിച്ച പട്ടികയിൽ നീരജ് ഇല്ല. ഫെഡറേഷൻ കപ്പ് ദേശീയ അത്‌‍‍ലറ്റിക്സ് വിജയത്തിലൂടെ നിരവധി താരങ്ങൾ യോ​ഗ്യത നേടിയിട്ടുണ്ട്. യോ​ഗ്യതാ മാർക്ക് കടക്കാനാവാത്തവരുടെ കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. പോരാട്ടത്തിൽ ഇന്ത്യയുടെ 4-400 വനിതാ റിലേ ടീം പങ്കെടുക്കില്ല. ചൈനയിൽ മെയ് 10, 11നു നടക്കുന്ന ലോക അത്‍ലറ്റിക്സ് പോരാട്ടത്തിൽ ഇന്ത്യയുടെ പുരുഷ, മിക്സഡ് റിലേ ടീമുകൾ പങ്കെടുക്കും.